കോൺഗ്രസ് അഹങ്കരിക്കാൻ വരെട്ട
text_fields
മോദിസർക്കാർ നാലുവർഷം പിന്നിട്ടപ്പോൾ മൂന്നുവിധം അഭിലാഷങ്ങൾക്കിടയിലാണ് ഇന്ത്യ. ‘ഇത്തവണ മോദിസർക്കാർ’ എന്ന മുദ്രാവാക്യം ‘2019ൽ വീണ്ടും മോദി സർക്കാർ’ എന്നു പുതുക്കിയ ബി.ജെ.പി, ആ സ്വപ്നാടനത്തിലാണ്. കർണാടകയിലെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുത്തു മടങ്ങിയ ബി.ജെ.പിയിതര പ്രതിപക്ഷ നേതൃനിരയാകെട്ട, മോദിസർക്കാറിനെ 2019ൽ കെട്ടുകെട്ടിക്കാമെന്ന മോഹത്തിലാണ്. അഴിമതിക്കും ഭരണനേട്ടത്തിെൻറ വായ്ത്താരിക്കുമിടയിലൂടെ ഉൗളിയിടുന്ന ആം ആദ്മിയാകെട്ട, ജനാധിപത്യത്തിൽനിന്നൊരു സാന്ത്വന സ്പർശം അഭിലഷിക്കുകയാണ്.
പൊതുജനത്തെ സംബന്ധിച്ചേടത്തോളം ‘അച്ഛേ ദിൻ ആേന വാേല ഹെ’ പ്രതീക്ഷകൾ എന്നേ െപാലിഞ്ഞുവീണു. മരവിപ്പു നിറഞ്ഞ അഴിമതിഭരണത്തിൽനിന്ന് സംശുദ്ധവും വികസനോന്മുഖവുമായൊരു ഭരണരീതിയിലേക്ക് ഇന്ത്യ കുതിക്കുന്നു എന്നായിരുന്നു നാലുവർഷം മുമ്പത്തെ പല്ലവി. ഒന്നും സംഭവിച്ചില്ല. കോർപറേറ്റ് ഭൂതങ്ങൾ കൂടുതൽ വലവിരിച്ച ഇന്ത്യയിൽ അഴിമതിയും തട്ടിപ്പും പുതിയ രൂപങ്ങളിലാണ്. സാമ്പത്തികമായ മരവിപ്പും വിളർച്ചയുമാണ് എവിടെയും. നോട്ടുനിരോധനവും ജി.എസ്.ടിയും വികലമായി നടപ്പാക്കിയതിെൻറ കെടുതി നീങ്ങുന്നില്ല. എല്ലുമുറിയെ പണിയെടുക്കുന്ന കർഷകന് വിയർപ്പും വിശപ്പും നിരാശയുമാണ് മിച്ചസമ്പാദ്യം. നിർമാണ, വ്യാപാര മേഖലകൾ മുരടിച്ചു. ഇന്ത്യയിൽ നിർമിക്കാമെന്നും നിക്ഷേപിക്കാമെന്നുമുള്ള സർക്കാറിെൻറ ആർപ്പുവിളി മറുനാടൻ വ്യവസായികൾ ഗൗനിക്കുന്നതേയില്ല. ഇവിടെനിന്നുള്ള കയറ്റുമതിയിലും മാന്ദ്യം. നോട്ട് അസാധുവാക്കലും നികുതിക്കുരുക്കുകളും നീരവ് മോദിയുമൊക്കെ ചേർന്ന് സർക്കാർ സംവിധാനങ്ങളുടെയും ബാങ്കുകളുടെയുമൊക്കെ വിശ്വാസ്യത ചോർത്തിക്കളഞ്ഞു.
മോദിസർക്കാറിൽനിന്ന് സാന്ത്വനത്തിെൻറ ചെറുവിരലനക്കംപോലും കിട്ടിയിട്ടില്ലെന്നാണ് സാധാരണക്കാരെൻറ അനുഭവം. ആധാർ മുതൽ ഇന്ധനവില വരെയുള്ള ഏടാകൂടങ്ങളും ജീവിതഭാരവുമാണ് സംഭാവന. സാമൂഹികമായി ഭയപ്പാടിെൻറയും അസഹിഷ്ണുതയുടെയും അന്തരീക്ഷം. ഉയർന്ന പീഠങ്ങളിൽ ഇരിക്കുന്നവരെ അധമബോധം ഭരിക്കുേമ്പാൾ കർസേവകരുടെ കാര്യം പറയാനുണ്ടോ? മുസ്ലിംകൾക്കും ദലിതർക്കും നേരെ ആൾക്കൂട്ട ഭ്രാന്തുകൾ. വിമർശനങ്ങൾ ഉൾക്കൊള്ളുകയല്ല, എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നതാണ് ശൈലി. ഇതെല്ലാറ്റിനും മുന്നിൽ അമർഷം ഉള്ളിൽ പുകക്കുന്ന ബഹുഭൂരിപക്ഷത്തിെൻറ നാടാണ് ഇന്ന് ഇന്ത്യ. ഭാരതം സ്വച്ഛമല്ല.
ഇതിനെല്ലാമിടയിലാണ്, ഒരുവട്ടംകൂടി മോദിസർക്കാറെന്ന മുദ്രാവാക്യം ബി.ജെ.പി മുന്നോട്ടുവെക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ തവണ സഹായിച്ച മധ്യവർഗത്തിെൻറയും യുവാക്കളുടെയും അഭിലാഷങ്ങൾ കരിഞ്ഞുവെന്ന് അറിയാമെങ്കിലും അർഥശൂന്യമായ വായ്ത്താരികൾ അലകും പിടിയും മാറ്റി പുറത്തെടുക്കുന്നത്, ചിതറി നിൽക്കുന്ന പ്രതിപക്ഷത്തിെൻറ ദൗർബല്യം കരുത്തായി മാറുമെന്ന അമിതവിശ്വാസത്തിെൻറ ബലത്തിലാണ്.
െഎക്യത്തിനു വേണ്ടിയുള്ള ദാഹം പ്രതിപക്ഷ പാർട്ടികൾക്കിടയിൽ കലശലായിട്ടുണ്ട്. ജനം നേരിടുന്ന കെടുതിയിൽ മനസ്സു നോവുന്നതാണോ, മോദി ഭരിക്കുന്ന ഇന്ത്യയിൽ സ്വന്തം അസ്തിത്വം തന്നെ അപകടത്തിലാണെന്ന ബോധ്യമാണോ െഎക്യദാഹത്തിെൻറ ഒന്നാം നമ്പർ കാരണമെന്ന ക്രമപ്രശ്നം നിൽക്കെട്ട. ‘മതി മോദി’ പൊതുബോധമാണ് ‘വീണ്ടും മോദി’യെന്ന അഭിലാഷത്തെ കടത്തിവെട്ടി നിൽക്കുന്നത്. അത് പ്രയോജനപ്പെടുത്തണമെങ്കിൽ മോദിക്കെതിരെ ഒന്നിച്ചുനിൽക്കാതെ പറ്റില്ല എന്നതാണ് പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന യാഥാർഥ്യം. പ്രാദേശിക തലത്തിൽ ബദ്ധശത്രുക്കളായി പടവെട്ടുേമ്പാൾപോലും, ദേശീയ തലത്തിൽ മോദിക്കെതിരെ ഒന്നിക്കണമെന്ന് മമതക്കും യെച്ചൂരിക്കും സോണിയക്കും ബോധ്യപ്പെടുന്നു. സംസ്ഥാനം തന്നെയും കൈവിട്ടു പോകാതിരിക്കണമെങ്കിൽ ഒന്നിച്ചു നീങ്ങണമെന്ന് മായാവതിയും അഖിലേഷുമൊക്കെ തീരുമാനിക്കുന്നു.
കർണാടകയിലെ ഒരുമ
കർണാടകയിലെ ഒത്തുചേരൽ ബി.ജെ.പി വിരുദ്ധ പാർട്ടികൾക്ക് നൽകുന്ന പ്രചോദനം മതേതര ജനാധിപത്യ വിശ്വാസികളെ ഉത്തേജിപ്പിക്കും. അതേസമയം, മോദി ഒരുവശത്തും പ്രതിപക്ഷനിരയൊന്നാകെ മറുവശത്തും നിൽക്കാൻ പാകത്തിൽ എന്തൊക്കെ മുന്നൊരുക്കങ്ങളായി, വിട്ടുവീഴ്ചകൾ എത്രത്തോളം സാധ്യമാവും തുടങ്ങി കാതലായ ചോദ്യങ്ങൾ ബാക്കി. ആ കൂട്ടായ്മയെ നയിക്കാനും പ്രധാനമന്ത്രി സ്ഥാനാർഥി പദത്തിനും അവകാശവാദം ഉന്നയിക്കാൻ ഇന്നത്തെ നിലയിൽ ചുരുങ്ങിയത് മൂന്നു പേരുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ബി.എസ്.പി നേതാവ് മായാവതി. ഇതിനും പുറമെ ശരദ്പവാർ മുതൽ ചന്ദ്രശേഖര റാവു വരെയുള്ളവരുടെ മോഹം അതുവേറെ. ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികൾ ഒത്തുവന്നത്, ദേവഗൗഡക്കുപോലും ചില അഭിനിവേശങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ടാകണം. പൊതുസ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർഥി ഉണ്ടാകാനിടയില്ലെന്ന് അർഥം. സഖ്യങ്ങൾ രൂപപ്പെടുത്തുന്ന കാര്യത്തിൽ പൊതുസമീപനങ്ങളോ വിട്ടുവീഴ്ചകളോ എത്രത്തോളം സാധ്യമാണ്? യു.പിയിൽ ബി.എസ്.പിയും സമാജ്വാദി പാർട്ടിയും ചേർന്ന് ബി.ജെ.പിയെ നേരിടുേമ്പാൾ കോൺഗ്രസിെൻറ സമീപനം എന്തായിരിക്കും? പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബി.ജെ.പിയോട് ഏറ്റുമുട്ടുേമ്പാൾ, സി.പി.എമ്മും കോൺഗ്രസും എന്തു ചെയ്യും? ഇങ്ങനെ ഒാരോ സംസ്ഥാനത്തും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടിയിണക്കൽ ഭഗീരഥ പ്രയത്നമാണ്.
പൊതുവായ പ്രധാനമന്ത്രി സ്ഥാനാർഥി ഉണ്ടാകണമെങ്കിൽ, തെരഞ്ഞെടുപ്പിനുമുമ്പ് പൊതുവായ ദേശീയസഖ്യം രൂപപ്പെടണം. ബിഹാറിൽ മുമ്പുണ്ടായ മഹാസഖ്യമെന്ന പോലെ, അനിവാര്യമായ ചുറ്റുപാടിൽ വിട്ടുവീഴ്ചകളോടെ യു.പിയിൽ എസ്.പിക്കും ബി.എസ്.പിക്കും സീറ്റു പങ്കുവെക്കാൻ കഴിയണം. ബി.ജെ.പി വിരുദ്ധ ചേരിയുടെ വിശാല താൽപര്യത്തിനായി കഴിയുന്നത്ര സീറ്റുകൾ ബലികഴിക്കാൻ കോൺഗ്രസും തയാറാകണം. ഇത്തരത്തിൽ ഒാരോ സംസ്ഥാനത്തും സീറ്റു നിർണയത്തിൽ മഹാസഖ്യത്തിന് മഹാത്യാഗങ്ങൾതന്നെ വേണ്ടിവരും. അതു നടപ്പില്ലെങ്കിൽ ഏറ്റവും കൂടുതൽ സീറ്റു നേടാനും തെരഞ്ഞെടുപ്പിനു ശേഷമുള്ള ചുറ്റുപാടിനൊത്ത് വിലപേശാനുമാണ് കോൺഗ്രസും വിവിധ പ്രാദേശിക പാർട്ടികളും ഒരുപോലെ ശ്രമിക്കുക. ത്രികോണ, ബഹുകോണ മത്സരങ്ങളിലേക്കാണ് അതു ചെന്നെത്തുക. അവിടെത്തന്നെയാണ് ബി.ജെ.പി സ്വന്തം സാധ്യതകൾ കാണുന്നത്. ചിതറിനിൽക്കുന്ന പ്രതിപക്ഷം ബി.ജെ.പിക്ക് മുതൽക്കൂട്ടായി മാറുന്നത് അങ്ങനെയാണ്.
കർണാടക കഴിഞ്ഞപ്പോൾ പക്ഷേ, കോൺഗ്രസുകാർ ചെറുതായി അഹങ്കരിച്ചു തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് മനസ്സുവെച്ചാൽ എതിരാളിയുടെ കഥ കഴിയും, ബി.ജെ.പിക്കെതിരായ ദേശീയ ധാരയെ നയിക്കാൻ കോൺഗ്രസിനേ കഴിയൂ എന്നിങ്ങനെയുള്ള അവകാശവാദങ്ങളാണ് അതിന് അകമ്പടി. എന്നാൽ, കർണാടകയിൽ കാണിച്ച വിട്ടുവീഴ്ച മറ്റിടങ്ങളിൽ കോൺഗ്രസ് എത്രത്തോളം കാണിക്കും, മറ്റു പാർട്ടികൾ കോൺഗ്രസിനോട് എത്രത്തോളം കാണിക്കും എന്നതാണ് പ്രധാനം. കർണാടകയിൽ കണ്ടത് തെരഞ്ഞെടുപ്പു സഖ്യത്തിെൻറ വിജയമല്ല. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ അനിവാര്യ സാഹചര്യങ്ങളുടെ ബാക്കിയാണ്. തെരഞ്ഞെടുപ്പിനുമുമ്പ് ജെ.ഡി.എസുമായി സഖ്യത്തിന് കോൺഗ്രസോ, തിരിച്ചോ എത്രത്തോളം താൽപര്യപ്പെട്ടു? സിദ്ധരാമയ്യ മുന്നോട്ടുവെച്ച രാഷ്ട്രീയതന്ത്രം അപ്പടി സ്വീകരിച്ചു മുന്നോട്ടു പോയതല്ലാതെ, സഖ്യത്തിലും സ്ഥാനാർഥി നിർണയത്തിലും ദേശീയ നേതൃത്വത്തിന് എന്തു പങ്കുണ്ടായിരുന്നു? രണ്ടു സീറ്റിൽ മത്സരിച്ച മുഖ്യമന്ത്രി ഒരു സീറ്റിൽ തോറ്റു; മറ്റൊന്നിൽ കഷ്ടിച്ചു ജയിച്ചു. സ്പീക്കറും ഒരു ഡസൻ മന്ത്രിമാരും തോറ്റു. കോൺഗ്രസിന് 50ഒാളം സീറ്റു കുറഞ്ഞു. ജെ.ഡി.എസിനും രണ്ടു സീറ്റ് നഷ്ടപ്പെട്ടു. ഇതിനെല്ലാമിടയിൽ 40ൽ നിന്ന ബി.ജെ.പി 104ലേക്ക് വളർന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
വീണേടം വിദ്യയാക്കിയതുകൊണ്ട് കോൺഗ്രസിനും ജെ.ഡി.എസിനും മുഖം രക്ഷിക്കാനും ബി.ജെ.പി വിരുദ്ധ ചേരിക്ക് അഭിമാനിക്കാനും കഴിയുന്നു എന്നതാണ് യാഥാർഥ്യം. മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസവോട്ടു നേടിയതുകൊണ്ട്, ഉലയാത്ത അഞ്ചുവർഷ ഭരണമാണ് ഇനിയെന്ന് അർഥമില്ല. വിശ്വാസവോട്ടിനു ശേഷം മന്ത്രിമാരുടെ സത്യപ്രതിജ്ഞ എന്ന് തീരുമാനിച്ചത്, പിണക്കങ്ങൾക്കും ചേരിമാറ്റത്തിനുമുള്ള സാധ്യത ഒഴിവാക്കാനാണ്. മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുത്തതിെൻറ ഉദാരതയും വിട്ടുവീഴ്ചകളും ലോക്സഭ തെരഞ്ഞെടുപ്പു നേരത്ത് കാണണമെന്നില്ല.
നൂറുകൂട്ടം പണികൾ ബാക്കി
തലമുറ മാറ്റത്തിേലക്ക് നടക്കുേമ്പാഴും പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് രാഹുലിനേക്കാൾ, സോണിയയോടുള്ള വ്യക്തിബന്ധത്തിെൻറ നേർക്കാഴ്ചകളാണ് ബംഗളൂരുവിലെ സത്യപ്രതിജ്ഞ വേദിയിൽ കണ്ടത്. പാർട്ടിയിലെ പഴയ കുതിരകളുടെ ചടുലതന്ത്രങ്ങൾ കർണാടക നാടകത്തിൽ വിജയിച്ചു. കോൺഗ്രസിനുള്ളിലേക്കു വന്നാൽ, പൊതുതെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കാൻ ഇനിയുമേറെ നടക്കാനുണ്ട്. രാഹുലിനെ വാഴിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തകസമിതിയായിട്ടില്ല. എ.െഎ.സി.സി പുനഃസംഘടന നടന്നിട്ടില്ല. സഖ്യകക്ഷി സാധ്യതകൾ തേടാൻ സോണിയയുടെ കൈത്താങ്ങ് കൂടിയേ കഴിയൂ. പണക്കൊഴുപ്പിെൻറയും ഹൈടെക് സാേങ്കതിക സംവിധാനങ്ങളുടെയും അകമ്പടിയോടെ വോട്ടറുടെ കണ്ണഞ്ചിപ്പിക്കാൻ ഒരുങ്ങുന്ന ബി.ജെ.പിയെ അട്ടിമറിക്കാനുള്ള തന്ത്രങ്ങൾ രൂപപ്പെടണം. സർവോപരി പാർട്ടിക്കുള്ളിലെ ശീതസമരങ്ങൾ അവസാനിപ്പിച്ച് താഴെത്തട്ടിൽ ചിട്ടയായ പ്രവർത്തനത്തിന് സാധിക്കണം. പ്രതിപക്ഷത്തെ ഒരു ചരടിൽ കോർത്തെടുക്കാനുള്ള ശ്രമങ്ങൾക്കൊപ്പം 150-200ൽ കുറയാത്ത സീറ്റ് സമ്പാദിക്കാൻ കഴിയണം. എങ്കിൽ മാത്രമാണ് തെരഞ്ഞെടുപ്പിനുശേഷം മറ്റു പ്രതിപക്ഷ പാർട്ടികളുടെ മുന്നിൽക്കയറി നിൽക്കാൻ കോൺഗ്രസിന് കഴിയുക. അതല്ലെങ്കിൽ, ബി.ജെ.പിയെ മാറ്റിനിർത്താൻ കർണാടകയിലെന്നപോലെ പ്രാദേശിക കക്ഷികൾക്ക് കൈത്താങ്ങ് നൽകാൻ കോൺഗ്രസ് നിർബന്ധിതമാവും. അതുമല്ലെങ്കിൽ പ്രാദേശിക കക്ഷികളിൽ ചിലതിനെ ബി.ജെ.പി റാഞ്ചുന്നത് നോക്കിനിൽക്കേണ്ടി വരും. അതെല്ലാം ചേർത്തുവെച്ചാൽ പറയേണ്ടിവരും, കർണാടകയുടെ പേരിൽ കോൺഗ്രസ് അഹങ്കരിക്കാൻ വരെട്ട!
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.