പൗരത്വത്തിന്റെ ആശങ്കകൾ
text_fields1980കളിൽ തന്നെ മിഡിൽ ഈസ്റ്റിലും മറ്റ് വിദേശ രാജ്യങ്ങളിലും താമസിക്കുന്ന വിദേശ മലയാളികൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് അവിടെ തന്നെ ജന്മംനൽകാൻ തുടങ്ങിയിരുന്നു. 1990കളിൽ അത് സാധാരണമാവുകയും 2000ഓടെ മിഡിൽ ഈസ്റ്റിനുപുറമെ അമേരിക്ക, ആസ്ട്രേലിയ, യൂറോപ്, കാനഡ, ന്യൂസിലൻഡ് എന്നീ വിദേശ രാജ്യങ്ങളിലൊക്കെ അതു വ്യാപകമാവുകയും ചെയ്തു. വിദേശ രാജ്യങ്ങളിൽ ജനിച്ച കുഞ്ഞുങ്ങളുടെ പേരു വിവരങ്ങൾ മാതാവിന്റെ പാസ്പോർട്ടിൽ രേഖപ്പെടുത്തുന്നതോടെ ആ കുഞ്ഞുങ്ങൾ ഇന്ത്യൻ പൗരന്മാരായി എന്ന് കരുതിപ്പോന്നു. കുട്ടിക്ക് ഇന്ത്യൻ പാസ്പോർട്ടുകൂടി ലഭിക്കുന്നതോടെ ഈ കുട്ടികൾ ഇന്ത്യൻ പൗരന്മാരായി എന്നാണ് എല്ലാവരും പൊതുവേ ധരിക്കുക. കാരണം ഇന്ത്യൻ പാസ്പോർട്ട് ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനുള്ള രേഖയാണ് എന്നാണല്ലോ നമ്മൾ ധരിച്ചു വെച്ചിരുന്നത്. എന്നാൽ, ഇന്ത്യൻ പാസ്പോർട്ട് ഭാരത പൗരത്വം തെളിയിക്കാനുള്ള അന്തിമരേഖയായി കണക്കാക്കാൻ കഴിയുമോ എന്ന് ആർക്കും ഇപ്പോൾ ഉറപ്പിച്ചു പറയാനാവുന്നില്ല. ഇന്ത്യൻ ഭരണഘടനയിലെ മിക്കവാറും വകുപ്പുകളിൽ പറയപ്പെടുന്ന ഒന്നാണ് പൗരത്വം. ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26ന് ആരൊക്കെ ഇന്ത്യൻ പൗരന്മാർ ആയിരിക്കുമെന്നു മാത്രമേ വിശദീകരിക്കുന്നുള്ളൂ. ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം പാർലമെന്റിനാണ് നൽകിയിരുന്നത്. ഇതനുസരിച്ച് 1955ലെ പൗരത്വ നിയമമാണ് ഏതെല്ലാം ഗണത്തിൽപ്പെടുന്നവർ ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും മറ്റും വിശദീകരിക്കുന്നത്. ഇന്ത്യൻ പൗരത്വ നിയമം 1955 അനുസരിച്ച് 1950 ജനുവരി 26ന് അല്ലെങ്കിൽ അതിനുശേഷം രാജ്യത്ത് ജനിച്ചവരെല്ലാം വിവിധ വ്യവസ്ഥകൾക്ക് വിധേയമായി ഇന്ത്യൻ പൗരന്മാരാണ്. ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കിൽ പോലും ആ സമയത്ത് മാതാപിതാക്കളിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിൽ വിവിധ വ്യവസ്ഥകൾക്ക് വിധേയമായി ആ കുട്ടിയും ഇന്ത്യൻ പൗരനാണ്. ഇന്ത്യക്കാരെ വിവാഹം ചെയ്യുന്നവരുൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളിൽപെടുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ നൽകിയും പൗരത്വം നേടാം. വിദേശികൾക്കും ഇന്ത്യാ ഗവണ്മന്റെിനോട് അപേക്ഷിച്ച് പൗരത്വം നേടാം. ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോടു കൂടിച്ചേർക്കുകയാണെങ്കിൽ അവിടെ ജീവിക്കുന്നവർ സ്വാഭാവികമായി ഇന്ത്യൻ പൗരന്മാരാകും.
1955ലെ പൗരത്വ നിയമം അനുസരിച്ച് ഇന്ത്യക്ക് പുറത്ത് ജനിച്ച ഒരാൾ വംശപരമ്പരയാൽ ഇന്ത്യൻ പൗരനായിരിക്കും. അതായത് ഇന്ത്യക്ക് പുറത്ത് 1950 ജനുവരി 26നോ അതിനു ശേഷമോ, പക്ഷേ 1992 ഡിസംബർ 10നു മുമ്പോ ഒരു ഇന്ത്യൻ പൗരനായ പിതാവിന് ജനിക്കുകയും, കുട്ടിയുടെ ജനനം ഇന്ത്യൻ ഡിപ്ലോമാറ്റിക് മിഷനിൽ രജിസ്റ്റർ ചെയ്തിരിക്കുകയുമാണെങ്കിൽ ഇന്ത്യൻ വംശജൻ എന്നനിലയിൽ ഈ കുട്ടിയെ ഒരു ഇന്ത്യൻ പൗരനായി കണക്കാക്കാവുന്നതാണ്. അതുപോലെ 1992 ഡിസംബർ പത്താം തീയതിയോ അതിന് ശേഷമോ, വിദേശത്തു ജനിച്ച കുട്ടിയുടെ ജനന സമയത്ത് ആ കുട്ടിയുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനാണെങ്കിൽ, അതോടൊപ്പം ആ കുട്ടിയുടെ ജനനം ഇന്ത്യൻ എംബസിയിലോ, ഇന്ത്യൻ കോൺസുലേറ്റിലോ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ വംശ പരമ്പരയാൽ ഇന്ത്യൻ വംശജൻ എന്ന നിലയിൽ ഈ കുട്ടിയെ ഒരു ഇന്ത്യൻ പൗരനായി കണക്കാക്കാവുന്നതാണ്.
അതായത് (എ) 26.01.1950നും 09.12.1992 നും ഇടയിൽ വിദേശത്ത് ജനിച്ച കുട്ടിയുടെ പിതാവ് ആ കുട്ടിയുടെ ജനന സമയത്ത് ഇന്ത്യൻ പൗരൻ ആണെങ്കിൽ ഇന്ത്യൻ പൗരത്വം ലഭിക്കും. (ബി) 10.12.1992നുശേഷം ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാണെങ്കിലും ആ കുട്ടിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. വിദേശത്തു ജനിച്ച കുട്ടിയുടെ ജനനം ആ രാജ്യത്തെ ഇന്ത്യൻ എംബസിയിലോ, ഇന്ത്യൻ കോൺസുലേറ്റിലോ രജിസ്റ്റർ ചെയ്യണം എന്നുമാത്രം. വിദേശത്തു ജനിച്ച കുഞ്ഞുങ്ങളുടെ ജനനം നിശ്ചിത സമയത്തിനുള്ളിൽ ഇന്ത്യൻ എംബസിയിലോ, ഇന്ത്യൻ കോൺസുലേറ്റിലോ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഇന്ത്യൻ വംശജന് ജനിച്ച കുട്ടി എന്ന നിലയിൽ ഈ കുട്ടിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ നിയമം അനുശാസിക്കുന്ന നടപടി ക്രമങ്ങൾ സ്വീകരിച്ചു രജിസ്റ്റർ ചെയ്യാൻ കഴിയും.
ആശുപത്രിയിൽ നിന്നും ലഭിക്കുന്ന ബെർത്ത് സർട്ടിഫിക്കറ്റും, “Entry of Birth at Consulate General / Embassy of India” എന്ന സർട്ടിഫിക്കറ്റിന്റെയും ബലത്തിൽ മാതാവിന്റെ ഇന്ത്യൻ പാസ്പോർട്ടിൽ കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും രേഖപ്പെടുത്തുന്നു. ജനന ബെർത്ത് സർട്ടിഫിക്കറ്റും പാസ്പോർട്ടും നമ്മൾ സൂക്ഷിച്ചുവെക്കുമെങ്കിലും. “Entry of Birth at Consulate General / Embassy of India” എന്ന ഏറ്റവും പ്രധാനപ്പെട്ട രേഖ പലരും സൂക്ഷിക്കാറില്ല. അതിനുള്ള ഒരു കാരണം ഈ രേഖ സാധാരണ ഒരു വെള്ളക്കടലാസിലാണ് ലഭിക്കുന്നത് എന്നതാണ്.
(തുടരും...)
(കേരള ഹൈകോടതി അഭിഭാഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.