ജി.എസ്.ടി തർക്കവിഷയങ്ങളിൽ ആശ്വാസമായ കോടതിവിധി
text_fieldsകേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കേന്ദ്ര മൂല്യവർധിത നികുതി (CENVAT), വിവിധ സംസ്ഥാന/ കേന്ദ്രഭരണപ്രദേശ സർക്കാറുകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മൂല്യവർധിത നികുതി (VAT) നിയമങ്ങൾ പിൻവലിച്ചും രാജ്യത്തെ ഒരൊറ്റ നികുതിപ്രദേശമായി പരിഗണിച്ചും 2017ൽ ചരക്കു സേവന നികുതി (G.S.T) നടപ്പാക്കുമ്പോൾ വ്യാപാര-വ്യവസായ മേഖലയിലെ നികുതിദായകരെ ആശങ്കപ്പെടുത്തിയ പ്രധാന വിഷയങ്ങളിൽ ഒന്ന്, തങ്ങളുടെ കൈവശം നീക്കിയിരിപ്പുള്ള നികുതിത്തുക (Input tax credit) നഷ്ടപ്പെടുമോ എന്നതായിരുന്നു.
അസാധുവാകുന്ന CENVAT / VAT നിയമങ്ങളിലെ വ്യവസ്ഥകൾപ്രകാരം ചരക്കുകൾ ഉൽപാദിപ്പിക്കുമ്പോഴോ ഇതരസംസ്ഥാനങ്ങളിൽനിന്ന് അസംസ്കൃത വസ്തുക്കൾ/ചരക്കുകൾ വാങ്ങിക്കൊണ്ടുവരുമ്പോഴോ, അതത് സംസ്ഥാനങ്ങളിലെ നികുതിദായകരായ മറ്റു വ്യാപാരി-വ്യവസായികളിൽനിന്ന് അസംസ്കൃത വസ്തുക്കൾ/ചരക്കുകൾ വാങ്ങുമ്പോഴോ അടക്കുന്ന നികുതിയിൽനിന്ന് അവരവരുടെ നികുതിബാധ്യത തട്ടിക്കിഴിച്ചശേഷം ബാക്കിവരുന്ന തുകയാണിത്. ഇത്തരത്തിൽ ബാക്കിയാവുന്ന നികുതിത്തുക അതത് സാമ്പത്തികവർഷാവസാനം പണമായി തിരിച്ചുകിട്ടാൻ (റീഫണ്ട്) ഉള്ള വ്യവസ്ഥ ജി.എസ്.ടിയുടെ വരവോടെ ഇല്ലാതായിരുന്നു. എന്നാൽ, അത്തരം ആശങ്കകൾ പൂർണമായും അകറ്റുന്ന രീതിയിൽ, മേൽപറഞ്ഞ നിയമങ്ങൾ അസാധുവാകുന്ന തീയതിയിൽ (30.06.2017) തങ്ങളുടെ കൈവശം നീക്കിയിരിപ്പുള്ള നികുതിത്തുക പുതിയ നിയമത്തിലേക്ക് (Transition credit) വരവുവെക്കാൻ അനുവദിക്കുന്ന വിധത്തിൽ 01.07.2017 തീയതിയിൽ നടപ്പിൽ വന്ന കേന്ദ്ര-സംസ്ഥാന/ജി.എസ്.ടി നിയമങ്ങൾ (വകുപ്പ് 140 പ്രകാരം) വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു.
എന്നിരിക്കിലും ഈ നികുതിത്തുക പുതിയ നിയമത്തിലേക്ക് വരവുവെക്കാൻ സാങ്കേതികമായി ചില നടപടികൾ ആവശ്യമായിരുന്നു. അതിൽ ഏറ്റവും പ്രധാനം ഇതുമായി ബന്ധപ്പെട്ട GST-TRAN എന്ന ഫോറം അനുബന്ധ രേഖകളുടെ അകമ്പടിയോടെ ജി.എസ്.ടിയുടെ ഇലക്ട്രോണിക് നെറ്റ്‍വർക്ക് സംവിധാനമായ GSTNൽ 01.07.2017 മുതൽ 90 ദിവസങ്ങൾക്കുള്ളിൽ അപ് ലോഡ് ചെയ്യണം എന്നതായിരുന്നു. പക്ഷേ, പുതിയ നിയമത്തിലെ സങ്കീർണതകളും ഉപയോക്താക്കളുടെ സാങ്കേതിക നൈപുണിക്കുറവും നെറ്റ്‍വർക്കിലെ സാങ്കേതിക തകരാറുകളും കാരണം നല്ലൊരു വിഭാഗം നികുതിദായകർക്കും ആ ചെറിയ സമയപരിധിക്കുള്ളിൽ അത് സാധിച്ചിരുന്നില്ല.
ഇതിനുള്ള സമയപരിധി ചുരുങ്ങിയ കാലയളവിൽ 1-2 തവണ നീട്ടി പിന്നീട് വകുപ്പ് തലത്തിൽ നിർദേശങ്ങൾ വന്നുവെങ്കിലും നികുതിദായകർക്ക് ന്യായമായും ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട അവസ്ഥയുണ്ടായി. രേഖകൾ അപ് ലോഡ് ചെയ്യാൻ ആവശ്യമായ സമയം അനുവദിക്കണമെന്നും നിയമപരമായി ലഭിക്കേണ്ടുന്ന ആനുകൂല്യം നേടുന്നതിന് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പല വ്യാപാരി വ്യവസായി കൂട്ടായ്മകളും നൽകിയ ഹരജികൾ ഫലംകണ്ടില്ല. അപ് ലോഡിങ് സാധ്യമാകാതിരുന്നത് സാങ്കേതികപ്രശ്നങ്ങൾ കാരണമാണെന്ന് തെളിയിക്കാനായിട്ടില്ല എന്ന കാരണം പറഞ്ഞാണ് ഇത്തരം ഹരജികൾ തള്ളുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്തത്. ഇത്തരം നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ജി.എസ്.ടി കൗൺസിലിനു മാത്രമേ അധികാരമുള്ളൂ.
വിവിധ സംസ്ഥാന ഹൈകോടതികൾ ഈ വിഷയത്തിൽ അവക്കു മുമ്പാകെ സമർപ്പിക്കപ്പെട്ട ഹരജികൾ തീർപ്പാക്കിക്കൊണ്ട് പ്രസ്തുത വിഷയം പരിശോധിച്ച് ഉചിത തീരുമാനം കൈക്കൊള്ളാൻ ബന്ധപ്പെട്ട ജി.എസ്.ടി അധികാരികളോട് നിർദേശിച്ചെങ്കിലും നികുതിദായകർക്കനുകൂലമായ തീരുമാനം ഉണ്ടായില്ല. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്യപ്പെട്ട 400 ഹരജികൾ തീർപ്പാക്കിക്കൊണ്ട്, 2022 ജൂലൈ 25ന് (ജി.എസ്.ടി നടപ്പിൽ വന്ന് കൃത്യം അഞ്ചു വർഷത്തിനുശേഷം) സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ, ആവശ്യമായ എല്ലാവർക്കും GST-TRAN ഫയൽ ചെയ്യാൻ സാധിക്കുന്ന രീതിയിൽ GSTN 01.09.2022 മുതൽ 31.10.2022 വരെ രണ്ടു മാസ കാലയളവിൽ തുറന്നുവെക്കാൻ ഉത്തരവിട്ടും അത്തരം അപേക്ഷകളിന്മേൽ തീരുമാനം എടുക്കാൻ ജി.എസ്.ടി അധികാരികൾക്ക് തുടർന്ന് പരമാവധി 90 ദിവസം മാത്രം അനുവദിച്ചുകൊണ്ടും ചരിത്രപരമായ വിധി പ്രസ്താവിക്കുകയുണ്ടായി.
ഏതു തരത്തിലുള്ള നികുതിയുടെ ക്രെഡിറ്റുകളും ഒരു വ്യക്തിയുടെ/സ്ഥാപനത്തിന്റെ വ്യാപാരസംബന്ധമായ ആസ്തിയാണെന്നും നിയമപരമായി അവകാശപ്പെട്ട അത് ഏതെങ്കിലും നടപടിക്രമത്തിലെ വീഴ്ചയുടെയോ പൂർത്തിയാക്കാനുള്ള കാലതാമസത്തിന്റെയോ പേരിൽ നിഷേധിക്കുന്നത് ഭരണഘടനവിരുദ്ധമാണെന്നുമുള്ള വസ്തുതയാണ് സുപ്രീംകോടതി പരിശോധിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ എല്ലാവർക്കും GST-TRAN അപ് ലോഡിങ് ചെയ്യത്തക്ക രീതിയിൽ GSTN, മേൽപറഞ്ഞ രണ്ടു മാസ കാലയളവിലേക്ക് തുറന്നുവെക്കപ്പെടുകയും അങ്ങനെ ചെയ്തവർക്ക് ലക്ഷക്കണക്കിന് രൂപയുടെ നികുതി ക്രെഡിറ്റ് ആനുകൂല്യം ഈ മാസം മുതൽ ലഭിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്.
ashrafappattillath@gmail.com
(കേരള ഹൈകോടതി അഭിഭാഷകനായ ലേഖകൻ സംസ്ഥാന ജി.എസ്.ടി വകുപ്പ് ജോയൻറ് കമീഷണറും കേരള ടാക്സ് അപ്പലറ്റ്
ട്രൈബ്യൂണൽ അംഗവുമായിരുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.