ആരാണ് രക്ഷപ്പെടുക? കോവിഡിെൻറ ടൈറ്റാനിക് യുക്തികള്‍
text_fieldsകോവിഡ് സൃഷ്ടിച്ച ഭീതിയുടെയും അരക്ഷിതത്വത്തിെൻറയും ആശങ്കകള്‍ പെയ്തൊഴിയുമ്പോള്‍ ആഗോളരാഷ്ട്രീയത്തില്‍ , അതിനെ നിലനിര്‍ത്തുന്ന സാമ്പത്തിക സംവിധാനങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാവാനിടയുണ്ടെന്ന രീതിയില ുള്ള ചിന്തകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ഇതില്‍ ചരിത്രപരമായ അർഥത്തില്‍ പ്രതീക്ഷിക്കപ്പെടാന്‍ അര്‍ഹതയുള്ള നിരീക്ഷണങ്ങള്‍, ഉള്‍ക്കാഴ്ചകള്‍, എന്തൊക്കെയാവും എന്നത് ആലോചിക്കേണ്ട വിഷയംതന്നെ. സ്വാഭാവികമായും അനേകം ഉട്ടോപ ്യന് ചിന്തകള്‍ക്ക് കോവിഡ് കാലം തിരികൊളുത്തുന്നുണ്ട്. ആഗോളവ്യാപകമായുണ്ടാവുന്ന ദുരന്തങ്ങള്‍, അത് അനേകംപേര ് പുഴുക്കളെപ്പോലെ മരിച്ചുവീഴുന്ന ലോകയുദ്ധങ്ങളായാലും മഹാവ്യാധികളായാലും, നമ്മുടെ സാമൂഹികജീവിതത്തിെൻറ ആഗോള നൈതികതയെ സാരമായി സ്പര്‍ശിക്കുന്ന വേദനകള്‍ സമ്മാനിച്ചിട്ടാണ് കടന്നുപോവുക. യുദ്ധാനന്തരലോകവും രോഗാനന്തരലോകവും ഒരുപോലെ അനേകായിരം ശവശരീരങ്ങള്‍ക്ക് മുകളിലാണ് പുതുക്കിപ്പണിയേണ്ടിവരുക. അതുകൊണ്ടുതന്നെ കോവിഡ് താണ്ഡവം അവസാനിപ്പിച്ചു കടന്നുപോയ ശേഷമുള്ള ലോകക്രമം മറ്റൊന്നായിരിക്കും എന്ന് കരുതുന്നവര്‍ ഏറെയുണ്ട്. മെഡിക്കല്‍ രംഗത്തുനിന്ന് മാനേജ്മെൻറ് വിദഗ്ധരെ ഒഴിവാക്കി ക്ലിനിഷ്യന്‍സ് തന്നെ സ്ഥാപനങ്ങള്‍ നയിക്കുന്ന പുതിയ ആരോഗ്യ പരിപാലന സംവിധാനം മുതല്‍ ഇന്നുകാണുന്ന മുതലാളിത്തം ഇല്ലാതായി വ്യത്യസ്തമായൊരു സാമൂഹികസംഘാടനം ഉയര്‍ന്നുവരും എന്നുവരെ സ്വപ്നം കാണുന്നവര്‍ അവരുടെ ന്യായങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ ഇതിനെ കേവലം വൃഥാഭിലാഷമായല്ല, സമകാല ജീവിതാവസ്ഥയോടുള്ള ദാര്‍ശനികത കലര്‍ന്ന പ്രതികരണങ്ങളായാണ് കാണുന്നത്.
മാറ്റത്തിനായുള്ള ഈ അദമ്യമായ ആഗ്രഹത്തിെൻറ അടിസ്ഥാനം മുതലാളിത്ത സംവിധാനങ്ങളുടെ സാര്‍വത്രികമായ പരാജയംതന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പണാധിപത്യത്തില്‍ അധിഷ്ഠിതമായ ചരിത്രരഹിതമായ ഒരു നീതിസങ്കൽപം മുതലാളിത്തം കൊടിയടയാളമായി സൂക്ഷിക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ അര്‍ഹതക്കനുസരിച്ച് പ്രതിഫലം നൽകപ്പെടുന്നു എന്ന് അത് അതിനെത്തന്നെ വിശ്വസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് വാങ്ങാവുന്ന/താങ്ങാവുന്ന സൗകര്യങ്ങള്‍ വാങ്ങി മനുഷ്യര്‍ തൃപ്തരാകണം എന്ന് അത് ആവശ്യപ്പെടുന്നു. ടൈറ്റാനിക് എന്ന കപ്പല്‍ മുങ്ങിയപ്പോള്‍ ഉണ്ടായ മനുഷ്യനാശത്തിെൻറ കണക്കുകള്‍ മുതലാളിത്തത്തില്‍ എന്ത് സംഭവിക്കുന്നു എന്നതിെൻറ ഒരു രൂപകമാണ്. യഥാർഥത്തില്‍ ആ കപ്പല്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ കഴിയുമായിരുന്ന അത്രയും ആളുകളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ടു കാരണങ്ങളാണ് മരണസംഖ്യ അത്ര അധികമാക്കിയത്. ഒന്ന് അപ്പര്‍ക്ലാസ് യാത്രക്കാര്‍ക്ക് മുകള്‍തട്ടുകളിലും ലോവര്‍ക്ലാസ് യാത്രക്കാര്‍ക്ക് താഴത്തെ തട്ടുകളിലുമാണ് താമസസൗകര്യം നല്‍കിയിരുന്നത്. കപ്പല്‍ മുങ്ങിയപ്പോള്‍ അതുകൊണ്ടുതന്നെ ഉയര്‍ന്ന ക്ലാസ് യാത്രക്കാര്‍ പരിമിതമായ ജീവന്രക്ഷാബോട്ടുകളുമായി വളരെ വേഗം ചാടി രക്ഷപ്പെട്ടു. കുറഞ്ഞ പണംനല്‍കി അടിത്തട്ടില്‍ താമസിച്ച സാധാരണ യാത്രക്കാര്‍ കൂടുതലും ആദ്യമേതന്നെ ജലസമാധിയായി. രണ്ടാമതായി ഒന്നാംക്ലാസ് യാത്രക്കാര്‍ കയറിയ ബോട്ടുകളില്‍ മറ്റുള്ളവരെ കയറ്റാന്‍ അവര്‍ വിസമ്മതിച്ചു.
മരണത്തിെൻറ ജലവക്ത്രത്തിനു മുന്നില്‍ നില്‍ക്കുമ്പോഴും ഉച്ചനീചത്വങ്ങളുടെ ഒരു മുതലാളിത്തയുക്തി അവരുടെ പെരുമാറ്റത്തെ അവരറിയാതെ നിയന്ത്രിച്ചുകൊണ്ടിരുന്നു. കപ്പലില്‍നിന്ന് രക്ഷപ്പെട്ടവരുടെ വിവരങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കുന്നവയാണ്. അപ്പര്‍ക്ലാസ് യാത്രക്കാരികളില്‍ കേവലം മൂന്നുശതമാനം മാത്രമേ മരിച്ചുള്ളൂവെങ്കില് മൂന്നാംക്ലാസ് യാത്രക്കാരികളില്‍ 54 ശതമാനത്തെയും ആരും രക്ഷിച്ചില്ല. അപ്പര്ക്ലാസില് യാത്രചെയ്തിരുന്ന കുട്ടികളില്‍ ഒരാളൊഴികെ എല്ലാവരും രക്ഷപ്പെട്ടപ്പോള്‍ മൂന്നാംക്ലാസില്‍ യാത്രചെയ്തരുന്ന 79 കുട്ടികളില്‍ 52 പേരും മരണത്തിനു കീഴടങ്ങി. എന്നാല്‍, വർഗവും വംശീയതയും ചേര്‍ന്ന ക്രൂരതയുടെ കഥയാണ് ആ കപ്പലില്‍ യാത്ര ചെയ്തിരുന്ന എട്ട് ചൈനീസ് വംശജരുടേത്. ടൈറ്റാനിക് കമ്പനിയുടെ ചെയര്മാന് ആയിരുന്ന ബ്രൂസ് ഇസ്മായ് രക്ഷപ്പെട്ട ലൈഫ്ബോട്ടില്‍ കയറി കൂലിത്തൊഴിലാളികളായ ഇവരില്‍ ആറുപേര്‍ രക്ഷപ്പെട്ടു. കരീബിയന്‍ മേഖലയിലേക്കോ മറ്റോ പോകേണ്ടവരായിരുന്നു ഇവര്‍. എന്നാല്‍, അവര്‍ രക്ഷപ്പെട്ട് കരക്കെത്തിയപ്പോള്‍ അമേരിക്കയിലേക്ക് അവര്‍ക്ക് പ്രവേശനം നിഷേധിച്ചു. ചൈനീസ് തൊഴിലാളികൾ അമേരിക്കയില്‍ വരുന്നത് വിലക്കുന്ന ആദ്യത്തെ കുടിയേറ്റ നിയന്ത്രണനിയമത്തിെൻറ (Chinese Exclusion Act) ബലത്തിലായിരുന്നു ആ ക്രൂരത. രക്ഷപ്പെട്ട മറ്റു യാത്രക്കാര്‍ക്ക് ലഭിച്ച വൈദ്യശുശ്രൂഷ പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. അവരെക്കുറിച്ച് സൂചിപ്പിച്ച് അന്നൊരു അമേരിക്കന്‍ പത്രം എഴുതിയത് ‘‘ലൈഫ് ബോട്ടില്‍ ചാടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഈ ജന്തുക്കളില്‍ രണ്ടുേപർ പിന്നീട് രക്ഷപ്പെടുത്തിയ സ്ത്രീകളുടെ ചവിട്ടേറ്റ് ചാകാനിടയായി’’ എന്നായിരുന്നുവത്രേ. രക്ഷപ്പെട്ട ആറു ചൈനക്കാര്‍ എന്തുകൊണ്ട് ടൈറ്റാനിക്കിെൻറ ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷരായി എന്ന് അന്വേഷിക്കുന്ന ഡോക്യുമെൻററി ‘ദ സിക്സ്’ (The Six) സംവിധായകരില്‍ ഒരാളായ സ്റ്റീവന്‍ ഷ്വാങ്കെര്ട്ട് (Steven Schwankert) ഇത് പറയുന്നുണ്ട്.
ആധുനിക വൈദ്യശാസ്ത്രത്തിെൻറയും ആരോഗ്യ സാങ്കേതികവിദ്യകളുടെയും ഏറ്റവും വലിയ ശേഖരമുള്ള അമേരിക്കയിലാണ് ആയിരക്കണക്കിന് മനുഷ്യര്‍ ദിവസവും കോവിഡ് ബാധിതരായി മരിച്ചുവീഴുന്നത്. പരിശോധനക്കോ ചികിത്സക്കോ പണമില്ലാത്ത ലോകത്തെ ഏറ്റവും വലിയ സൈനിക സാമ്പത്തികശക്തിയായ രാജ്യത്ത് പാവപ്പെട്ട രോഗികള്‍ കൂട്ടത്തോടെ മൃത്യുവിന് ഇരയാകുന്നു. പണക്കാര് മരിക്കുന്നില്ല എന്നല്ല, മരണം കൂടുതല്‍ സംഭവിക്കുന്നത് രോഗം ഉണ്ടായ വിവരം നേരത്തേ അറിയാനോ അറിഞ്ഞാല്‍തന്നെ ചികിത്സ ലഭ്യമാക്കാനോ കഴിയാത്ത സാധാരണക്കാര്‍ക്ക് ആണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മുതലാളിത്ത ലോകരാഷ്ട്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ ചെയ്യുന്നതാണ് മൂലധനത്തിന് വമ്പിച്ച ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കുക എന്നത്. ഒബാമയുടെ കാലത്ത് അമേരിക്കയെ സാമ്പത്തികപ്രതിസന്ധിയിൽനിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളറിെൻറ സഹായമാണ് സ്വകാര്യ മൂലധനത്തിന് നല്‍കിയത്. കോടിക്കണക്കിനു രൂപയുടെ നികുതിയിളവുകളാണ് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സ്വകാര്യമൂലധനത്തിന് കാലാകാലങ്ങളില്‍ നൽകുന്നത്. ഉദാരമായ വായ്പകള്‍തന്നെ പിന്നീട് എഴുതിത്തള്ളുന്നത് നാം കാണാറുണ്ട്. എന്നാല്‍, അനേകായിരം പേരുടെ ജീവന്‍തന്നെ അപകടത്തിലാവുന്ന സാംക്രമികരോഗത്തെ പ്രതിരോധിക്കാന്‍ കഴിയാതെ സാധാരണക്കാരും പാവപ്പെട്ടവരും ഭീതിയില്‍ അമരുമ്പോള്‍ എത്ര പിശുക്കിയാണ് ചില സഹായങ്ങള്‍ എങ്കിലും പ്രഖ്യാപിക്കപ്പെടുന്നത്!
വികസിതരാജ്യങ്ങളില്‍ ഇത്രയധികം മരണങ്ങളും രോഗാതുരതയും ഉണ്ടാവാനുള്ള പ്രധാനകാരണം എന്താണ് എന്ന് ചിന്തിച്ച പലരും എത്തിച്ചേര്‍ന്നത്, നിയോലിബറല്‍ യുക്തിയില്‍ അധിഷ്ഠിതമായ ആരോഗ്യമേഖലയുടെ പരിമിതികളിലാണ്. അമിതമായ വൈദ്യശുശ്രൂഷ ചെലവുകളും ഭൂരിപക്ഷം സാധാരണക്കാര്‍ക്കും താങ്ങാനാവില്ല എന്ന യാഥാര്‍ഥ്യത്തിനു മുന്നിലാണ് ഈ ദുരന്തം ഇത്രയും രൂക്ഷമായതിെൻറ കാരണങ്ങള്‍ അന്വേഷിക്കുന്നവര്‍ ചെന്നുനില്ക്കുന്നത്. എന്നാല്‍, ഈ അവസ്ഥയുടെ പരിസമാപ്തി എന്താണ്? കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തിനിടയില്‍, രണ്ടു മുൻ നൂറ്റാണ്ടുകളില്‍ ഉണ്ടായതിനേക്കാള്‍ ശക്തമായി മനുഷ്യരാശി മുതലാളിത്തത്തിെൻറ അങ്ങേയറ്റത്തെ പരിമിതികളെന്താണ് എന്ന് മനസ്സിലാക്കിക്കഴിഞ്ഞു എന്നത് ശരിയാണ്. ലോകത്തെ കോടിക്കണക്കിനു മനുഷ്യരെ തൊഴില്‍രഹിതരും നിരാലംബരുമാക്കിയ നാല് ആഗോള സാമ്പത്തിക പ്രതിസന്ധികള്‍, സാര്‍സും എബോളയും മുതല്‍ കോവിഡ് വരെയുള്ള ആഗോള സാംക്രമിക വ്യാധികള്‍ സൃഷ്ടിച്ച കടുത്ത അരക്ഷിതത്വം, ലോകചരിത്രത്തില്‍ മുമ്പില്ലാത്തവിധം വര്‍ധിച്ചുവരുന്ന അസമത്വം, കേവല സാമ്രാജ്യമോഹം മാത്രം കൊളുത്തിവിട്ട അനാവശ്യ യുദ്ധങ്ങള്‍ എന്നിങ്ങനെ ഒരു നൂറ്റാണ്ടിെൻറ ദുരനുഭവങ്ങള്‍ ഇതിനകം ഇരുപത്തൊന്നാം നൂറ്റാണ്ടിെൻറ ആദ്യ രണ്ടു ദശകങ്ങളില്‍തന്നെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. എങ്കിലും ഈ സാമ്പത്തിക സാമൂഹിക സംവിധാനം കോവിഡിനു ശേഷം തകരും എന്ന് കരുതാൻ ന്യായമില്ല. കാരണം, മുതലാളിത്തം മറ്റെല്ലാ ഉട്ടോപ്യകളെയും പിന്നിലാക്കുന്ന മായാവിഭ്രാന്തിയാണ്. മനുഷ്യവംശത്തിെൻറ സിസോഫ്രീനിയയാണ്. അത്തരമൊരു സംവിധാനത്തിെൻറ ഉള്ളറയിലുള്ളത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ ഒരു നൈതികബോധമാണ് എന്ന് ലോകജനത മനസ്സിലാക്കാന്‍ ഇനിയും സമയമെടുക്കും. അങ്ങനെ മനസ്സിലാക്കിയാൽതന്നെ വീണ്ടും വീണ്ടും ‘ഒന്നുമില്ലായ്മയില്‍നിന്ന് അധ്വാനിച്ച് അധ്വാനിച്ച് മനുഷ്യന് ഉന്നതിയിലെത്തുന്ന’ കഥകളില്‍ അഭിരമിക്കുന്ന ആ പ്രത്യയശാസ്ത്ര മായയില്നിന്ന് പുറത്തുകടക്കാനുള്ള ഇച്ഛാശക്തി ചരിത്രപരമായി രൂപപ്പെടണമെന്നില്ല. എങ്കിലും ആശിച്ചുപോവുകയാണ്- അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായില്ലെങ്കില്‍ പോലും, കുറേക്കൂടി മാനുഷികമായ ഒരു ലോകക്രമം രൂപപ്പെടുത്താന്‍ ഈ നൂറ്റാണ്ടിലെങ്കിലും മനുഷ്യരാശിക്ക് കഴിയട്ടെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.