Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമോഹിതൻ

മോഹിതൻ

text_fields
bookmark_border
kv thomas
cancel

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയമാണോ ആന്റണിയുടെ പടിയിറക്കമാണോ ഏറ്റവും വലിയ നഷ്ടമെന്ന് ചോദിച്ചാൽ കോൺഗ്രസ് പ്രവർത്തകർ കുഴഞ്ഞുപോവുകയേയുള്ളൂ. തെരഞ്ഞെടുപ്പുകൾ ഇനിയും വരും. കൈവിട്ടുപോയ സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കാൻ ഇനിയും അവസരമുണ്ട്. അങ്ങനെയാണോ ആന്റണിയുടെ കാര്യം? പാർട്ടിയിലെ എക്കാലത്തെയും ഒരേയൊരു ആദർശധീരനാണ്. 2005 മുതൽ രാജ്യസഭയിൽ ചെയ്തുവരുന്ന മഹത്തായ സേവനം അവസാനിക്കാൻ പോവുകയാണ്. കക്ഷിനിലയും പാർട്ടിയിലെ പിടിയുമൊക്കെ വെച്ചുനോക്കുമ്പോൾ ആന്റണി ആവശ്യപ്പെടുന്നപക്ഷം ഹൈകമാൻഡ് അദ്ദേഹത്തിന് ഒരവസരംകൂടി നൽകാൻ ഹൈകമാൻഡ് തയാറാകും. പക്ഷേ, മറ്റുള്ളവർക്ക് വഴിമാറാൻ തീരുമാനിച്ചാൽ പിന്നെ എന്തുചെയ്യാനാണ്. ആ നഷ്ടം സഹിക്കുക തന്നെ. എന്നുവെച്ച് ആ സീറ്റ് ഒഴിച്ചിടാനൊന്നും പറ്റില്ല​ല്ലോ. മറ്റൊരാളെ കണ്ടെത്തിയേ മതിയാകൂ. പാർട്ടി പുനഃസംഘടനയുടെ കെട്ടുഭാണ്ഡങ്ങൾക്കിടയിലും നേതൃത്വം അപ്പണിയിലേക്ക് കടക്കുമ്പോഴാണ് കുമ്പളങ്ങിയിൽനിന്ന് തോമസ് മാഷിന്റെ വിളിവരുന്നത്. ആന്റണിയോളം ആദർശധീരനല്ലെങ്കിലും ആ ഒഴിവിലേക്ക് യോഗ്യൻ താനാണെന്നാണ് മാഷിന്റെ അവകാശവാദം.

കുറുപ്പശ്ശേരി വർക്കി തോമസ് എന്നാണ് പൂർണനാമധേയം. രണ്ടു മൂന്ന് വർഷമായി അലങ്കാര മത്സ്യകൃഷിയും മറ്റുമായി കുമ്പളങ്ങിയിൽതന്നെ കഴിച്ചുകൂട്ടുകയായിരുന്നു. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിറ്റിങ് മണ്ഡലമായ എറണാകുളം ഹൈബി ഈഡന് വിട്ടുനിൽകാൻ നിർബന്ധിതനായതോടെയാണ് അപ്പണിയിലേക്ക് തിരിയേണ്ടിവന്നത്. അതിനുശേഷം രണ്ടു തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ താൻ നിർദേശിച്ചവർക്കൊന്നും ജില്ല നേതൃത്വം സീറ്റ് നൽകാതിരുന്നത് പ്രാദേശിക രാഷ്ട്രീയത്തിന്റെ പതിവു ട്രിപ്പീസുകളിയായി മാത്രമേ കണ്ടുള്ളൂ. തൊട്ടടുത്ത വർഷം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് കാര്യം തിരിഞ്ഞത്. നാട്ടിലെ ലോക്കൽ ഖദർധാരികൾക്കുമാത്രമല്ല, ഇന്ദിരാഭവനിലുള്ള മേലാളന്മാർക്കും പഴയ സ്നേഹമില്ല. പിന്നെന്തിന് ഈ പാർട്ടിയിൽ തുടരണമെന്ന് ഒരുനിമിഷം ആലോചിച്ചു. അന്നേരം വന്നു പാപ്പരാസികളുടെ ഫ്ലാഷ് ന്യൂസ്: പ്രഫ. കെ.വി. തോമസ് ഇടതുപക്ഷത്തേക്ക് ! ഡൽഹിയിലെ എ.കെ.ജി ഭവനിൽ യെച്ചൂരിയുമായി നടത്തിയ സൗഹൃദ സംഭാഷണമാണ് വാർത്തയുടെ പശ്ചാത്തലം. എന്തായാലും, വാർത്തനിഷേധിക്കാൻ പ്രഫസർക്ക് അധികസമയമൊന്നും വേണ്ടിവന്നില്ല. നിഷേധക്കുറിപ്പ് തെളിയിക്കാൻ തൊട്ടടുത്ത ദിവസം, തിരുവനന്തപുരത്തെത്തി ഹൈകമാൻഡ് നേതൃയോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അപ്പോഴും, പാർട്ടിനേതൃത്വത്തിന് ചില്ലറ സംശയങ്ങളുണ്ടായിരുന്നു. അതൊഴിവാക്കാനാണ്, വർക്കിങ് പ്രസിഡന്റ് സ്ഥാനം നൽകിയത്. പ്രസിഡന്റായ കെ.സുധാകരന് പാർലമെന്റിലിരിക്കാമെങ്കിൽ വർക്കിങ് പ്രസിഡന്റിനുമാകാമ​ല്ലോ. അതുകൊണ്ടാണ് ആന്റണിയുടെ പിൻഗാമിയായി ആ സീറ്റിലിരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന നേതൃത്വം അത് കാര്യമായി എടുക്കാതായപ്പോൾ നേരെ ഡൽഹിയിലേക്ക് തിരിച്ചു. എ.ഐ.സി.സി ആസ്ഥാനത്തെത്തി കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.

ആദ്യം പോയത് താരീഖ് അൻവറിന്റെ അടുത്താണ്; മലയാളിയായ കെ.സി അവിടെയുണ്ടായിട്ടും എന്തുകൊണ്ട് ആ വഴിക്ക് പോയില്ല എന്നൊന്നും ചോദിക്കരുത്. അല്ലെങ്കിലും, എ.ഐ.സി.സിയിലെ ഇളംമുറക്കാരോടൊന്നും കാലുപിടിച്ചുകേഴേണ്ട ഗതികേടൊന്നും മാഷിനില്ല. ജൻപഥ് 10ൽ സാക്ഷാൽ സോണിയാജി ഇരിക്കുമ്പോൾ എന്തിന് വരാന്തയിലുള്ള കുട്ടിനേതാക്കളെ കാണണം. പണ്ടേ സോണിയയാണ് രക്ഷക. വേളാങ്കണ്ണി മാതാവിനടുത്താണ് പലപ്പോഴും സങ്കടങ്ങൾ ബോധിപ്പിക്കാറുള്ളത്; രാഷ്ട്രീയ സങ്കടങ്ങൾക്ക് പരിഹാരം സോണിയയുടെ പക്കലാണ്. അതിന് 'തിരുത നയതന്ത്രം' യഥേഷ്ടം പയറ്റിയിട്ടുമുണ്ട്. ആന്റണിക്ക് ആദർശമെന്ന പോലെയാണ് തോമസ് മാഷിന് മത്സ്യകൃഷി. രണ്ടും അധികാരത്തിലേറാനുള്ള സവിശേഷ ഉപകരണങ്ങളാണ്. പണ്ട്, ലീഡർ വീട്ടിൽവന്നപ്പോൾ തിരുത നൽകി സൽക്കരിച്ചതിൽപിന്നെ ശീലിച്ചതാണത്. ആ സൽക്കാരത്തോടെയാണ് വെച്ചടി കയറ്റമുണ്ടായത്. കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റിൽനിന്ന് നിയമസഭയിലേക്കും പാർലമെൻറിലേക്കുമൊക്കെ വഴിതുറന്നത് പലപ്പോഴായുള്ള 'തിരുത നയതന്ത്ര'ത്തിലാണ്. ആ തന്ത്രം ഡൽഹിയിൽ പയറ്റിയാണ് രണ്ടാം യു.പി.എ കാലത്ത് സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായത്; നിരവധി പാർലമെന്ററി സമിതികളിൽ ഇടംപിടിച്ചത്. വർഷങ്ങൾക്കിപ്പുറം, പുതിയ രാഷ്ട്രീയ മോഹങ്ങളുടെ പുറത്ത് വീണ്ടും ബാഗിൽ തിരുതയുമായി ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകാൻ ഒരു മടിയുമില്ല. പക്ഷേ, സീറ്റ് ഒന്നേയുള്ളൂ. സോണിയക്കാണെങ്കിൽ കടുപ്പിച്ച് പറയാനുള്ള ശേഷി പഴയപോലെയില്ല. പോരാഞ്ഞിട്ട്, യൂത്ത് കോൺഗ്രസും സീറ്റിന് പിടിമുറുക്കിയിട്ടുണ്ട്. ചിലപ്പോൾ, ഒരിക്കൽകൂടി നിരാശനായേക്കാം.

പ്രായം 75 ആയി. ഇക്കാലത്തിനുള്ളിൽ ഏകദേശം മുപ്പത് കൊല്ലത്തിലേറെ പാർലമെന്റിലും നിയമസഭയിലുമായി ചെലവഴിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിന്റെ ഏതാണ്ട് 90 ശതമാനം കാലവും നിയമനിർമാണ സഭാംഗമായിരുന്നുവെന്നർഥം. '70കളുടെ തുടക്കത്തിൽ ആരംഭിച്ച രാഷ്ട്രീയ ജീവതമായിരുന്നു. അക്കാലത്ത്, തേവര സേക്രഡ് ഹാർട്ട് കോളജിൽ രസതന്ത്ര വിഭാഗം അധ്യാപകനാണ്. കുമ്പളങ്ങിയിൽ ചില്ലറ രാഷ്ട്രീയ പ്രവർത്തനങ്ങളുമൊക്കെയായി നടക്കുന്ന കാലംകൂടിയാണത്. പക്ഷേ, യഥാർഥ രാഷ്ട്രീയത്തിന്റെ രസതന്ത്രം പകർന്നുകൊടുത്തത് സാക്ഷാൽ കരുണാകരനാണ്. അടിയന്തരാവസ്ഥക്കുശേഷമുള്ള കാലം. ആദ്യം ഡി.സി.സി സെക്രട്ടറിയായി; പിന്നെ കെ.പി.സി.സി അംഗവും. രാഷ്ട്രീയം തലയ്ക്കു പിടിക്കുകയും അതിൽ മുന്നേറ്റമുണ്ടാവുകയും ചെയ്യുമെന്ന് കണ്ടപ്പോൾ പ്രഫസർ പണി തൽക്കാലത്തേക്ക് മതിയാക്കി. 1984ൽ എറണാകുളത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചു. '89ലും '91ലും വിജയം ആവർത്തിച്ചു. തൊട്ടടുത്ത വർഷം നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ട്രഷററുമായി. '96ൽ സ്ഥിതി മാറി. ഫ്രഞ്ച് ചാരക്കേസിൽ പ്രതിചേർക്കപ്പെട്ടതോടെ അൽപം ക്ഷീണമായി; തോറ്റു. ആ സമയത്ത് ഡി.സി.സി പ്രസിഡന്റാണ്. 2001ൽ നിയമസഭയിലേക്ക്. ആന്റണി മന്ത്രിസഭയിൽ കരുണാകര പക്ഷത്തിന്റെ പ്രതിനിധികളിലൊരാൾ. ടൂറിസമായിരുന്നു പ്രധാനവകുപ്പ്. കരുണാകരന്റെ ആഗ്രഹപ്രകാരം മകൾ പത്മജ കെ.ടി.ഡി.സി ചെയർപേഴ്സനാകുന്നതൊക്കെ ഇക്കാലത്താണ്. പക്ഷേ, പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായ തോമസ് മാഷിന് അധികാരത്തോളം വരില്ല കരുണാകര ഭക്തി. അതിനാൽ, എ-ഐ പോരിൽ പതിയെ മറുകണ്ടം ചാടി ആന്റണിയോടൊപ്പം നിലകൊണ്ടു. വയലാർ രവി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും കരുണാകരന്റെ ഡി.ഐ.സി രൂപവത്​കരണവേളയിലുമെല്ലാം ഈ കാലുമാറ്റം പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ടു. കലുഷിതമായ ആ യു.ഡി.എഫ് കാലത്തിനുശേഷം, സർവം തച്ചുടക്കപ്പെട്ട 2006ലെ വി.എസ് തരംഗത്തിലും തോമസ് മാഷ് പിടിച്ചുനിന്നു. 2009ൽ, എം.എൽ.എ ആയിരിക്കെ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു മന്ത്രിയായി. 2014ലും എറണാകുളത്ത് വിജയം ആവർത്തിച്ചു. 2014-17 കാലത്ത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, പാർട്ടിക്കുള്ളിലെ സകല ഗ്രൂപ്പുവഴക്കുകളെയും ഉൾപ്പോരുകളെയും അതിജീവിച്ചാണ് തോമസ് മാഷ് തന്റെ പാർലമെന്ററി രാഷ്ട്രീയം സുരക്ഷിതമായി മുന്നോട്ടുനീക്കിയത്; രാഷ്ട്രീയ ഗുരുക്കന്മാർപോലും ഇതിനിടയിൽ തോറ്റുപോയിട്ടുണ്ട്. കെട്ടുകാഴ്ചകളുടെ പരിവേഷങ്ങളേതുമില്ലാതെ പ്രായോഗിക രാഷ്ട്രീയത്തിന്റെ വിജയവഴിയിൽ മൂന്നു പതിറ്റാണ്ട് വീഴാതെ സഞ്ചരിച്ച മാഷാണിപ്പോൾ പുതിയ പദവിക്കായി നേതൃത്വത്തിന്റെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുന്നത്.

പാർലമെന്റ് പോലെത്തന്നെ കുമ്പളങ്ങി എന്ന ഗ്രാമവും വലിയ ബലഹീനതയാണ്. കുമ്പളങ്ങിയെ പരാമർശിക്കാത്ത എഴുത്തും പ്രസംഗവും നന്നേ കുറവ്. കുമ്പളങ്ങിക്കായലിലെ കൊഞ്ചും ഞണ്ടും മാത്രമല്ല, പ്രകൃതിമനോഹരമായ കായലോരത്തിെൻറ പെരുമ സഞ്ചാരികൾക്കിടയിൽ എത്തിച്ചതിന്റെ ഖ്യാതി മാഷിനുമാത്രം. കായലിൽ വലയെറിഞ്ഞും കൈത്തോട്ടിൽ ചൂണ്ടയിട്ടും നാട്ടുകാർക്കൊപ്പം ഇപ്പോഴൂം പങ്കുചേരും. അതിനുപുറമെ, മത്സ്യകൃഷിയുമുണ്ട്. കുറച്ചു പുസ്തകങ്ങളും ഈ തിരക്കിനിടയിലെഴുതി: എെൻറ ലീഡർ, കുമ്പളങ്ങി വർണങ്ങൾ, എെൻറ കുമ്പളങ്ങി, എെൻറ കുമ്പളങ്ങിക്കു ശേഷം, അമ്മയും മകനും, സോണിയ പ്രിയങ്കരി, കുമ്പളങ്ങി ഫ്ലാഷ്. ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും താൽപര്യങ്ങളും അജണ്ടകളും പുസ്തകങ്ങളുടെ ശീർഷകങ്ങളിൽനിന്നുതന്നെ വ്യക്തം. ഭാര്യ: ഷേർലി തോമസ്. മൂന്നു മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KV ThomasCongress
News Summary - Congress Leader KV Thomas
Next Story