ആഘോഷങ്ങളിൽ അമർന്ന വിലാപം
text_fieldsപ്രബലനായ പ്രതിപക്ഷ നേതാവിന്റെ അയോഗ്യത നീക്കുന്ന വിധി സുപ്രീംകോടതിയുടെ ഒരു ബെഞ്ച് പുറപ്പെടുവിച്ചതിന്റെ ആഘോഷത്തിമർപ്പിൽ ഡൽഹിയമർന്ന നേരത്താണ് രാജ്യം ഉറ്റുനോക്കുകയായിരുന്ന മറ്റൊരു കേസിൽ സുപ്രീംകോടതിയുടെ മറ്റൊരു മുറിയിൽ രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന്റെ വിലാപം ഉയർന്നത്. ബാബരി മസ്ജിദിനുശേഷം തങ്ങൾ നൂറ്റാണ്ടുകളായി ആരാധന നിർവഹിച്ചുവരുന്ന ഒരു പള്ളി കൂടി നിയമവിരുദ്ധമായി പിടിച്ചെടുക്കാനുള്ള നീക്കമാണിതെന്ന് ആശങ്ക പ്രകടിപ്പിച്ചിട്ടും ‘ഇപ്പോൾ ഈ കേസിവിടെ അവസാനിപ്പിക്കുകയാണ്’ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദയം പറഞ്ഞപ്പോൾ ‘ഈ കോടതി വ്യവഹാരത്തിന്റെ ഓരോ ഘട്ടത്തിലും തങ്ങൾക്ക് സംശയവും വിശ്വാസക്കുറവും സംഭവിച്ചിരിക്കുന്നു’ എന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഹുസൈഫ അഹ്മദിക്ക് തുറന്നടിക്കേണ്ടി വന്നു. ബാബരി മസ്ജിദ് തകർത്ത ഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുക്കാനുള്ള വിവാദമായ അയോധ്യ വിധി പുറപ്പെടുവിച്ച ബെഞ്ചിലുണ്ടായിരുന്ന ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനോട് അതേ വിധിയെങ്കിലും മാനിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമില്ലാതെ വന്നപ്പോഴായിരുന്നു മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എ.എം. അഹ്മദിയുടെ മകൻ കൂടിയായ ഹുസൈഫക്ക് സുപ്രീംകോടതിയിലുള്ള സംശയം തുറന്നു പറയേണ്ടി വന്നത്.
നിയമത്തിന് നിരക്കാത്ത ‘ബാലൻസിങ്’ ഉത്തരവ്
ഒരേ ദിവസം പരിഗണിക്കുന്ന രാജ്യം ഉറ്റുനോക്കുന്ന രണ്ടു കേസുകളിൽ സുപ്രീംകോടതി വിപരീത ദിശകളിലാണെന്ന് തോന്നിക്കുന്ന വിധികൾ വരുന്നത് ഇതാദ്യമല്ല. ഏതാനും മാസം മുമ്പ് ന്യൂനപക്ഷ വിഭാഗം നടത്തുന്ന ഒരു മാധ്യമ സ്ഥാപനത്തിനുള്ള വിലക്ക് നീക്കി ചരിത്രവിധി പുറപ്പെടുവിച്ച് കേന്ദ്ര സർക്കാറിനെ തള്ളിയ അതേ ദിവസമാണ് പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് കേന്ദ്ര ഏജൻസിയുടെ ദുരുപയോഗത്തിനെതിരെ സമർപ്പിച്ച ഹരജി തള്ളി ആ വിഷയത്തിൽ സുപ്രീംകോടതി കേന്ദ്രത്തെ പുൽകിയത്.
ഗ്യാൻവാപി പള്ളിക്കുമേൽ ഹിന്ദുത്വവാദികളുടെ അവകാശ വാദത്തിന് ഇന്ധനമായി തീർന്ന ആദ്യ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിക്കുവേണ്ടി ഹാജരായ ഹുസൈഫയോട് ഇരു ഭാഗത്തോടും ‘ബാലൻസ്’ ചെയ്തുള്ള ഉത്തരവാണ് തങ്ങളുടേതെന്നാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നത്. വുദുഖാനക്ക് നടുവിലെ ജലധാര ശിവലിംഗം ആണെന്ന് അവകാശപ്പെട്ട് അവിടേക്ക് മുസ്ലിംകൾ പ്രവേശിക്കുന്നത് തടയണമെന്ന ഹരജി വന്നപ്പോഴേക്കും ആ ആവശ്യം അംഗീകരിച്ച് അത് അടച്ചുപൂട്ടി മുദ്രവെച്ച് കേന്ദ്ര സേനയുടെ സംരക്ഷണത്തിലാക്കാൻ ഉത്തരവിട്ടത് ഈ ‘ബാലൻസിങ്’ തത്ത്വമാക്കിയാണ്. ബാബരി മസ്ജിദ് തകർച്ചക്കുശേഷം സമാനമായൊരു ദുരന്തം സംഭവിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ പാസാക്കിയ 1991ലെ ആരാധനാലയ നിയമത്തിന് എതിരാണല്ലോ ഈ നടപടി എന്നു ചോദ്യത്തിന് മുസ്ലിംകളുടെ നമസ്കാരം തടഞ്ഞിട്ടില്ലെന്നും ഇരു കൂട്ടരോടും ബാലൻസ് ചെയ്യേണ്ടേ എന്നുമായിരുന്നു സുപ്രീംകോടതിയുടെ മറുപടി.
ഗ്യാൻവാപി കേസിൽ തിരുത്താത്ത തെറ്റ്
ഗ്യാൻവാപി പള്ളിയിലേക്ക് വരുന്ന വിശ്വാസികൾക്ക് അംഗശുദ്ധി വരുത്താനുള്ള വുദുഖാനയിലേക്കുള്ള പ്രവേശനം വിലക്കി അത് അടച്ചൂപൂട്ടി മുദ്രവെച്ച് കേന്ദ്ര സേനയുടെ കസ്റ്റഡിയിൽ കൊടുത്ത ഉത്തരവ് നിയമവൃത്തങ്ങളിൽ വ്യാപക വിമർശനത്തിനിടയാക്കി. ‘ഗ്യാൻവാപി കേസിൽ ചെയ്ത തെറ്റ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തിരുത്തുമോ’ എന്ന തലക്കെട്ടിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ അജാസ് അശ്റഫ് എഴുതിയ ലേഖനത്തിൽ ഇന്ത്യയുടെ സാമൂഹിക ചട്ടക്കൂടിന് ഇതിനകം പരിക്കേൽപിച്ച ഗ്യാൻവാപി വിവാദത്തിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈക്കൊണ്ട നിലപാട് ഇന്ധനം പകർന്നതെങ്ങനെയെന്ന് വ്യക്തമാക്കിയിരുന്നു. സ്വവർഗ വിവാഹത്തിലും മണിപ്പൂർ സംഘർഷത്തിലും ചീഫ് ജസ്റ്റിസിനുള്ള ആശങ്ക ഗ്യാൻവാപി പള്ളി തർക്കത്തിൽ അദ്ദേഹം കൈക്കൊണ്ട നിലപാടിന് വിരുദ്ധമാണ് എന്ന് അജാസ് അശ്റഫ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ ഗ്യാൻവാപി ഉത്തരവ് തർക്കം രൂക്ഷമാക്കുക മാത്രമല്ല, 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പായി വലതുപക്ഷ ഹിന്ദുത്വത്തിന് ധ്രുവീകരണത്തിനുള്ള അവസരം നൽകുക കൂടിയാണ് ചെയ്തതെന്ന് അദ്ദേഹം വിലയിരുത്തി.
ആരാധനാലയ നിയമത്തിന് ചീഫ് ജസ്റ്റിസിന്റെ വ്യാഖ്യാനം
1991ൽ കൊണ്ടുവന്ന ആരാധനാലയ നിയമം, രാജ്യത്ത് നിലവിലുള്ള ആരാധനാലയങ്ങളുടെ 1947 ആഗസ്റ്റ് 15ലെ നില മാറ്റുന്നത് മാത്രമാണ് തടഞ്ഞിട്ടുള്ളതെന്നും 1947 ആഗസ്റ്റ് 15ലെ ആരാധനാലയത്തിന്റെ സ്വഭാവം എന്താണെന്ന് പരിശോധിക്കുന്നത് തടഞ്ഞിട്ടില്ലെന്നുമുള്ള പുത്തൻ വ്യാഖാനമാണ് ചീഫ് ജസ്റ്റിസ് തിരുത്തേണ്ട തെറ്റായി അജാസ് അശ്റഫ് ചൂണ്ടിക്കാട്ടിയത്. അജാസിന്റെ ആ പ്രതീക്ഷ ഏതായാലും അസ്ഥാനത്തായി. ഗ്യാൻവാപി കേസിൽ കഴിഞ്ഞ വർഷം ചെയ്തുവെന്ന് അജാസ് പറഞ്ഞ തെറ്റ് ചീഫ് ജസ്റ്റിസ് തിരുത്തിയില്ലെന്നു മാത്രമല്ല, പള്ളിക്കു താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്നു നോക്കാൻ പുരാവസ്തു വകുപ്പ് സർവേ ആവശ്യപ്പെട്ടുള്ള ഹരജിയിലും 1991ലെ ആരാധനാലയ നിയമത്തിന് നൽകിയ പുത്തൻ വ്യാഖ്യാനം സംശയത്തിനിടയില്ലാത്തവിധം ചീഫ് ജസ്റ്റിസ് ആവർത്തിച്ചു. മഥുരയിലേതും കാശിയിലേതും അടക്കമുള്ള ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾക്കുമേൽ സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നത് തടയാൻ ബാബരി മസ്ജിദ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാക്കിയതാണ് ഈ നിയമമെന്ന് ഹുസൈഫ അഹ്മദി ഓർമിപ്പിച്ചിട്ടും നിലപാട് മാറ്റാൻ ചീഫ് ജസ്റ്റിസ് തയാറായില്ല. ഈ നിലപാടിൽ അമ്പരന്നാണ് താഴെ എന്തെങ്കിലും ഉണ്ടെന്നു പറഞ്ഞ് നാളെ മറ്റ് എവിടെയെങ്കിലും സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും വന്നാൽ അവിടെയും പുരാവസ്തു വകുപ്പിന്റെ സർവേ നടത്താൻ ഉത്തരവിടുമോ എന്ന് ഹുസൈഫ ചോദിച്ചത്. ഉവ്വെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. നിങ്ങൾക്ക് ബാലിശമായി തോന്നുന്നത് മറുഭാഗത്തിന്റെ വിശ്വാസമായിരിക്കാമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസിന് ഇക്കാര്യത്തിൽ ഒന്നും മറച്ചുവെക്കാനില്ലായിരുന്നു.
ബാബരി കേസ് വിധി കീഴ്വഴക്കമാകുകയാണ്
ഇനിയും ഇത്തരത്തിൽ പള്ളികൾക്കെതിരെ ഹരജികൾ നൽകുന്ന സാഹചര്യം രാജ്യമൊട്ടാകെ സംജാതമായിരിക്കുന്നുവെന്ന് വേദനയോടെ പറഞ്ഞിട്ടും ഗ്യാൻവാപി സർവേ ഒരു നിലക്കും തടയില്ലെന്നു കണ്ടപ്പോഴാണ് കേസിലെ കക്ഷികളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും രേഖെപ്പടുത്തും മുമ്പ് സർവേ റിപ്പോർട്ട് പക്ഷപാതപരമായി പുറത്തുവിടാതിരിക്കാൻ മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന അവസാന അഭ്യർഥന ഹുസൈഫ നടത്തി നോക്കിയത്. ജസ്റ്റിസ് പർദീവാല തന്നെ അത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത് ഹുസൈഫ ചൂണ്ടിക്കാണിച്ചു. അന്നേരം തന്റെ ആദ്യ നിലപാട് മാറ്റിയ ജസ്റ്റിസ് പർദീവാല ചീഫ് ജസ്റ്റിസിൽ നിന്നുള്ള തീരുമാനമാണ് തങ്ങളുടേതുമെന്നും ഇരുവിഭാഗത്തിന്റെയും താൽപര്യങ്ങൾ മാനിക്കുന്നതാണ് അതെന്നും പറഞ്ഞു. എന്നാൽ, ചരിത്രം മറ്റൊന്നാണ് തങ്ങളെ പഠിപ്പിച്ചതെന്നായിരുന്നു ഹുസൈഫയുടെ മറുപടി. ഡിസംബർ ആറിനാണ് ചരിത്രം തങ്ങളെ മറ്റൊന്ന് പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളി തകർത്ത അക്രമകാരികളെ ശിക്ഷിച്ചോ പള്ളി പുനർനിർമിച്ചോ ബാബരി മസ്ജിദ് ധ്വംസനത്തിന് പ്രായശ്ചിത്തം ചെയ്യാതെ പള്ളിയുടെ ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്ന വിധി അപകടകരമായ കീഴ്വഴക്കമായി തീരുമെന്ന് മതനിരപേക്ഷ ജനാധിപത്യ മനസ്സുള്ളവർ അന്നേ നൽകിയ മുന്നറിയിപ്പായിരുന്നു. ആ മുന്നറിയിപ്പാണ് വാരാണസി ഗ്യാൻവാപി പള്ളിക്കുമേലുള്ള അവകാശത്തർക്കത്തിൽ സുപ്രീംകോടതി ഉത്തരവുകളിലൂടെ പുലർന്നുകൊണ്ടിരിക്കുന്നത്.
vmbanna@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.