നവോത്ഥാന കേരളത്തിലെ കോണ്സെൻട്രേഷന് ക്യാമ്പുകള്‍
text_fieldsചരിത്രപരമായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന പട്ടികജാതികള്‍ക്ക് ഒരു തുണ്ടുപോലും കൃഷിഭൂമി കൊടുക്കാന്‍ കേരളത്തിലെ ഭൂപരിഷ്കരണം കൊണ്ട് സാധിച്ചില്ല. കാര്‍ഷികഭൂമിക്ക് പകരം മൂന്നോ അഞ്ചോ സെന്റ് മാത്രമുള്ള കുടികിടപ്പ് ഭൂമിയാണവര്ക്ക് ലഭിച്ചത്.
ഇത്തരം ഭൂമികള്‍ മിക്കവാറും ഉപയോഗശൂന്യമായ ചതുപ്പുകളോ കുന്നിന്പുറങ്ങളോ പാറപ്പുറങ്ങളോ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഏതാണ്ട് 26,000 വരുന്ന പട്ടികജാതി കോളനികളിലായി പഴയ കാര്‍ഷിക അടിമജാതികളെ ഭൂപരിഷ്കരണത്തിന്റെ മറവില്‍ അധികാരികള്‍ പുനര്‍വിന്യസിച്ചു എന്ന് പറയുന്നതായിരിക്കും ഉചിതം. കാര്‍ഷിക അടിമകളായിരുന്നപ്പോള്‍ അവര്‍ അന്നംനേടിയത് അവരുടെ അധ്വാനം പകരം കൊടുത്തിട്ടായിരുന്നു. കൂലിയൊന്നും നൽകിയില്ലെന്ന് മാത്രമല്ല, അധ്വാനിക്കാൻ ആവശ്യമായ ജീവൻ നിലനിര്‍ത്താന്‍ ആവശ്യമായതിനപ്പുറം ഒന്നും നേടാന്‍ ജന്മിത്വം അവരെ അനുവദിച്ചിരുന്നില്ല.
സ്വതന്ത്രകേരളത്തില്‍ പട്ടികജാതി കോളനികളില്‍ തടവുകാരെപോലെ തളയ്ക്കപ്പെട്ട അവർ കോളനികള്‍ക്ക് വെളിയില്‍ നടക്കുന്ന ചലനാത്മകമായ സാമ്പത്തിക വികസനത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും തത്ഫലമായി അന്നന്നത്തെ ഭക്ഷണം മാത്രം കിട്ടുന്നതരത്തില്‍ ദരിദ്രരായിതന്നെ നിലനിര്‍ത്തപ്പെടുകയും ചെയ്തു. അതായത് കൊളോണിയല്‍ ആധുനികതയോ, തുടര്‍ന്നുവന്ന നവോത്ഥാനമോ, സ്വതന്ത്ര ജനാധിപത്യ കേരളമോ, അത് നടപ്പിലാക്കിയ ഭൂപരിഷ്കരണമോ, കേരളത്തിലെ ജന്മിത്വകാലത്തിലെ കാര്‍ഷിക അടിമകളെ സ്വതന്ത്ര മനുഷ്യരാക്കി മാറ്റിയില്ല.
ആഫ്രിക്കന്‍ അമേരിക്കന്‍ അടിമയായിരുന്ന ജോര്ഡന് ആന്ഡേഴ്സന് ഒളിച്ചോടിപ്പോയശേഷം തന്റെ പഴയ വെള്ളക്കാരൻ മുതലാളിക്ക് എഴുതുന്ന കത്തില്‍ ‘ഇന്നെനിക്ക് ജോലിചെയ്താല്‍ മാസത്തില്‍ 25 ഡോളര്‍ കൂലിയായി കിട്ടുന്നുണ്ട്. എന്നാല്‍, നിങ്ങളുടെ വീട്ടില്നിന്നപ്പോള് വൈകുന്നേരം നിങ്ങളുടെ കുതിരക്കും കഴുതക്കും പശുവിനും കൊടുത്തിരുന്ന കാടിയുടെയും വെള്ളത്തിന്റെയും ഒരുവീതം മാത്രമാണ് കിട്ടിയിരുന്നത്’ എന്ന് എഴുതുന്നുണ്ട്.
സ്വതന്ത്രനായിക്കൊണ്ടിരിക്കുന്ന ഒരാഫ്രിക്കന്‍ അമേരിക്കന്‍ മനുഷ്യന്റെ ഹൃദയാഹ്ലാദങ്ങളെയാണത് വെളിപ്പെടുത്തുന്നത്. എന്നാല്‍, അന്നന്നേക്കുള്ളതുമാത്രം നേടാന്‍ കഴിയുന്ന ഒരു കോളനി മനുഷ്യനെ സംബന്ധിച്ചിടത്തോളം നവോത്ഥാനകേരളത്തിലെ സ്ഥാനം ജോര്‍ഡന്റെ കത്തില്‍ പരാമര്‍ശിക്കുന്ന അന്നം മാത്രം കിട്ടുന്ന അടിമയുടെ അതേ സ്ഥിതിതന്നെയാണ്. ഈ കോളനികളെ പട്ടികജാതിക്കാരുടെ സാമ്പത്തികവികാസത്തെ തടയുന്ന കേരള മോഡല്‍ വികസന കോണ്സെൻട്രേഷന് ക്യാമ്പുകള്‍ എന്നുവേണം വിളിക്കാൻ.
എങ്ങനെയാണ് കേരളത്തിലെ പട്ടികജാതി കോളനികള്‍ അവരെ ഇന്നും സാമ്പത്തികമായി അടിമജാതികളായി തന്നെ നിലനിര്‍ത്തുന്നത് എന്ന് ‘Tripple Exclusion of Dalits in Land ownership in Kerala’ എന്ന ലേഖനത്തിലൂടെ യദുവും വിജയസൂര്യനും പ്രശ്നവത്കരിക്കുന്നുണ്ട്. ജന്മിത്വകേരളം അസ്പ്രശ്യ ജനതകളെ അടിമകളും ഭൂരഹിതരുമായി നിലനിര്‍ത്തി. സ്വതന്ത്രകേരളം അവരെ പട്ടികജാതി കോളനികളില്‍ തളച്ചപ്പോള്‍ അവരുടെ ചരിത്രപരമായ ഭൂരഹിതത്വം ആണിയടിച്ച് ഉറപ്പിക്കപ്പെട്ടു.
കേരളത്തിലെ മറ്റെല്ലാ ജാതികളുടെയും സാമ്പത്തികവികാസത്തില്‍ മുഖ്യ പങ്കുവഹിച്ചത് ഭൂമി കമ്പോളത്തിലുണ്ടായ വിലവര്‍ധനവാണ്. പരമ്പരാഗതമായി ഭൂമി കൈവശംവെച്ചിരുന്ന എല്ലാവരും ആ ഭൂമി പണയംവെക്കുകയോ വില്ക്കുകയോചെയ്ത് സാമ്പത്തികപുരോഗതി കൈവരിച്ചു. എന്നാല്‍, സ്ഥാപനപരമായ വായ്പകളിലേക്ക് ഒരുവിധ പങ്കാളിത്തവും നാളിതുവരെ നേടാന്‍കഴിയാത്ത പട്ടികജാതികള്‍ ഇപ്പോഴും കോളനികളില്‍ ജന്മിത്വ അടിമജാതികളുടെ സാമ്പത്തിക നിലവാരത്തില്‍തന്നെയാണ് ജീവിക്കുന്നത്.
ദിവസം 1200 രൂപ കൂലിയുണ്ടായിട്ടും എന്തേ കോളനിയിലെ ‘അവന്മാര്’ ഒക്കെ ഇന്നും ചെറ്റപ്പുരയില്‍ കിടക്കുന്നത് എന്ന് അത്ഭുതംകൂറുന്ന നവോത്ഥാന മലയാളി ഓര്‍ക്കേണ്ടുന്നകാര്യം അവരൊന്നും സ്വന്തം ദിവസക്കൂലിയില്‍നിന്ന് മിച്ചംവെച്ചിട്ടല്ല ഇന്ന് കാണുന്ന സാമ്പത്തിക പുരോഗതി നേടിയിട്ടുള്ളത് എന്നതാണ്.
തുല്യാവസരങ്ങളുണ്ടെന്ന് പറയുമ്പോഴും വായ്പയുടെ കാര്യത്തില്‍, ഭൂമിയുടെ ഉടമസ്ഥതയുടെ കാര്യത്തില്‍, സ്വകാര്യ തൊഴിലുകളിലെ പങ്കാളിത്തത്തില്‍, ജനങ്ങളുടെ നികുതിപ്പണമെടുത്ത് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന എയ്ഡഡ് മേഖലയിലെ തൊഴിലുകളിലെ പങ്കാളിത്തകാര്യത്തില് എല്ലാം പട്ടികജാതിക്കാര്‍ക്ക് പൂജ്യം പങ്കാളിത്തമാണുള്ളത്.
ഭരണഘടനയും ജനാധിപത്യവും നവോത്ഥാനവും കൊട്ടിഘോഷിക്കുമ്പോഴും ജാതിയും അതിന്റെ അധികാര വിഭവ വിതരണവും ഇന്നും ഒരു തടസ്സവും കൂടാതെ ജന്മിത്വകാലത്തെ പോലെ തന്നെ തുടരുന്ന കേരളത്തിനകത്ത് ഒരു ചേരിയായാണ് ഇന്നും പട്ടികജാതി കോളനികള്‍ നിലനില്‍ക്കുന്നത്.
വീട് കത്തിക്കുക, കിണറ്റില്‍ വിഷംകലക്കുക, സ്ത്രീകളെ ബലാല്ക്കാരം ചെയ്യുക, കീഴാളരുടെ വാഹനങ്ങള്‍ കത്തിക്കുക, അവരെ കൊല്ലുക തുടങ്ങിയ ജാതിയുടെ വന്യമായ പ്രയോഗങ്ങൾ മാത്രമാണ് അല്പമെങ്കിലും ഇല്ലാതായിട്ടുള്ളത്. എന്നാല്‍, ജാതികേന്ദ്രീകൃതമായ അധികാര വിഭവ വിതരണത്തെ ഇന്നും നമ്മള് നിലനിര്‍ത്തുന്നു.
സ്വന്തം കൂലി സമ്പാദ്യമോ മൂലധനമോ സ്വത്തോ ആയി മാറ്റാന്‍ പറ്റാത്തതരത്തില്‍ ഭൂരഹിതരും വായ്പരഹിതരുമായി കഴിയുന്ന പട്ടികജാതികള്‍ പ്രഫ. സനല്‍ മോഹന്‍ ചൂണ്ടിക്കാണിച്ചതുപോലെ ജന്മിത്വകാലത്തിലും കൊളോണിയല്‍ ആധുനികതയുടെ കാലത്തും സ്വതന്ത്ര കേരളത്തിലും കൂലി അടിമയായി തന്നെയായിട്ടാണ് നിലനില്‍ക്കുന്നത്.
ജാതിജന്മിത്വം അതിന്റെ വന്യതകള്‍ ഇന്നും പൊതുയിടങ്ങളില്‍ ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും പേരില്‍ ഒരുമടിയും കൂടാതെ പ്രയോഗിക്കുമ്പോള്‍ അതിനുള്ള പരിഹാരം ജാതിവെറിയന്മാരുടെ മാനസാന്തരത്തില്‍ കാണുന്നവരിലല്ല നമ്മള് പ്രതീക്ഷവെക്കേണ്ടത്.
ഈ സീറ്റില്‍നിന്ന് ഞാന്‍ എഴുന്നേല്‍ക്കില്ല എന്നുറപ്പിച്ച് പറഞ്ഞുകൊണ്ട് അമേരിക്കയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ്സിന് തിരികൊളുത്തിയ റോസാ പാര്‍ക്കും ഹിറ്റ്ലറുടെ മുന്നില്‍ നിന്നുകൊണ്ട് നാസി സല്യൂട്ട് ചെയ്യുന്ന ആയിരങ്ങള്‍ക്ക് നടുവില്‍ സ്വന്തം കൈകള്‍ മാറോടുചേര്‍ത്ത് വെച്ചുകൊണ്ട് ഞാന്‍ അടിമത്തത്തിന്റെ സല്യൂട്ട് ചെയ്യില്ലെന്ന് പറഞ്ഞ അഗസ്റ്റ മെന്ഡെസയും ഉണര്‍ത്തിവിട്ട സ്വാതന്ത്ര്യത്തിന്റെ തേരുകളിലാണ് നാം മുന്നോട്ടുപോകേണ്ടത്.
ഘടനാപരമായി ജാതി നിലനിര്‍ത്തുന്നതിനാല്‍ കേരളത്തിലെ പട്ടികജാതികളെ സംബന്ധിച്ചിടത്തോളം തുല്യമായ അവസരങ്ങള്‍ എന്നത് വെറും കിലുങ്ങുന്ന വാക്കുകള്‍ മാത്രമാണ്. കേരള മോഡല്‍ വികസനമുണ്ടാക്കിയ സാമ്പത്തിക വികസന നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തി സാമൂഹികമായും സാമ്പത്തികമായും മുന്നേറാനുള്ള മൂലധനം സ്വരൂപിക്കാന്‍ പട്ടികജാതികള്‍ക്ക് കഴിയുന്നില്ല എന്ന വസ്തുതയെ കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് നമ്മള് കോളനികളെ മറ്റിടങ്ങളിലേക്ക് പറിച്ചുനടാന്‍ ശ്രമിക്കുന്നത്. കേരള മോഡല്‍ വികസനവും കേരള ഭൂപരിഷ്കരണവും പട്ടികജാതി വിരുദ്ധമായവയാണ്.
നമ്മള് ഒരു പ്രശ്നം നാട്ടില്‍ ഉണ്ടെന്നു പറയുമ്പോള്‍ നമ്മളും ആ പ്രശ്നത്തിന്റെ ഭാഗമായി മാറുന്നു. അത് പരിഹരിക്കാനുള്ള ബാധ്യത നമുക്കുമുണ്ട്. എന്നാല്‍, പട്ടികജാതിക്കാര്‍ക്ക് വേണ്ടതെല്ലാം കേരള മോഡല്‍ കൊടുക്കുന്നുണ്ട് എന്ന് നമ്മള് പറയുമ്പോള്‍ ഭരണകൂടവും പട്ടികജാതിക്കാരും പ്രശ്നത്തിന് വെളിയില്‍ പോകുന്നു. പ്രശ്നം മാത്രം ഒറ്റക്കായിപ്പോകുന്നു. ഇതാണ് വര്‍ത്തമാനകേരളത്തിലെ പട്ടികജാതി വികസനത്തിലെ അടിസ്ഥാന പ്രശ്നം.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.