അനുഭവങ്ങളിൽ നിന്നു പഠിക്കാത്ത കോൺഗ്രസ്
text_fieldsമത-സാമുദായിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നിടത്ത് രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും കൊണ്ടുനടക്കുന്ന കാപട്യം തുറന്നുകാട്ടുന്ന ഒരനുഭവം ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ അധ്യക്ഷൻ വജാഹത്ത് ഹബീബുല്ല (‘ദ ഹിന്ദു’, 2016 ഒക്ടോബർ 18) അയവിറക്കുകയുണ്ടായി. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫിസിൽ ന്യൂനപക്ഷകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന 1986കാലം. ഒരുദിവസം പ്രധാനമന്ത്രിയെ കാണാൻ മുറിയിലേക്ക് കയറിച്ചെന്നപ്പോൾ മാധ്യമ പ്രവർത്തകനും കോൺഗ്രസ് സഹയാത്രികനുമായ എം.ജെ. അക്ബർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ‘‘വരൂ വജാഹത്ത്, നിങ്ങൾക്കും ഈ ചർച്ചയിൽ പങ്കെടുക്കാം’’ -പതിവില്ലാത്ത സൗഹൃദഭാവത്തോടെ രാജീവ് ഗാന്ധി മുന്നിലെ കസേരയിലേക്ക് വിരൽചൂണ്ടി. ഒരുവർഷം മുമ്പ് പുറത്തുവന്ന ഷാബാനു ബീഗം കേസിെൻറ വിധിയെ തുടർന്ന് മുസ്ലിം സമൂഹം ഇളകിമറിഞ്ഞ സാഹചര്യം നേരിടാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു അവർ. കോൺഗ്രസ് മുസ്ലിം സമൂഹത്തിെൻറ വികാരത്തിനൊപ്പമാണെന്ന് വരുത്താൻ എന്താണ് പോംവഴി എന്നതിനെ കുറിച്ചായിരുന്നു ആലോചന. മുസ്ലിം രോഷം ശമിപ്പിക്കാൻ പാർലമെൻറ് നിയമനിർമാണം നടത്തുകയാണ് പോംവഴിയെന്ന്് അക്ബർ നിർദേശം വെച്ചു. അങ്ങനെയാണ് ദേശീയ രാഷ്ട്രീയത്തിെൻറ ദിശതന്നെ മാറ്റിയെഴുതാൻ നിമിത്തമായ 1986ലെ മുസ്ലിം വനിത നിയമം പിറവികൊണ്ടത്. കൃത്യം, മൂന്ന് പതിറ്റാണ്ടിനുശേഷം മുസ്ലിം സ്ത്രീകളുടെ പേരിൽ മറ്റൊരു നിയമനിർമാണം (വിവാഹാവകാശ സംരക്ഷണ ബിൽ) ഇക്കഴിഞ്ഞ ഡിസംബർ 28ന് അരങ്ങേറിയപ്പോൾ രാജീവിനെയും അദ്ദേഹത്തിെൻറ അമ്മയെയും കുറിച്ച് സഭയെ ഓർമിപ്പിച്ചത് ഇപ്പോൾ കാവിക്കൂടാരത്തിലൂടെ കേന്ദ്രത്തിൽ സഹമന്ത്രിസ്ഥാനം നേടിയെടുത്ത അതേ അക്ബറാണ്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് മുത്തലാഖ് ബിൽ അവതരിപ്പിക്കെ തൊട്ടടുത്തിരുന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിനു നേരെ പൊട്ടിത്തെറിച്ചതും ഇസ്ലാമിനും മുസ്ലിം സ്ത്രീകൾക്കുംവേണ്ടി ഘോരഘോരം ആേക്രാശിച്ചതും ഇതേ മനുഷ്യൻ തന്നെ. ഷാബാനു കേസിൽ പ്രതിമാസം 127 രൂപ ജീവനാംശം നൽകാനുള്ള വിധി റദ്ദാക്കാൻ വേണ്ടി നിയമനിർമാണം നടത്തിയ രാജീവ് സർക്കാറിെൻറ ‘വർഗീയ പ്രീണന’ത്തെയും ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡിെൻറ രൂപവത്കരണത്തെ രഹസ്യമായി പിന്തുണച്ച ഇന്ദിര ഗാന്ധിയെയും അക്ബർ പിച്ചിച്ചീന്തിയപ്പോൾ വജാഹത്ത് ഹബീബുല്ല ഉൗറിച്ചിരിക്കുന്നുണ്ടാവണം. മനസ്സിൽ കാവി പുരണ്ടാൽ മനുഷ്യൻ ഇത്രക്കും അധ$പതിക്കുമോ? ‘‘ഇസ്ലാം അപകടത്തിലാണെന്നും ശരീഅത്തിനെ തകർക്കുകയാണെന്നും പറഞ്ഞ് ഷാബാനു വിധിയെ എതിർത്തവരല്ലേ നിങ്ങൾ? സ്വാതന്ത്ര്യത്തിനുമുമ്പ് നിങ്ങൾ രാജ്യത്തെ വിഭജിച്ചു. ഇപ്പോൾ ഇന്ത്യൻ സമൂഹത്തെയാണ് വിഭജിക്കുന്നത്’’- ശുഷ്കമായ പ്രതിപക്ഷ ബെഞ്ചിനുനേരെ വിരൽ ചൂണ്ടി അക്ബർ ശബ്ദമുയർത്തിയപ്പോൾ, മുമ്പ് കോൺഗ്രസിനെ സേവിക്കുകയും ഹിന്ദുത്വക്കും നരേന്ദ്ര മോദിക്കുമെതിരെ ഗർജിക്കുകയും ചെയ്തിരുന്ന എം.ജെ. അക്ബറിെൻറ കപടമുഖം പിച്ചിച്ചീന്താൻ ഒരാൾപോലും മുന്നോട്ടുവന്നില്ല.
ആർ.എസ്.എസ് ഉയർത്തുന്ന രാഷ്ട്രീയവും സാംസ്കാരികവും ധൈഷണികവുമായ ഭീഷണികളെ പ്രതിരോധിക്കുന്നതിൽ എത്ര ദയനീയമായാണ് രാജ്യം പരാജയപ്പെടുന്നത് എന്നതിനുള്ള മികച്ച ഉദാഹരണമായിരുന്നു മുത്തലാഖ് ബില്ലിനു മുന്നിൽ മുട്ടുമടക്കിയ മതേതരചേരിയുടെ അവസ്ഥ. ഭരണപക്ഷം ബി.ജെ.പി അംഗങ്ങൾക്ക് വിപ്പുനൽകി ഏത് സാഹചര്യവും നേരിടാൻ യുദ്ധമുഖത്തെന്നപോലെ സജ്ജമായി നിലകൊണ്ടപ്പോൾ, ഏകോപിതമായ നീക്കമോ ഉറച്ച നിലപാടോ ഇല്ലാതെ ചിന്നിച്ചിതറിക്കിടന്ന പ്രതിപക്ഷനിര ഹിന്ദുത്വ ഫാഷിസത്തെ നേരിടാൻ വേറെ ആൺകുട്ടികൾ ജനിക്കണമെന്ന തോന്നലാണുളവാക്കിയത്. ബില്ലിന്മേൽ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതിക്ക് പരമാവധി കിട്ടിയ വോട്ട് നാല്. പ്രതിപക്ഷം അൽപം ജാഗ്രത്തായിരുന്നുവെങ്കിൽ 150ലേറെ അംഗങ്ങളെ ഒന്നിപ്പിച്ചുനിർത്താമായിരുന്നു. അതേസമയം, ഭേദഗതിയെ പരാജയപ്പെടുത്താൻ ഭരണപക്ഷത്ത് 240 അംഗങ്ങൾ ഒന്നിച്ച് അണിനിരന്നു. മോദി സർക്കാറിനെ പിന്തുണക്കുന്ന എ.ഐ.എ.ഡി.എം.കെയുടെ 37 അംഗങ്ങളും ബിജു ജനതാദളിലെ 20 അംഗങ്ങളും ബില്ലിനെതിരായ നിലപാടാണ് സ്വീകരിച്ചത് എന്നോർക്കണം. 33 മെംബർമാരുള്ള തൃണമൂൽ കോൺഗ്രസ്, ബംഗാളിൽ ബി.ജെ.പിക്കെതിരെ കടുത്ത പ്രതിരോധം തീർത്തു 25 ശതമാനം വരുന്ന ന്യൂനപക്ഷവോട്ട് ഉറപ്പിക്കാറുണ്ടെങ്കിലും സഭയിൽ പൂർണ നിസ്സംഗത പാലിച്ചത് കാപട്യത്തിെൻറ മറ്റൊരു കൊട്ടിയാട്ടമായിരുന്നു. മജ്ലിസ് നേതാവ് അസദുദ്ദീൻ ഉവൈസിയും സി.പി.എം അംഗം എ. സമ്പത്തും മാത്രമാണ് ഭേദഗതി വോട്ടിനിടണമെന്ന് ആവശ്യപ്പെട്ടത്. 10 ഇടത് അംഗങ്ങൾ സഭയിലുണ്ടായിരുന്നിട്ടും സമ്പത്തിെൻറ ഭേദഗതിക്ക് കിട്ടിയത് നാല് വോട്ട്! ഷാബാനു ബീഗം വിധി തുറന്നുവിട്ട ശരീഅത്ത് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുകയും 1986ലെ നിയമനിർമാണത്തിന് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത മുസ്ലിം ലീഗിെൻറ നിഴൽരൂപം മാത്രമാണ് ബി.ജെ.പി സർക്കാർ ‘ചരിത്രദിനം’ എന്ന് അവകാശപ്പെട്ട ആ ദിവസം കാണാൻ കഴിഞ്ഞത്. എൻ.കെ. േപ്രമചന്ദ്രനും അസദുദ്ദീൻ ഉവൈസിയും വീറുറ്റ പോരാട്ടത്തിന് ഒറ്റക്ക് ശ്രമങ്ങൾ നടത്തിയപ്പോൾ ഇ.ടി. മുഹമ്മദ് ബഷീറിെൻറ ശബ്ദം ദുർബലമായിരുന്നു. ഇതുപോലുള്ള ദശാസന്ധികളിൽ പാർലമെൻറിെൻറ ഭിത്തികളിൽ പ്രതിധ്വനിക്കാറുള്ള ഇബ്രാഹീം സുലൈമാൻ സേട്ടുവിെൻറയും ജി.എം. ബനാത്ത് വാലയുടെയുമൊക്കെ ഗർജനങ്ങൾ നിലച്ചത് സംഘ്പരിവാറിന് കാര്യങ്ങൾ എത്ര എളുപ്പമാക്കി.
തെറ്റ് തിരുത്താതെ
ഗുജറാത്തിലെ അപ്രതീക്ഷിത മുന്നേറ്റം നൽകിയ കരുത്തിൽ മോദി സർക്കാറിെൻറ ആസൂത്രിതനീക്കത്തെ തോൽപിക്കാനുള്ള സുവർണാവസരമാണ് കോൺഗ്രസ് പാഴാക്കിയത്. പാർട്ടി സ്വീകരിച്ച അഴകൊഴമ്പൻ നയം ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാക്കി. മുസ്ലിം സ്ത്രീകളുടെ പേരിൽ ഹിന്ദുത്വ സർക്കാർ പൊഴിക്കുന്നത് മുതലക്കണ്ണീരാണെന്നും ഭൂരിപക്ഷ സമുദായത്തെ ഏകോപിപ്പിക്കുന്നതിനുള്ള ആർ.എസ്.എസ് പദ്ധതിയാണ് അതിനു പിന്നിലെന്നും മനസ്സിലാക്കാനുള്ള ബുദ്ധി ഒരു കോൺഗ്രസുകാരനും ഇല്ലാതെപോയി. ഇത്തരം വിഷയങ്ങളിൽ സ്പഷ്ടവും തത്ത്വാധിഷ്ഠിതവുമായ നിലപാട് എടുത്ത മണിശങ്കർ അയ്യരെ അപ്പോഴേക്കും പടിക്ക് പുറത്താക്കിക്കഴിഞ്ഞിരുന്നു. മുത്തലാഖ് റദ്ദാക്കുന്ന ഏത് നിയമത്തെയും നിരുപാധികം പിന്തുണക്കുക എന്നതായിരുന്നുവെത്ര കോൺഗ്രസിെൻറ നിലപാട്. അതുകൊണ്ടുതന്നെ, ന്യൂനപക്ഷ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന വേളകളിൽ ഏകോപിത നിലപാട് എടുക്കാറുള്ള സമാജ്വാദി പാർട്ടി, രാഷ്്ട്രീയ ജനതാദൾ, തൃണമൂൽ കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവരെ ബില്ലിനെതിരെ അണിനിരത്തുന്നതിൽ കോൺഗ്രസ് അമ്പേ പരാജയപ്പെട്ടു. മുത്തലാഖ് വിഷയത്തിൽ ഹിന്ദുത്വ അജണ്ടക്കെതിരെ സംസാരിച്ചാൽ ‘മുസ്ലിം അനുകൂലം’ എന്ന് മുദ്രകുത്തപ്പെടുമോയെന്ന ഭയമായിരുന്നു രാഹുലിനടക്കം. അതുകൊണ്ടുതന്നെ, അന്നേദിവസം സഭയിൽ മുഖം കാണിക്കാൻപോലും സോണിയപുത്രൻ സന്നദ്ധനായില്ല. ബില്ലിലെ വിവാദ വ്യവസ്ഥകളെക്കുറിച്ച് പഠിക്കാൻ നിയമജ്ഞാനമുള്ള ഒരാളെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിൽ ത്വലാഖ് എന്ന് മൂന്നുവട്ടം മൊഴിയുന്നത് മൂന്നുവർഷം ശിക്ഷ വിധിക്കുന്ന, ജാമ്യമില്ലാത്ത, അറസ്റ്റ് വാറൻറില്ലാതെ പൊലീസിന് പിടിച്ചുകൊണ്ടുപോയി ജയിലിലടക്കാവുന്ന ‘പാപ’മായി കണക്കാക്കുന്ന ഒരു നിയമനിർമാണത്തെ കണ്ണടിച്ച് പിന്തുണക്കാൻ കോൺഗ്രസിന് സാധിക്കുമായിരുന്നില്ല. ലോക്സഭ ബില്ല് പാസാക്കി മുസ്ലിം സ്ത്രീകളെ ‘ശാക്തീകരിച്ച’തിെൻറ െക്രഡിറ്റ് മുഴുവനും നെറ്റിപ്പട്ടമായി അണിഞ്ഞു ഞെളിഞ്ഞുനടക്കുന്നത് കണ്ടപ്പോഴാണ് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസനെ പോലുള്ളവർക്ക് ബോധോദയമുണ്ടായത്. മുത്തലാഖ് നിരോധിക്കുകയല്ല, ഏകീകൃത സിവിൽ കോഡ് കുറുക്കുവഴിയിലൂടെ നടപ്പാക്കുകയാണ് ഈ നിയമത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിടുന്നതെന്ന ഹസെൻറ രോദനം പത്രപ്രസ്താവനയിൽ ഒതുക്കുന്നതിനു പകരം പാർട്ടി അഖിലേന്ത്യ നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കേണ്ടിയിരുന്നത്.
അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കുന്നില്ല എന്നതാണ് കോൺഗ്രസിെൻറ ശാപം. ജന്മപ്രതിബദ്ധത വിസ്മരിച്ച് വർഗീയകാർഡ് കളിച്ചതാണ് 1980കൾ തൊട്ട് പാർട്ടിയുടെ ശിഥിലീകരണത്തിന് വഴിവെട്ടിയത്. മുസ്ലിം വിവാഹമോചിതകളുടെ ഭാവി സുരക്ഷക്കായി മികച്ചൊരു നിയമം കൊണ്ടുവന്നത് വൻ അപരാധമായി സംഘ്പരിവാരം പ്രചരിപ്പിച്ചപ്പോൾ, അത് മറികടക്കാൻ ഭൂരിപക്ഷവർഗീയ കാർഡിറക്കി ഹിന്ദുത്വശക്തികളോട് വർഗീയഭൂമികയിൽ മത്സരിച്ചതാണ് കോൺഗ്രസിന് അതിെൻറ പരമ്പരാഗത വോട്ട്ബാങ്ക് നഷ്ടപ്പെടാൻ കാരണം. ബാബരി മസ്ജിദിനോടൊപ്പം തകർന്നുവീണത് കോൺഗ്രസിെൻറ മതേതര അടിത്തറയാണ്. 1990കളിൽ വർഗീയ പകിടകളിയിൽ ബി.ജെ.പിയോട് മത്സരിച്ചു തോറ്റപ്പോഴാണ് കോൺഗ്രസിന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെടുന്നത്. കൈമോശം വന്ന മതേതരഭൂമിക തിരിച്ചുപിടിക്കാൻ 2004ൽ ഒരുശ്രമം നടത്തിയപ്പോൾ മൻമോഹൻ സിങ് ഡൽഹി സിംഹാസനത്തിൽ അവരോധിക്കപ്പെട്ടു. ഹിന്ദുത്വശക്തികളോട് പോരാടേണ്ടത് ഭൂരിപക്ഷവർഗീയ കാർഡിറക്കിയല്ലെന്നും മതേതര അടിത്തറ വിപുലപ്പെടുത്തിയാണെന്നും രാഹുൽ എന്ന് മനസ്സിലാക്കുന്നുവോ അന്നേ കോൺഗ്രസ് രക്ഷപ്പെടുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.