തുടർഭരണം: സാധ്യതയും അസാധ്യതയും
text_fieldsഅധികാരത്തിലിരിക്കുന്നവർ എന്നും തുടർച്ച ആഗ്രഹിക്കും. ചില പ്രത്യേക ഘട്ടങ്ങളിൽ അസാധ്യമായതിനെ സാധ്യതയാക്കി അധികാരത്തിൽ തുടർന്ന ചരിത്രവുമുണ്ട്. അടിയന്തരാവസ്ഥകാലത്തെ സി.പി.ഐ-കോൺഗ്രസ് മുന്നണി ഭരണം അങ്ങനെ ഒന്നായിരുന്നു. എന്നാൽ, പിന്നീട് തുടർഭരണം എന്ന വാക്ക്, അല്ലെങ്കിൽ ആശയം കേരളത്തിൽ ഉയരുന്നത് 1991ലാണ്. ശേഷം നാല് ദശകങ്ങൾക്കുള്ളിൽ ഇപ്പോൾ ഇത് നാലാം തവണയാണ് സംസ്ഥാന രാഷ്ട്രീയം ഈ ആശാപരിസരത്ത് എത്തുന്നത്.
1991, 2011, 2016 വർഷങ്ങളിലെ തുടർഭരണമോഹം യാഥാർഥ്യത്തിലെത്തിയില്ല. 1991ലും 2011 ലും എൽ.ഡി.എഫിന് അനുകൂലമായിരുന്നു കാറ്റ്. 2016ൽ ഉമ്മൻചാണ്ടിയുടെ തിരിച്ചുവരവാണ് മുൻതവണകളിലെ പോലെ, മലർപൊടിക്കാരെൻറ സ്വപ്നമാക്കി മലയാളി മാറ്റിയത്. വീണ്ടുമൊരു തുടർഭരണസ്വപ്നത്തിന് നിറം കൊടുക്കുകയാണ് ഇത്തവണത്തെ ഭരണമുന്നണി. മുൻവർഷങ്ങളെ അപേക്ഷിച്ച് തുടർഭരണം വരുമെന്ന, അവരുടെ ആഗ്രഹത്തിനപ്പുറം, എല്ലാ മാധ്യമസർവേകളും, ഇത്തരമൊരു പ്രവചനം നടത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
സാക്ഷരതാ പ്രവർത്തനം, അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരായ നിലപാടുകൾ തുടങ്ങിയവയാണ് 1991ലെ ഇ.കെ. നായനാർ മന്ത്രിസഭക്ക് അനുകൂലമായ ജനവികാരം ഉയർത്തിയത്. അന്നു നടന്ന ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി 14 ജില്ലകളിൽ 13 ലും ജയം നേടി. നായനാരുടെ തുടർഭരണമല്ല, അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദെൻറ നേതൃത്വത്തിലുള്ള ഇടതു ഭരണത്തുടർച്ചയായിരുന്നു സ്വപ്നം. അങ്ങനെയാണ് കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെ, നിയമസഭ പിരിച്ചുവിട്ട്, കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. എന്നാൽ, രാജീവ് വധം സൃഷ്ടിച്ച സഹതാപതരംഗത്തിൽ ഇടതുപക്ഷത്തിെൻറ എല്ലാ കണക്കുകൂട്ടലും തെറ്റി കെ. കരുണാകരൻ മുഖ്യമന്ത്രിയായി.
ഇത്രയൊന്നും ആഘോഷിക്കപ്പെട്ടിരുന്നില്ലെങ്കിലും 2011ലായിരുന്നു തുടർഭരണത്തിെൻറ തൊട്ടടുത്തെത്തിയ തെരഞ്ഞെടുപ്പുഫലം ഉണ്ടായത്. 2006ൽ മുഖ്യമന്ത്രിസ്ഥാനത്തെത്തിയ വി.എസ്. അച്യുതാനന്ദന് ഒരു ഭരണത്തുടർച്ച ഇത്തരത്തിൽ ആരും പ്രവചിച്ചിരുന്നുമില്ല. എന്നാൽ, ഫലം വന്നപ്പോൾ, കപ്പിനും ചുണ്ടിനും ഇടയിൽ ഇടതുമുന്നണിക്ക് അധികാരം നഷ്ടമായി. ഒരു എം.എൽ.എ മൂത്രമൊഴിക്കാൻ പോയാൽ മന്ത്രിസഭ താഴെ പോകുമെന്നു പോലും പരിഹസിക്കപ്പെടുന്ന തരത്തിൽ നേരിയതായിരുന്നു അന്ന് യു.ഡി.എഫ് ഭൂരിപക്ഷം. എന്നാൽ, ഒരു സി.പി.എം എം.എൽ.എയെ അടർത്തിമാറ്റി ഭരണം തുടങ്ങിയ ഉമ്മൻ ചാണ്ടി അഞ്ചുകൊല്ലവും തികച്ചു.
സോളാർ ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉയരുകയും ആരോപണങ്ങളും ആക്ഷേപങ്ങളും തുടരത്തുടരെ വരുകയും െചയ്തെങ്കിലും ജനസമ്പർക്കം പോലെയുള്ള നടപടികളുടെയും ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങളുടെയും പിൻബലത്തിൽ തുടർഭരണമെന്ന പ്രചാരണം 2016ലും ശക്തമായി. ഭരണത്തിെൻറ അവസാനകാലത്തു വന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ, യു.ഡി.എഫ് ജയിക്കുകകൂടി ചെയ്തപ്പോൾ അത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, ഫലം വന്നപ്പോൾ പിണറായി വിജയൻ മുഖ്യമന്ത്രിയായി. അതും വൻ ഭൂരിപക്ഷത്തിൽ. ജനസമ്പർക്കം പോലുള്ള ഉമ്മൻ ചാണ്ടിയുടെ പരിപാടികൾ വോട്ടായി മാറാൻ തക്ക സ്വാധീനം ജനങ്ങളിൽ സൃഷ്ടിച്ചില്ല എന്നതായിരുന്നു യാഥാർഥ്യം. അല്ലെങ്കിൽ അതുവഴി ഗുണഫലങ്ങൾ ജനത്തിനു ലഭിച്ചില്ല എന്നും അനുമാനിക്കേണ്ടിവരും.
മുന്നണിയുടെയല്ല, പിണറായിയുടെ തുടർച്ച
ഇത്തവണ ഇടതുമുന്നണിയുടെ തുടർഭരണം എന്നതിനപ്പുറം പിണറായി വിജയെൻറ തുടർഭരണം എന്ന നിലയിലാണ് പ്രചാരണം ഉയരുന്നത്. പ്രചാരണോപാധികളിലെല്ലാം പിണറായി വിജയൻ എന്ന ഒരാളേയുള്ളൂ. മാത്രമല്ല, എല്ലാ ചാനൽ സർവേകളിലും ആര് മുഖ്യമന്ത്രിയാവണം എന്ന ചോദ്യം, ആർക്ക് വോട്ടെന്നതിനൊപ്പം തന്നെ ഉയരുന്നു.
പ്രളയം, നിപ, കോവിഡ് തുടങ്ങിയ കേരളത്തിന് പരിചിതമല്ലാതിരുന്ന പ്രകൃതി ക്ഷോഭവും രോഗങ്ങളും വന്നപ്പോൾ അവയെ സമർഥമായി നേരിടുകയും ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുകയെന്ന ഭരണാധികാരിയുടെ ചുമതല നിർവഹിക്കുകയും ചെയ്തു എന്നതാണ് പിണറായി വിജയെൻറ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്. അതിനു പുറമേ, കോവിഡ് പ്രതിസന്ധിയെ ആരോഗ്യപ്രതിസന്ധി മാത്രമായി ചുരുക്കാതെ, സാമൂഹിക വിഷയമായി കണ്ട് ഇടപെട്ടതിെൻറ തുടർച്ചയാണ് ഇപ്പോഴും ആളുകളുെട െകെയിലെത്തുന്ന കിറ്റുകൾ.
രാഷ്ട്രീയനേതൃത്വം ഒരു വഴിയും ഉദ്യോഗസ്ഥർ അവരുടെ വഴിയും പോവുക എന്നതിൽനിന്ന് മാറി, ഭരണനേതൃത്വത്തിെൻറ വഴിയിൽ ഉദ്യോഗസ്ഥരെ കൊണ്ടുപോയി എന്നതുകൊണ്ടാണ് ലോക്ഡൗൺ കാലത്തടക്കം ഏകോപിത പ്രവർത്തനം സാധ്യമായതും ജനങ്ങൾക്ക് കിട്ടേണ്ടത് കിട്ടിയതും. വീടില്ലാത്ത മനുഷ്യരുടെ ഏറ്റവും വലിയ സ്വപ്നമായ വീട്, ലൈഫ് മിഷനിലൂടെ നൽകിയതും സർക്കാർ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തിയതും ക്ഷേമപെൻഷൻ കൂട്ടി എന്നു മാത്രമല്ല, അവ കൃത്യമായി വീട്ടിലെത്തിച്ചു എന്നതും വിജയെൻറ വിജയമായിട്ടാണ് എതിരാളികൾപോലും വ്യാഖ്യാനിക്കുന്നത്.
ജനക്ഷേമപദ്ധതികളും അഴിമതിവിവാദങ്ങളും തമ്മിൽ
നിലവിലെ സർക്കാറുമായി ബന്ധപ്പെട്ട് ഇരുതല മൂർച്ചയുള്ള വാളാണ് പലസംഭവങ്ങളും. ആർക്കും വെട്ടുകൊള്ളാം എന്ന നിലയിലാണ് ഓരോ വിഷയവും ഉയർന്നുവരുന്നത്. ഭരണഘടന ഉയർത്തിപ്പിടിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ച സർക്കാറിന് കനത്ത തിരിച്ചടിയാണ് ശബരിമല വിഷയത്തിൽ ഉണ്ടായത്.
ലോക്സഭതെരഞ്ഞെടുപ്പിൽ ഇത് യു.ഡി.എഫിന് ഗുണം ചെയ്തു എന്ന് പലരും വിലയിരുത്തുന്നു. എന്നാൽ, ലോക്സഭക്കു ശേഷം നടന്ന ഉപതെരഞ്ഞടുപ്പുകളിലോ തദ്ദേശ തെരഞ്ഞെടുപ്പിലോ ആ ഗുണം തുടർന്നില്ല. എന്നിട്ടും നിയമസഭ തെരഞ്ഞെടുപ്പിൽ, ശബരിമല ആയുധമാക്കിയാണ് പ്രതിപക്ഷ പ്രചാരണം ആരംഭിച്ചത്. ഇത് തുടർഭരണ സ്വപ്നത്തിന് വിഘാതമാകും എന്നുതന്നെയാണ് അവരുടെ പ്രതീക്ഷ.
അഴിമതി എന്നത് ജനത്തിന്, വളരെ വലിയൊരു വിഷയമാണ് എന്നത് സംസ്ഥാനത്തും, രാജ്യത്താകെയും മുേമ്പ തെളിയിക്കപ്പെട്ടതാണ്. ബി.ജെ.പിക്ക് കേന്ദ്ര ഭരണത്തിന് വഴിയൊരുക്കിയത് ടു-ജി അടക്കമുള്ള രണ്ടാം യു.പി.എ ഭരണത്തിലെ അഴിമതികളാണ്. അതുപോലെ, വി.എസ് അച്യുതാനന്ദനെ തുടർഭരണത്തിന് അടുത്തെത്തിച്ചതിൽ, അഴിമതിക്കെതിരായ നിലപാടും അഴിമതിക്കേസിൽ സുപ്രീംകോടതിവരെ പിന്തുടർന്ന് ആർ. ബാലകൃഷ്ണപിള്ളയെ ജയിലിലടപ്പിച്ചതും അടക്കമുള്ള വിഷയങ്ങൾക്ക് വലിയ പങ്കുണ്ട്. ഉമ്മൻ ചാണ്ടിക്ക് തുടർഭരണം നൽകാതിരുന്നതും സോളാർ ഉൾപ്പടെയുള്ള അഴിമതി ആരോപണ വിഷയങ്ങളാണ്.
സംസ്ഥാന സർക്കാറിെൻറ ജനക്ഷേമ നടപടികൾ ഒരു വശത്ത് നിൽക്കുമ്പോൾത്തന്നെ, സ്വർണക്കടത്ത്, ലൈഫ്, സ്പ്രിൻക്ലർ, ബ്രൂവറി വിവാദങ്ങൾ, ആഴക്കടൽ മത്സ്യബന്ധനാനുമതി, മാർക്ക് ദാനം, പിൻവാതിൽ നിയമനം, ലോക്കപ് മരണം, മാവോവാദി ഏറ്റുമുട്ടൽ കൊലപാതകങ്ങൾ എന്നിങ്ങനെയുള്ള പൊലീസ് അതിക്രമങ്ങൾ തുടങ്ങിയവ ഭരണവിരുദ്ധവികാരത്തിലെ നിർണായക ഘടകങ്ങളാണ്.
ഇവ എങ്ങനെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണണം. ലൈഫ്, കിഫ്ബി തുടങ്ങിയവയിലെ ആരോപണങ്ങൾ സർക്കാറിനെതിരായ വിഷയമാവുേമ്പാൾത്തന്നെ, കേന്ദ്ര സർക്കാർസംവിധാനങ്ങളായ ഇ.ഡി, ആദായനികുതി വകുപ്പുകളുടെ ഇടപെടലുകൾ സംസ്ഥാന സർക്കാറിന് അനുകൂലമായ ജനാഭിപ്രായത്തിന് വഴിവെക്കാമെന്ന വിലയിരുത്തലുമുണ്ട്.
താഴെതട്ടിൽ വരെയുള്ള കാര്യങ്ങളിൽ,പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടത്തിൽ, ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് പ്രവർത്തിക്കാനായ സർക്കാറിന് ചില കാര്യങ്ങളിൽ പാളിപ്പോയിട്ടുമുണ്ട്. അവയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കുകയാണ് ഉണ്ടായത്. സ്പ്രിൻക്ലർ, ആഴക്കടൽ മത്സ്യബന്ധന വിവാദം എന്നിവയുടെ കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ കൈയൊഴിഞ്ഞ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം എന്നാണ് വ്യാഖ്യാനിച്ചത്.
മോശം കാര്യങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാതെയും നല്ല കാര്യങ്ങളെല്ലാം അവർ അറിഞ്ഞും എന്നുപറയുന്നത് ജനം വിശ്വാസത്തിലെടുക്കില്ല. ഇത് സി. പി. ഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോൾ നല്ലകാര്യമെല്ലാം അച്യുതമേനോൻ ചെയ്തതും ചീത്തയെല്ലാം കരുണാകരേൻറതുമെന്ന വാദം പോലെയാണ്.
ഇത്തരം വിഷയങ്ങൾ ഭരണവിരുദ്ധ വികാരത്തിലെ കാണാത്ത അടിയൊഴുക്കുകളാണ് ഇവ കൂടി മറികടക്കാൻ സാധിച്ചാൽ എൽ.ഡി.എഫിന് തുടർഭരണം എന്ന സ്വപ്നം നിറവേറ്റാനാകും. കാണുന്ന വാഴ്വിലല്ല, വീഴ്ചകളുടെ കാണാതെ പോകുന്ന കാഴ്ചകളിലാണ് തുടർഭരണത്തിെൻറ സാധ്യതയും അസാധ്യതയും നിലകൊള്ളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.