കോൺഗ്രസിന് അടികൊണ്ടതിലല്ല, ആളു കൂവിയതിലാണ് പരിഭവം
text_fieldsകോൺഗ്രസിെൻറ പുനരുജ്ജീവനത്തിനുള്ള അഖിലേന്ത്യ നേതാക്കളുടെ ശ്രമം ദേശീയതലത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്. 135 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ് അതിെൻറ ചരിത്രത്തിലെ ഏറ്റവും ഗുരുതര പ്രതിസന്ധിയെയാണ് നേരിടുന്നത്.
ഗ്രൂപ്പുകളി കോൺഗ്രസിെൻറ ജന്മസ്വഭാവമാണ്. ആദ്യം ബ്രിട്ടീഷ് ഗവൺമെൻറിനു മുന്നിൽ നിവേദനം നൽകുന്ന പ്രസ്ഥാനമായി ആരംഭിച്ച് പിന്നീട്, വളരുന്ന ഇന്ത്യൻബൂർഷ്വാസിയുടെ രാഷ്ട്രീയവക്താവായി കോൺഗ്രസ് മാറി. ആദ്യകാലത്ത് മിതവാദികളും തീവ്രവാദികളും തമ്മിൽ ശക്തമായ ആശയസമരങ്ങൾ നടന്നു. മഹാത്മ ഗാന്ധിയുടെ രംഗപ്രവേശത്തോടെ ഗാന്ധിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നു. പിന്നീട് സോഷ്യലിസ്റ്റ് ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടവരും ഇതരരും തമ്മിലായി സമരം. സ്വാതന്ത്ര്യസമരകാലത്ത് കേരളത്തിൽ ഒരു ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വംതന്നെ ഇടതുപക്ഷത്തിെൻറ ൈകയിൽ വന്നു. നേതൃതലത്തിലുള്ള ഏറ്റുമുട്ടലുകളും കോൺഗ്രസിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴുള്ള ഗ്രൂപ്പ് മത്സരത്തിനു പിന്നിലും നയപ്രശ്നങ്ങളല്ല. സോണിയ കുടുംബത്തെ അനുകൂലിക്കുന്നവരും നേതൃമാറ്റം വേണമെന്ന് വാദിക്കുന്നവരുമാണ് ഇപ്പോൾ രണ്ടു ചേരിയായി മാറിയിട്ടുള്ളത്.
ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ നേരിടുന്നതിന് ആവശ്യം ദൃഢനിലപാടുകളാണ്. ഉദാഹരണത്തിന്, മതനിരപേക്ഷവാദികളെ അമ്പരപ്പിച്ച നടപടിയാണ് ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് ശിലയിട്ടത്. യഥാർഥത്തിൽ ഒരു മതരാഷ്ട്രത്തിലേക്കുള്ള ശിലയിടൽ ആയാണ് ഇടതുപക്ഷം അതിനെ വിലയിരുത്തിയത്. ജമ്മു-കശ്മീരിെൻറ പ്രത്യേകപദവി എടുത്തുകളഞ്ഞതിെൻറ ഒന്നാംവാർഷികത്തിൽ മോദി ആർ.എസ്.എസ് തലവെൻറ സാന്നിധ്യത്തിൽ നടത്തിയ ശിലയിടൽ ഇടതുപക്ഷത്തിെൻറ ശക്തമായ എതിർപ്പിന് ഇരയായി. എന്നാൽ, കോൺഗ്രസ് ഇതിൽ ഉറച്ച നിലപാട് കൈക്കൊണ്ടില്ല. ചില കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുപ്പിക്കാത്തതിലുള്ള പരിഭവം പരസ്യപ്പെടുത്തി. പ്രിയങ്ക ഗാന്ധി ഈ ചടങ്ങ് ദേശീയ ഐക്യത്തിെൻറ പ്രതീകമായാണ് ചിത്രീകരിച്ചത്. ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയെപ്പോലും പരിഗണിക്കാതെ മോദി നടത്തിയ ഈ പരിപാടിക്കെതിരെ കോൺഗ്രസ് നിശ്ശബ്ദത പാലിച്ച് ചരിത്രത്തിലെ കുറ്റകരമായ കൃത്യമാണ് ചെയ്തത്.
രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കം പ്രധാനമന്ത്രിക്കസേര പിടിച്ചെടുക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമായിരുന്നു. അതിനെ പ്രതിരോധിച്ച് രാജ്യത്തിെൻറ മതനിരപേക്ഷത സംരക്ഷിക്കാൻ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, ആർ.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന തീവ്ര ഹിന്ദുത്വനിലപാടുകളെ മൃദു ഹിന്ദുത്വസമീപനംകൊണ്ട് പകരംവെക്കാനാണ് ശ്രമിച്ചത്. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായ നിലപാടുകളും കോൺഗ്രസിൽനിന്ന് ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര കോൺഗ്രസിൽ മൃദുഹിന്ദുത്വനിലപാടിനെതിരെ പ്രധാനമന്ത്രി നെഹ്റുവിനെപ്പോലെയുള്ളവർ ഉറച്ച നിലപാടുകൾ കൈക്കൊണ്ടു. എന്നാൽ, അത് കോൺഗ്രസിെൻറ ആകെ നയമാക്കി മാറ്റാൻ അന്നും കഴിഞ്ഞില്ല.
കോൺഗ്രസിനു ബദലായി ഉത്തരേന്ത്യയിൽ ജനസംഘെത്ത വളർത്താനാണ് ആർ.എസ്.എസ് ശ്രമിച്ചത്. സംഘ് സ്വയംസേവകരെ അതിനായി ജനസംഘത്തിലേക്ക് നിയോഗിച്ചു. മൃദുഹിന്ദുത്വ നിലപാടുള്ള കോൺഗ്രസുകാരെ ആകർഷിക്കാൻ ഗോവധ നിരോധനം, ഹിന്ദിഭാഷാ ഭ്രാന്ത്, കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങൾക്കെതിരായ പ്രചാരണം തുടങ്ങിയ മുദ്രാവാക്യങ്ങൾ അവർ മുന്നോട്ടുവെച്ചു. ഇക്കാര്യങ്ങളിൽ നെഹ്റു ഉറച്ച നിലപാടെടുത്തു. കോൺഗ്രസ് ദേശീയനേതൃത്വത്തിൽ മൃദുഹിന്ദുത്വ നിലപാടെടുക്കുന്നവരുടെ സ്വാധീനം കുറക്കാൻ നടപടിയെടുത്തപ്പോൾ സംസ്ഥാന കോൺഗ്രസ് നേതാക്കൾ ജനസംഘ മുദ്രാവാക്യത്തെ ചാരിനിന്നു. ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖർജി ഹിന്ദിക്ക് ദേശീയഭാഷാപദവി നൽകണമെന്നും ഗോസംരക്ഷണത്തിന് നിയമനിർമാണം നടത്തണമെന്നും ആവശ്യപ്പെട്ടപ്പോൾ യു.പിയിലെയും മധ്യപ്രദേശിലെയും കോൺഗ്രസ് നേതാക്കൾ ഈ മുദ്രാവാക്യങ്ങൾക്കൊപ്പം നിന്നു. അന്നത്തെ യു.പി മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസിലെ ജി.ബി. പന്ത് ഉർദു സംസാരിക്കുന്നവർക്ക് ഒരു അവകാശവും നൽകാതെ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. പിന്നീട് കേന്ദ്ര ഗവൺമെൻറ് ഭരണഘടന ഭേദഗതി കൊണ്ടുവന്നാണ് ഭാഷാന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷയിൽ പഠിക്കാനുള്ള വ്യവസ്ഥ ഏർപ്പെടുത്തിയത്. യു.പിയിൽ കോൺഗ്രസ് ഗവൺമെൻറ് ഗോവധം നിരോധിച്ചപ്പോൾ തെറ്റായ നടപടിയെന്നാണ് നെഹ്റു വിശേഷിപ്പിച്ചത്. എന്നാൽ ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാറുകൾ ഈ തെറ്റായ നടപടി പിന്തുടർന്നു. മധ്യപ്രദേശിലെ കോൺഗ്രസ് നേതാവായിരുന്ന ഡി.പി. മിശ്ര അതിെൻറ തുടർച്ചയായി ജനസംഘത്തിൽ ചേർന്നു. ആർ.എസ്.എസുകാർ കോൺഗ്രസിൽ ചേരണമെന്ന് പരസ്യമായി ആഹ്വാനംചെയ്തു. ഈ അടുത്തായി കൂട്ടം കൂട്ടമായാണ് കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തിൽ, ഹിന്ദുത്വ തീവ്രവാദികൾകൾക്ക് കോൺഗ്രസിലെ ഒരു വിഭാഗത്തെ എക്കാലത്തും സ്വാധീനിക്കാനായിട്ടുണ്ട്.
നെഹ്റുവിെൻറ സാമ്പത്തികനയങ്ങൾക്കും ജനസംഘം എതിരായിരുന്നു. കോൺഗ്രസിന് അകത്തുതന്നെ നെഹ്റുവിയൻനയങ്ങളെ എതിർക്കുന്ന തീവ്ര വലതുപക്ഷഗ്രൂപ് ശക്തമായിരുന്നു. അതോടൊപ്പം തീവ്ര വലതുപക്ഷ നിലപാടുള്ള സ്വതന്ത്രപാർട്ടിയെപ്പോലുള്ളവയെ കൂടെനിർത്താനും ജനസംഘത്തിനായി.
ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രിക്കസേരയിൽനിന്ന് പുറത്താക്കിയ 1977ൽ അധികാരത്തിൽവന്ന ജനതപാർട്ടിയുടെ ഭരണത്തിനുമുേമ്പ സംഘപരിവാരത്തിന് ബഹുജനാടിത്തറ വിപുലപ്പെടുത്താൻ കഴിഞ്ഞെന്നാണ് ഇെതല്ലാം തെളിയിക്കുന്നത്. 1964 മേയിൽ നെഹ്റുവിെൻറ അന്ത്യത്തോടെ പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രി നെഹ്റുവിയൻ നയങ്ങളെ പിന്തുടർന്നില്ല. പിന്നീട് വന്ന ഇന്ദിര ഗാന്ധിയാവട്ടെ, പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾപോലും കവർന്നെടുക്കാനാണ് മുതിർന്നത്. ഒരുഭാഗത്ത് നെഹ്റുവിയൻ നയങ്ങളെ പിന്തുടരുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് അവർ സാമാന്യജനങ്ങളുടെ പിന്തുണ നേടുകയും ചെയ്തു. തുടർന്നുവന്ന ജനത പാർട്ടി ഭരണം കോൺഗ്രസ് തകർത്ത ജനാധിപത്യാവകാശങ്ങൾ പുനഃസ്ഥാപിച്ചു. എന്നാൽ, ഭരണപങ്കാളിത്തം ഉപയോഗിച്ച് ആർ.എസ്.എസ് ആശയങ്ങൾ പ്രാവർത്തികമാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടത്തി. ഇക്കാലത്ത് സി.പി.എം ഉൾപ്പെടെയുള്ള ഇടതുപക്ഷവും ജനതപാർട്ടിയിലെ മതനിരപേക്ഷവാദികളും ആർ.എസ്.എസിനെതിരെ ഉറച്ച നിലപാട് കൈക്കൊണ്ടു. വി.പി. സിങ്ങിെൻറ ഭരണകാലത്ത് ബി.ജെ.പിയെ അധികാരത്തിനു വെളിയിൽ നിർത്തിയത് ഇടതുപക്ഷത്തിെൻറ ഉറച്ച നിലപാടായിരുന്നു. എന്നാൽ, രഥഘോഷയാത്രയെ തടഞ്ഞതിെൻറ പേരിൽ വി.പി. സിങ് ഗവൺമെൻറിനെ താഴെയിറക്കാൻ സംഘപരിവാരം ശ്രമിച്ചപ്പോൾ കൂടെനിൽക്കാൻ കോൺഗ്രസ് മടിച്ചില്ല.
തുടർന്നുവന്ന രാജീവ് ഗാന്ധി ആർ.എസ്.എസ് പ്രീണനം നടത്തി ജനസ്വാധീനം വീണ്ടെടുക്കാനാണ് ശ്രമിച്ചത്. അന്ന് രാജീവ് ഗാന്ധി തുറന്നുകൊടുത്ത സ്ഥലത്താണ് നരേന്ദ്ര മോദി രാമക്ഷേത്രത്തിന് ഇപ്പോൾ ശിലയിട്ടിരിക്കുന്നത്. നരസിംഹ റാവു ആകട്ടെ, പള്ളിപൊളിക്കുന്നതിന് പശ്ചാത്തല സൗകര്യം ഒരുക്കുകയും ചെയ്തു.
ഇതിെൻറയെല്ലാം അർഥം ആടിക്കളിക്കുന്ന നിലപാടുകളാണ് കോൺഗ്രസിനുള്ളത് എന്നാണ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് പരാജയശേഷം കോൺഗ്രസിന് പുതുജീവൻ നൽകാൻ എ.കെ. ആൻറണി അധ്യക്ഷനായ സമിതിയെ നിർദേശിച്ചതും ഓർക്കേണ്ടതുണ്ട്. സമിതിയുടെ പ്രധാനശിപാർശ കോൺഗ്രസ് ന്യൂനപക്ഷപ്രീണനം നടത്തുന്ന പാർട്ടിയാെണന്ന പ്രതീതി ഉണ്ടാക്കിയെന്നും അത് മറികടക്കുന്നതിന് കഴിയണമെന്നുമായിരുന്നു!
കോൺഗ്രസിനെ ഇന്നത്തെ തകർച്ചയിൽനിന്ന് കരകയറ്റണമെങ്കിൽ തൊലിപ്പുറ ചികിത്സകൊണ്ട് ഫലമില്ല. തറവാട്ടുമഹിമ പ്രചാരണംകൊണ്ടു മാത്രം കോൺഗ്രസിന് ജനസ്വാധീനം വീണ്ടെടുക്കാനാവില്ല. കോൺഗ്രസുകാർ മുൻകാല ചരിത്രത്തിൽനിന്ന് പാഠം പഠിക്കണം. സ്വാധീനകേന്ദ്രങ്ങളിൽ നിലപാടില്ലായ്മമൂലം കാൽക്കീഴിൽനിന്ന് ഒട്ടേറെ മണ്ണ് ഒലിച്ചുപോയത് അവർ തിരിച്ചറിയണം. ഇന്ത്യ നേരിടുന്ന സുപ്രധാനപ്രശ്നങ്ങളിൽ ഉറച്ച നിലപാടാണ് ആവശ്യം. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും സാമൂഹികനീതിക്കും നേരെ ആർ.എസ്.എസ് നേതൃത്വത്തിലുള്ള കേന്ദ്രഭരണം വൻവെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിൽ ഓരോന്നിലും ശരിയായ നിലപാടെടുത്ത് അനുയായികളെ അണിനിരത്തണം. അല്ലാത്തപക്ഷം കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ബി.ജെ.പിയിലേക്കുള്ള കൂട്ടപ്പലായനം തുടരും.
ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ കേന്ദ്രനേതൃത്വത്തിന് എഴുതിയ കത്ത് പരസ്യപ്പെട്ടതിലാണ് ചിലർക്ക് പരിഭവം. അടി കൊണ്ടതിലല്ല, അതുകണ്ട് ആളുകൾ കൂവിയതാണെത്ര പ്രശ്നം! നേതാക്കൾ എഴുതിയ കത്തിൽ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളൊന്നും പരാമർശിക്കുന്നില്ല. വെറും അധികാരത്തർക്കത്തിലെ പക്ഷംചേരലാണ് അതിൽ നടന്നത്. അതിനാൽതന്നെ കോൺഗ്രസിലെ ഈ ഗ്രൂപ്പുയുദ്ധത്തിനും ഏറെ വൈകാതെ അന്ത്യംകുറിക്കും.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.