വിദ്വേഷക്കെണിക്കെതിരെ സമുദായ നേതൃത്വങ്ങൾ സംവദിക്കണം
text_fieldsകേരളത്തിലെ ക്രൈസ്തവ-മുസ്ലിം ലോബി ഭൂരിപക്ഷ സമുദായത്തിെൻറ അവകാശങ്ങൾ കവർന്നെടുക്കുകയാണ് എന്നൊരു പ്രചാരണം അടുത്തകാലംവരെ സംഘ്പരിവാർ കൊണ്ടുനടന്നിരുന്നു. അത് ഉദ്ദേശിച്ചപോലെ വിജയിക്കാതെ വന്നപ്പോൾ മുസ്ലിം വിഭാഗത്തെ അപരവത്കരിച്ച് മുസ്ലിംകൾ ക്രൈസ്തവരുടെ അവകാശങ്ങൾ അപഹരിക്കുകയാണെന്ന പുതിയ നുണയിലേക്കു മാറി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങളെ ചൂണ്ടി ഭയം വിതച്ച് സാമുദായിക ധ്രുവീകരണം നടത്തുന്ന സംഘ്പരിവാരത്തിന് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടമില്ലാതായി പോകുന്നതിെൻറ പ്രധാന പൊരുൾ ഇവിടത്തെ ഹൈന്ദവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾക്കിടയിലെ സൗഹൃദാന്തരീക്ഷമാണല്ലോ. അത് ഘട്ടംഘട്ടമായി തകർത്ത് കേരളത്തിലെ ജനസംഖ്യ വിതാനം അനുസരിച്ച് മുസ്ലിംകളെ ഒറ്റപ്പെടുത്തി ധ്രുവീകരണം സാധ്യമാകുമെന്ന് സംഘ്പരിവാർ കണക്കുകൂട്ടുന്നു.
സംഘ്പരിവാർ നിർമിച്ച വ്യാജവ്യവഹാരങ്ങൾക്ക് അപകടകരമായ പ്രചാരം ലഭിച്ചു. ന്യൂനപക്ഷ പിന്നാക്ക സ്കോളർഷിപ്പുകളിലെ 80:20 എന്ന അനുപാതം ക്രൈസ്തവരോട് ചെയ്യുന്ന അനീതിയാണെന്ന് വ്യാപകമായി പറഞ്ഞുപരത്തി. ഒന്നാം യു.പി.എ സർക്കാറിെൻറ കാലത്ത് രാജ്യത്തെ മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട സച്ചാർ കമീഷെൻറ കണ്ടെത്തലുകളെ പിൻപറ്റി കേരളത്തിൽ വന്ന പാലോളി കമീഷനാണ് നിലവിലുണ്ടായിരുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകൾ അടക്കമുള്ള ക്ഷേമപരിപാടികൾ നിർദേശിക്കുന്നത്. മുസ്ലിംകൾക്ക് മാത്രമായി വിഭാവനം ചെയ്ത ആ പദ്ധതിയിലേക്ക് ക്രൈസ്തവ സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങളായ ലത്തീൻ ക്രിസ്ത്യാനികളെയും പരിവർത്തിത ക്രിസ്ത്യാനികളെയും കൂടി ഉൾപ്പെടുത്തുകയായിരുന്നല്ലോ. ഈ സത്യം മറച്ചുവെച്ചാണ് സംഘ്പരിവാർ നുണകൾ പരത്തിയത്.
കേരളത്തിലെ മുസ്ലിംകളെ നോക്കി ഇന്ത്യയിലെ മുസ്ലിം അവസ്ഥ മനസ്സിലാക്കുന്നത് നീതിയാവില്ല. ഇവിടെ മതസംഘടനകളുടെയും ബഹുസ്വര രാഷ്ട്രീയ സമൂഹങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങൾ മുസ്ലിം ജനതയുടെ ജീവിത സാഹചര്യങ്ങളിൽ ഉത്തരേന്ത്യയെ അപേക്ഷിച്ച് മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഗൾഫ് കുടിയേറ്റവും മുസ്ലിംകളുടെയും കേരളത്തിെൻറ തന്നെയും മുഖച്ഛായ മാറ്റുകയും ചെയ്തു. അപ്പോഴും സർക്കാർ ഉദ്യോഗങ്ങളിൽ, പ്രഫഷനൽ മേഖലകളിൽ, രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ, അധികാര പ്രാതിനിധ്യത്തിൽ, എയ്ഡഡ് സ്കൂളുകളുടെയും കോളജുകളുടെയും നടത്തിപ്പിൽ, വിദ്യാഭ്യാസാനുകൂല്യങ്ങളിൽ എല്ലാംതന്നെ മുസ്ലിം ജനത ഏറെ പിറകിലാണെന്നും ജനസംഖ്യാനുപാതികമായി വലിയ അനീതി നേരിടുന്നുണ്ടെന്നും കണക്കുകൾ പറയുന്നു. മുസ്ലിം സ്കോളർഷിപ്പുകളുടെ സാധുതയും അതാണ്. എന്നാൽ, ആ പദ്ധതികളിലേക്ക് കേരളത്തിലെ മറ്റൊരു പ്രബല ന്യൂനപക്ഷവിഭാഗമായ ൈക്രസ്തവ സമുദായത്തിലെ പിന്നാക്ക വിഭാഗം എന്ന നിലക്ക് ലത്തീൻ ക്രിസ്ത്യാനികളെയും പരിവർത്തിത ക്രിസ്ത്യാനികളെയും ഉൾപ്പെടുത്തി. അതോടെ, പിന്നാക്കക്കാരായ ന്യൂനപക്ഷങ്ങൾക്കുള്ള സ്കോളർഷിപ് എന്നനിലയിൽ ഈ പദ്ധതികളെ മാറ്റി. അത് 80:20 എന്ന അനുപാതത്തിൽ നിശ്ചയിച്ച് 2011 ജനുവരിയിൽ ഉത്തരവുമായി.
കേരളത്തിലെ ഏറ്റവും ദുർബലമായ ഒരു വിഭാഗമാണ് ലത്തീൻ ക്രിസ്ത്യാനികൾ. ഭൂരിഭാഗവും മത്സ്യബന്ധനം ഉപജീവനമാർഗമായി കാണുന്ന പട്ടിണിക്കാരായ തൊഴിലാളികളാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ പ്രധാനമായും മറ്റു ചില ജില്ലകളിൽ അല്ലാതെയും തീരമേഖലയിൽ കൂടുതലും ലത്തീൻ വിഭാഗക്കാരായ ക്രിസ്ത്യാനികളാണ്. സമാനസാഹചര്യത്തിൽതന്നെ പുലരുന്നവരാണ് പരിവർത്തിത ക്രിസ്ത്യാനികളും. പിന്നാക്ക ക്രിസ്ത്യാനികളെ കൂടാതെ മറ്റു ക്രിസ്ത്യൻ വിഭാഗങ്ങൾക്കും അർഹമായ ആനുകൂല്യങ്ങളും ക്ഷേമ പരിപാടികളും വേണമെന്നതിൽ ആർക്കും തർക്കമില്ല.
മുസ്ലിംകൾക്കുവേണ്ടി തയാറാക്കിയ പദ്ധതികളിലേക്ക് നിശ്ചിത അനുപാതത്തിൽ പിന്നാക്ക ക്രിസ്ത്യാനികളെക്കൂടി ഇടത്-ഐക്യ മുന്നണി സർക്കാറുകൾ ഉൾപ്പെടുത്തിയത് സദുദ്ദേശ്യപരമായിരുന്നു. പിൽക്കാലത്ത് സംഘ്പരിവാർ ഇങ്ങനെയൊരു നുണപ്രചാരണം അഴിച്ചുവിടുമെന്ന് ആരും കരുതുന്നില്ലല്ലോ. അന്നങ്ങനെ തീരുമാനം എടുത്തപ്പോൾ 'ഞങ്ങൾക്ക് അവകാശപ്പെട്ടത് മറ്റൊരു സമുദായത്തിന് പങ്കുവെക്കില്ല' എന്നൊരു നിലപാട് മുസ്ലിം സംഘടനകളാരും മുന്നോട്ടുവെച്ചില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പാലോളി കമ്മിറ്റി നിർദേശങ്ങൾ അനുസരിച്ച് മുസ്ലിംകൾക്ക് മാത്രമായും ഈയടുത്ത് നിയോഗിക്കപ്പെട്ട കോശി കമീഷൻ പ്രകാരം ക്രിസ്ത്യാനികൾക്ക് മാത്രമായും പദ്ധതികളെ വേർതിരിക്കലാണ് നല്ലത്. ആരും ആരുടെയും അവകാശങ്ങൾ പങ്കിടുന്നു, അപഹരിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടാകില്ലല്ലോ. ഇക്കാര്യത്തിൽ നിലവിലുള്ള ഇടതുപക്ഷ സർക്കാർ കാലതാമസം വരുത്തരുത്.
ഇപ്പോൾ കോടതിവിധി മുസ്ലിം വിഭാഗത്തിന് വലിയ തിരിച്ചടിയാണെന്നും അവർ കാലങ്ങളായി അനർഹമായി നേടിയിരുന്ന ആനുകൂല്യങ്ങൾ ഇതോടെ നിർത്തലാക്കപ്പെട്ടു എന്നുമൊക്കെയുള്ള 'ആഘോഷങ്ങൾ' സംഘ്പരിവാർ ഉയർത്തുന്നുണ്ട്. എന്നാൽ, കോടതിവിധി മുസ്ലിംകളെ മാത്രമാണോ ബാധിക്കുന്നത്? ന്യൂനപക്ഷങ്ങളെ വേർതിരിച്ചുകാണുന്നത് തടയുന്ന വിധിക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളില്ലേ? ഇത് കോശി കമീഷെൻറ സാധുതയും ചോദ്യം ചെയ്യില്ലേ? പരിവർത്തിത ക്രിസ്ത്യാനികൾക്ക് മാത്രമായി നടപ്പാക്കുന്ന നിലവിലുള്ള പദ്ധതികളും റദ്ദ് ചെയ്യപ്പെടുന്നതിലേക്ക് എത്തിക്കില്ലേ? പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങളുടെ ഉപവർഗീകരണവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ സൂക്ഷ്മതലത്തിൽ വായിക്കേണ്ടതില്ലേ? മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട പിന്നാക്ക വിഭാഗങ്ങളുടെ ആശങ്കകൾക്ക് ഇപ്പോൾ കൂടുതൽ പരിഗണന വരുന്നില്ലേ? ഈ ചോദ്യങ്ങൾ മുൻനിർത്തി വേണം കോടതിവിധിയെ സമീപിക്കാൻ. അപ്പോഴാണ് സംഘ്പരിവാറിെൻറ ക്രൂരമായ കൗശലം മനസ്സിലാക്കേണ്ടത്. ഇത് മുസ്ലിംകളെ മാത്രമല്ല, ൈക്രസ്തവർ അടക്കമുള്ള ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെ മുഴുവനായി ബാധിക്കുന്നതാണ്.
സംഘ്പരിവാർ മുസ്ലിംകളോടെന്നപോലെ ക്രൂരവിരോധം ക്രിസ്ത്യൻ വിഭാഗങ്ങളോടും പുലർത്തുന്നുണ്ടല്ലോ. സന്നദ്ധസേവന മേഖലകളിൽ സജീവസാന്നിധ്യമായ, ക്രിസ്ത്യൻ മിഷനറികളെയും ചർച്ച്-കോൺവെൻറുകളെയും സംഘ്പരിവാർ ഇന്ത്യയിൽ കൈകാര്യം ചെയ്യുന്നത് എത്ര അസഹിഷ്ണുതയോടെയാണ്. ഏറ്റവും ഒടുവിൽ സോണിയ ഗാന്ധിയുടെ ചിത്രം എഡിറ്റ് ചെയ്ത് ഇന്ത്യ ഒരു ക്രിസ്ത്യൻ രാഷ്ട്രമാക്കാനുള്ള പുറപ്പാടിലാണ് കോൺഗ്രസ് എന്ന് വ്യാപകമായി പ്രചരിപ്പിച്ചു. ഉത്തരേന്ത്യയിൽ ഇവർ ക്രിസ്ത്യാനികളെക്കുറിച്ച് നൽകുന്ന ബോധ്യങ്ങൾ എന്തൊക്കെയാണ് എന്ന് ആലോചിക്കണം.
മദ്റസ അധ്യാപകർ തുടക്കത്തിൽ നിക്ഷേപിച്ച പണത്തിൽനിന്നാണ് അവർക്ക് ക്ഷേമനിധി സഹായങ്ങൾ ഒരുക്കുന്നത്. കേരളത്തിൽ ക്ഷേത്രത്തിലെ പണം അതത് ദേവസ്വങ്ങൾക്കുതന്നെ ലഭിക്കുന്നു. മാത്രമല്ല, ദേവസ്വങ്ങൾക്ക് പൊതുഖജനാവിൽനിന്ന് സർക്കാർ ഫണ്ട് അങ്ങോട്ട് അനുവദിക്കാറുമുണ്ട്. ഇത് വഖഫ്-ഹജ്ജ് വകുപ്പുകൾക്കും നൽകുന്നുണ്ട്. സംഘ്പരിവാറിന് നുണ ഒരു പ്രശ്നമല്ല. അവർ അത് തുടരും.
ഇപ്പോഴുള്ള ഈ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ അടിയന്തരമായി മുസ്ലിം-ക്രിസ്ത്യൻ നേതൃത്വങ്ങൾ തമ്മിൽ തുറന്ന സംഭാഷണങ്ങൾ നടത്തുകയാണ് വേണ്ടത്. ഒരു രാഷ്ട്രീയ അധികാരികളുടെയും താൽപര്യത്തിലല്ലാതെ മതസംഘടനകൾ സ്വന്തം നിലക്ക് ചർച്ചകൾ നടത്തി ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് മാതൃകയാവും എന്നെനിക്കുറപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.