ട്രൂനാറ്റ്, ആൻറിജൻ, ആൻറിബോഡി...; കൊറോണ പരിശോധനയെ കുറിച്ച് അറിയേണ്ടതെല്ലാം
text_fieldsമറ്റു രോഗങ്ങളിൽനിന്ന് വ്യത്യസ്തമായി കോവിഡ് 19 രോഗനിർണയത്തിനായി വ്യത്യസ്തമായ ലബോറട്ടറി പരിശോധനകളാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ പരിശോധനകളുടെ പ്രത്യേകതകൾ, ഉപയോഗപ്പെടുത്തേണ്ട സാഹചര്യങ്ങൾ, രോഗനിർണയ കഴിവുകൾ എന്നിവയെക്കുറിച്ചൊക്കെ ധാരാളം സംശയങ്ങൾ ഉന്നയിക്കപ്പെടാറുമുണ്ട്.
പ്രധാനമായും മൂന്ന് തരം പരിശോധനകൾ
കോവിഡ് രോഗനിർണയത്തിന് പ്രധാനമായും മൂന്നുതരം പരിശോധനകളാണ് കേരളത്തിൽ നിലവിലുള്ളത്. അവ ഏതൊക്കെയെന്ന് നോക്കാം.
- ന്യൂക്ലിയിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റുകൾ. ഇവ മൂന്നു വിധത്തിലുണ്ട്. (RT-PCR, TrueNAAT, CB NAAT/Gene Expert),
- ആൻറിജൻ ടെസ്റ്റ്
- ആൻറിബോഡി ടെസ്റ്റ്
കൃത്യതയാർന്ന ആർ.ടി പി.സി.ആർ
ആദ്യവിഭാഗത്തിലെ RT - PCR (Real Time Polymerase Chain Reaction) ടെസ്റ്റാണ് പരിശോധനകളിലെ ഗോൾഡ് സ്റ്റാൻഡേഡ് ആയി പരിഗണിക്കുന്നത്. കൃത്യതയാണ് അതിെൻറ പ്രധാന മെച്ചം. വളരെ ചെറിയ അളവിലുള്ള വൈറൽ ജിനോമിനെപോലും ഗുണനാത്മകമായി എത്രയോ മടങ്ങ് വർധിപ്പിക്കുന്നതാണ് ഈ പരിശോധനയെ അന്യാദൃശമാക്കുന്നത്. മാത്രമല്ല ഒരു സമയത്ത് തൊണ്ണൂറു സാമ്പിളുകൾവരെ പരിശോധിക്കാനുള്ള സൗകര്യവും ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം, ഉയർന്ന സുരക്ഷ മാനദണ്ഡങ്ങളുള്ള ലബോറട്ടറിയും, ഇടമുറിയാത്ത കോൾഡ് ചെയ്നും, റിസൽറ്റ് വരാൻ എട്ടു മണിക്കൂറോളം കാത്തുനിൽക്കേണ്ടിവരുമെന്നതും ഈ പരിശോധനരീതിയുടെ ന്യൂനതയാണ്. ഇതിൽ ശാസ്ത്രീയമായി സ്രവം ശേഖരിക്കുന്നതിൽ വീഴ്ചവന്നാലും, കോൾഡ് ചെയ്ൻ കൃത്യമായി പാലിച്ചില്ലെങ്കിലും തെറ്റായ നെഗറ്റിവ് റിസൽറ്റ് (രോഗമുള്ളവർക്ക് രോഗമില്ല എന്ന റിപ്പോർട്ട്) ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. സ്വകാര്യ ലാബുകളിൽ 4500 രൂപവരെ വാങ്ങിയിരുന്ന ഈ പരിശോധന ഇപ്പോൾ സർക്കാർ നിർദേശപ്രകാരം 2750 രൂപ ചെലവിൽ ചെയ്യാൻ കഴിയും.
ട്രൂ നാറ്റ്, സി ബി നാറ്റ്
ഒന്നാമത്തെ ഗ്രൂപ്പിലെ മറ്റു രണ്ടു പരിശോധനകൾ ട്രൂ നാറ്റ്, സി ബി നാറ്റ് (ജീൻ എക്സ്പേർട്ട് ) ടെസ്റ്റുകളാണ്. ഇവ രണ്ടും ഫലപ്രദമായി കോവിഡ് രോഗനിർണയത്തിന് ഉപയോഗിക്കുന്നു. നേരിട്ട് ഒറ്റ സ്റ്റെപ്പിൽ (Fully automated) ചെയ്യുന്നതാണ് സി ബി നാറ്റ് (Catridge Based - Nucleic acid Amplification test ), കൊറോണ വൈറസിെൻറ ഇ-ജീൻ, എൻ ടു ജീൻ എന്നിവയെയാണ് ഈ ടെസ്റ്റ് തിരിച്ചറിയുന്നത്. 45 മിനിറ്റ് മാത്രമേ ഈ ടെസ്റ്റിന് ആവശ്യമുള്ളൂ. പരിശോധന ഉപകരണത്തിന് 15 ലക്ഷം രൂപയും ഒരു കാറ്റ്റിഡ്ജിന് 2800 രൂപയും ചെലവുവരും. െഎ.സി.എം.ആർ, സംസ്ഥാന സർക്കാർ, നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) എന്നിവയുടെ സമ്മതപത്രം ഈ പരിശോധനക്ക് ആവശ്യമാണ്. ഒരു തവണ നാലു പരിേശാധനകളേ ആവൂ എന്നതാണ് ഇതിെൻറ ന്യൂനത. 3000 രൂപയാണ് സർക്കാർ നിശ്ചയിച്ച ഫീസ്. പോസിറ്റിവ് റിസൽറ്റ് സംശയാതീതമായി (true positive) കണക്കാക്കും.
ചിപ്പ് അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് ട്രൂ നാറ്റ്. ഒരു സമയത്ത് ഏറ്റവും കൂടിയത് നാലു പേർക്കുമാത്രം ഉപയോഗപ്പെടുത്താവുന്ന ഈ പരിശോധനക്ക് ഒന്നര മണിക്കൂർ ആവശ്യമാണ്. രോഗവ്യാപനമറിയാനും രോഗനിർണയത്തിനും ഈ ടെസ്റ്റ് ഉപയോഗിക്കാം. രണ്ടു ഘട്ടങ്ങളായിട്ടാണ് ഈ പരിശോധന. ഒന്നാം ഘട്ടത്തിൽ വൈറൽ ആർ.എൻ.എ വേർതിരിച്ചെടുക്കും. ഇതിന് 20 മിനിറ്റ് ആവശ്യമാണ്. രണ്ടാംഘട്ടത്തിലെ ആദ്യപാദത്തിൽ ഒന്നാമത്തെ ചിപ്പ് വൈറസിെൻറ ഇ-ജീൻ തിരിച്ചറിയും. ഇ-ജീൻ പരിശോധനഫലം നെഗറ്റിവാണെങ്കിൽ സംശയാതീതമായ ഫലമായി കണക്കാക്കും. 40 മിനിറ്റാണ് ഇതിനാവശ്യമായ സമയം. ഒന്നാമത്തെ ചിപ്പിൽ പോസിറ്റിവാണെങ്കിൽ രണ്ടാം ചിപ്പ് ഉപയോഗിച്ച് റിസൽറ്റ് ഉറപ്പിക്കും. വൈറസിെൻറ RdRp ജീനിെൻറ സാന്നിധ്യമാണ് രണ്ടാംഘട്ടത്തിൽ പരിശോധിക്കുന്നത്. അതുകൂടി പോസിറ്റിവായാൽ സംശയാതീതമായി പോസിറ്റിവ് റിസൽറ്റ് ആയി പരിഗണിക്കും. 40 മിനിറ്റ് രണ്ടാമത്തെ ചിപ്പ് ടെസ്റ്റിനും ആവശ്യമാണ്. ഓരോ ചിപ്പ് ടെസ്റ്റിനും 1500 രൂപ വീതമാണ് ചാർജ് ചെയ്യുന്നത്. പോസിറ്റിവ് റിസൽറ്റ് പ്രഖ്യാപിക്കാൻ രണ്ടു ടെസ്റ്റും 3000 രൂപയും രണ്ടു മണിക്കൂറും വേണമെന്നർഥം. പരിശോധന ഉപകരണത്തിന് പത്തുലക്ഷം രൂപയാണ് വില.
രോഗവ്യാപനമറിയാൻ ആൻറിബോഡി
ആൻറിബോഡി ടെസ്റ്റുകൾ രോഗവ്യാപനമറിയാൻ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതൊരു രോഗനിർണയ ടെസ്റ്റല്ല. IgM ആൻറിബോഡി എട്ടാം ദിവസത്തിലും, IgG ആൻറിബോഡി പതിനാലാം ദിവസവും പ്രത്യക്ഷപ്പെടുമെന്നതും lgG ആൻറിബോഡി മൂന്നുമാസം വരെ ശരീരത്തിൽ ഉണ്ടാവുമെന്നതും ഉപയോഗപ്പെടുത്തിയാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. റിസൽറ്റ് പോസിറ്റിവാണെങ്കിൽ ഏതെങ്കിലും ഘട്ടത്തിൽ രോഗാണു ബാധിതനായിരുന്നു എന്നേ പറയാനാവൂ. പരിശോധന സമയത്ത് രോഗബാധിതനാണെന്ന് പറയാനാവില്ല. നെഗറ്റിവാണെങ്കിൽ രോഗബാധിതനല്ല എന്ന് ഉറപ്പുപറയാനുമാവില്ല. മൂന്നു മാസം വരെ ആൻറിബോഡി അടിസ്ഥാനമാക്കിയുള്ള പ്രതിരോധ ശേഷിയായ ഹ്യൂമറൽ ഇമ്യൂണിറ്റി ശരീരത്തിനുണ്ടാവുമെന്നു പറയാം. 20 മിനിറ്റാണ് ഇതിനാവശ്യമായ സമയം. 900 രൂപയോളമാണ് സ്വകാര്യ മേഖലയിൽ ഈടാക്കുന്നത്.
കുറഞ്ഞ ചെലവിൽ ആൻറിജൻ ടെസ്റ്റ്
ഫലപ്രദമായ രോഗനിർണയത്തിനായി െഎ.സി.എം.ആർ ആൻറിജൻ ടെസ്റ്റുകൾ നിർദേശിച്ചിരിക്കുന്നു. നമ്മുടെ നാടിെൻറ സാമൂഹിക-സാമ്പത്തിക പരിതോവസ്ഥകൾക്ക് ഏറ്റവും യോജിച്ച പരിശോധനയാണിത്. സർക്കാർ ഇതിെൻറ ചാർജ് 625 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. റിസൽറ്റ് ലഭിക്കാൻ വെറും 30 മിനിറ്റുമാത്രം മതി. ലാബ് സൗകര്യങ്ങളോ വിലയേറിയ ഉപകരണങ്ങളോ ആവശ്യമില്ല. സ്റ്റാൻഡേഡ് ക്യു കോവിഡ് 19 ആൻറിജൻ കിറ്റുകളാണ് െഎ.സി.എം.ആർ നിർദേശിച്ചിട്ടുള്ളത്.
രോഗിയുടെ മൂക്കിലെ (തൊണ്ടയിൽനിന്നല്ല) സ്രവമെടുത്ത് പ്രത്യേകതരം ബഫറിൽ മുക്കിയ ശേഷം ആൻറിജൻ സ്ട്രിപ്പിൽ മൂന്നു തുള്ളി ഒഴിച്ച്, അതിലെ വ്യതിയാനങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് വിലയിരുത്തിയാണ് പരിശോധന. പോസിറ്റിവ് ടെസ്റ്റ് സംശയാതീതമായി പോസിറ്റിവായി കണക്കാക്കും. ഇതിെൻറ സെൻസിറ്റിവിറ്റി 84.4 ശതമാനവും സ്പെസിഫിസിറ്റി 100 ശതമാനവുമാണ്.RT-PCR ടെസ്റ്റിെൻറ പരാധീനതകൾ മാത്രമെ ഈ ടെസ്റ്റിനുമുള്ളൂ.
അവലംബം സ്രവ പരിശോധന
രോഗനിർണയ ടെസ്റ്റുകെളല്ലാം സ്രവ പരിശോധനയാണ് അവലംബിക്കുന്നത്. സ്രവമെടുക്കുന്ന വസ്തു (Probe) തൊണ്ടയുടെ ഉൾഭാഗ(oro pharynx /Naso pharynx)ത്ത് എത്തിയ ശേഷം 180 ഡിഗ്രി തിരിച്ച് 10 സെക്കൻഡ് അവിടെ വെച്ച ശേഷം മാത്രമേ തിരിച്ചെടുക്കാവൂ. മൂക്കിൽ നിന്നെടുക്കുന്ന സ്രവമാണ് തൊണ്ടയിൽ നിന്നെടുക്കുന്ന സ്രവത്തേക്കാൾ പരിശോധനക്ക് അനുയോജ്യം. രോഗി കഠിനമായി തുമ്മാനുള്ള സാധ്യതയാണ്ഇതിലെ പ്രതികൂലവശം.
ആൻറിബോഡി കാർഡ് ടെസ്റ്റിന് ഒന്നോ രണ്ടോ തുള്ളി രക്തവും എലീസ ടെസ്റ്റിന് 2-5 മില്ലിലിറ്റർ രക്തവുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.