ഞെരിയുന്ന അവകാശങ്ങൾ, മൃഗയാവിനോദങ്ങൾ
text_fieldsവീടിെൻറ നാലു ചുമരുകൾക്കുള്ളിലേക്ക് ജനം ഒതുങ്ങിയ ഏഴ് ആഴ്ചകൾക്കിടയിൽ അരങ്ങേറുകയാണ് മൃഗയാ വിനോദങ്ങൾ. ഞെരിഞ്ഞമരുകയാണ് അവകാശങ്ങൾ. എവിടെനിന്നൊക്കെയാണ് വേദനയുടെ നിലവിളികൾ? ഭരിക്കുന്നവർക്ക് എല്ലാം ഞെരിച്ചൊതുക്കാനുള്ള അവസരം കൂടിയായി കോവിഡും ലോക്ഡൗണും മാറിയിരിക്കുന്നു. അത് ശരിവെക്കുന്ന സംഭവങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കുകയാണ്.
അന്തർസംസ്ഥാന തൊഴിലാളികളുടെ നിലവിളിക്ക് അവസാനമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നാടായ ഗുജറാത്തിൽനിന്നാണ് ശനിയാഴ്ച ഏറ്റവും ഉച്ചത്തിൽ നിലവിളി ഉയർന്നത്. അവിടെ, സൂറത്തിൽ വീണ്ടും അന്തർ സംസ്ഥാന തൊഴിലാളികളുടെ കലാപം. നാട്ടിലേക്ക് പോകാൻ അനുവദിക്കാതെ കുടുക്കിയിട്ടതിൽ രോഷംകൊണ്ട അവർ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് വാഹനങ്ങൾക്ക് കല്ലെറിഞ്ഞു. യു.പി, ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് അവർ. നാട്ടിലേക്ക് മടങ്ങണമെന്ന ഒറ്റ ആവശ്യമേ അവർക്കുള്ളൂ. അക്രമംകൊണ്ട് കാര്യം നടക്കില്ല. ഒപ്പം മറ്റൊരു യാഥാർഥ്യവുമുണ്ട്. കേസിൽ കുടുങ്ങിയ അവർ ഇനി എന്ന് നാടുപിടിക്കും?
ഔറംഗബാദിലെ റെയിൽപാളത്തിൽ കിടന്നുറങ്ങിയ തൊഴിലാളികൾക്കിടയിൽനിന്ന് നിലവിളിതന്നെ ഉണ്ടായോ? നടന്നു വലഞ്ഞ് ട്രാക്കിൽ കിടന്നുറങ്ങിയവരുടെ മേൽ ചരക്കു വണ്ടി പാഞ്ഞു കയറിപ്പോയപ്പോൾ നിലവിളി പോലും ഉയർന്നിരിക്കാൻ ഇടയില്ല. മഹാരാഷ്ട്രയിൽനിന്ന് മധ്യപ്രദേശിലേക്കു പോവുകയായിരുന്നു തൊഴിലാളികൾ. അവരിൽ 16 പേരാണ് ദാരുണമായി മരിച്ചത്. ഉണരാത്ത ഉറക്കത്തിലേക്ക് വീഴും മുമ്പത്തെ പകലിൽ അവർ നടന്നത് 40 കിലോമീറ്ററായിരുന്നു. ബി.ജെ.പിയുടെ തൊഴിലാളി വിഭാഗമായ ഭാരതീയ മസ്ദൂർ സംഘ് കഴിഞ്ഞ ദിവസമാണ് ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടത്. തൊഴിലിടം വിട്ട് നാട്ടിലേക്ക് തിരിച്ച് എവിടെയും എത്താതെ അലയുന്ന അന്തർസംസ്ഥാന തൊഴിലാളികൾ ഏതുവിധേനയും വീടെത്തുന്നു എന്ന് ഉറപ്പാക്കാൻ നടപടി വേണമെന്നാണ് പ്രധാനമായി ഉന്നയിച്ച ആവശ്യം. വിശാഖപട്ടണത്തെ ഫാക്ടറിയിൽനിന്ന് വിഷവാതകം ശ്വസിച്ച് മരിച്ചത് 12 പേരാണ്. നൂറുകണക്കിനു പേർ ആശുപത്രിയിലായി. തൊഴിലാളിയുടെ സുരക്ഷക്കും നിലനിൽപിനും സർക്കാർ കൽപിക്കുന്ന വിലയുടെ തെളിവ്. നേതാക്കൾ അനുശോചിച്ചു. എന്നാൽ, ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇളവുചെയ്തതിനൊപ്പം വ്യവസായശാലകൾ തുറക്കുന്നതിൽ മതിയായ സുരക്ഷ, പാരിസ്ഥിതിക മുൻകരുതലുകൾ എടുക്കുന്നുവെന്ന് ഉറപ്പാക്കാതെ വന്നതാണ് അപകടത്തിന് കാരണം. യു.പിയിലെ ആദിത്യനാഥ് സർക്കാർ പുതിയ ഓർഡിനൻസ് കൊണ്ടുവന്നിരിക്കുകയാണ്. ഒട്ടുമിക്ക തൊഴിൽനിയമങ്ങളുടെ പരിധിയിൽനിന്നും അടുത്ത മൂന്നു വർഷത്തേക്ക് വ്യവസായങ്ങളെ ഒഴിവാക്കി. കോവിഡ് മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തേക്ക് വ്യവസായനിക്ഷേപം ആകർഷിക്കുന്നതിനുള്ള ഉപായമാണ്. ആർക്കൊപ്പമാണ് ബി.ജെ.പിയും ഭരണകൂടവും?
അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടുവിട്ട് റിയൽ എസ്റ്റേറ്റ്് വ്യവസായികൾ കഷ്ടപ്പെടുന്നതു തടയാൻ കർണാടകത്തിലെ ബി.ജെ.പി സർക്കാർ കണ്ട ഉപായം: അന്തർ സംസ്ഥാന തൊഴിലാളികളുടെയും വിദ്യാർഥികളുടെയും മടക്കത്തിന് ഏർപ്പെടുത്തിയ എല്ലാ ട്രെയിനുകളും റദ്ദാക്കി. ഒടുവിൽ കടുത്ത പ്രതിഷേധത്തിന് വഴങ്ങി തീരുമാനം മാറ്റി. ഇടതുതൊഴിലാളി സംഘടനനേതാക്കൾ കഴിഞ്ഞദിവസം രാഷ്്ട്രപതിയെ സമീപിച്ചു. പൊരുതിനേടിയ തൊഴിൽ, ജനാധിപത്യ അവകാശങ്ങൾ കോവിഡിെൻറ മറവിൽ ഇല്ലാതാക്കുന്നതാണ് വിഷയം. യു.പിക്കു പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, ഹിമാചൽപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ ഫാക്ടറി നിയമം ഭേദഗതി ചെയ്യാതെതന്നെ ജോലി സമയം എട്ടിൽ നിന്ന് 12 മണിക്കൂറാക്കി. 1000 ദിവസങ്ങളിലേക്ക് എല്ലാ തൊഴിൽനിയമ ബാധ്യതകളിൽ നിന്നും എല്ലാ സ്ഥാപനങ്ങളെയും ഒഴിവാക്കി മധ്യപ്രദേശ് മന്ത്രിസഭ തീരുമാനമെടുത്തു. യൂനിയൻ ഉണ്ടാക്കി സംഘടിക്കാൻ തൊഴിലാളികൾക്കുള്ള അവകാശവും ഭീഷണിയിൽ. േലാക്ഡൗൺ മൂലം പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിെൻറ പേരിലാണ് എല്ലാം. സമ്പദ് വളർച്ചയോ പൂജ്യത്തിനും താഴേക്ക്.
മനുഷ്യാവകാശങ്ങളുടെ കാര്യമോ? കേരളത്തിലെ പ്രളയ, നിപ കാലത്തടക്കം പകർച്ചവ്യാധി അടക്കമുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പേരെടുത്ത ഡോക്ടറാണ് കഫീൽ ഖാൻ. ഓക്സിജൻ കിട്ടാതെ 70 കുട്ടികൾ മരിച്ച ബി.ആർ.ഡി മെഡിക്കൽകോളജ് സംഭവത്തിൽ നവജാത ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി യു.പി സർക്കാറിെൻറ കണ്ണിലെ കരടായ ഡോക്ടർ കൂടിയാണ് കഫീൽ ഖാൻ. പുതിയ പുതിയ കാരണങ്ങൾ. ഇപ്പോൾ മഥുര ജയിലിൽ. ദേശസുരക്ഷ നിയമപ്രകാരമാണ് കുറ്റം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധിച്ചിരുന്നു. അതോടെയാണ് ദേശസുരക്ഷ നിയമം ചുമത്തി ജയിലിൽ അടച്ചത്. ജയിലിൽ അല്ലായിരുന്നെങ്കിൽ ഇപ്പോൾ കോവിഡ് പ്രതിരോധത്തിൽ മുന്നിൽ ഉണ്ടായേനെ. ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ ശബിസ്ത ഇപ്പോൾ ഡോക്ടർമാരുടെ സമൂഹത്തിന് കത്തെഴുതി കാത്തിരിക്കുന്നു. ഗുജറാത്തിലെ മുൻ ഭരണാധികാരികളുടെ വിരോധം ഏറ്റുവാങ്ങിയ മുൻ െഎ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ട് ശബ്ദം പുറത്തുകേൾക്കാതെ, ഇനിയും വെളിച്ചം കാണാതെ കഴിയുകയാണെന്ന് ശബിസ്തക്ക് അറിയാതിരിക്കില്ല.
ഡൽഹി ന്യൂനപക്ഷ കമീഷൻ അധ്യക്ഷൻ സഫറുൽ ഇസ്ലാംഖാൻ മുൻകൂർ ജാമ്യം തേടി ഹൈകോടതിക്കു മുന്നിലെത്തിയ കാലം കൂടിയാണ്. രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇസ്ലാമോഫോബിയയെക്കുറിച്ച് പറഞ്ഞതാണ് കുറ്റം. അദ്ദേഹത്തെ നീക്കണമെന്ന മറ്റൊരു ഹരജി കൂടിയുണ്ട് ഹൈകോടതിയിൽ. പൗരത്വസമരത്തില്‍ പങ്കാളികളായ സാമൂഹികപ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും യുവാക്കളെയും ലോക്ഡൗണിെൻറ മറവിൽ പിടികൂടി യു.എ.പി.എ ചുമത്തുകയാണ് ഡൽഹി പൊലീസ്. ഗര്‍ഭിണിയായ ജാമിഅ മില്ലിയ്യ ഗവേഷക സഫൂറ സര്‍ഗാർ ഏകാന്ത തടവിൽ. വിദ്യാർഥി നേതാവ് മീരാൻ ഹൈദർ, പൂർവവിദ്യാർഥി നേതാവ് ശിഫാഉ റഹ്മാൻ തുടങ്ങിയവരും യു.എ.പി.എ പ്രകാരം തടവിൽ.
ഇതിനെല്ലാമിടയിൽ കോവിഡ് പ്രതിരോധം എങ്ങനെ മുന്നോട്ടുപോകണമെന്ന് ബോധ്യം സർക്കാറിനുണ്ട്. കിണ്ണം െകാട്ടൽ, ടോർച്ച് തെളിക്കൽ, യോഗാസനം, പുഷ്പവൃഷ്ടി, പകിടകളി, രാമായണം, മഹാഭാരതം, ഗംഗാജലം....അങ്ങനെ നീളുന്ന പ്രതിരോധ മാർഗങ്ങൾ. പാർലമെൻറ് മന്ദിരം, ബുള്ളറ്റ് ട്രെയിൻ തുടങ്ങിയ സഹസ്രകോടി പദ്ധതികൾ ചരിത്രത്തിൽ ഭരണകർത്താക്കൾക്ക്ഇടംനൽകുന്ന സ്മാരകങ്ങൾ കൂടിയാണ്. ചെലവു ചുരുക്കലിെൻറ പേരിൽ അതൊന്നും മാറ്റിവെക്കാനുള്ളതല്ല. കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പണിയുന്ന രാമക്ഷേത്രത്തിനായി സംഭാവന നൽകിയാൽ ആദായനികുതി ഇളവ് അനുവദിക്കുന്നുണ്ട്. ശമ്പളം വെട്ടിക്കുറക്കുകയും ലേ ഓഫ് നടപ്പാക്കുകയും ചെയ്യുന്ന കോർപറേറ്റുകളിൽനിന്ന് ഉദാരമായി പി.എം കെയേഴ്സിലേക്ക് സംഭാവന ലഭിക്കുന്നുണ്ട്. നീതിപീഠമോ? അന്തർസംസ്ഥാന തൊഴിലാളികെള നാട്ടിൽ പോകാൻ അനുവദിക്കണമെന്ന ഹരജിയിൽ ഇടപെട്ടില്ല. ലോക്ഡൗൺ കാലത്ത് മദ്യം ആവശ്യക്കാരുടെ വീട്ടിലെത്തിക്കുന്ന കാര്യം സംസ്ഥാനങ്ങൾ പരിഗണിക്കേണ്ട കാര്യമാണെന്ന കാര്യത്തിൽ പക്ഷേ, കോടതിക്കില്ല സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.