ഭരണഘടന നൽകിയത് കോടതി തിരിച്ചെടുക്കുേമ്പാൾ
text_fields''ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പൂർണമായിരിക്കണം. അത് മറ്റാർക്കെങ്കിലും അധികാരമുപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങൾക്ക് വിധേയപ്പെടുത്തിയാവരുത് "
-ബി.ആർ.അംബദ്കർ.
സുപ്രീംകോടതി പല വിധിന്യായങ്ങളിൽ കൂടി ഈ അവകാശത്തെ സംരക്ഷിച്ചുപോന്നിട്ടുണ്ട്. എന്നാൽ, ആ സമീപനവുമായി ഒത്തുപോകാത്തതാണ് തമിഴ്നാട്ടിലെ വേലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് കേസിൽ ജസ്റ്റിസ് അരുൺ മിശ്ര നയിച്ച ബെഞ്ച് നൽകിയ വിധി. ഭൂരിപക്ഷത്തെപ്പോലെ ന്യൂനപക്ഷങ്ങളും രാഷ്ട്രത്തിെൻറ ഭാഗമാണെന്നും ദേശീയതാൽപര്യത്തെ ബാധിക്കുന്ന ഏതു കാര്യവും എല്ലാവരെയും ബാധിക്കുമെന്നും വിധിയിൽ പറയുന്നു.
ദേശീയതക്കും ദേശീയതാൽപര്യത്തിനും വിരുദ്ധമായെന്തോ ന്യൂനപക്ഷങ്ങൾ അവകാശമായി അനുഭവിക്കുന്നു എന്ന സൂചനയാണ് വിധി മുന്നോട്ടുവെക്കുന്നത്. ഭരണഘടന ന്യൂനപക്ഷങ്ങൾക്കു നൽകിയ മൗലികാവകാശങ്ങളുടെ പശ്ചാത്തലം പരാമർശിക്കാതെയാണ് വിധി. ഭരണഘടനശിൽപികൾ താൽപര്യപ്പെട്ടതിനപ്പുറമുള്ള ദേശീയതാൽപര്യ സങ്കൽപമാണ് കോടതി സൂചിപ്പിക്കുന്നത്.
2002 ഒക്ടോബർ രണ്ടിന് ടി.എം.എ പൈ കേസിൽ സുപ്രീംകോടതിയുടെ 11 അംഗ ഭരണഘടന ബെഞ്ച് 30ാം വകുപ്പിനെ സംബന്ധിച്ച് വ്യക്തവും കൃത്യവുമായ നിലപാടെടുത്ത് നിർണായകമായ വിധിയാണ് നൽകിയത്. എന്നാൽ, വേലൂർ ക്രിസ്ത്യൻ മെഡിക്കൽകോളജും യൂനിയൻ ഒാഫ് ഇന്ത്യയും തമ്മിലുള്ള േകസിൽ 2020 ഏപ്രിൽ 29നുവന്ന വിധി സുപ്രീംകോടതിയുടെ സമീപനമാറ്റത്തിെൻറ സൂചനയായി കരുതണം.
ഭരണഘടനയുടെ 19(1), 25, 26, 29(1), 30 വകുപ്പുകൾ പ്രകാരം എയ്ഡഡ്/അൺ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അവകാശപരിധിയിലുള്ളവരോട് വിദ്യാർഥിപ്രവേശനത്തിനായി നീറ്റ് ഏകീകൃതപരീക്ഷക്ക് കോടതി നിർദേശിക്കുകയുണ്ടായി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഡെൻറൽ കൗൺസിൽ ഓഫ് ഇന്ത്യയും നൽകിയ നീറ്റ് പരീക്ഷവിജ്ഞാപനങ്ങളുടെ ഭരണഘടന സാധുതയെ ചോദ്യംചെയ്ത് സി.എം.സി വേലൂരും മറ്റും 2012ലാണ് ഹരജികൾ നൽകിയത്.
നീറ്റ് സംബന്ധിച്ച് മെഡിക്കൽ കൗൺസിലും െഡൻറൽ കൗൺസിലും 2012ൽ ഇറക്കിയ നിർദേശങ്ങൾ 2013 ജൂലൈ 18ലെ ഉത്തരവിലൂടെ കോടതി റദ്ദാക്കിയിരുന്നു. അതിനെതിരെ കേന്ദ്രസർക്കാറും കൗൺസിലുകളും നൽകിയ പുനഃപരിശോധന ഹരജിയുടെ അടിസ്ഥാനത്തിൽ 2013 വിധി കോടതി 2016ൽ പിൻവലിച്ചു. അത് വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. 2016ലെ മോഡേൺ ഡെൻറൽ കോളജ് വിധിയുടെ ചുവടുപിടിച്ച് ഈ കേസിൽ നീറ്റ് ഏകീകൃതപരീക്ഷക്ക് അനുമതിനൽകി വിധി പുറപ്പെടുവിച്ച സുപ്രീംകോടതി, ഫലത്തിൽ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപ്രവർത്തനാവകാശങ്ങൾ വെട്ടിച്ചുരുക്കുന്ന ഇടപെടലാണ് നടത്തിയത്.
ഭരണഘടനശിൽപികൾ മുന്നോട്ടുെവച്ച ഉദ്ദേശ്യലക്ഷ്യങ്ങൾക്കും ന്യൂനപക്ഷാവകാശങ്ങൾ പ്രതിപാദിക്കുന്ന 30ാം വകുപ്പിനുതന്നെയും എതിരായ കാഴ്ചപ്പാടുകൾ വിധിന്യായത്തിൽ പലയിടത്തും പ്രകടമാണ്. ഉദാഹരണത്തിന്, വിധിയുടെ 58ാം ഖണ്ഡികയിൽ അഫിലിയേഷൻ, അംഗീകാരം എന്നിവയുടെ കാര്യത്തിൽ മറ്റെല്ലാ സ്ഥാപനങ്ങൾക്കും ബാധകമായ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നതിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും തുല്യമായ ബാധ്യതയുണ്ട് എന്നാണ് നിരീക്ഷിക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും 30ാം വകുപ്പ് ഉറപ്പുനൽകുന്ന മൗലികാവകാശത്തിെൻറ വ്യാപ്തി പരിഗണിച്ചിട്ടാണോ ഈ വിലയിരുത്തലെന്ന സംശയവും പ്രസക്തമാണ്. ന്യൂനപക്ഷ വിദ്യാർഥികൾക്ക് ന്യൂനപക്ഷ സ്ഥാപനങ്ങളിൽ പഠിക്കാനുള്ള അവകാശം നിയന്ത്രിക്കാനാവില്ലെന്നു വ്യക്തമാക്കി, ന്യൂനപക്ഷക്വോട്ട സംരക്ഷിക്കാൻ മാത്രമാണ് കോടതി തയാറായത്.
59ാം ഖണ്ഡികയിൽ പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രത്യേക ഗണമായി കാണണമെന്നാണ് കോടതി വ്യക്തമാക്കിയത്. അത്തരമൊരു വേർതിരിവോടെയല്ല ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസപ്രവർത്തനത്തിന് 30ാം വകുപ്പിലൂടെ മൗലികാവകാശം ഭരണഘടനയിൽ വിഭാവന െചയ്തത് എന്ന വസ്തുത പരിഗണിക്കുമ്പോൾ, കോടതിയുടെ നിലപാട് ഭരണഘടനവിരുദ്ധമെന്നു പറയേണ്ടിവരും.
ദേശീയതാൽപര്യം എന്നപ്രയോഗം 14 തവണയെങ്കിലും വിധിയിൽ പരാമർശിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കു നൽകിയിട്ടുള്ള അവകാശങ്ങൾ നിയമത്തിനോ ഭരണഘടനയിലെ മറ്റു വ്യവസ്ഥകൾക്കോ അതീതമല്ലെന്നു വ്യക്തമാക്കിയാണ് ദേശീയ താൽപര്യവാദം കോടതി ഉന്നയിക്കുന്നത്. നിയമത്തിന് അതീതമല്ല അവകാശമെന്ന നിലപാട് ശരിയോ എന്നത് ഒരു ചോദ്യം. ഭരണഘടനയിലെ മറ്റു വകുപ്പുകൾക്കു വിധേയപ്പെടുന്നതാവണം ന്യൂനപക്ഷാവകാശം എന്ന് എങ്ങനെ വ്യാഖ്യാനിക്കാനാവുമെന്നതു മറ്റൊരു ചോദ്യം.
ന്യൂനപക്ഷാവകാശവും ഉൾപ്പെടുന്നതല്ലേ ഭരണഘടന വിഭാവനചെയ്ത ദേശീയ താൽപര്യം? അല്ലെന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെ നൽകുന്ന സന്ദേശം വ്യക്തമാണ്: നിങ്ങൾക്കൊരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെങ്കിൽ ഇനി 30ാം വകുപ്പിനെ മാത്രം ആശ്രയിക്കാതെ മറ്റേതു സ്ഥാപനത്തിനും ബാധകമായ എല്ലാ നിയമങ്ങളും പാലിക്കുന്നതാണ് നല്ലത്. ഒന്നുകിൽ ഇവ പിന്തുടരാം, അല്ലെങ്കിൽ ദേശീയതാൽപര്യം മാനിക്കാം. അതല്ലാതെ 30ാം വകുപ്പ് നിങ്ങളുടെ രക്ഷക്കെത്തണമെന്നില്ല.
ഭരണഘടന ലക്ഷ്യങ്ങളോടുള്ള ഭ്രഷ്ട്
പൊതുവിൽ മത, ഭാഷ ന്യൂനപക്ഷങ്ങളുടെ ഉന്നമനമാണ് 30ാം വകുപ്പിലൂടെ ലക്ഷ്യമിട്ടത്. സർക്കാറിെൻറ നയരൂപവത്കരണപ്രക്രിയയിൽ പുറന്തള്ളപ്പെടാനിടയുള്ള, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് പല കാരണങ്ങളാൽ അവസരം നിഷേധിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനമാണ് ഭരണഘടന ഈ വ്യവസ്ഥയിലൂടെ ലക്ഷ്യമാക്കിയത്. ഭരണഘടനയുടെ വകുപ്പുകൾ വ്യാഖ്യാനിക്കുമ്പോൾ ഇടുങ്ങിയ സമീപനം സ്വീകരിക്കുന്നതിനുപകരം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് മതിയായ പരിരക്ഷ നൽകുന്നതിനും കോടതികൾ പ്രത്യേകം താൽപര്യമെടുക്കേണ്ടതാണ്.
പട്ടികവിഭാഗ സംവരണത്തിെൻറ ആനുകൂല്യങ്ങൾ അവരിൽത്തന്നെ ഏറ്റവും പിന്നാക്കമുള്ളവർക്കു ലഭിക്കുന്നില്ലെന്നും സാമൂഹിക യാഥാർഥ്യങ്ങൾക്കു മുന്നിൽ കണ്ണടക്കാനോ മൗനം പാലിക്കാനോ കോടതിക്കു സാധിക്കില്ലെന്നുമാണ് കഴിഞ്ഞമാസത്തെ ഒരു വിധിയിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് പറഞ്ഞത്. സാമൂഹികമാറ്റമെന്ന ഭരണഘടന ലക്ഷ്യം സാധ്യമാകണമെങ്കിൽ മാറുന്ന സാമൂഹിക യാഥാർഥ്യങ്ങൾ പരിഗണിക്കാതെ പറ്റില്ലെന്നും. ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും ഇതേ സമീപനമല്ലേ ഉണ്ടാവേണ്ടത്?
ചോദ്യം ചെയ്യുന്നത് സ്ഥാപിത നിയമവ്യവസ്ഥയെ
ടി.എം.എ പൈ വിധിയിൽ സ്വയംഭരണാധികാരം 30ാം വകുപ്പിലൂടെ ഉറപ്പാക്കപ്പെടുന്നുവെന്ന് കോടതി അടിവരയിട്ടു പറഞ്ഞതാണ്. വിദ്യാർഥിപ്രവേശനം, ന്യായമായ ഫീസ് ഘടന, ഭരണസമിതി രൂപവത്കരണം, അധ്യാപക-അനധ്യാപകനിയമനം, ജീവനക്കാരുടെ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായാൽ നടപടി എടുക്കാനുള്ള അധികാരം തുടങ്ങിയവ ഉൾപ്പെടുന്നതാണ് വിദ്യാഭ്യാസ പ്രവർത്തനാവകാശമെന്നും കോടതി വിശദീകരിച്ചിരുന്നു. ആ വിധിയിലൂടെ സി.എം.സി വേലൂർ, സെൻറ് ജോൺസ് ബംഗളൂരു തുടങ്ങിയ സ്ഥാപനങ്ങൾക്ക് അവരുടേതായ പ്രവേശന പരീക്ഷകൾ നടത്താനുളള അവകാശവും നൽകി. ഇൗ അവകാശങ്ങൾ പിന്നീട് ദുർബലപ്പെടുത്താൻ പാടില്ലായിരുന്നു.
വാസ്തവത്തിൽ, ഒരു സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനത്തിെൻറ അടിസ്ഥാനാവകാശത്തിെൻറ ഭാഗമാണ് വിദ്യാർഥികളുടെ പ്രവേശനം; ഒരു അൺ എയ്ഡഡ് ന്യൂനക്ഷസ്ഥാപനമാകുമ്പോൾ പ്രത്യേകിച്ചും. എയ്ഡഡ്, ന്യൂനപക്ഷവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവരുടെ വിഭാഗത്തിൽപെട്ട നിശ്ചിത ശതമാനം വിദ്യാർഥികളെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശിപ്പിക്കാനുളള അവകാശം ഉണ്ടായിരിക്കുമെന്നും പ്രവേശനപ്രക്രിയ സുതാര്യമായും മെറിറ്റ് പാലിച്ചും മാത്രം നടത്തപ്പെടുമ്പോൾ അവരുടെ അവകാശങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും ടി.എം.എ പൈ കേസിൽ തീരുമാനിക്കപ്പെട്ടതാണ്. എന്നാൽ, മറ്റു വിദ്യാർഥികളെ ന്യായമായ തോതിൽ പ്രവേശിപ്പിക്കുകയും വേണം.
എന്നിട്ടും സുപ്രീംകോടതി ഇപ്പോൾ ദേശീയ താൽപര്യം, പൊതു താൽപര്യം എന്നീ കാര്യങ്ങൾ പറഞ്ഞ് ഇൗ സ്വയംഭരണാധികാരം തിരിച്ചെടുത്തിരിക്കുന്നു. പ്രവേശനപരീക്ഷ നടത്തിപ്പും എടുത്തുകളഞ്ഞു. തെറ്റായ വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത യുക്തിയിലൂടെയാണ്, അപവാദങ്ങളെ പൊതുസ്ഥിതിയെന്നു വിലയിരുത്തി ഇപ്പോൾ ന്യൂനപക്ഷാവകാശങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കെട്ടകാലത്തെ ആശങ്കജനകമായ വിധി
മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രശസ്തിക്ക് പഴയ പ്രതാപം നഷ്ടപ്പെട്ടിരിക്കുന്ന കാലത്താണ് സി.എം.സി കേസ് വിധി വന്നിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കാൻ ഭരണകൂടത്തിന് അവസരമൊരുക്കുന്ന വിധിയെ അതിഗൗരവത്തോടെ വേണം സമീപിക്കാൻ. ഭരണഘടനവ്യവസ്ഥകളുടെയും ടി.എം.എ പൈ കേസിൽ 11 അംഗ ബെഞ്ച് മുന്നോട്ടുവെച്ച തത്ത്വങ്ങളുടെയും അടിസ്ഥാനത്തിൽ സി.എം.സി കേസിലെ വിധി സുപ്രീംകോടതിയുടെ ഒരു വിശാലബെഞ്ച് പുനഃപരിശോധിക്കണം. ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം, വിഭ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ഉന്നമനം സാധ്യമാകണം, ഒപ്പം മതനിരപേക്ഷ രാഷ്ട്രമെന്ന പൈതൃകം കൈമോശം വരാതെയുമിരിക്കണം.
(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.