കോടതി കണ്ണടച്ച വാദങ്ങൾ
text_fieldsസുപ്രീംകോടതി മുമ്പാകെ പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ച 464 പേജുള്ള എതിർ സത്യവാങ്മൂലത്തിൽ അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് താൻ ചെയ്ത രണ്ടു ട്വീറ്റുകളിലെയും പ്രസ്താവനകൾ സത്യമാണ് എന്നതാണ്. എന്നാൽ, 42 പേജുള്ള സുപ്രീംകോടതി വിധിയിൽ തെൻറ പ്രസ്താവന സത്യമാണെന്ന് തെളിയിക്കുന്നതിന്ന് പ്രശാന്ത് ഭൂഷൺ മുന്നോട്ടുവെച്ച സംഭവങ്ങളും വാദങ്ങളും ചർച്ചചെയ്യുകയോ അതിന് മറിച്ചൊരു വിശദീകരണം നൽകുകയോ ചെയ്തിട്ടില്ല.
സംഘ്പരിവാർ ഭരണകൂടം ജനാധിപത്യമൂല്യങ്ങളെ എങ്ങനെയെല്ലാം തകർക്കുമെന്നതിെൻറയും ഭരണഘടനാ സ്ഥാപനങ്ങളെ എങ്ങനെ വരുതിയിൽ നിർത്താൻ ശ്രമിക്കുന്നു എന്നതിെൻറയും പ്രത്യക്ഷ ഉദാഹരണങ്ങളാണ് പ്രശാന്ത് ഭൂഷൺ സത്യവാങ്മൂലത്തിൽ എണ്ണിയെണ്ണി വിശദമാക്കുന്നത്.
മുദ്രവെച്ച കവറുകളുടെ കാലം
കഴിഞ്ഞ ആറു വർഷമായി സുപ്രീംകോടതിയുടെ കേസ് നടപടികളിലേക്ക് ചീഫ് ജസ്റ്റിസുമാർ ഉണ്ടാക്കിയെടുത്ത പുതിയ നിയമതത്ത്വത്തെ വേണമെങ്കിൽ 'സീൽഡ് കവർ ജൂറിസ്പ്രുഡൻസ്' എന്നു വിളിക്കാം. നിരവധി കേസുകളിൽ കേന്ദ്ര ഗവൺമെൻറ് മുദ്രവെച്ച കവറിൽ നൽകുന്ന പ്രസ്താവനകൾ എതിർഭാഗത്തിന് കാണിച്ചുകൊടുക്കുകപോലും ചെയ്യാതെ സുപ്രീംകോടതി പൂർണമായും കേന്ദ്ര ഗവൺമെൻറിനെ പിന്തുണക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നു.
ജഡ്ജി ലോയ കേസ്, ജാമിഅ മില്ലിയ്യ, ജെ.എൻ.യു കേസുകൾ തുടങ്ങിയവയിലെല്ലാം ഈ മുദ്രവെച്ച കവർ സുപ്രീംകോടതി സ്വീകരിച്ചു. പല സുപ്രധാന കേസുകളിലും കേന്ദ്ര ഗവൺമെൻറിന് നോട്ടീസ് അയക്കുന്നതിനു മുമ്പും കേന്ദ്ര ഗവൺമെൻറ് കേവിയറ്റ് (തങ്ങൾക്കെതിരെ കോടതിയിൽ നൽകുന്ന ഹരജിയിൽ മുൻകൂർ നോട്ടീസില്ലാതെ തൽക്കാല ഉത്തരവുകൾ പുറപ്പെടുവിക്കാതിരിക്കാൻ നൽകുന്ന പ്രത്യേക ഹരജി) ഹരജി സമർപ്പിക്കാത്ത കേസുകളിലും കേന്ദ്ര ഗവൺമെൻറിെൻറ പ്രതിനിധിയായ സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് നേരിട്ടുവന്ന് കോടതിയിൽ വാദങ്ങൾ പറയാൻ ചട്ടവിരുദ്ധമായി സുപ്രീംകോടതി അനുമതി നൽകുന്നു.
കെഹാറിെൻറ കാലഘട്ടവും സഹാറ-ബിർള കേസും
2013 ഒക്ടോബറിൽ ആദായനികുതി വകുപ്പും സി.ബി.െഎയും സംയുക്തമായി ആദിത്യ ബിർള ഗ്രൂപ്പിെൻറ കമ്പനിയിൽ റെയ്ഡ് നടത്തി 25 കോടി രൂപയും നിരവധി രേഖകളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട കേസുകളാണ് കുപ്രസിദ്ധമായ സഹാറ-ബിർള കേസുകൾ.
നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയനേതാക്കൾ പണം കൈപ്പറ്റി എന്ന് രേഖകൾ ഉൾപ്പെടെ പുറത്തുവന്ന മേൽപറഞ്ഞ കേസിൽ ചീഫ് ജസ്റ്റിസ് കെഹാർ നേതൃത്വം കൊടുത്ത ബെഞ്ച് ഉന്നത രാഷ്ട്രീയനേതൃത്വത്തെ രക്ഷപ്പെടുത്താൻ നടത്തിയ ഇടപെടലുകൾ തികച്ചും അന്യായവും കേട്ടുകേൾവിപോലും ഇല്ലാത്തവയുമാണ്. ആ കേസ് കേട്ട ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് അരുൺ മിശ്രയുടെ ബന്ധുവിെൻറ വസതിയിൽ നടന്ന വിവാഹാഘോഷത്തിൽ ഉന്നത ബി.ജെ.പി നേതാക്കന്മാരും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അടക്കം മന്ത്രിമാരും പങ്കെടുത്തു.
ചൗഹാൻ മേൽപറഞ്ഞ കേസിലെ ഹവാല പണം കൈപ്പറ്റി എന്ന ആരോപണത്തിന് വിധേയനായ ആളാണ്. ഉന്നത ന്യായാധിപന്മാർ വ്യക്തിജീവിതത്തിൽ കാണിക്കേണ്ട പെരുമാറ്റച്ചട്ടവും കീഴ്വഴക്കങ്ങളും മേൽപറഞ്ഞ ന്യായാധിപർ പരസ്യമായി ലംഘിക്കുകയാണ്.
കലികോ പുലിെൻറ ആത്മഹത്യക്കുറിപ്പ്
അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കലികോ പുൽ 2016 ആഗസ്റ്റ് ഒമ്പതിന് ആത്മഹത്യ ചെയ്തു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിപദമൊഴിഞ്ഞ് സുമാർ മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിെൻറ ദേഹത്തിൽനിന്നു ലഭിച്ച 60 പേജുള്ള (എല്ലാ പേജിലും ഒപ്പിട്ട) ആത്മഹത്യക്കുറിപ്പിൽ ജുഡീഷ്യറിയിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുടെ അഴിമതിയെക്കുറിച്ച സൂചനകളാണുണ്ടായിരുന്നത്.
മുഖ്യമന്ത്രിപദം നിലനിർത്തുന്ന തരത്തിൽ വിധിന്യായം ലഭിക്കുന്നതിന് ജസ്റ്റിസ് കെഹാറിെൻറ മകൻ 49 കോടി രൂപയും ജസ്റ്റിസ് ദീപക് മിശ്രയുടെ മകൻ 37 കോടി രൂപയും ആവശ്യപ്പെട്ടു എന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഈ കുറിപ്പ് 'ദ വയർ' ഇൻറർനെറ്റ് പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലികോ പുലിെൻറ ഭാര്യ, ആത്മഹത്യക്കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതിയുടെ അഡ്മിനിസ്േട്രറ്റിവ് അതോറിറ്റിക്കു നൽകിയ പരാതി അത്ഭുതകരമാംവിധം ആരോപണവിധേയനായ ജസ്റ്റിസ് കെഹാറിെൻറ 14 ാം നമ്പർ കോടതിയിൽതന്നെ ലിസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിെൻറ ഭാര്യ ആ പരാതി പിൻവലിക്കുകയാണുണ്ടായത്.
ദീപക് മിശ്രയുടെ കാലഘട്ടം
മെഡിക്കൽ കോളജ് അഴിമതിക്കേസിൽ ആരോപണവിധേയനായ ജസ്റ്റിസ് ദീപക് മിശ്ര അതേ വിഷയത്തിൽ സുപ്രീംകോടതി മുമ്പാകെ വന്ന എല്ലാ കേസുകളും തെൻറതന്നെ നേതൃത്വത്തിലൂള്ള ബെഞ്ച് മുമ്പാകെ പരിഗണിക്കുകയും അനുകൂലവിധികൾ നൽകുകയും ചെയ്തു.
പ്രസാദ് എജുക്കേഷൻ ട്രസ്റ്റിന് നിയമവിരുദ്ധമായി അനുകൂലവിധി നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് നാരായൺ ശുക്ലക്ക് എതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാനും മറ്റുമായി സി.ബി.െഎ, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ സമീപിച്ചെങ്കിലും അനുമതി നിഷേധിച്ചു.
സുപ്രീംകോടതി മുമ്പാകെ വരുന്ന ഹരജികൾ ആരുടെ മുന്നിൽ കേൾക്കണം എന്ന തീരുമാനം സാധാരണഗതിയിൽ എടുക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് (മാസ്റ്റർ ഓഫ് റോസ്റ്റർ). എന്നാൽ, ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത് സുപ്രീംകോടതിയുടെ ചട്ടങ്ങൾക്കും നടപടിക്രമങ്ങളുടെ ഹാൻഡ്ബുക്കിനും കീഴ്വഴക്കങ്ങൾക്കും എതിരായാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നത്. മെഡിക്കൽ കോളജ് തട്ടിപ്പ് കേസ്, സി.ബി.െഎ സ്പെഷൽ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട കേസ്, 2ജി കേസ്, ആധാർ കേസ്, ജഡ്ജി ലോയ കേസ് തുടങ്ങി സുപ്രധാനമായ പല കേസുകളിലും രാജ്യതാൽപര്യത്തിനും നിയമത്തിനും കീഴ്വഴക്കത്തിനും വിരുദ്ധമായ തരത്തിൽ കേസുകൾ ലിസ്റ്റ് ചെയ്തതിെൻറ അസാധാരണത്വം കാണാം.
രഞ്ജൻ ഗൊഗോയിയുടെ കാലം
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര നിലപാടുകളെ ഭരണകൂടങ്ങളുമായി സന്ധിചെയ്ത ജസ്റ്റിസ് രഞ്ജൻ ഗൊഗോയി റഫാൽ കേസിലും എൻ.ആർ.സി കേസിലും ഉൾപ്പെടെ മുദ്രവെച്ച കവർ സംവിധാനം നടപ്പാക്കി. റഫാൽ കേസിൽ വിമാനങ്ങളുടെ വിലവിവരങ്ങൾ
കേന്ദ്രസർക്കാർ സീൽഡ്കവറിലാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. എന്നാൽ, ആ കേസിെൻറ വിധിക്കുശേഷം സി.എ.ജി റിപ്പോർട്ട് പുറത്തുവന്നപ്പോൾ കേന്ദ്ര സർക്കാർ മുദ്രവെച്ച കവറിൽ നൽകിയ വിവരങ്ങൾ തെറ്റായിരുന്നു എന്നു ബോധ്യപ്പെട്ടു. എന്നാൽ, കേന്ദ്ര സർക്കാറിനെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ ഹരജി ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തള്ളിക്കളഞ്ഞു.
മൗലികാവകാശങ്ങളുടെ ലംഘനം ഉൾപ്പെടുന്ന കേസുകളിൽപോലും പലപ്പോഴും ഗൊഗോയി മുൻഗണനാക്രമം തെറ്റിച്ചു. ഇലക്ടറൽ ബോണ്ട് കേസ്, ഭരണഘടനയുടെ 370ാം വകുപ്പുമായി ബന്ധപ്പെട്ട കേസ്, ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് ഹരജികൾ, സി.ബി.െഎ ഡയറക്ടർമാരുടെ കാലാവധി കേസ് ഉൾപ്പെടെ പരിഗണിക്കുന്നതിന്ന് കോടതി തെരഞ്ഞെടുത്ത സമയക്രമത്തിൽ അസാധാരണത്വവും അസ്വാഭാവികതയും പ്രകടമാണ്.
ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ കാലം
പൗരത്വഭേദഗതി നിയമത്തിനെതിരായി അറുപതിൽപരം ഹരജികളാണ് രാജ്യത്തെ പ്രധാന സംഘടനകളും വ്യക്തികളും സുപ്രീംകോടതിയിൽ സമർപ്പിച്ചത്. എന്നാൽ, സി.എ.എ നടപ്പാക്കുന്നതിന് സ്റ്റേപോലും അനുവദിക്കാൻ ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് തയാറായില്ല. ജാമിഅ മില്ലിയ്യയും അലീഗഢ് ഉൾപ്പെടെയുള്ള സർവകലാശാലകളിലുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും ഡൽഹി കലാപ കേസിലും ബോബ്ഡെയുടെ ഈ നിലപാടുകൾ കാണാം.
ഡൽഹി ഹൈകോടതി ജസ്റ്റിസ് മുരളീധർ കലാപം ഉണ്ടാക്കുംവിധം പ്രസംഗിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാൻ നിർദേശിച്ചതും അന്നുതന്നെ അദ്ദേഹത്തെ സ്ഥലംമാറ്റിയതും നമ്മുടെ മുന്നിലുണ്ട്. ലോക്ഡൗൺ കാലത്തെ തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി പരിഗണിച്ചതും എല്ലാം അവസാനിച്ചതിനുശേഷമായിരുന്നു.
ഇവ കൂടാതെ ന്യായാധിപന്മാരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയുമായി ബന്ധപ്പെട്ടും വിരമിക്കുന്ന ന്യായാധിപർക്ക് ലഭിക്കുന്ന രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കു പിന്നിലെ ഇടപാടുകളെ സംബന്ധിച്ചും നിരവധി സംഭവങ്ങൾ പ്രശാന്ത് ഭൂഷൺ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. പരമോന്നത കോടതിയുടെ ഇടനാഴികളിൽ അടക്കംപറയുന്ന രഹസ്യങ്ങൾ ഉറക്കെ പറയുകയാണ് പ്രശാന്ത് ഭൂഷൺ വാദങ്ങളിലൂടെ ചെയ്തത്. സുപ്രീംകോടതി ഇവ കണ്ടില്ലെന്നു നടിച്ചാൽ മാത്രം ആ സത്യങ്ങൾ ഇല്ലാതാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.