ചൈനയും വിട്ട് ലോകത്തെ കുഴക്കുന്ന കോവിഡ് -19
text_fieldsലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായ ചൈനയിൽ രൂപംകൊണ്ട കോവിഡ് ^19 സൃ ഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതം അവിടെ മാത്രം പരിമിതപ്പെടുകയില്ല. ഗുരുതരമായ പ്രതിസന്ധിയിൽ വീണുകിടക്കുന്ന ആഗോള സമ്പദ്വ്യവസ്ഥയെ കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കുകയാണ് ഇനിയും നിയന്ത്രണ വിധേയമാകാത്ത വൈറസ് വ്യാപനം. യൂറോപ്പിലെയും ഏഷ്യയിലെയും വിശേഷിച്ചും ഗൾഫ് മേഖലകളിലെ, സാമ്പത്തികവിദഗ്ധർ വുഹാനിൽനിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് ^19നു മുന്നിൽ നിസ്സഹായരായി മിഴിച്ചുനിൽക്കുകയാണ്. ലോകാരോഗ്യ സംഘടന കോവിഡ് ^19നെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, 1918 ൽ സ്പാനിഷ് ഫ്ലു 100 ദശലക്ഷം ആളുകളെ കൊന്നൊടുക്കിയ ശേഷം ഇത്ര വലിയൊരു മഹാമാരിയെ ലോകം പിന്നീട് അഭിമുഖീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. കിഴക്കും പടിഞ്ഞാറും ഏഷ്യൻരാജ്യങ്ങളിലും യൂറോപ്പിലുമടക്കം 83,000 ആളുകൾക്ക് രോഗബാധയേൽക്കുകയും 2800 പേരെ മരണം കവരുകയും ചെയ്തതായി ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്ത്യൻ ലിൻഡ്മിയർ സ്ഥിരീകരിച്ചിരിക്കുന്നു. ചൈനയിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പുതിയ അഞ്ച് രാജ്യങ്ങളിൽ വൈറസ് വ്യാപിച്ചിരിക്കുന്നു. സൗദി ഉംറ സർവിസ് താൽക്കാലികമായി നിർത്തിവെച്ചു. ലോകവ്യാപകമായിതന്നെ വാണിജ്യസന്ദർശനങ്ങൾ നിലച്ച മട്ടാണ്.
ചൈനയുടെ ആശങ്ക
ചൈനയുടെ വാർഷിക വളർച്ച 2020െൻറ ആദ്യപാദത്തിൽ നാലു ശതമാനവും വാർഷിക ജി.ഡി.പിയിൽ രണ്ടു ശതമാനവും തകർച്ച പ്രവചിച്ചുകഴിഞ്ഞിരിക്കുന്നു. ആഗോള വ്യാപാരത്തിെൻറ 16 ശതമാനവും ചൈനയാണ് സംഭാവന ചെയ്യുന്നത്. ലോകത്തിെൻറ അഞ്ചിലൊന്ന് ലോഹങ്ങൾ ഉപയോഗിച്ച് ഉൽപാദനങ്ങൾ നടത്തുന്നതും ആഗോള വസ്ത്ര, തുണി വ്യാപാരത്തിെൻറ 40 ശതമാനം വിതരണം ചെയ്യുന്നതും ൈചനതന്നെ. ചൈനയുടെമേൽ വന്ന ഉപരോധാവസ്ഥ കാരണം ലോകമെമ്പാടുമുള്ള സ്റ്റോക്ക് മാർക്കറ്റുകളും ഇടിഞ്ഞിരിക്കുന്നു. വിമാനക്കമ്പനികൾ, യാത്ര കമ്പനികൾ, ചൈനയെ ആശ്രയിക്കുന്ന ഉൽപാദന, വിതരണ ശൃംഖലയൊക്കെ താറുമാറായിരിക്കുകയാണ്.
ആപ്പിൾ പോലുള്ള നിരവധി കമ്പനികളും മറ്റു അന്താരാഷ്ട്ര വാഹനനിർമാതാക്കളുടെയും ഉപകരണനിർമാതാക്കളുടെയും കേന്ദ്രമാണ് ചൈന. കഴിഞ്ഞ മാസം ചൈനയിലെ 42 സ്റ്റോറുകളും അടച്ചുപൂട്ടാൻ നിർബന്ധിതരായ ഐ ഫോൺ നിർമാതാക്കൾ 2020 സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിലെ പ്രതീക്ഷിത വിൽപനലക്ഷ്യം വെട്ടിക്കുറച്ചു. ‘‘രാജ്യത്തുടനീളം വിപണനം പുനരാരംഭിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചതിൽനിന്നു ഭിന്നമായി മന്ദഗതിയിലുള്ള തിരിച്ചുവരവാണ് ഇപ്പോൾ കാണുന്നത്. തൽഫലമായി, മാർച്ച് ആദ്യപാദത്തിൽ ഞങ്ങൾ നൽകിയ വരുമാനമാർഗ നിർദേശം പാലിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ആപ്പിളിെൻറ ആസ്ഥാനത്തുനിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ഈ മാസാദ്യം യു.എസ് ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിൾ നിർമാതാക്കളായ ടെസ്ലയും ചൈനയിലെ ഫാക്ടറി താൽക്കാലികമായി അടച്ചു. നിരവധി ആഗോള ഇലക്ട്രോണിക്സ് കമ്പനികൾ ചാന്ദ്ര പുതുവത്സര അവധി മുതൽ ചൈനയിൽ തങ്ങളുടെ നിർമാണ യൂനിറ്റുകൾ വീണ്ടും തുറക്കാനുള്ള തീരുമാനം നീട്ടിയിരിക്കുന്നു. ഇനിയെന്ന് പുനരാരംഭിക്കുമെന്ന വിശദാംശങ്ങളും കമ്പനികൾ പുറത്തുവിടുന്നില്ല.
ഓക്സ്ഫഡ് ഇക്കണോമിക്സിെൻറ വിശകലനം അനുസരിച്ച്, കോവിഡ്-19 ഒരു ആഗോള മഹാമാരിയായി മാറിയാൽ അത് 1.1 ട്രില്യൺ ഡോളർ അഥവാ ആഗോള സമ്പദ്വ്യവസ്ഥയിൽനിന്ന് 1.3 ശതമാനമാണ് ഇല്ലാതാക്കുക. 2020െൻറ തുടക്കത്തിൽ ലോകവ്യാപാരത്തിനും ഉൽപാദനത്തിനും ഏറ്റവും മോശമായ സാഹചര്യം അതിജീവിച്ച സൂചനകൾ ഉണ്ടായിരുന്നിടത്താണ് ഈ തകർച്ചയെ കുറിച്ച് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്. ഈ വർഷം രണ്ടാം പകുതിയിൽ ഈ പ്രതിസന്ധിയെ മറികടന്ന് ആഗോള സാഹചര്യങ്ങൾ ശക്തിപ്പെട്ടാലും 2020ലെ ആഗോള വളർച്ചനിരക്ക് വെറും 2.3 ശതമാനമായി കുറയുമെന്ന് വിശകലന വിദഗ്ധർ പ്രവചിക്കുന്നു. ഇത് 2009ന് ശേഷമുള്ള ഏറ്റവും ദുർബലമായ നിരക്കാണ്. ചൈനയിലാകട്ടെ, ആദ്യപാദത്തിലെ സാമ്പത്തിക വളർച്ച 3.8 ശതമാനമായി ഇടിയുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിനകം തന്നെ ദുർബലമായ ആഗോള സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നത് കോവിഡ് -19 അപകടത്തിലാക്കിയിട്ടുണ്ടെന്ന് ഐ.എം.എഫും അംഗീകരിക്കുന്നു. ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജിവയുടെ അഭിപ്രായത്തിൽ ഈ സാഹചര്യത്തിൽ ചൈനയുടെ 2020ലെ വളർച്ച 5.6 ശതമാനമായിരിക്കും. ജനുവരിയിലെ ആഗോള സാമ്പത്തിക പ്രതീക്ഷയേക്കാൾ (WEO) 0.4 ശതമാനം കുറവാണിത്. ആഗോള വളർച്ചയും 0.4 ശതമാനം കുറയുമെന്ന് അവർ റിയാദിൽ നടന്ന ജി 20 യോഗത്തിൽ അറിയിച്ചു. വൈറസ് ബാധ സമ്പദ്വ്യവസ്ഥയെ കൂടുതൽ ബാധിക്കാതിരിക്കാൻ ചൈന നയപരമായ മാറ്റങ്ങൾ വരുത്തുമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് പ്രഖ്യാപിച്ചുകഴിഞ്ഞു.
സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലേക്കും
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ എണ്ണവില കുറയുന്നുവെന്നത് ഇന്ത്യക്ക് നല്ല വാർത്തയാണ്. ജനുവരി പകുതി മുതൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 4 രൂപ ഇടിഞ്ഞു. ക്രൂഡ് ഓയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് (ബാരലിന് 52 ഡോളർ) എത്തി. എസ് ആൻഡ് പി ഗ്ലോബൽ പ്ലാറ്റ്സ് അനലിറ്റിക്സ് റിപ്പോർട്ട് പ്രകാരം “2011നും 2019 നും ഇടയിൽ ശരാശരി ആഗോള എണ്ണ ഉൽപാദന ഡിമാൻഡ് വളർച്ചയുടെ 68 ശതമാനം വഹിച്ച ഏഷ്യ, 2020ലെ ആഗോള വളർച്ചയുടെ 44 ശതമാനം മാത്രമാണ് പുതിയ സാഹചര്യത്തിൽ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. കുത്തനെയുള്ള ഇടിവ് സംഭവിക്കുക ചൈനയിലായിരിക്കും. പ്രതിസന്ധി കൂടുതൽ ബാധിച്ച ഏഷ്യയിലെ േവ്യാമയാന മേഖല സാധാരണ നിലയിലെത്താൻ മാസങ്ങളെടുക്കുമെന്നും വലിയ മാന്ദ്യത്തിനുശേഷം (Great Recession) ഏറ്റവും മോശം എണ്ണ ഡിമാൻഡ് ചുരുങ്ങൽ ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എണ്ണയുടെ 85 ശതമാനം ഇറക്കുമതി ചെയ്യുന്നതിനാൽ ഇന്ധന വിലയിലുണ്ടായ ഇടിവ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് നല്ലതാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനും ഇന്ധന സബ്സിഡി കുറക്കാനും കറൻറ് അക്കൗണ്ട് കമ്മി കുറക്കാനും ഇത് സഹായിക്കും.
എന്നാൽ, കോവിഡ്-19െൻറ വ്യാപനം വേഗത്തിൽ അടങ്ങിയിട്ടില്ലെങ്കിൽ ചൈനയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യൻ ആഭ്യന്തരമേഖലകളെ അത് അപകടത്തിലാക്കും. ഏപ്രിലിനു ശേഷവും കൊറോണ വൈറസ് വ്യാപനം തൽസ്ഥിതി തുടർന്നാൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ അത് ബാധിക്കുമെന്ന് ക്രെഡിറ്റ് ഏജൻസി ‘ക്രിസിലി’െൻറ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. 2019ലെ ഇറക്കുമതി 484 ബില്യൺ ഡോളറിൽ 85 ബില്യണും ചൈനയിൽനിന്നാണ്. സോളാർ പാനലുകളുടെ ഇറക്കുമതി 75 ശതമാനവും മെഡിക്കൽ രംഗത്ത് 69 ശതമാനവും ഇലക്ട്രിക് ഉൽപന്നങ്ങളിൽ 67 ശതമാനവും ഉപഭോഗ വസ്തുക്കളിൽ 45 ശതമാനവും വരുന്നതും ചൈനയിൽനിന്നാണ്. ടയർ ഇറക്കുമതിയുടെ 30 ശതമാനവും വാഹന ആക്സസറികളിൽ 18 ശതമാനവും ചൈനയിൽനിന്ന് തന്നെ. ഈ രംഗങ്ങളിലാണ് ഏറ്റവും വലിയ ആഘാതം സംഭവിക്കുക. ചൈന ഉൽപാദനം നിർത്തിവെക്കുന്നതോ കുറക്കുന്നതോ തുടരുന്നത് ആഭ്യന്തര കമ്പനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഓട്ടോ മൊബൈൽ രംഗത്തെ സാമ്പത്തികപ്രതിസന്ധിയെ കോവിഡ്-19 കൂടുതൽ ആഴത്തിലാക്കിയിരിക്കുന്നു. അടുത്ത രണ്ടു മാസത്തിനുള്ളിൽ കാലാവസ്ഥ ചൂടുപിടിക്കുന്നതോടെ ഏപ്രിലിൽ ചൈനയിൽ പകർച്ചവ്യാധി കുറയുമെന്നാണ് ‘ക്രിസിൽ’ നൽകുന്ന പ്രതീക്ഷ. എന്നാൽ, അടുത്ത സാമ്പത്തിക പാദത്തിലും പകർച്ചവ്യാധിയുടെ ആഘാതമുണ്ടായാൽ പ്രത്യാഘാതം നിയന്ത്രണാതീതമായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾക്ക് ചൈനീസ് വിതരണത്തിലെ നിലവിലെ തടസ്സങ്ങൾ കാരണം ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള വിഭവങ്ങളോ അടിസ്ഥാനവികസനങ്ങളോ മനുഷ്യവിഭവ ശേഷിയോ ഇല്ലാത്തതിനാൽ പ്രശ്നത്തെ അതിജീവിക്കുക അത്ര എളുപ്പമായിരിക്കുകയില്ല എന്നതാണ് വസ്തുത. കൊട്ടിഘോഷിച്ച ‘മേക്കിങ് ഇന്ത്യ’ രാഷ്ട്രീയ ഗിമ്മിക് മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ചൈനയുടെ പ്രതിസന്ധി ഇന്ത്യയേയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക നിരന്തരം ഉയർത്തുകയാണ് ഇന്ത്യയിലെ വ്യവസായികളും കച്ചവടക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.