കോവിഡും പൊതുജനാരോഗ്യവും: സമൂല മാറ്റത്തിന് സമയമായി
text_fieldsകേരളത്തിെൻറ ആരോഗ്യമേഖല പൂർണമായി കോവിഡെന്ന ഒറ്റവാക്കിൽ തുടങ്ങി അവിടെ അവസാനിക്കുകയാണ്. ഇതിനകം ലക്ഷക്കണക്കിന് രോഗികളെ പരിചരിക്കേണ്ടിയിരുന്ന മെഡിക്കൽ കോളജുകൾ വെറും എൺപതിനായിരത്തോളം വരുന്ന കോവിഡ് പോസിറ്റിവായ വ്യക്തികളെ അനാവശ്യമായി പിടികൂടി പാർപ്പിക്കാനുള്ള കേന്ദ്രങ്ങൾ മാത്രമായി ചുരുങ്ങി. ഈ നിലപാട് കോവിഡ് പ്രതിസന്ധിയുടെ ആദ്യകാലത്ത് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്ക് വിരുദ്ധവുമാണ്.
കോവിഡ് പരിശോധനയിൽ പോസിറ്റിവായതുകൊണ്ടു മാത്രം ഒരു രോഗലക്ഷണവുമില്ലാത്ത വ്യക്തികളെ രോഗികളുടെ ഗണത്തിൽപെടുത്തുകയെന്നത് മോഡേൺ മെഡിസിെൻറ അടിസ്ഥാനതത്ത്വങ്ങൾക്ക് വിരുദ്ധമാണ്. രോഗാണുവിെൻറ സാന്നിധ്യമുണ്ടായി എന്ന കാരണത്താൽ മാത്രം ഒരു ശാരീരികപ്രയാസവുമില്ലാത്തവരെ എങ്ങനെയാണ് രോഗിയായി കണക്കാക്കുക? മാധ്യമങ്ങളിൽ നിത്യേന കോവിഡ് ബാധിതരായി എണ്ണം കാണിക്കുന്ന ഭൂരിഭാഗവും ഈ കൂട്ടത്തിൽപെട്ടതാണ്. കോടിക്കണക്കിനു രൂപയാണ് പി.പി.ഇ കിറ്റിെൻറയും മറ്റും പേരിൽ ഈയാളുകളുടെ അനാവശ്യ പരിചരണത്തിന് ആരോഗ്യപ്രവർത്തകർക്കായി ചെലവായിക്കഴിഞ്ഞത്.
കോവിഡിെൻറ സമൂഹത്തിലെ വ്യാപനം തടയാനാണ്, അല്ലാതെ ചികിത്സ കൊടുക്കാനല്ല കോവിഡ് പോസിറ്റിവായവരെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുന്നതെന്ന് വാദിക്കുന്നവരോട് വിനീതമായി ചോദിക്കാനുള്ളത്, മെഡിക്കൽ കോളജിെൻറ അമൂല്യസംവിധാനങ്ങൾ ഇവരിൽ 97 ശതമാനം ആളുകൾക്കും ഒരുഘട്ടത്തിലും ആവശ്യമായിരുന്നില്ലല്ലോ എന്നാണ്. Azithromycin, HCQS, Vitamin C ഗുളികകൾ മാത്രം കഴിച്ച് നേരംപോക്കാൻ പരമാവധി കമ്യൂണിറ്റി ഹെൽത്ത് സെൻററുകളടക്കമുള്ള ഫസ്റ്റ് ലൈൻ സെൻററുകൾ ധാരാളമായിരുന്നില്ലേ? മെഡിക്കൽ കോളജ് പോലുള്ള തൃതീയ (tertiary) സംവിധാനത്തിലൊഴികെ മറ്റു സർക്കാർ ആരോഗ്യസംവിധാനങ്ങളിൽ ഒരിക്കലും ചികിത്സിക്കാൻ കഴിയാത്ത പക്ഷാഘാതം, ഹൃദയാഘാതം, വൃക്കരോഗം തുടങ്ങിയവ അലട്ടുന്ന അടിയന്തരസ്വഭാവമുള്ള രോഗികളെ ഹെൽത്ത് സെൻററുകൾപോലെ താഴെക്കിടയിലുള്ള സംവിധാനങ്ങളിൽ തീർത്തും അപര്യാപ്തമായ ചികിത്സയിലൊതുക്കി കഷ്ടപ്പെടുത്തുന്നതിന് എന്നാണ് അവസാനമുണ്ടാവുക?
മെഡിക്കൽ കോളജുകളിലെ കോവിഡ് ചികിത്സക്ക് ആവശ്യമായ രണ്ടോ മൂന്നോ ഡിപ്പാർട്മെൻറുകളിലെ ജൂനിയർ ഡോക്ടർമാർ മാത്രമാണ് ഇപ്പോൾ പണിയെടുക്കുന്നത്. ആ വകുപ്പുകളിലെ സീനിയർ ഡോക്ടർമാരും കോവിഡ് ചികിത്സയിൽ ഒരു റോളുമില്ലാത്ത മറ്റു വകുപ്പുകളും പൂർണമായി നിഷ്ക്രിയമാണ്. കോവിഡ് കൈകാര്യംചെയ്യുന്നവരുടെ ചിന്തകളിൽതന്നെ കോവിഡല്ലാതെ മറ്റൊരു രോഗസാധ്യതയും കടന്നുവരുന്നുമില്ല. പനി, ശ്വാസതടസ്സം, ചുമ എന്നിവക്ക് ന്യൂമോണിയ, ഹൃദ്രോഗങ്ങൾ എന്നിവയടക്കം കോവിഡല്ലാതെ ഒരുപാട് ബദൽസാധ്യതകൾ ചിന്തിക്കാമെന്നിരിക്കെ കോവിഡെന്ന ഒറ്റ സാധ്യതയിൽ ചുരുങ്ങി എട്ടും പത്തും പ്രാവശ്യം വിലകൂടിയ കോവിഡ് ടെസ്റ്റുകൾ ആവർത്തിക്കുന്ന സാഹചര്യം മെഡിക്കൽ കോളജുകളിൽ നിലനിൽക്കുന്നത് നമ്മുടെ ശാസ്ത്രചിന്ത കോവിഡ് സൃഷ്ടിച്ച വിഭ്രാന്തിയിൽ നഷ്ടപ്പെട്ടു എന്നതിനു തെളിവാണ്.
തിരിച്ചുപോക്ക് സാധ്യമാകണമെങ്കിൽ എവിടെയാണ് പാളിയതെന്ന ആത്മവിമർശനത്തിനുള്ള സത്യസന്ധത കാണിക്കണം. ലോകം മുഴുവൻ പകച്ചുനിന്ന ആദ്യത്തെ രണ്ടോ മൂന്നോ മാസങ്ങളിൽ തലതിരിഞ്ഞ ഈ തീരുമാനങ്ങളെ ന്യായീകരിക്കാമായിരുന്നു. ഭയത്തിനു പകരം യുക്തിപൂർണമായ തിരുത്തുകൾ വരേണ്ട പിന്നീടുള്ള ദിവസങ്ങളിൽ പഴയ അബദ്ധങ്ങളിൽതന്നെ തുടരുന്നത് രാഷ്ട്രീയതാൽപര്യങ്ങൾക്ക് എതിരുനിൽക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ടാണെന്നത് ആരോഗ്യവകുപ്പിലെ ഉത്തരവാദപ്പെട്ടവർക്ക് നിഷേധിക്കാൻ കഴിയുമോ? ഇത്തരം സന്ദർഭങ്ങളിൽ സർക്കാറിന് മാർഗദർശകരാകേണ്ട ഉന്നതസ്ഥാനങ്ങളിലെ ഡോക്ടർമാർ നിർഭാഗ്യവശാൽ ഈ പാളിച്ചകൾ തുറന്നുപറയുന്ന മുതിർന്ന ഡോക്ടർമാരെ അടിച്ചിരുത്തുന്നതിൽ മാത്രമാണ് മിടുക്ക് കാണിക്കുന്നത്.
തെറ്റായ ശാസ്ത്രചിന്ത സാമാന്യയുക്തിയെ കീഴടക്കുമ്പോൾ
അടിസ്ഥാന യുക്തിക്ക് വിരുദ്ധമായി ടെക്നോളജിയെ മാത്രം ആശ്രയിക്കുന്നതാണ് നല്ല ചികിത്സയെന്ന ധാരണക്ക് അവസാനമുണ്ടാകണം. കോവിഡ് ചികിത്സയെന്നാൽ ധാരാളം വെൻറിലേറ്ററുകൾ വാങ്ങിക്കൂട്ടുകയാണെന്ന് മിക്ക ലോകരാഷ്ട്രങ്ങളെയുംപോലെ നമ്മളും തെറ്റിദ്ധരിച്ചിരിക്കുന്നു. മറ്റെല്ലാ രോഗങ്ങളെയുംപോലെ രോഗാണു മാത്രമല്ല കോവിഡിലും രോഗമുണ്ടാക്കുന്നത്. കൊറോണ വൈറസിെൻറ കേവലസാന്നിധ്യം ഒരിക്കലും രോഗമുണ്ടാക്കുന്നില്ലെന്ന് ഇതുവരെയുള്ള അനുഭവങ്ങളിൽനിന്ന് തിരിച്ചറിയണം. രോഗാണുവിെൻറ സാന്നിധ്യത്തോടൊപ്പം അതിന് വിധേയമാകുന്ന വ്യക്തിയുടെ ശാരീരിക, മാനസിക ബലഹീനതകളും (host factor) വ്യക്തിയുടെ ചുറ്റുപാടുകളിലുള്ള (environment) വീഴ്ചകളുംകൂടിയാണ് പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. വ്യക്തിയെ ശാരീരികവും മാനസികവുമായി ബലപ്പെടുത്താൻ ആരോഗ്യകരമായ ഭക്ഷണരീതികളും വ്യായാമവും ആരോഗ്യമുള്ള മാനസികാവസ്ഥയും വേണം. ജീവിതശൈലികൾ പാളി അമിതവണ്ണം, രക്താതിസമ്മർദം, പ്രമേഹം എന്നിവയുണ്ടായവരിലാണ് മരണങ്ങൾ സംഭവിച്ചത്. വ്യക്തിയുടെ ചുറ്റുപാടുകൾ ആരോഗ്യകരമാവുകയെന്നാൽ ശുദ്ധമായ ഭക്ഷണവും ശുദ്ധമായ വായുവും ലഭ്യമാവുകയെന്നുകൂടിയാണ്.
ഈയർഥത്തിൽ രോഗംവരാതെ നോക്കുന്നതിന് പ്രാധാന്യം കൊടുത്ത് കാനഡ പോലുള്ള വികസിതരാജ്യങ്ങളിൽ 80 ശതമാനം ഡോക്ടർമാരും പ്രൈമറി ഹെൽത്ത് കെയറിൽ തുടരുന്നു. ഇതിനു പകരം കേരളം വിപണിലാഭം മാത്രം മുന്നിൽ കണ്ടുള്ള ടെക്നോളജിയും സൂപ്പർസ്പെഷാലിറ്റിയും നിറഞ്ഞ അമേരിക്കൻ മോഡലിനെയാണ് ഇതുവരെ മാതൃകയാക്കിയത്. അതുകൊണ്ടു മാത്രമാണ് വീടുകളിലോ കേവല നിരീക്ഷണകേന്ദ്രങ്ങളിലോ കഴിയേണ്ട ആരോഗ്യവാന്മാരായ വ്യക്തികളെ ഓടിച്ചിട്ട് പിടിച്ച് മെഡിക്കൽ കോളജുകളിൽ നൂതന സംവിധാനങ്ങളുടെ കാവലിൽ സുരക്ഷിതരാക്കാമെന്ന തെറ്റായ തീരുമാനത്തിൽ നമ്മളെത്തിയത്.
ശാസ്ത്രസംവാദങ്ങളും ആരോഗ്യകരമാകണം
നമ്മെ കീഴടക്കിയ കച്ചവടവത്കൃതമായ ആരോഗ്യനയങ്ങൾക്കു പകരം സാമാന്യയുക്തിക്ക് നിരക്കുന്ന തീരുമാനങ്ങൾ മാത്രമേ ശാസ്ത്രീയമാവുകയുള്ളൂവെന്നു വിളിച്ചുപറയുന്ന ദശകങ്ങളോളം അധ്യാപനപരിചയമുള്ള പ്രഫസർമാർപോലും കേരളത്തിൽ സമൂഹമാധ്യമങ്ങളിൽ നിർദയം വേട്ടയാടപ്പെടുന്നു. കോവിഡ്മാനേജ്മെൻറിൽ വിരുദ്ധനിലപാടുകളെ പ്രതിപക്ഷ ബഹുമാനത്തോടെ സമീപിക്കുകയും വ്യത്യസ്താഭിപ്രായങ്ങൾക്ക് ഇടംനൽകുകയും ചെയ്യുകയാണ് പരിഷ്കൃതസമൂഹങ്ങളിൽ കാണാൻ കഴിയുക. ഇതിനു വിരുദ്ധമായ സമീപനമാണ് നിർഭാഗ്യവശാൽ കേരളത്തിൽ ഉത്തരവാദപ്പെട്ട ഡോക്ടർമാരിൽ നിന്നുണ്ടായത്. നാലു ദശകത്തോളം അധ്യാപനപരിചയവും പത്തു വർഷത്തോളം മെഡിക്കൽ കോളജിൽ വകുപ്പ് മേധാവിയുമായിരുന്ന പ്രഫ. പി.കെ. ശശിധരനോടു പോലും ഈ രോഗത്തെക്കുറിച്ച് താങ്കൾക്കെന്ത് ആധികാരികതയാണുള്ളതെന്ന് പരസ്യമായി ചോദ്യമുയർന്നു. ആരോഗ്യസംരക്ഷണത്തിൽ പരാജയപ്പെട്ടപോലെ ആരോഗ്യത്തെക്കുറിച്ച ബദൽ ചർച്ചകളിലും നിർഭാഗ്യവശാൽ നമ്മുടെ നിലപാടുകൾ രോഗാതുരമാണെന്ന് ഇത് തെളിയിക്കുന്നു. ബദൽചിന്തകളുമായി വരുന്നവരെ അടിച്ചിരുത്താൻ കാണിക്കുന്നതിെൻറ നൂറിലൊന്ന് ആർജവം സർക്കാറുകളുടെ ആരോഗ്യമേഖലയിലെ തെറ്റായ തീരുമാനങ്ങൾക്കെതിരെ പറയാൻ ഈയാളുകൾ കാണിക്കുന്നില്ല. സർക്കാറിെൻറ ആരോഗ്യനയങ്ങൾ നിർണയിക്കുന്ന ഡോക്ടർമാരുടെ മുൻഗണനകളെ ശാസ്ത്രബോധത്തേക്കാൾ രാഷ്ട്രീയ വിധേയത്വം സ്വാധീനിച്ചുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.