സഹകരണമേഖലയിലെ സംഘർഷങ്ങൾ
text_fields‘മിണ്ടാതിരിക്കൂ, നിങ്ങളുടെ വീട്ടിലും അന്വേഷണ ഏജൻസികൾ എത്തിച്ചേരു’മെന്ന് പ്രതിപക്ഷത്തെ നോക്കി വിളിച്ചുപറഞ്ഞത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയാണ്. അത് പറഞ്ഞത് ഏതെങ്കിലും പൊതുസമ്മേളനത്തിലല്ല, ഇന്ത്യൻ പാർലമെന്റിൽ സഭ ചേരുമ്പോഴാണ്. അന്വേഷണങ്ങളുടെ രാഷ്ട്രീയ സത്യസന്ധത സംശയാസ്പദമാണ്
ഒരുകാലത്ത് പങ്കാളിത്ത വികസനത്തിന്റെ വിളക്കുമാടമായി വാഴ്ത്തപ്പെട്ട കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ആരോപണങ്ങളിൽ കുടുങ്ങിയിരിക്കുന്നു. ഇപ്പോൾ കുപ്രസിദ്ധമായിത്തീർന്ന കരുവന്നൂർ സഹകരണബാങ്ക് ഉൾപ്പെടെ നിരവധി ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തെ കൂടുതൽ നിരാശജനകമാക്കുന്നത്, ഭരണകക്ഷിയായ സി.പി.എമ്മിന് ഈ സഹകരണ ബാങ്കുകളിൽ പലതിലും ഗണ്യമായ അധികാരമുണ്ട് എന്നതാണ്. അത് പാർട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനമോ അപ്രധാനമോ ആയിരിക്കാം. പാർട്ടികൾക്ക് ഏതു പ്രതിസന്ധിയിലും നിന്നുപിഴക്കാനുള്ള മെയ് വഴക്കമുണ്ടെന്നു നമുക്കറിയാം. പക്ഷേ, ഇത് യഥാർഥത്തിൽ പ്രതിസന്ധിയിലാഴ്ത്തുന്നത് കേരള സമ്പദ് വ്യവസ്ഥയിൽ അപ്രധാനമല്ലാത്ത വികസന പ്രാതിനിധ്യമുള്ള സഹകരണ മേഖലയെയും അതിന്റെ മുൻ-പിൻ ബന്ധങ്ങളുള്ള അനുബന്ധ മേഖലകളെയുമാണ് എന്നതാണ്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ‘കലാകൗമുദി’ ആഴ്ചപ്പതിപ്പ് ഒരു വികസന ചർച്ച നടത്തിയിരുന്നു. ഇ.എം.എസ്, ഉമ്മൻ ചാണ്ടി, പി.ജെ. ജോസഫ്, ചെറിയാൻ ഫിലിപ്, വെളിയം ഭാർഗവൻ, മൈക്കിൾ തരകൻ, പ്രഫ. കെ.രാമചന്ദ്രൻ നായർ തുടങ്ങിയ പ്രമുഖ വ്യക്തികളാണ് അതിൽ പങ്കെടുത്തത്. പി.എം. ബിനുകുമാറാണ് ചർച്ച തയാറാക്കിയത്. അന്ന് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ വിദ്യാർഥിയായിരുന്ന ഞാൻ എഴുതിയിരുന്ന ഒന്നുരണ്ടു കുറിപ്പുകളുടെ ബലത്തിലാവണം, പത്രാധിപരായിരുന്ന എസ്. ജയചന്ദ്രൻ സാർ എന്നെയും ആ ചർച്ചയിൽ പങ്കെടുപ്പിച്ചത്. അന്നത്തെ സാഹചര്യത്തിൽ എനിക്ക് ഏറ്റവും അനുയോജ്യമായ വിഷയമായി തോന്നിയത് സഹകരണ മേഖലയെക്കുറിച്ചെഴുതുക എന്നതായിരുന്നു. കേരള സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം സഹകരണം ജീവവാഹിനിയാണ് എന്ന കുറിപ്പിലെ പ്രയോഗമാണ് തലക്കെട്ടായി നൽകിയിരുന്നത്. കേരളത്തിന്റെ ആഭ്യന്തര മൂലധന സഞ്ചയത്തിലും തൊഴിൽ മേഖലയിലും പ്രധാന പങ്കുവഹിക്കാൻ കഴിയുന്ന സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അതിനു ക്രമേണ രാഷ്ട്രീയ പാർട്ടികളുടെ അമിതമായ ഇടപെടലുകൾ ഒഴിവാക്കി ആ മേഖലയെ കൂടുതൽ സിവിൽ സാമൂഹികാഭിമുഖ്യത്തിലേക്ക് കൊണ്ടുവരണമെന്നുമായിരുന്നു അന്നു ഞാൻ പറയാൻ ശ്രമിച്ചത്. അന്നും ഇന്നും പ്രസക്തമായ ഒരു കാര്യമായാണ് ഈ നിലപാടിനെ ഞാൻ കാണുന്നത്.
സാമൂഹികനീതിയിലും സമത്വത്തിലും പ്രതിബദ്ധത പ്രകടിപ്പിക്കുന്ന പാർട്ടികളെ സംബന്ധിച്ചിടത്തോളം, ബാങ്കുകൾക്കുള്ളിലെ അഴിമതി ആരോപണങ്ങളെ നൈതിക നിലപാടുകളുമായി തട്ടിച്ചുനോക്കേണ്ടത് അവർ തന്നെയാണ്. ഈ സഹകരണ ബാങ്കുകളെ, പ്രത്യേകിച്ച് കരുവന്നൂരിനെ പ്രതിരോധിക്കാൻ ഉയർന്നുവന്ന ഒരു വാദം, വൻകിട കോർപറേറ്റ് സ്ഥാപനങ്ങളിൽ നടക്കുന്ന കെടുകാര്യസ്ഥതകളും സ്കാമുകളുമായി ഒത്തുനോക്കുമ്പോൾ ചെറുകിട ബാങ്കുകളിലെ അഴിമതിയുടെ തോത് താരതമ്യേന തുച്ഛമാണ് എന്ന മട്ടിലാണ്. മന്ത്രി എം.ബി. രാജേഷ് ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ച ഈ വാദം പ്രശ്നത്തെ നിസ്സാരവത്കരിക്കാൻ ശ്രമിക്കുന്നതാണ് എന്ന് വിമർശനം ഉയർന്നിട്ടുണ്ട്. സന്ദർഭബന്ധിതമായിട്ടാണ് വിമർശനം പ്രസക്തമാവുന്നത്. സാധാരണ രീതിയിൽ അദ്ദേഹം പറഞ്ഞത് തെറ്റല്ല. കോർപറേറ്റ് അഴിമതിയോട് അന്വേഷണ ഏജൻസികൾ കാണിക്കുന്ന വിമുഖതയോടുള്ള വിമർശനം കൂടിയായി മന്ത്രിയുടെ വാക്കുകൾ മനസ്സിലാക്കേണ്ടതുണ്ട്. പക്ഷേ, സി.പി.എം ഭരിക്കുന്ന ബാങ്കുകളിൽ ഈ പ്രശ്നം ഉയരുമ്പോൾ, അത് സാധാരണക്കാരെ ബാധിക്കുമ്പോൾ, അന്വേഷണ ഏജൻസികളുടെ ഇരട്ടത്താപ്പ് സി.പി.എം നേതാക്കൾതന്നെ ഒരു വാദമായി ഉയർത്തുന്നതിൽ ദുർബലതയുണ്ട്. മാത്രമല്ല, ചെറിയ ബാങ്കുകളിലെ അഴിമതിയുടെ സാന്നിധ്യം, അവ കെട്ടിപ്പടുത്തതിന്റെ അടിത്തറയെത്തന്നെ ഇല്ലാതാക്കുന്നുണ്ട് എന്നത് വിസ്മരിക്കാൻ കഴിയില്ല.
താഴേത്തട്ടിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും സാമ്പത്തിക ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉപാധിയായാണ് സഹകരണ ബാങ്കുകൾ വിഭാവനം ചെയ്യപ്പെട്ടത്. കർഷകരുടെയും ചെറുകിട സംരംഭകരുടെയും ഇടയിൽ ശക്തമായ അടിത്തറയുള്ള കേരളത്തിന്റെ സഹകരണമേഖല പങ്കാളിത്ത വളർച്ചയുടെ മാതൃകയായി വിഭാവനം ചെയ്യപ്പെട്ടു. എന്നിരുന്നാലും, അഴിമതിയുടെ സമീപകാല വെളിപ്പെടുത്തലുകൾ ഈ ആദർശത്തിന്മേൽ ഇരുണ്ട നിഴൽ വീഴ്ത്തുന്നു. കരുവന്നൂർ സഹകരണ ബാങ്കിനെ കേരളത്തിന്റെ സഹകരണ മേഖലയിലെ ഒരു കറുത്ത പാടെന്നാണ് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ വിശേഷിപ്പിച്ചത്. സഹകാരികൾക്കുണ്ടാവേണ്ട ജാഗ്രതയെക്കുറിച്ച് ഇപ്പോൾ പരക്കെ ഓർമപ്പെടുത്തലുകൾ ഉണ്ടാവുന്നുണ്ട്.
ഒട്ടുമിക്ക സഹകരണ ബാങ്കുകളിലും സി.പി.എമ്മിന് അധികാരമുണ്ടെന്നതിനാൽ ഈ സ്ഥാപനങ്ങളിലെ അമിതമായ കക്ഷിരാഷ്ട്രീയ ഇടപെടലിന്റെ ഉത്തരവാദിത്തം കൂടുതലും അവർതന്നെ ഏറ്റെടുക്കേണ്ടതുണ്ട്. പല ബാങ്കുകളും കോൺഗ്രസിന്റെയോ യു.ഡി.എഫ് ഘടകകക്ഷികളുടെയോ ഭരണത്തിലാണ് എന്നതും യാഥാർഥ്യമാണ്. അഴിമതി സി.പി.എം ബാങ്കുകളിൽ മാത്രമാവണമെന്നില്ല. രാഷ്ട്രീയവും ബാങ്കിങ്ങും കൈകോർത്തുകൊണ്ട് ഉത്തരവാദിത്തത്തിൽ വിട്ടുവീഴ്ചചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു എന്നത് നിസ്സാരമല്ല. ബാങ്കിലെ അംഗങ്ങളുടെ ക്ഷേമത്തേക്കാൾ പാർട്ടികളുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന സമീപനം പൊതുവിൽ സഹകരണ മേഖലയുടെ നൈതികഘടനയെ നശിപ്പിക്കുന്ന, ദുഷ് പ്രവണതകൾ പൊറുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന സംസ്കാരത്തിലേക്ക് നയിച്ചിരിക്കുകയാണ്. സഹകരണ മേഖലയുടെ രാഷ്ട്രീയവത്കരണമല്ല മുഖ്യപ്രശ്നം. മറിച്ച്, പക്ഷപാതപരമായ കക്ഷിരാഷ്ട്രീയ ഇടപെടലിനും അമിതാധികാര പ്രയോഗത്തിനും മുതിരുന്ന രാഷ്ട്രീയ ഇടപെടലുകളെ രാഷ്ട്രീയവത്കരണത്തിന്റെ മറവിൽ വഴിവിട്ടു പ്രോത്സാഹിപ്പിക്കുന്നതാണ്. അതിന്റെ ഗുണഭോക്താക്കളാവാൻ മത്സരിക്കുന്നതാണ്.
കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ തകർക്കാനുള്ള തന്ത്രമായി കേന്ദ്ര സർക്കാർ ഈ അന്വേഷണങ്ങളെ ഉപയോഗിക്കുകയാണെന്ന വിശ്വാസം പരക്കെയുണ്ട്. അന്വേഷണങ്ങൾ സുതാര്യമായും രാഷ്ട്രീയ പക്ഷപാതമില്ലാതെയും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ‘മിണ്ടാതിരിക്കൂ, നിങ്ങളുടെ വീട്ടിലും അന്വേഷണ ഏജൻസികൾ എത്തിച്ചേരു’മെന്ന് പ്രതിപക്ഷത്തെ നോക്കി വിളിച്ചുപറഞ്ഞത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയാണ്. അത് പറഞ്ഞത് ഏതെങ്കിലും പൊതുസമ്മേളനത്തിലല്ല, ഇന്ത്യൻ പാർലമെന്റിൽ സഭ ചേരുമ്പോഴാണ്. അന്വേഷണങ്ങളുടെ രാഷ്ട്രീയ സത്യസന്ധത സംശയാസ്പദമാണ്. കേന്ദ്ര സർക്കാറിന് കേരളത്തിലെ സഹകരണ മേഖലയിൽ ഇടപെടുന്നതിൽ ഗൂഢലക്ഷ്യങ്ങളുണ്ട് എന്ന ആരോപണം തള്ളിക്കളയാൻ കഴിയില്ലല്ലോ. ആശയപരമായ ഭിന്നതകളിൽനിന്നും കേരളത്തിന്റെ വികസനമാതൃകയോടുള്ള എതിർപ്പിൽനിന്നും ഉടലെടുത്ത ശത്രുത ശക്തമായി നിലനിൽക്കുന്നുണ്ട്. പൊതുവിലുള്ള ദേശീയ രാഷ്ട്രീയ സാഹചര്യം ഇതാണെങ്കിലും, സഹകരണ ബാങ്കുകൾക്കുള്ളിലെ അഴിമതി ആരോപണങ്ങൾ ഗൗരവമായി കാണേണ്ടതുണ്ടെന്ന് അംഗീകരിക്കേണ്ടതും ഒരുപോലെ നിർണായകമാണ്. കാരണം ലക്ഷക്കണക്കായ ഗ്രാമീണജീവിതങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്.
ഇ.ഡിയുടെ ഇടപെടലിന്റ ശത്രുതാപരമായ സാഹചര്യത്തിനപ്പുറം, സഹകരണ മേഖലയിലെ ഭരണയുക്തിയിൽ കാര്യമായ അഴിച്ചുപണികൾ ആവശ്യമുണ്ട്. ശക്തമായ ഓഡിറ്റിങ് സംവിധാനങ്ങളും സ്വതന്ത്രമായ ഉന്നതസമിതികളുടെ മേൽനോട്ട സംവിധാനങ്ങളും നിലവിലില്ലെങ്കിൽ സൃഷ്ടിക്കുകയും നാമമാത്രമായെങ്കിലും ഉണ്ടെങ്കിൽ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽനിന്നുള്ള അമിതമായ ഇടപെടൽ തടയാൻ സഹകരണ ബാങ്കുകൾ രാഷ്ട്രീയമായ സിവിൽ സമൂഹവത്കരണത്തിനാണ് ശ്രമിക്കേണ്ടത്. എന്നാൽ, കക്ഷിരാഷ്ട്രീയംമാത്രം രാഷ്ട്രീയവത്കരണമായി മനസ്സിലാക്കപ്പെടുന്ന കേരളത്തിൽ പാർട്ടി അംഗങ്ങളെ ബാങ്കിനുള്ളിൽ പ്രധാനസ്ഥാനങ്ങൾ വഹിക്കുന്നതിൽനിന്ന് വിലക്കുന്ന കർശനമായ മാർഗനിർദേശങ്ങൾ സ്വീകരിക്കുന്നതിന് സാധ്യതകളില്ല എന്നത് ശക്തമായ റഗുലേറ്ററി സംവിധാനങ്ങളുടെ ആവശ്യകത അനിവാര്യമാക്കുന്നു.
കേരളത്തിന്റെ സഹകരണ ബാങ്കിങ് മേഖലക്കുള്ളിലെ പ്രക്ഷുബ്ധത, ധനകാര്യ സ്ഥാപനങ്ങളിൽ സിവിൽ സമൂഹ മൂല്യങ്ങളോട് പ്രതിബദ്ധത പുലർത്താത്ത കർക്കശമായ കക്ഷിരാഷ്ട്രീയം ആഴത്തിൽ വേരോടിയാൽ ഉയർന്നുവരുന്ന നൈതിക പ്രതിസന്ധികളെക്കുറിച്ചുള്ള വ്യക്തമായ ഓർമപ്പെടുത്തലാണ്. കേന്ദ്ര സർക്കാറിന്റെ പങ്കും രാഷ്ട്രീയ താൽപര്യവും ചെറുക്കേണ്ടത് അനിവാര്യമാണെങ്കിലും ബാങ്കുകൾക്കുള്ളിലെ സുതാര്യത, ഉത്തരവാദിത്തം, നൈതികത എന്നിവയുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലുള്ള വൈമനസ്യവും അസൗകര്യപ്രദമായ റഗുലേറ്ററി ഇടപെടലുകളോടുള്ള വൈമുഖ്യവും കൂടുതൽ ചരിത്രപരമാണ്. സഹകരണ ബാങ്കുകൾക്ക് അടിസ്ഥാന വികസനത്തിന്റെ ശക്തമായ ഉപകരണങ്ങളാകാനുള്ള കഴിവുണ്ട് എന്നതിനാൽ ബാഹ്യശത്രുക്കളിൽനിന്നും ഉള്ളിലെ ശത്രുക്കളിൽനിന്നും അവ സംരക്ഷിക്കപ്പെടേണ്ടത് കേരളത്തിന്റെ പൊതുതാൽപര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.