മരണം പടർത്തുന്നത് വൈറസ് മാത്രമല്ല
text_fieldsആധുനികത സമ്മാനിച്ച മനുഷ്യനിർമിതമായ എല്ലാ സന്നാഹങ്ങളെയും പരാജയപ്പെടുത്തി ഒരു സൂക്ഷ്മജീവി നടത്തുന്ന ആക്രമണം ന്യൂയോർക്കിലെയും പാരിസിെലയും റോമിലെയും ന്യൂഡൽഹ ിയിലെയും െബയ്ജിങ്ങിലെയും മോസ്കോയിലെയും റിയാദിലെയും തെൽഅവീവിലെയും കൈറോയിലെയു ം വിരൽത്തുമ്പിൽ ലോകമൊതുങ്ങി എന്നു വീമ്പുപറയാറുള്ള ഭരണാധികാരികളെ അസ്വസ്ഥമാക്കു ന്നുണ്ട്. നിരീക്ഷണകാമറകളും പൗരസഞ്ചാരം സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന രഹസ്യ ആപ്പുകളും ഒപ്പം കുറെ രഹസ്യപട്ടാളവും ഉണ്ടെങ്കിൽ ഏതു രാജ്യവും സുരക്ഷിതവും ശാന്തവുമായിരിക്കുമെന്ന ധാരണ തിരുത്തപ്പെട്ടിരിക്കുന്നു. ഈ തെറ്റായ സങ്കൽപം അടിച്ചേൽപിച്ചതുകൊണ്ടാണ് പല രാജ്യങ്ങളും പൊതുജനാരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവക്ക് ചെലവഴിക്കുന്നതിെൻറ പതിന്മടങ്ങ് പണം രാജ്യരക്ഷക്ക് നീക്കിവെക്കാറുള്ളത്. പക്ഷേ, ഇതുകൊണ്ടൊന്നും ഒരു രാജ്യവും സുരക്ഷിതമായിരിക്കണമെന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നു ഈ കൊച്ചു വൈറസ്.
യുദ്ധനാളുകളിൽ ജീവനിൽ കൊതിപൂണ്ട് നിലവിളിച്ചോടുന്പോൾ ദേശരാഷ്ട്രങ്ങളുടെ അതിർത്തിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട സിറിയയിലെയും ഇറാഖിലെയും കുഞ്ഞുങ്ങളും രക്ഷാബോട്ടിൽ കര തൊടാനാവാതെ അലറിക്കരയേണ്ടിവന്ന മ്യാന്മറിലെ റോഹിങ്ക്യകളും ഇത് കാണുമ്പോൾ കണ്ണുമിഴിക്കുന്നുണ്ടാവും. വിശന്നുവലഞ്ഞ മുഖവുമായി അതിർത്തികടന്നെത്തിയ തങ്ങളെ തള്ളിമാറ്റുന്നത് കണ്ട് ചങ്കുപിളർന്ന് മരിച്ചവരുണ്ട് അവരുടെ കൂട്ടത്തിൽ. കടലിൽ തളർന്നുവീണ് മുങ്ങിത്താണവരുണ്ട്. കടൽക്കരയിലേക്ക് വലിച്ചെറിഞ്ഞ ഐലൻ കുർദിമാരുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ അഭയാർഥികളുള്ള രാജ്യങ്ങളുടെ കണക്കുതന്നെ ഞെട്ടിക്കുന്നതാണ്. ഏറ്റവും കൂടുതൽ അഭയാർഥികളെ സ്വീകരിച്ച രാജ്യങ്ങളുടെ ക്രമം തുർക്കി, പാകിസ്താൻ, യുഗാണ്ട, സുഡാൻ, ജർമനി എന്നിങ്ങനെയാണ്. അഭയാർഥികൾ സൃഷ്ടിക്കുന്ന സാമൂഹിക-സാന്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച ആക്രോശങ്ങളും പുറത്താക്കാനുള്ള മുറവിളികളും ഏറ്റവും മനുഷ്യത്വവിരുദ്ധമായി മുഴങ്ങാറുള്ളത് സന്പന്ന യൂറോപ്യൻ രാജ്യങ്ങളിൽനിന്നും അമേരിക്കയിൽനിന്നുമാണ്. അഭയാർഥികളോടു സ്വീകരിക്കുന്ന അതേ സമീപനംതന്നെയാണ് കുടിയേറ്റക്കാരായ പൗരത്വം ലഭിച്ചവരോടുപോലും ചില രാജ്യങ്ങൾ സ്വീകരിക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം 272 ദശലക്ഷമായി വർധിച്ചെന്നാണ് 2019ലെ യു.എൻ ഡിപ്പാർട്മെൻറ് ഓഫ് ഇക്കണോമിക്സ് ആൻഡ് സോഷ്യൽ അഫയേഴ്സ് പറയുന്നത്. ഇതിൽ 51 ദശലക്ഷം വർധനയാണ് 2010-19 കാലയളവിൽ ഉണ്ടായത്. ഒരു കാലത്ത് തൊഴിൽശക്തിയുടെ അഭാവം നേരിട്ട പല സന്പന്ന യൂറോപ്യൻ രാജ്യങ്ങൾക്കും അനുഗ്രഹംതന്നെയായിരുന്നു ഈ കുടിയേറ്റം.
എന്നാൽ, ഇന്ന് സ്ഥിതി മാറി. സങ്കുചിത ദേശീയവാദികൾ കുടിയേറ്റവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഇന്ന് പല രാജ്യങ്ങളിലും അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്. പ്രസിഡൻറ് ട്രംപിെൻറ വിജയംപോലും കുടിയേറ്റവിരുദ്ധ വിഷലിപ്തപ്രചാരണങ്ങളെ തുടർന്നായിരുന്നു. പൗരത്വം ലഭിച്ചശേഷംപോലും ഇന്നും അവമതിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു അവർ; പ്രത്യേകിച്ച് തൊലിയുടെ നിറം മാറുമ്പോൾ. ആ അനുഭവമാണ് ജയിച്ചാൽ ദേശീയ താരമായി ആഘോഷിക്കപ്പെടുകയും തോറ്റാൽ കുടിയേറ്റക്കാരനായി ആക്ഷേപിക്കപ്പെടുകയും ചെയ്യുന്ന മാനസികാവസ്ഥയെക്കുറിച്ച് ബെൽജിയം കളിക്കാരൻ ലുകാകുവിനെ 2018ലെ ലോകകപ്പ് ഫുട്ബാൾ മത്സരത്തിനിടയിൽ പറയിപ്പിച്ചത്. വൈറസിനേക്കാൾ മാരകരൂപത്തിൽ മനുഷ്യവംശത്തെ ആക്രമിക്കുന്നവരാണ് സങ്കുചിത ദേശീയതയുടെയും വംശീയതയുടെയും വിഷബീജങ്ങൾ പേറുന്ന അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും വലതുപക്ഷ ഭരണകൂടങ്ങൾ. ബംഗാളിൽനിന്നു കുടിയേറിയ കുടിയേറ്റക്കാർ എന്ന പെരുങ്കള്ളം പ്രചരിപ്പിച്ചാണ് അസമിൽനിന്നു പതിറ്റാണ്ടുകളായി രാജ്യത്ത് താമസിക്കുന്നവരെ പുറത്താക്കാൻ ഇന്ത്യ ശ്രമിക്കുന്നത്. രാജ്യത്താകമാനം ഇത്തരം കുടിയേറ്റക്കാരുണ്ടെന്ന നുണയെ അടിസ്ഥാനമാക്കിയാണ് അവരെ ആട്ടിയോടിക്കാൻ സംഘ്പരിവാർ ഫാഷിസ്റ്റുകൾ ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കാനൊരുങ്ങുന്നത്. ഇന്ത്യയിൽ ഏതാനും നാളുകൾക്കുമുമ്പ് പൗരത്വനിഷേധ നിയമത്തിെനതിരെ നടന്ന പ്രക്ഷോഭങ്ങളിൽ മാത്രം കൊല്ലപ്പെട്ടത് നൂറിലധികം പേരാണ്.
ഫലസ്തീനിൽ ഭൂമിയുടെ യഥാർഥ അവകാശികളെ മതിലിനും കമ്പിവേലിക്കും ഇടയിൽ തളച്ച് കൂട്ടക്കൊല ചെയ്യുകയാണ് ഇസ്രായേൽ. പുറംലോകവുമായി ബന്ധമറ്റുകിടക്കുന്ന ഗസ്സ ഈ നൂറ്റാണ്ടിലെതന്നെ ഭീതിപ്പെടുത്തുന്ന അവകാശലംഘനത്തിെൻറയും വംശക്കുരുതിയുടെയും പ്രതീകമാണ്. ഫലസ്തീൻ അന്യായമായി കൈയേറിയശേഷം സയണിസ്റ്റുകൾ കൊന്നൊടുക്കിയ അറബികളുടെ എണ്ണം 11 ദശലക്ഷത്തിലധികം. അഭയാർഥികളായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ ആറു ദശലക്ഷത്തിലേറെ. ഇതിൽ ഒന്നര ദശലക്ഷവും പതിറ്റാണ്ടുകൾക്കുശേഷവും അഭയാർഥി ക്യാമ്പുകളിലാണ്. രാഖൈൻ പ്രവിശ്യയിൽനിന്ന് 2015നുശേഷം മാത്രം ഒമ്പതു ലക്ഷം ജനങ്ങളെയാണ് മ്യാന്മറിലെ ഭീകരഭരണകൂടം പുറത്താക്കിയത്. സിക്യാങ് പ്രവിശ്യയിലെ ഉയിഗൂർ വംശജർക്കുനേരെ ചൈന നടത്തുന്ന ക്രൂരമായ വംശഹത്യയും സാംസ്കാരിക ഉന്മൂലനരീതികളും അതിനീചവും മൃഗീയവുമാണ്. ഓരോ വർഷവും അമേരിക്ക പശ്ചിമേഷ്യയിലും അഫ്ഗാനിസ്താനിലും മാത്രം നടത്തുന്ന ബോംബ് വർഷത്തിൽ കൊല്ലപ്പെടുന്ന സിവിലിയന്മാർ പതിനായിരങ്ങളാണ്. സമാനസ്വഭാവത്തിൽതന്നെയാണ് ആധുനിക സംസ്കൃതി പിന്തുടരുന്ന മനുഷ്യവിരുദ്ധമായ സാമൂഹിക-സാന്പത്തിക ഘടനകളും തെറ്റായ വികസനപദ്ധതികളും കാരണം കൊല്ലപ്പെടുന്നവരും. യൂനിസെഫ് കണക്കുപ്രകാരം 22,000 കുട്ടികളാണ് പോഷകാഹാരക്കുറവ് കാരണം ഓരോ നാളും കൊല്ലപ്പെടുന്നത്. ശുദ്ധവെള്ളവും മതിയായ ശുചീകരണ സംവിധാനങ്ങളും ഇല്ലാത്തതിനാൽ അതിസാരംപോലുള്ള രോഗം ബാധിച്ച് 8,42,000 പേരാണ് വർഷംതോറും മരിക്കുന്നത്. അതായത്, ഓരോ ദിവസവും 2300 പേർ. പട്ടിണി കാരണം മരിക്കുന്നവരുടെ എണ്ണം ഏകദേശം ഒന്നര മില്യൺ വരും.
കോവിഡിനെതിരെ ഇന്ന് വായ്ത്താരിയിടുന്ന ഭരണാധികാരികളിൽ പലരുംതന്നെയാണ് അസന്തുലിത സാമ്പത്തികക്രമവും ചൂഷണവും അടിച്ചേൽപിച്ച് ഈ ജനതയുടെ അവകാശം അപഹരിച്ചവർ. കൂട്ടനശീകരണായുധങ്ങൾ നിർമിക്കുന്നതും രാസായുധങ്ങളും ജൈവായുധങ്ങളും വികസിപ്പിക്കാൻ തത്ത്വദീക്ഷയില്ലാതെ കോടികൾ ചെലവഴിക്കുന്നതും ഇതേ രാജ്യങ്ങൾതന്നെ. ഏകപക്ഷീയമായ ഉപരോധം കാരണം തകർന്നടിഞ്ഞ രാഷ്ട്രങ്ങളിൽ കുഞ്ഞുങ്ങൾ പട്ടിണികിടന്നു മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ ഉപരോധങ്ങൾ വിജയിച്ചു എന്ന് അവർ അഹങ്കരിക്കാറുണ്ട്. കോവിഡ് വ്യാപിക്കുന്ന ഇക്കാലത്തും ഉപരോധംകൊണ്ട് തകർന്നടിഞ്ഞ ഇറാൻ ജനതയെ രക്ഷിക്കാനോ ഗസ്സയിലെ ജനതക്ക് ആശ്വാസംപകരാനോ ആരും തയാറായിട്ടില്ല. ചൈനയുടെ തൊട്ടുടനെ അതിഭയാനകമാംവിധം കോവിഡ് ഇറാനിലേക്ക് വ്യാപിച്ചപ്പോൾ പുതിയ ഉപരോധവ്യവസ്ഥകൾ അടിച്ചേൽപിച്ച് യാതനയനുഭവിക്കുന്ന ജനതയെ ഒന്നുകൂടി പീഡിപ്പിക്കാനാണ് അമേരിക്ക ശ്രമിച്ചത്. നിരന്തരം മനുഷ്യഹത്യക്ക് നേതൃത്വം കൊടുക്കുന്ന വംശീയവാദി ഭരണാധികാരികളൊക്കെയും മനുഷ്യജീവനെക്കുറിച്ചോർത്ത് ഇപ്പോൾ സടകുടഞ്ഞെണീറ്റിരിക്കുന്നത് കോവിഡ്മരണം ഭൂമിയിലെ അവഗണിക്കപ്പെട്ടവരെ മാത്രമല്ല, സാമൂഹിക-സാന്പത്തിക ഭേദമില്ലാതെ സകലരെയും തട്ടിയെടുക്കുന്നതുകൊണ്ടാണ്. അപ്പോൾ മാത്രമുണ്ടാകുന്ന ഈ അമിത ഉത്കണ്ഠയുണ്ടല്ലോ, അതാണ് മരണത്തെക്കാൾ ഭീകരം.
(കണക്കുകൾക്ക് അവലംബം: www.who.int, www.dw.com, www.un.org, www.dosomething.org)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.