ഞങ്ങൾക്കും ജീവിക്കണം, സർ
text_fieldsബാങ്കുകളോട് പറയണം, കണ്ണിൽചോരയില്ലാതെ പെരുമാറരുതെന്ന്
ബിനു ജോൺ (സംസ്ഥാന പ്രസിഡൻറ്, കോൺട്രാക്ട് കാര്യേജ് ഓപറേറ്റേഴ്സ് അസോസിയേഷൻ)
കേരളത്തിൽ രണ്ടു ലക്ഷത്തിലേറെ രജിസ്ട്രേഡ് ടാക്സികളുണ്ട്, ലക്ഷ്വറി ബസുകളടക്കം 17000ത്തിൽ അധികം കോൺട്രാക്ട് കാര്യേജുകളുണ്ട്. ഇവയിൽ ആയിരത്തിൽ താഴെ വാഹനങ്ങൾക്കേ ഇപ്പോൾ സർവിസ് നടത്താനാവുന്നുള്ളൂ. അതായത് ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾ അത്യന്തം ദുരിതത്തിലാണ്. 2020െൻറ ആദ്യപകുതിയിൽ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ ഓട്ടം നിലച്ചതാണ്. ലോക്ഡൗൺ ഇളവ് ലഭിച്ചപ്പോൾ ലക്ഷങ്ങൾ മുടക്കി പണികൾ തീർത്താണ് വാഹനങ്ങൾ വീണ്ടും നിരത്തിലിറക്കിയത്. വായ്പയെടുത്തും ഓടിക്കിട്ടുന്നതിൽനിന്ന് എടുത്ത് തിരിച്ചടച്ചുമാണ് ഭൂരിഭാഗം വാഹനമുടമകളും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. വായ്പകൾക്ക് റിസർവ് ബാങ്ക് അനുവദിച്ച രണ്ടു വർഷ മൊറട്ടോറിയം പല ബാങ്കുകളും നിഷേധിക്കുകയാണ്.
കേന്ദ്ര സർക്കാർ ആത്മനിർഭർ പദ്ധതി പ്രകാരം പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരൻറി സ്കീം (ECLGS) പ്രകാരമുള്ള അപേക്ഷ സ്വീകരിക്കാൻ പോലും ചില ബാങ്കുകൾ കൂട്ടാക്കുന്നില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ഗുണ്ടകൾ വാഹന ഉടമകളുടെ വീടുകൾ കയറിയിറങ്ങി ഭീഷണി മുഴക്കുകയും പൊലീസിൽ അന്യായമായ പരാതികൾ നൽകുകയും ചെയ്യുന്നു. കുടിശ്ശിക ചോദിച്ച് വീടുകളിൽ ചെല്ലരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരെ നേരിൽക്കണ്ട് ആവലാതികൾ ബോധിപ്പിച്ചപ്പോൾ അവരും അനുഭാവപൂർവമാണ് സംസാരിച്ചത്. ധനകാര്യ സ്ഥാപനങ്ങളോട് നിയമവിരുദ്ധമായ ഇടപെടലുകൾ നിർത്താൻ സർക്കാർ ശക്തമായ നിർദേശം നൽകുകയും അത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം.
അതിഥികളെ തടയരുത്; അന്നം മുടക്കരുത്
സി.പി.ശൈേലഷ് (ജന. സെക്രട്ടറി, വയനാട് ടൂറിസം ഓർഗനൈസേഷൻ)
പ്രകൃതി സൗന്ദര്യമാണ് കേരളത്തിെൻറ വിലമതിക്കാനാവാത്ത സമ്പത്ത്. കോവിഡ് ലോക്ഡൗൺ മൂലം എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടപ്പോഴും നമ്മൾ ആശ്വാസം കണ്ടെത്തിയത് നമ്മുടെ ഉൾനാടൻ സഞ്ചാര മേഖലകളിലാണ്. എല്ലാ മേഖലകളിൽനിന്നും വരുമാനം നിലച്ച ഘട്ടത്തിലും ടൂറിസം രംഗത്തുനിന്ന് ലഭിക്കുന്ന നികുതി മുടങ്ങിയില്ല, ഒപ്പം നൂറു കണക്കിന് കുടുംബങ്ങൾക്ക് അന്തസ്സോടെ ജീവിക്കാനും അത് തുണച്ചു.
വിനോദ സഞ്ചാര മേഖലക്ക് തടസ്സങ്ങളുണ്ടാവില്ലെന്ന് ലോക്ഡൗൺ ഇളവ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച്, രോഗപ്പകർച്ച ഉണ്ടാവാനുള്ള സാധ്യതകളെല്ലാമടച്ച് പ്രവർത്തിക്കുവാൻ ടൂറിസം സ്ഥാപനങ്ങളും സജ്ജമായി. അതിെൻറ ഫലമായി ആഭ്യന്തര ടൂറിസ്റ്റുകളെ സന്തോഷത്തോടെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിവെച്ചിരിക്കുന്നു. പലരും വായ്പ എടുത്തും മറ്റും വൻ തുക മുടക്കിയാണ് സംരംഭങ്ങൾ സജ്ജീകരിച്ചതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ഉതകും വിധത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയതും. എന്നാൽ, 20 വാർഡുള്ള ഒരു പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ രോഗപ്പകർച്ചയുണ്ടെങ്കിൽ പഞ്ചായത്ത് മുഴുവൻ പൂട്ടിയിടുന്നതുപോലുള്ള നടപടികൾ വന്നതോടെ സുഗമമായ പ്രവർത്തനത്തിന് തടസ്സം വന്നു. ടൂറിസ്റ്റുകൾക്ക് പാതിവഴിയിൽ മടങ്ങേണ്ടി വന്നു. വഴിയിൽ തടഞ്ഞ് ഫൈൻ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ നയത്തിെൻറ ഭാഗമല്ല എന്നാണ് ഞങ്ങളുടെ വിശ്വാസം, പക്ഷേ, ദൗർഭാഗ്യവശാൽ അതും നടക്കുന്നുണ്ട്.
വയനാട് ടൂറിസം ഓർഗനൈസേഷനു കീഴിലെ 50 പ്രോപ്പർട്ടികളിലെയും മുഴുവൻ ജീവനക്കാർക്കും സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. അവധി കഴിഞ്ഞ് വരുന്ന ജീവനക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയരാക്കി മാത്രമാണ് ജോലിയിൽ പ്രവേശിപ്പിക്കുന്നത്. സമൂഹത്തോടും കാലഘട്ടത്തോടും സമ്പൂർണ ഉത്തരവാദിത്തം പുലർത്തുന്ന വിനോദസഞ്ചാര വികസന മാതൃക നടപ്പിൽ വരുത്താനാണ് ടൂറിസം ഓപറേറ്റർമാർ ആവതു പരിശ്രമിക്കുന്നത്. പൊതു സമൂഹത്തിൽനിന്നും സർക്കാറിൽനിന്നും അനുബന്ധ അധികാരികളിൽനിന്നും സമ്പൂർണ സഹകരണം ലഭിച്ചാൽ മാത്രമേ അത് സുസാധ്യമാകൂ.
ഒപ്പം നിന്നവരാണ്, ഈ ആപത്തിൽ കൈവിടരുത്
പി.ഷംസുദ്ദീൻ (ട്രഷറർ, കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ)
കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഏതൊരു കുടുംബത്തിെൻറയും പാർട്ടികളുടെയും ക്ലബുകളുടെയും വിശേഷാവസരങ്ങളിലും സന്താപ അവസരങ്ങളിലും അവരിൽപ്പെട്ടവരെപ്പോലെ നിന്ന് പ്രവർത്തിക്കുന്നവരാണ് പന്തൽ, കാറ്ററിങ്, ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ സംരംഭകരും തൊഴിലാളികളും. ആളുകൾക്ക് അന്നം വിളമ്പിയും പന്തലൊരുക്കിയും 15000 സംരംഭകരും ആറു ലക്ഷം തൊഴിലാളികളും അതുവഴി 15 ലക്ഷം കുടുംബങ്ങളുമാണ് കഴിഞ്ഞുപോന്നത്. മറ്റുള്ളവരെ ആസ്വദിപ്പിച്ചും സ്വയം ആസ്വദിച്ചും ക്രിയാത്മകമായി ചെയ്യാവുന്ന ജോലി എന്നാണ് ഞങ്ങളിതിനെക്കുറിച്ച് അഭിമാനപൂർവം പറയാറ്.
മാറുന്ന കാലത്തിനനുസരിച്ച് സ്വയം നവീകരിച്ചും ഉപകരണങ്ങളും സാമഗ്രികളും അലങ്കാര വസ്തുക്കളും പുതുക്കിയുമെല്ലാം അല്ലലുകൾക്കിടയിലും ആസ്വദിച്ചുതന്നെയാണ് ഞങ്ങൾ പ്രവർത്തിച്ചു പോന്നത്. എന്നാൽ ഇന്നിത് കോവിഡ് മഹാമാരി ഏറ്റവും ശക്തമായി പ്രഹരമേൽപ്പിച്ച മേഖലയാണ്. 20 മാസത്തോളമായി നാട്ടിൽ വലിയ പൊതുപരിപാടികൾ നടന്നിട്ട്. തെരഞ്ഞെടുപ്പ് വേളകളിൽ മാത്രം പരിമിതമായി പ്രവർത്തിക്കാനായി. അതിനിടയിൽ സാധനസാമഗ്രികൾ ഏറെയും ഉപയോഗ ശൂന്യമായി. ഗോഡൗണുകൾക്ക് വാടക കൊടുക്കാൻ പോലും വകയില്ലാതെയായി. അതിലേറെ പട്ടിണിയും. വാഹനങ്ങൾ വിറ്റഴിച്ചും വഴിയോരത്ത് പച്ചക്കറിയും പച്ചമീനും വിറ്റും മറ്റുമാണ് പലരും പിടിച്ചു നിന്നത്. അതിനും കഴിയാതെ രണ്ടാം തരംഗത്തിൽ മാത്രം അഞ്ചുപേർ ജീവനൊടുക്കി.
നിലവിൽ 20 പേർ പങ്കെടുക്കുന്ന പരിപാടികൾക്കാണ് അനുമതി. തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ പോലും ഇതു കൊണ്ട് വക ലഭിക്കില്ല.കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുതന്നെ ചുരുങ്ങിയത് 100 പേരെയെങ്കിലും പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്താൻ അനുമതി നൽകിയാലേ ഈ മേഖലക്കും നമ്മുടെ സാമൂഹിക ജീവിതത്തിനും പുതുജീവൻ ഉണ്ടാകൂ.അനുകൂല തീരുമാനം തേടി മുഖ്യമന്ത്രിയെ കണ്ടിരുന്നു, രോഷമറിയിച്ച് ജില്ലകൾ തോറും ധർണയും നടത്തി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുേമ്പാൾ പരിഗണിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. കൈവശമുള്ള വസ്തുക്കളുടെ ഈടിൽ സൗജന്യ നിരക്കിൽ 10 ലക്ഷം രൂപയെങ്കിലും വായ്പയായി ലഭ്യമാക്കണമെന്നാണ് മറ്റൊരാവശ്യം. നേതാക്കളുടെയും അനുയായികളുടെയും കുടുംബങ്ങളുടെയും വിജയത്തിെൻറയും സന്തോഷത്തിെൻറയും വേളയിൽ ഒപ്പം നിന്നവരാണ് ഞങ്ങൾ, ഈ കഷ്ടപ്പാടിെൻറ കാലത്ത് കേരളം കൈവെടിയില്ല എന്ന പ്രതീക്ഷയുണ്ട്, അത് തകർക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.