കോർപറേറ്റ് സൗഹൃദ, വ്യാപാരി വിരുദ്ധ ബജറ്റ്
text_fieldsരാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയായിവേണം കേന്ദ്ര ബജറ്റിനെ കാണാൻ. ജി.എസ്.ടി ഉയർത്തുന്ന വെല്ലുവിളികളും കോർപറേറ്റ് കടന്നുകയറ്റവും അതിജീവിക്കാൻ ചെറുകിട വ്യാപാരികളെ സഹായിക്കുന്ന യാതൊന്നും കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലില്ല. മറിച്ച് കോർപറേറ്റുകൾക്കും ഇ-കോമേഴ്സ് സ്ഥാപനങ്ങൾക്കും വലിയ പ്രോത്സാഹനമാണ് ബജറ്റ് നൽകിയത്. തൊഴിലില്ലായ്മ പരിഹരിച്ചും...
രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയായിവേണം കേന്ദ്ര ബജറ്റിനെ കാണാൻ. ജി.എസ്.ടി ഉയർത്തുന്ന വെല്ലുവിളികളും കോർപറേറ്റ് കടന്നുകയറ്റവും അതിജീവിക്കാൻ ചെറുകിട വ്യാപാരികളെ സഹായിക്കുന്ന യാതൊന്നും കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലില്ല. മറിച്ച് കോർപറേറ്റുകൾക്കും ഇ-കോമേഴ്സ് സ്ഥാപനങ്ങൾക്കും വലിയ പ്രോത്സാഹനമാണ് ബജറ്റ് നൽകിയത്. തൊഴിലില്ലായ്മ പരിഹരിച്ചും വിലക്കയറ്റം നിയന്ത്രിച്ചും ജനങ്ങളുടെ വാങ്ങൽ ശേഷി ഉയർത്തി വിപണിക്ക് ഉണർവേകാൻ ശ്രമങ്ങളൊന്നുമുണ്ടായില്ല. ഒരുവശത്തു തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ മറുവശത്തള ചെറുകിട വ്യാപാര മേഖലയിൽ നിലവിലുള്ള തൊഴിലുകൾകൂടി ഇല്ലാതാക്കുന്ന നയസമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
ജി.എസ്.ടിയിൽ തിരുത്തലുകളില്ല
ജി.എസ്.ടി വരുമാന വർധന അഭിമാനകരമായി അവതരിപ്പിച്ചപ്പോൾ, എട്ടാം വർഷത്തിലേക്കു കടന്നിട്ടും ഇതുമായി ബന്ധപ്പെട്ടു തുടരുന്ന പ്രശ്നങ്ങളെ ബജറ്റ് പ്രതിപാദിച്ചതേയില്ല. വൻകിട വ്യാപാരികൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഉൾപ്പെടെയുള്ളവ നിർണയിക്കുന്ന സംവിധാനത്തിന് മാറ്റം വരുത്താൻ സർക്കാർ തയാറായില്ല. ജി.എസ്.ടി നിരക്കുകളിലും ചില മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഉദാഹരണത്തിന് സിമന്റിന് 28 ശതമാനം നികുതി ഈടാക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. അത് ഒരു ആഡംബര വസ്തുവല്ല, മറിച്ച് അടിസ്ഥാന നിർമാണ ഘടകമാണ്. ആ നികുതി കുറച്ചാൽ നിർമാണ മേഖലയുമായി ബന്ധപ്പെട്ട വ്യാപാരം മെച്ചപ്പെടും, തൊഴിലവസരങ്ങൾ വർധിക്കും, ഒരുപാട് സാധാരണക്കാർക്ക് വീടുനിർമാണം ആശ്വാസകരമാവും... പക്ഷേ, അതൊന്നും ബജറ്റ് പരിഗണിച്ചതേയില്ല.
ചെറുകിട വ്യാപാരികളുമായി ബന്ധപ്പെട്ട ജി.എസ്.ടി, ആദായ നികുതി, സേവന നികുതി ഉൾപ്പെടെ ലക്ഷക്കണക്കിന് കേസുകളാണ് വിവിധ ട്രൈബ്യൂണലുകളിലും കോടതികളിലുമായി കെട്ടിക്കിടക്കുന്നത്. ജുഡീഷ്യറിയുടെ വലിയ ഒരളവു സമയവും അപഹരിക്കുന്നത് ഇത്തരം കേസുകൾ വ്യാപാരികൾക്കും സർക്കാറിനും ഒരുപോലെ ബാധ്യതയാണ്. അവ തീർപ്പാക്കുന്നതിന് സമഗ്രമായ ആംനസ്റ്റി പദ്ധതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും ഫലം കണ്ടില്ല. അതേ സമയം, സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറുശതമാനമായി കുറച്ച നടപടി സ്വാഗതാർഹമാണ്. കള്ളക്കടത്ത് തടയാനും വ്യാപാരം മെച്ചപ്പെടുത്താനും അത് സഹായകമാവും എന്നുതന്നെയാണ് പ്രതീക്ഷ.
ചെറുകിട വ്യാപാരങ്ങൾ തകരും
കോർപറേറ്റുകളെ അകമഴിഞ്ഞ് സഹായിച്ച് രാജ്യത്തെ ചെറുകിട മേഖലയെ പൂർണമായും ഇല്ലാതാക്കാനുള്ള ഫോർമുലയാണ് ഈ ബജറ്റ് മുന്നോട്ടുവെച്ചത്. വൻകിട മൂലധന പിന്തുണയും, സാധനങ്ങൾ നിർമാതാക്കളിൽനിന്നു നേരിട്ട് വാങ്ങുന്നതിന്റെ ആനുകൂല്യവും കൂടിയാകുമ്പോൾ ഇത്തരക്കാരോട് മത്സരിച്ചുനേടാൻ രാജ്യത്തെ ചെറുകിട വ്യാപാരികൾക്കാവില്ല. അതുകൊണ്ടുതന്നെ ഇവിടെ മത്സരമില്ല, മറിച്ച് നിലനിൽപിനായുള്ള പോരാട്ടം മാത്രമേയുള്ളൂ. ഈ പോരാട്ടത്തിൽ വ്യാപാരികളെ ബജറ്റ് സഹായിച്ചില്ല എന്നുമാത്രമല്ല, ആഗോള കുത്തകൾക്ക് വലിയ പ്രോത്സാഹനം നൽകുകയും ചെയ്തു. വിദേശ കമ്പനികളുടെ കോർപറേറ്റ് നികുതി നിലവിലെ 40 ശതമാനത്തിൽനിന്ന് 35 ശതമാനമായി കുറച്ചു.
2019ൽ കമ്പനികൾക്കുള്ള നികുതി വലിയതോതിൽ കുറച്ചശേഷം വ്യക്തിഗത നികുതിദായകർ കോർപറേറ്റുകളേക്കാൾ കൂടുതൽ നികുതി അടക്കുന്ന സാഹചര്യമാണുള്ളത്. റീട്ടെയിൽ മേഖലയിലുൾപ്പെടെ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമമാണ് ബജറ്റ് നടത്തിയത്. സ്റ്റാർട്ടപ് കമ്പനികൾ സ്വീകരിച്ചിരുന്ന വിദേശ നിക്ഷേപത്തിന്മേൽ ചുമത്തിയിരുന്ന ഏഞ്ചൽ നികുതി പൂർണമായും നിർത്തലാക്കിയതും അതിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട സാമ്പത്തിക സർവേ പ്രകാരം 2025യിലെത്തുമ്പോൾ ഇ-കോമേഴ്സ് വിപണി 350 ബില്യൺ ഡോളർ കടക്കുമെന്നാണ്. വാർഷിക വളർച്ച ഏതാണ്ട് 35 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. ഇത് പരമ്പരാഗത വ്യാപാര മേഖലയുടെ തളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഇ-കോമേഴ്സ് കയറ്റുമതി കേന്ദ്രങ്ങൾ തുടങ്ങുമെന്ന പ്രഖ്യാപനവും, ഇ-കോമേഴ്സ് ഓപറേറ്റർമാരുടെ ടി.ഡി.എസ് നിരക്ക് ഒരു ശതമാനത്തിൽ നിന്ന് 0.1ശതമാനം ആയി കുറച്ചതും ടി.ഡി.എസ് അടക്കുന്നതിനുള്ള കാലതാമസം കുറ്റകരമല്ലാതാക്കി മാറ്റിയതുമെല്ലാം കാണിക്കുന്നത് ഇതൊരു കോർപറേറ്റ് ചങ്ങാത്ത ബജറ്റ് ആണെന്നുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.