ഇരുളകറ്റാൻ ഇൗ യാത്ര
text_fieldsരാജ്യവും കേരളവും നേരിടുന്ന ഏറ്റവും വലിയ രണ്ട് അപകടങ്ങളായ ഫാഷിസത്തെക്കുറിച്ചും അക്രമരാഷ്ട്രീയത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും അവക്കെതിരെ അവരെ അണിനിരത്താനുമാണ് ഈ യാത്ര. ഫാഷിസം ഇന്ത്യയിലുണ്ടോ? പലർക്കും സന്ദേഹമുണ്ട്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുന്ന രീതിയിൽ മൂന്നു ഘട്ടമായി പ്രചാരണം നടത്താനും ആവശ്യമെങ്കിൽ വർഗീയ കലാപം ഉണ്ടാക്കുന്ന രീതിയിൽ വാർത്തകൾ പടച്ചുവിടാനും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങൾ സന്നദ്ധത അറിയിച്ചതായുള്ള ഒളികാമറ റിപ്പോർട്ട് കോബ്ര പോസ്റ്റ് എന്ന ഓൺലൈൻ മാധ്യമം പുറത്തുവിട്ടു. എതിരാളിക്കെതിരെ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കാനും അവർ തയാറാണ്. എതിരാളികളെ ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകുന്ന ബി.ജെ.പിയുടെ ഫാഷിസ്റ്റ് മുഖമാണ് കോബ്ര പോസ്റ്റ് ഒരിക്കൽക്കൂടി അനാവരണം ചെയ്തത്.
ഡോ. ലോറൻസ് ബ്രിറ്റ് എന്ന പ്രമുഖ പൊളിറ്റിക്കൽ സയൻറിസ്റ്റ് നടത്തിയ പഠനത്തിൽ തെളിഞ്ഞത് ഫാഷിസത്തിന് 14 മുഖങ്ങളുണ്ടെന്നാണ് -അതിശക്തമായ ദേശീയത പ്രചാരണം, മനുഷ്യാവകാശ ലംഘനം, പൊതുശത്രു നിർമിതി, പുരുഷകേന്ദ്രീകൃത സമൂഹം, മാധ്യമ നിയന്ത്രണം, ദേശീയസുരക്ഷ സംബന്ധിച്ച് കൃത്രിമമായ ആശങ്ക സൃഷ്ടിക്കുക, മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുക, കോർപറേറ്റുകളുടെ ഭരണനിയന്ത്രണം, തൊഴിലാളികളെ അടിച്ചമർത്തുക, ബുദ്ധിജീവികളോട് അസഹിഷ്ണുത, ഉന്നതവിഭ്യാഭ്യാസ രംഗം തകർക്കുക, അഴിമതിയുടെ വ്യാപനം, തെരഞ്ഞെടുപ്പിൽ കൃത്രിമം, പട്ടാളത്തിനു മേൽക്കൈ, പൊലീസിന് അമിതാധികാരം. മേൽപറഞ്ഞവയിൽ മിക്കതും പൂർണരൂപത്തിലും ഭാഗികമായും ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഇന്ത്യയിൽ നടന്നുവരുന്നു.
ഇന്ത്യൻ ദേശീയതയെ മതവിശ്വാസവുമായി കൂട്ടിക്കെട്ടുകയാണ് ബി.ജെ.പി. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നു. വ്യാജവാർത്തയുടെ പേരുപറഞ്ഞ് മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള സർക്കാർ നീക്കം ഏറ്റവും ഒടുവിലത്തെ ശ്രമമാണ്. മാധ്യമങ്ങളെ പണം കൊടുത്ത് വിടുവേല ചെയ്യിക്കുന്നതും സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യം. സാമൂഹിക പ്രവർത്തകൻ നരേന്ദ്ര ദാഭോൽകർ, എഴുത്തുകാരൻ ഗോവിന്ദ് പൻസാരെ, മുൻ വൈസ് ചാൻസലർ എം.എം. കൽബുർഗി, മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് തുടങ്ങിയവർ ഫാഷിസ്റ്റ് ശക്തികളാൽ കൊല്ലപ്പെട്ടവരാണ്. ഗോരക്ഷക ഗുണ്ടകൾ രംഗത്തിറങ്ങിയപ്പോൾ നിരവധി പേർ കൊലക്കത്തിക്കിരയായി. നിരവധി പേരുടെ വീടുകൾ കൊള്ളയടിച്ചു. ആളുകളെ നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തി. സ്ത്രീകളെ മാനഭംഗത്തിന് ഇരയാക്കി.
അർധരാത്രിയിൽ നടപ്പാക്കിയ നോട്ടുനിരോധനം ഫാഷിസമല്ലാതെ മറ്റെന്താണ്? ഒന്നര വർഷം കഴിഞ്ഞിട്ടും എത്ര കള്ളപ്പണം കണ്ടെത്തിയെന്നോ എത്ര കള്ളനോട്ടുകൾ പിടിച്ചെടുത്തെന്നോ എത്ര പണം തിരികെ വന്നെന്നോ വ്യക്തമല്ല. ഓരോ ദിവസവും പെേട്രാൾ-ഡീസൽ വില കുതിച്ചുയരുന്നു. കേന്ദ്രസർക്കാർ ഒമ്പതു തവണ എക്സൈസ് ഡ്യൂട്ടി കൂട്ടി ജനങ്ങളെ കുത്തിപ്പിടിച്ചു നികുതി പിടിച്ചുവാങ്ങുന്നു.
അക്രമരാഷ്ട്രീയം
ഫാഷിസത്തിെൻറ മറ്റൊരു മുഖമാണ് കേരളത്തിലെ അക്രമരാഷ്ട്രീയം. പിണറായി സർക്കാർ അധികാരമേറ്റശേഷം രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊല്ലപ്പെട്ടത് 23 പേർ. കണ്ണൂർ ജില്ലയിൽ മാത്രം 10! ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയ മൂന്നാമത്തെ സംസ്ഥാനം എന്ന സ്ഥാനമാണിപ്പോൾ കേരളത്തിന്. കുറ്റകൃത്യനിരക്കിലും സ്ത്രീകളോടുള്ള അതിക്രമത്തിലും കേരളം രണ്ടാം സ്ഥാനത്താണ്.
കേരളത്തിന് നാണംകെടാൻ ഇനിയുമുണ്ട് സംഭവങ്ങളേറെ. കതിരൂർ മനോജ് വധക്കേസിൽ 25ാം പ്രതിയും അരിയിൽ ഷുക്കൂർ വധക്കേസിൽ 32ാം പ്രതിയുമായ പി. ജയരാജൻ സി.പി.എം ജില്ല സെക്രട്ടറിയാണ്. ഷുക്കൂർ വധക്കേസിലെ 33ാം പ്രതി ടി.വി. രാജേഷ് എം.എൽ.എയാണ്. ഫസൽ വധക്കേസിൽ പ്രതികളായ കാരായി രാജൻ ജില്ല പഞ്ചായത്തിലും കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭയിലും അധ്യക്ഷന്മാരായി. എന്നാൽ, എറണാകുളം വിടാൻ അനുവാദമില്ലാത്തതുകൊണ്ട് ഇരുവർക്കും രാജിവെക്കേണ്ടിവന്നു.
ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ആജീവനാന്തം ജയിലിൽ കഴിയേണ്ട പ്രതി കുഞ്ഞനന്തൻ രണ്ടു വർഷമായി വല്ലപ്പോഴും ജയിലിലെത്തുന്ന സന്ദർശകൻ മാത്രം. ഷുഹൈബ് കൊലക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് മൂന്നു ദിവസത്തിനുള്ളിൽ 12 മണിക്കൂർ കാമുകിയോടൊപ്പം ജയിലിൽ കഴിയാൻ അവസരം. ടി.പി കേസിലെ പ്രതികളായ കൊടിസുനിക്കും കിർമാണിക്കും ജയിലിൽ ആയുർവേദ സുഖചികിത്സ.
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത് കേരളത്തെ വല്ലാതെ നാണംകെടുത്തി. കോഴിക്കോട് കോടഞ്ചേരിയിൽ ഗർഭിണിയെ ആക്രമിക്കുകയും ചവിട്ടേറ്റ് ഗർഭസ്ഥശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായത് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള സംഘം. ആക്രമികൾക്ക് സംരക്ഷണവും കുറ്റവാളികൾക്ക് ശിക്ഷയിളവും നൽകി ഭരണകൂടം അവരെ േപ്രാത്സാഹിപ്പിക്കുന്നു.
കേരളത്തിൽ അവശേഷിക്കുന്ന പച്ചപ്പുകൾകൂടി ഇല്ലാതാക്കാനുള്ള ശ്രമമാണ് കീഴാറ്റൂരിൽ നെൽവയൽ നികത്തി റോഡ് നിർമിക്കുന്നതിലൂടെ കാണുന്നത്. വയനാട്ടിൽ സി.പി.ഐയുടെ നേതൃത്വത്തിൽ സർക്കാർ ഭൂമി തൂക്കിവിൽക്കുന്നു. മൂന്നാറിൽനിന്ന് ഒരിഞ്ചു ഭൂമിപോലും ഒഴിപ്പിച്ചില്ലെന്നു മാത്രമല്ല, ഇപ്പോൾ അവിടെ വ്യാപകമായ ൈകയേറ്റം നടക്കുന്നു. സംസ്ഥാനം വീണ്ടും മദ്യത്തിൽ മുങ്ങിയിരിക്കുന്നു. ഫാഷിസവും അക്രമവും വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു. ജനമോചനയാത്ര ഈ അന്ധകാര ശക്തികളിൽനിന്നുള്ള മോചനം ലക്ഷ്യംെവച്ചാണ്. അതിന് എല്ലാവരുടെയും സഹായസഹകരണം അഭ്യർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.