തിരുത്തലുകൾ അപമാനമല്ല, വ്യതിയാനവുമാവില്ല
text_fieldsഅധികനികുതി ഭാരമാണ് ജനങ്ങൾക്കുമേൽ അടിച്ചേൽപിച്ചിരിക്കുന്നത്. ജീവിതം പൊറുതിമുട്ടിയ ജനങ്ങളെ ഇത് കൂടുതൽ പ്രയാസങ്ങളിലേക്ക് തള്ളിവിടുമെന്നതിൽ സംശയമില്ല. അതിന് പുറമെയാണ് വൈദ്യുതിചാര്‍ജും നിലവിലുള്ളതിന്റെ ഒന്നര ഇരട്ടിയോളം വെള്ളക്കരവും വർധിപ്പിച്ച് ഇരുട്ടടി നൽകിയിരിക്കുന്നത്. ഇന്ധനവില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ഒരുവശത്ത് പ്രക്ഷോഭം നടത്തുമ്പോൾതന്നെയാണ് സംസ്ഥാനത്ത് ഇന്ധന സെസ് ഏർപ്പെടുത്തിയതെന്നതാണ് ഏറെ അത്ഭുതകരം
ഭൂമിയിൽ മനുഷ്യജീവിതം തുടങ്ങിയ കാലംമുതൽ ജീവിത പ്രാരബ്ധവുമുണ്ട്. അത് ഇന്നും നാളെയും അവസാനിക്കുന്നതുമല്ല. ‘ആനക്ക് തടിഭാരം; ഉറുമ്പിന് അരി ഭാരം’ എന്നു പറയുംപോലെ പ്രാരബ്ധത്തിന്റെ ഏറ്റക്കുറച്ചിൽ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുമെന്നു മാത്രം. മനുഷ്യന്റെ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും പരിഹരിക്കാൻ സാധിക്കണമെന്നില്ല. പക്ഷേ, അത് പരമാവധി കുറക്കാൻ കഴിഞ്ഞെന്നു വരാം. നാടു ഭരിക്കുന്നവർക്ക് അക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമാണുള്ളത്. പ്രത്യേകിച്ചും ഒരു ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നതും അതാണ്. അതിൽ നിന്ന് വ്യതിചലിക്കുകയോ നിലപാട് തിരുത്തുന്നതിൽ പിടിവാശികാട്ടി അമാന്തം കാണിക്കുകയോ ചെയ്യുന്നത് ഭരണാധികാരികൾക്കെതിരായ ജനവികാരം വളർത്തുകയേ ഉള്ളൂ. അതിന് അവസരം നൽകാതിരിക്കുന്നിടത്താണ് ഏതൊരു ഭരണാധികാരിയുടെയും സാമർഥ്യം.
കോവിഡാനന്തര കാലത്ത് നാട്ടിലെ ജനങ്ങളും സ്ഥാപനങ്ങളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ പ്രതിസന്ധികളെ നേരിടുകയാണ്. ചെയ്തുവന്ന തൊഴിൽപോലും നഷ്ടപ്പെടുന്ന, തൊഴിൽ തന്ന സ്ഥാപനം അടച്ചുപൂട്ടപ്പെടുന്ന, ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കാത്ത, വായ്പകൾ തിരിച്ചടക്കാനാകാത്ത സാഹചര്യം ഒട്ടുമിക്കവരും അഭിമുഖീകരിക്കുന്നു. കോവിഡാനന്തര കാലഘട്ടത്തിൽ, ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മിക്കവരും പെടാപ്പാട് പെടുകയാണ്. അതിനിടെ, തങ്ങളുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും മനസ്സിലാക്കി ആവശ്യമായ കൈത്താങ്ങ് ആകുമെന്ന് കരുതുന്നവർതന്നെ മുഖംതിരിച്ചാൽ അത് സഹിക്കാവുന്നതിന് അപ്പുറമായിരിക്കും. അത്തരത്തിലൊരു സാഹചര്യമാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് അഭിമാനിക്കാവുന്ന നമ്മുടെ സംസ്ഥാനത്തും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കോവിഡ് കാലത്ത് ഉൾപ്പെടെ ജനങ്ങൾക്ക് കൈത്താങ്ങായി നിന്നതാണ് സർക്കാർ. ആ മനോഭാവത്തിൽനിന്ന് വ്യതിചലിക്കുമ്പോൾ യാഥാർഥ്യം തുറന്നുപറയാതിരിക്കാനാവില്ല.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് പൂർണമനസ്സോടെ സർക്കാറിനെ പിന്തുണക്കുന്നവരെപോലും അമ്പരപ്പിച്ചുവെന്നതാണ് യാഥാർഥ്യം. ഒറ്റയടിക്ക് നാലായിരംകോടി രൂപയുടെ അധികനികുതി ഭാരമാണ് ജനങ്ങൾക്കുമേൽ അടിച്ചേൽപിച്ചിരിക്കുന്നത്. ജീവിതം പൊറുതിമുട്ടിയ ജനങ്ങളെ ഇത് കൂടുതൽ പ്രയാസങ്ങളിലേക്ക് തള്ളിവിടുമെന്നതിൽ സംശയമില്ല. അതിന് പുറമെയാണ് വൈദ്യുതിചാര്‍ജും നിലവിലുള്ളതിന്റെ ഒന്നര ഇരട്ടിയോളം വെള്ളക്കരവും വർധിപ്പിച്ച് ഇരുട്ടടി നൽകിയിരിക്കുന്നത്. ഇന്ധനവില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ഒരുവശത്ത് പ്രക്ഷോഭം നടത്തുമ്പോൾതന്നെയാണ് സംസ്ഥാനത്ത് ഇന്ധന സെസ് ഏർപ്പെടുത്തിയതെന്നതാണ് ഏറെ അത്ഭുതകരം.
സ്വന്തം വീഴ്ച മറയ്ക്കാൻ കേന്ദ്രഭരണാധികാരികൾപോലും ഇപ്പോൾ ആയുധമാക്കിയിരിക്കുന്നത് കേരള ബജറ്റിലെ പുതിയ ഇന്ധനനികുതി നിർദേശമായതിലും അത്ഭുതമില്ല. ഒരു സംസ്ഥാനത്തിന് വികസന-ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിന് പണം ആവശ്യമാണ് എന്നതിൽ സംശയമില്ല. അതിന് നികുതി ചുമത്തുന്നത് പുതിയ കാര്യവുമല്ല. പക്ഷേ, അത് കഴിവതും സാധാരണക്കാരെ വലിയതോതിൽ ബുദ്ധിമുട്ടിക്കാതെയും പ്രത്യക്ഷ നികുതിയിൽ കൈവെക്കാതെയും ആയിരിക്കണം. മുൻകാലങ്ങളിൽ നടന്നിട്ടുള്ളതും അങ്ങനെയാണ്. പക്ഷേ, അതിന് കടകവിരുദ്ധമായി, ജീവിക്കാൻപോലും ഏറെ ബുദ്ധിമുട്ടുന്ന ഈ സന്ദർഭത്തിൽ ജനത്തെ നേരിട്ട് പിഴിയാൻ ശ്രമിച്ചുവെന്ന ആക്ഷേപമാണ് സംസ്ഥാന ബജറ്റിനെതിരെ ഉയരുന്നത്. സാമ്പത്തികമായി കേന്ദ്രസർക്കാർ സംസ്ഥാനത്തെ ഞെരിക്കുന്ന ഈ സമയത്ത് വേറെ ഗത്യന്തരമില്ലാതെയാണ് കടുംകൈക്ക് തയാറായതെന്നാണ് സർക്കാർ വാദം. അതിൽ കുറെ വാസ്തവവുമുണ്ട്.
കേന്ദ്രസർക്കാറിന്റെ നയനിലപാടുകൾ സംസ്ഥാനത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നത് വസ്തുതയാണ്. പക്ഷേ, അതിന്റെ ശിക്ഷ മുഴുവൻ ജനങ്ങൾക്കുമേൽ, പ്രത്യേകിച്ച് സാധാരണക്കാരിൽ അടിച്ചേൽപിക്കണോയെന്നതാണ് ചോദ്യം. സ്വർണവ്യാപാരികളിൽനിന്നും അബ്കാരികളിൽനിന്നും ഉൾപ്പെടെ ഏകദേശം 21,797 കോടിരൂപയുടെ നികുതികുടിശ്ശിക പിരിച്ചെടുക്കാൻ ഉണ്ടായിരിക്കെയാണ് ബജറ്റ്ഷോക്ക് നൽകി ജനങ്ങളെ ഭരണകർത്താക്കൾ ഞെട്ടിച്ചിരിക്കുന്നത് എന്നതാണ് ഏറെ സങ്കടകരം. വൻകിട തോട്ടമുടമകൾക്ക് ആനുകൂല്യവും സൗജന്യവും താലത്തിൽ വെച്ചു കൊടുത്തിരിക്കുന്നു. ബില്ലുകളിൽ ഒപ്പിടുന്നതിന് മുമ്പ് ദീർഘകാലം ആലോചിക്കുകയും രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്യുന്ന പിണക്കക്കാരൻ ഗവർണർക്ക് വൻകിട തോട്ടക്കാർക്ക് ആനുകൂല്യം നൽകാനുള്ള കടലാസിനു കീഴിൽ തുല്യം ചാർത്താൻ രണ്ടൊന്ന് ആലോചിക്കേണ്ടിയും വന്നില്ല. ഐ.ജി.എസ്.ടിയില്‍ നിന്ന് അര്‍ഹമായ തുക നേടിയെടുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാൽ അഞ്ചുവര്‍ഷത്തിനിടെ 25,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന പരാതി ഇതിന് പുറമെയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും അനാവശ്യ ധൂർത്തിന് കുറവില്ലെന്ന ആക്ഷേപവും ശക്തം.
അമിത നികുതി ചുമത്താനുള്ള ബജറ്റ് നിർദേശത്തിനെതിരെ സംസ്ഥാനത്ത് ജനരോഷം ശക്തമാണ്. സ്വാഭാവികമായും പ്രതിപക്ഷം അത് ഉപയോഗിക്കുകയും ചെയ്യും. പക്ഷേ, ജനവികാരം മനസ്സിലാക്കി തീരുമാനമെടുക്കുന്നിടത്താണ് ഭരണകർത്താക്കളുടെ വിജയം. അതിനുപകരം തീരുമാനത്തിൽനിന്ന് പിന്മാറില്ലെന്ന പിടിവാശിയല്ല വേണ്ടത്. അത് ജനങ്ങളിൽനിന്ന് ഭരണത്തെ അകറ്റുകയേ ഉള്ളൂ. സമരംചെയ്യുന്ന പ്രതിപക്ഷത്തിന് രാഷ്ട്രീയനേട്ടമാകുമെന്ന് കരുതി തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നതല്ല; ജനവികാരം മനസ്സിലാക്കി തീരുമാനങ്ങളെടുക്കുകയെന്ന ബുദ്ധിയാണ് ഏതു ഭരണകർത്താവിനും ഉണ്ടാകേണ്ടത്. യഥാസമയം തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്തോറും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയേ ഉള്ളൂ. ജനാധിപത്യ സംവിധാനത്തിൽ ഭരിക്കുന്നത് ആരായാലും തക്കസമയത്ത് ഉചിതമായ തീരുമാനങ്ങളാണ് ഭരണകർത്താക്കളിൽനിന്ന് ഉണ്ടാകേണ്ടത്. ജനാധിപത്യത്തിൽ തിരുത്തലുകൾ അപമാനമേയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.