പ്രവാസികളും കോവിഡ് ജാഗ്രതയും
text_fieldsകോവിഡിനെ മാറ്റിനിർത്തി മുന്നോട്ടപോകാൻ കഴിയില്ല എന്ന തിരിച്ചറിവ് പഴയ രോഗഭീതിയിൽനിന്ന് മുക്തരാക്കിയിട്ടുണ്ട്. അതാകട്ടെ, തുടക്കത്തിലുണ്ടായ ജാഗ്രതയെ നല്ലരീതിയിൽ കുറച്ചുകൊണ്ടുവന്നു. രോഗവ്യാപനത്തെ പ്രതിരോധിക്കുന്ന സാമൂഹിക അകലവും സാനിറ്റൈസറും അപ്രത്യക്ഷമായി. മാസ്ക് ദുരന്തകാലത്തിെൻറ അടയാളമായി താടിയിൽ തൂങ്ങിക്കിടക്കുന്നു. കോവിഡിെൻറ തുടക്കത്തിൽ ലോകത്തിന് മാതൃകയായ കേരളത്തിലെ ഇന്നത്തെ അവസ്ഥയാണിത്. സർക്കാറും രാഷ്ട്രീയപാർട്ടികളും ഈ അവസ്ഥക്കു മുന്നിൽ കണ്ണടക്കാൻ കാരണം, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ സ്ഥിതി തുടർന്നേ മതിയാകൂ. ഈ സാഹചര്യത്തിലാണ് പ്രവാസികൾക്കുനേരെയുള്ള കോവിഡ് നിയമങ്ങളെ പരിശോധിക്കേണ്ടത്.
ഇന്ത്യയിൽ കോവിഡ് അതിവ്യാപനത്തിൽപെട്ട അഞ്ചു സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളം കൃത്യമായി രോഗ വ്യാപനം തടഞ്ഞ സംസ്ഥാനമായിരുന്നു. അതിനുവേണ്ടി വിവേചനപരമായ പല നടപടികളും സ്വീകരിച്ചു. അതിൽ മനുഷ്യത്വരഹിതമായ നിലപാടിെൻറ ഇരകളായത് പ്രവാസികളായിരുന്നു. വീട്ടിലും നാട്ടിലും നികൃഷ്ടജീവിയായി അവർ വേട്ടയാടപ്പെട്ടു. അതിനിടയിൽ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾ അക്ഷരാർഥത്തിൽ തളർന്നുപോയി. അത്തരത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരു നയാപൈസയുടെ സഹായം ഇന്നുവരെ നൽകിയിട്ടില്ല. മരിച്ച പ്രവാസി കുടുംബത്തിന് ഫിലിപ്പീൻസ് പോലുള്ള രാജ്യത്ത് അവിടത്തെ സർക്കാർ 10 ലക്ഷത്തോളം രൂപ നൽകി. കേരളത്തിലെ പ്രവാസികൾ മരിച്ച വീട്ടിൽ എത്ര ജനപ്രതിനിധികൾ സാന്ത്വനവുമായി എത്തി? അവർക്ക് എന്ത് സാമ്പത്തികസഹായമാണ് നൽകിയത്?
പുതിയ നിയമപ്രകാരം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് ഗൾഫ്രാജ്യത്തുനിന്നുള്ള പി.സി.ആർ ടെസ്റ്റ് എടുക്കണം. ശേഷം ഇറങ്ങുന്ന എയർപോർട്ടിൽ വീണ്ടും കോവിഡ് ടെസ്റ്റ്. ഇത് രണ്ടും യാത്രക്കാരായ പ്രവാസികളുടെ സ്വന്തം ചെലവിലായിരുന്നത് കേരളസർക്കാർ വിട്ടുകൊടുത്തത് നല്ലകാര്യം. 72 മണിക്കൂറിന് മുമ്പ് ടിക്കറ്റ് എടുത്ത് ടെസ്റ്റ് കഴിഞ്ഞ് പോസിറ്റിവായാൽ ടിക്കറ്റിെൻറ കാശും നഷ്ടമാകും. ടെസ്റ്റ് കഴിഞ്ഞ് ടിക്കറ്റ് എടുത്താൽ അമിതമായ ചാർജാണ്. ഇതൊക്കെ താങ്ങേണ്ടത് ജോലിയും കൂലിയുമില്ലാത്ത പ്രവാസികൾ.
നിലവിലെ അവസ്ഥ
ജനുവരി അവസാനവാരം നോർക്ക പുറത്തുവിട്ട കണക്കുപ്രകാരം കോവിഡ് കാലത്ത് കേരളത്തിൽ എത്തിയത് 6,31,276 പ്രവാസികളാണ്. ഇവരിൽനിന്ന് തിരിച്ചു പോയ പ്രവാസികൾ 65,000ത്തോളം പേർ. ബാക്കിവരുന്ന അഞ്ചര ലക്ഷത്തിൽ കൂടുതൽപേർ ഇപ്പോഴും കേരളത്തിൽ തുടരുകയാണ്. ഇത് 2021 ജനുവരി 21വരെയുള്ള നോർക്കയുടെ കണക്കാണ്. ഇത്തരം കാര്യങ്ങൾ അറിയാത്തവരാണോ പ്രവാസികൾക്ക് അമിതചെലവ് സമ്മാനിക്കുന്നത്. നിലവിലെ അവസ്ഥയിൽ ഗൾഫിൽ ജോലി നഷ്ടമായി കഷ്ടപ്പെടുന്ന പ്രവാസികൾക്ക് താങ്ങും തണലുമായി സർക്കാറും രാഷ്ട്രീയസംവിധാനങ്ങളും മാറേണ്ടത് ഇപ്പോഴാണ്.
പല ഗൾഫ്രാജ്യങ്ങളിലും കോവിഡ് അനുബന്ധമരണങ്ങൾ വർധിച്ചിട്ടുണ്ട്. ഇതെഴുതുമ്പോൾ ഗൾഫിലെ ആകെ കോവിഡ് മരണം 10,949 ആണ്. സ്വദേശികളെക്കാൾ കൂടുതൽ വിദേശികളുള്ള രാജ്യങ്ങളിൽ മരിച്ചവരിൽ അധികവും വിദേശികളാണ്. അതിൽ ഇന്ത്യക്കാരും. ഇന്ത്യക്കാരിൽ ഭൂരിപക്ഷ ശതമാനവും മലയാളികൾ. െഫബ്രുവരി 24 വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് യു.എ.ഇയിൽ ആണ് (3,78,637; മരണം: 1164). നേരത്തെ അത് സൗദിയായിരുന്നു (3,76,021; മരണം: 6475). ഇതാണ് ഗൾഫിലെ കോവിഡ് അവസ്ഥ. അപ്പോഴും സ്വദേശി വിദേശി വ്യത്യാസമില്ലാതെയാണ് ഇവിടത്തെ രോഗീപരിചരണം. യു.എ.ഇ ദിനംപ്രതി ഒരു ലക്ഷം പേർക്കാണ് വാക്സിനേഷൻ നൽകുന്നത്.
ഇങ്ങനെ നൽകുന്ന 10 രാജ്യങ്ങളിൽപെട്ട ഒരു രാജ്യമാണിത്. എന്നാൽ, കോവിഡ്ബാധയാൽ ഗൾഫിൽ മരിച്ച ഇന്ത്യക്കാരുടെ കണക്കും സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കും എത്രയാണ്? അല്ലെങ്കിൽ, അങ്ങനെയൊന്നുണ്ടോ? സാധ്യത കുറവായിരിക്കാം. കാരണം, എല്ലാരീതിയിലും അവഗണിക്കപ്പെട്ട വിഭാഗമാണ് ഇന്ത്യയിലെ ആഭ്യന്തര, അന്തർദേശീയ തൊഴിൽ കുടിയേറ്റസമൂഹം. ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമത്തിനെയും കാണേണ്ടത്.
പുതിയ നിയമം എന്തിന്?
കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതും കേരളം നടപ്പാക്കുന്നതുമായ കോവിഡ് മാനദണ്ഡങ്ങൾ പ്രത്യക്ഷത്തിൽ ഗുണകരമാണെന്ന് തോന്നിയേക്കാം. എന്നാൽ, ശാസ്ത്രീയമായി വിശകലനം ചെയ്താൽ അതിലെ അയുക്തി എളുപ്പത്തിൽ ബോധ്യപ്പെടും. ഒന്നാമതായി വിമാനയാത്ര വഴി അതിവേഗം രോഗവ്യാപനം നടക്കാൻ സാധ്യതയുണ്ട് എന്നാണ് പൊതുധാരണ.
ഇത് തെറ്റാണെന്ന് തെളിയിക്കുന്നുണ്ട് യു.എ.ഇയിലേക്ക് മടങ്ങിയെത്തിയ 27 ലക്ഷത്തോളം യാത്രക്കാർ. ഈ യാത്രക്കാരിൽ 0.7 ശതമാനത്തിന് മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂ എന്ന് യു.എ.ഇയിലെ രോഗപ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും തകിടംമറിഞ്ഞ ഇന്ത്യയിൽ, പ്രത്യേകിച്ചും പ്രവാസികൾ കൂടുതലുള്ള കേരളത്തിൽ ഈ നിയമം കൊണ്ട് എന്ത് ഗുണം എന്ന ചോദ്യം ഉയർന്നുവരുന്നത്.
ജനിതകമാറ്റം സംഭവിച്ച കോവിഡിനെ പ്രതിരോധിക്കാനാണെങ്കിൽ 72 മണിക്കൂറിനുള്ളിലെ ടെസ്റ്റ് മതിയല്ലോ. അതല്ലെങ്കിൽ നാട്ടിലെ എയർപോർട്ടിലെ ടെസ്റ്റ് മതിയല്ലോ. കൂടാതെ രാഷ്ട്രീയാഘോഷങ്ങളിൽ പങ്കെടുക്കാതെ പ്രവാസി കൃത്യമായി ക്വാറൻറീൻ പാലിക്കുന്നുണ്ടല്ലോ. ഇത്തരം ശരികൾ നിലനിൽക്കെ പുതിയ നിയമം ചൂഷണംതന്നെയാണ്. ജനത്തിെൻറ ആരോഗ്യമാണ് പ്രധാനമെങ്കിൽ ആദ്യം കേരളത്തിലെ രാഷ്ട്രീയ പ്രചാരണാഘോഷങ്ങളാണ് നിർത്തേണ്ടത്.
കോവിഡ് കാലം അല്ലായിരുന്നെങ്കിൽ ഇതിനകം തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിന് കേരളത്തിലെ രാഷ്ട്രീയനേതാക്കന്മാർ പലതവണ ഗൾഫിൽ എത്തേണ്ട സമയമാണിത്. എന്നാൽ, ഇതൊന്നും മനസ്സിലാക്കി പ്രതികരിക്കാൻ രാഷ്ട്രീയവിധേയത്വമുള്ള പ്രവാസിസംഘടനകളും നേതാക്കളും തയാറാകുന്നില്ല. പ്രവാസിവോട്ടിെൻറ കാര്യത്തിലായാലും കോവിഡ് കാലത്തെ പ്രവാസിവിവേചനത്തിെൻറ കാര്യത്തിലായാലും കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് വ്യക്തമായ ഒരു നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകാൻ കഴിയുന്നില്ല.
രാഷ്ട്രീയലാഭത്തിന് പരസ്പര കുറ്റാരോപണങ്ങൾ അവതരിപ്പിച്ച് കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകൾ പ്രവാസികളെ അവഗണിക്കുകയാണ്. ഇത് ആദ്യം മനസ്സിലാക്കേണ്ടത് പ്രവാസികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.