മുസ്‌ലിം ചിഹ്നങ്ങളും സി.പി.എം കണ്ണുകടിയും
text_fieldsപൗരത്വ ഭേദഗതി നിയമത്തിനെതിരായ അതിശക്തമായ ജനരോഷത്തിനിടയിലും സി.പി.എം വെച്ചുപുലർത്തുന്ന ധാർഷ്ട്യം അത്യന്തം നിർഭാഗ്യകരമാണ്. മുസ്ലിംകളെ നേരിട്ട് ബാധിക്കുന്ന വിഷയമെന്ന നിലയിൽ സ്വാഭാവികമായും മുസ്‌ലിം ചിഹ്നങ്ങളും മുസ്‌ലിം പാർട്ടികളും സജീവമാവും. അത് പാടില്ലെന്നും എല്ലാ സാമുദായിക ചിഹ്നങ്ങളും മാറ്റിവെച്ചാലേ മുസ്ലിംകളുടെ സമരത്തിൽ പങ്കുചേരുകയുള്ളൂ എന്നുമാണ് സി.പി.എം കീഴ്ഘടകങ്ങൾ മുസ്‌ലിം കൂട്ടായ്മകളോട് പ്രാദേശികമായി സ്വീകരിച്ചിരിക്കുന്ന സമീപനം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം സാമുദായികപരമല്ല. രാജ്യത്തിെൻറ മതേതരത്വവുമായി ബന്ധപ്പെട്ടതാണ്. ആ നിലയിൽ വിഷയം വർഗീയവത്കരിക്കപ്പെട്ടുകൂട എന്ന് സി.പി.എമ്മിനെപോലുള്ള പാർട്ടികൾ തീർച്ചയായും വാശിപിടിക്കണം. പക്ഷേ, ഇതേ മനസ്സോടെയാണ് മുസ്‌ലിം സമുദായം പൊരുതുന്നത് എന്നംഗീകരിക്കാൻ കഴിയാത്തതാണ് ഖേദകരം. മതനിരപേക്ഷ മനസ്സോടെതന്നെയാണ് മുസ്‌ലിം സമുദായം സമരം ചെയ്യുന്നത്. ഒരിക്കലും സമരരീതി വഴിതെറ്റിക്കൂട എന്ന് മറ്റാരേക്കാളും കേരളത്തിലെ മുസ്‌ലിം സംഘടനകൾക്ക് നിർബന്ധമുണ്ട്.
സി.പി.എം സംഘടിപ്പിക്കുന്ന സമരങ്ങളിൽ മതചിഹ്നങ്ങൾ ഉപേക്ഷിക്കുന്നതിനെ ചോദ്യം ചെയ്യാനാവില്ല. സ്വന്തം വേദികളിൽ മതസംഘടനകളെ മാറ്റിനിർത്താനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. സി.പി.എം നേതാക്കൾ മതവേദികളിൽനിന്ന് മാറിനിൽക്കുന്നതിനോടും ആർക്കും പരിഭവമില്ല. ഡൽഹിയിലും കേരളത്തിനപ്പുറത്തും വൃന്ദ കാരാട്ടും സീതാറാം െയച്ചൂരിയുമൊക്കെ ഇതിെൻറ നഷ്ടം ബോധ്യപ്പെട്ട് മതവേദികളെ ഒരുമിപ്പിച്ചുനിർത്താൻ കഠിനശ്രമം നടത്തുന്നത് കാണാതെയല്ല കേരളത്തിലെ സി.പി.എം ഇവിടെ പ്രവർത്തിക്കുന്നത് എന്നുമറിയാം. എന്നാൽ, മതകൂട്ടായ്മകൾ സംഘടിപ്പിക്കുന്ന സമരങ്ങളിൽനിന്ന് സി.പി.എം ജനപ്രതിനിധികളെ തടയുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല.
മഹല്ല് കമ്മിറ്റിയുടെ പ്രതിഷേധ റാലിയിൽ മുസ്‌ലിം സംഘടനകളുള്ളതുകൊണ്ട് വരില്ല എന്ന് പയ്യന്നൂരിലെ സി.പി.എം എം.എൽ.എ തുറന്നുപറഞ്ഞു. കണ്ണൂരിൽ കോഓഡിനേഷൻ കമ്മിറ്റി നടത്തിയ പതിനായിരങ്ങൾ പങ്കെടുത്ത മഹാസംഗമത്തിൽ കണ്ണൂർ എം.പി കെ. സുധാകരനോടൊപ്പം കണ്ണൂർക്കാരനായ രാജ്യസഭ അംഗം കെ.കെ. രാഗേഷിനെ ക്ഷണിച്ച മുസ്‌ലിം ലീഗ് നേതാവിന് പാർട്ടി ജില്ല സെക്രട്ടറിയെ അറിയിച്ചപ്പോൾ കിട്ടിയ മറുപടി ആശ്ചര്യകരമായിരുന്നു. സംഘാടകരിൽ സാമുദായിക വാദികൾ ഉണ്ടെന്ന കാരണത്താൽ രാജ്യസഭ അംഗത്തെ പങ്കെടുപ്പിക്കില്ല എന്നായിരുന്നു മറുപടി. മതവേദികളിലെ കൂട്ടായ്മയിൽ സ്വാഭാവികമായി ഉണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ സാന്നിധ്യമാണ് സി.പി.എം ജനപ്രതിനിധിക്ക് വിലക്കുവരാനുള്ള കാരണം.
സാമുദായികമായി വേട്ടയാടപ്പെട്ട് പരിഭ്രാന്തരും അഭയസ്ഥാനമന്വേഷിക്കുന്നവരുമായ മുസ്ലിംകളോട് സാമുദായികത കൈവെടിയണമെന്ന് പറയുന്നത് എത്ര തരംതാണ നിലപാടാണ്! ഈ നിലപാടും സംഘ്പരിവാറിെൻറ വംശീയ അജണ്ടയും പരസ്പര ബന്ധമുള്ളതാണ്. സമുദായത്തെ വേട്ടയാടുന്ന വിഷയത്തിൽ സാമുദായിക ശക്തികളെ ചേർത്തുപിടിക്കാതെയുള്ള സി.പി.എമ്മിെൻറ പോരാട്ടത്തിൽ കാപട്യമുണ്ട്. മതനിരപേക്ഷത എന്ന മേൽപാളിക്കുള്ളിൽ ഒരുതരം വർഗീയത കേരളത്തിലെ സി.പി.എം പുലർത്തുന്നുവെന്ന് ചുരുക്കം.
കേരളത്തിന് പുറത്ത് സാമുദായികതയാവാം
പാര്‍ലമെൻറ് തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് തെറ്റ് തിരുത്തൽ വീണ്ടും ആരംഭിക്കണമെന്ന് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. പാർട്ടിക്ക് ദേശീയ പദവി നിലനിര്‍ത്താനായത് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ലീഗിനെപ്പോലുള്ള സാമുദായികവാദികളും ഉള്‍പ്പെട്ട യു.പി.എ സഖ്യത്തിെൻറ ഉദാരതയില്‍ കിട്ടിയ രണ്ടു സീറ്റുകൊണ്ടാണെന്ന യാഥാർഥ്യം ഇൗ തെറ്റ് തിരുത്തൽ നിലപാടിെൻറ പ്രേരകശക്തിയാണ്. ഈ നിലപാടിെൻറ അടിസ്ഥാനത്തിലാണ് കേരളത്തിനു പുറത്ത് െയച്ചൂരിയും സംഘവും ഇപ്പോൾ മുഴുവൻ സാമുദായിക വേദികളിലെയും നിറസാന്നിധ്യമായി മാറിയിരിക്കുന്നത്. എന്നാൽ, സി.പി.എമ്മിന് കേരളത്തിൽ െയച്ചൂരിയുടെ പാത ദഹനക്കേടുണ്ടാക്കുന്നു. സമുദായ പാർട്ടികളോട് സാമുദായികത വെടിയണമെന്നു പറയുന്ന സി.പി.എം സാമുദായിക വിഷയത്തിൽ പുലർത്തുന്ന നിലപാട് ഏത് തത്ത്വശാസ്ത്രത്തിലാണ് ഉൾപ്പെടുത്തേണ്ടത്? മതം രാഷ്ട്രീയത്തിലിടപെടരുതെന്ന് പറയുകയും, രാഷ്ട്രീയ താൽപര്യത്തിന് മതത്തെ ഉപയോഗിക്കുകയും ചെയ്യുന്ന വൈരുധ്യത്തെ ഒരിക്കലും സി.പി.എം നിരാകരിച്ചിട്ടില്ല.
സ്ഥാനാർഥി പട്ടികയിൽ സമുദായം തിരിക്കാനും മഹല്ല് കമ്മിറ്റികളിൽ രാഷ്ട്രീയ നിറംനോക്കി ഇടപെടാനും സി.പി.എം എന്നും ശ്രമിച്ചിട്ടുണ്ട്. വഖഫ് ബോർഡിലും ഹജ്ജ് കമ്മിറ്റിയിലും സാമുദായിക വികാരമനുസരിച്ച് തൂക്കമൊപ്പിച്ച് നോമിനേഷൻ നടത്തുന്നതിലോ ക്ഷേത്ര ഭരണവും ദേവസ്വം കാര്യങ്ങളും സാമുദായിക വികാരമനുസരിച്ച് നിവർത്തിച്ചു കൊടുക്കുന്നതിനോ തടസ്സങ്ങളൊന്നുമില്ല. സമുദായത്തിെൻറ ജീവൽപ്രശ്നം വരുേമ്പാൾ സമുദായ ചിഹ്നങ്ങൾ മടക്കിവെക്കണമെന്നതും സമുദായ പാർട്ടികൾ മിണ്ടാതിരിക്കണമെന്നതും ഒരുതരം വരട്ടുവാദമാണ്.
പാർലമെൻററി സവർണ ബോധം
യഥാർഥത്തിൽ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുസ്‌ലിം സമുദായം സ്വീകരിച്ച സമീപനത്തോട് വൈരാഗ്യബുദ്ധിയോടെ സി.പി.എം പെരുമാറുന്നു എന്നതിെൻറ ഉദാഹരണംകൂടിയാണ് ഇപ്പോഴത്തെ പിടിവാശി. കേരളത്തിൽ ചരിത്രത്തിലെ അപൂർവമായ റെേക്കാഡ് വിജയമാണ് യു.ഡി.എഫ് നേടിയത്. അതാവട്ടെ, ദേശീയ രാഷ്ട്രീയത്തിൽ ജനം സങ്കൽപിച്ച മോദിവിരുദ്ധ ഉയിർത്തെഴുന്നേൽപിലേക്കുള്ള പ്രായോഗിക രാഷ്ട്രീയ നിലപാടുകൂടിയായിരുന്നു. ദേശീയ രാഷ്ട്രീയ സാഹചര്യമോ, കേരളത്തിെൻറ മതനിരപേക്ഷ മനസ്സോ ആഗ്രഹിക്കാത്ത ഒന്നായിരുന്നു കോണ്‍ഗ്രസ് വിരുദ്ധ കാമ്പയിന്‍. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നതാണ് നല്ലതെന്ന പാര്‍ട്ടിയുടെ പൊതുനയവും ബി.ജെ.പി എന്ന വലിയ വിപത്ത് തടയേണ്ടതിനെക്കുറിച്ച കാമ്പയിനും കേരളത്തിെൻറ സാഹചര്യത്തില്‍ അവതരിപ്പിക്കുന്നതില്‍ സി.പി.എമ്മിന് വ്യക്തമായ കാഴ്ചപ്പാടില്ലാതെ പോയി. കേരളത്തിലെ പാർട്ടിയുടെ ഈ ദൗർബല്യം മൂടിവെക്കാനാണ് തെരഞ്ഞെടുപ്പിലെ ന്യൂനപക്ഷ ഏകീകരണം എന്ന കണ്ടുപിടിത്തം പാർട്ടി വിലയിരുത്തൽ രേഖയിൽ സ്ഥാനം പിടിച്ചത്. ഈ രേഖ കീഴ്ഘടകങ്ങളിൽ അവതരിപ്പിച്ചപ്പോൾ ശബരിമല വിഷയമുൾപ്പെടെയുള്ള പാർട്ടിയുടെ നിലപാടിലുണ്ടായ വൈരുധ്യം ചൂണ്ടിക്കാണിക്കപ്പെട്ടു. അതിനർഥം പാർട്ടി സംസ്ഥാന നേതൃത്വം സാമുദായിക മുൻവിധിയോടെ കാര്യങ്ങളെ വിലയിരുത്തുന്നു എന്നുതന്നെയാണ്. പൗരത്വ ഭേദഗതി സമരങ്ങളിൽ സാമുദായിക പാർട്ടികളെയും ചിഹ്നങ്ങളെയും അംഗീകരിക്കാനാവില്ലെന്ന മാറിയ നിലപാട് അതിെൻറ ഭാഗമാണ്.
കൂടെനിൽക്കുന്നവർ പറഞ്ഞുകൊടുക്കുമോ?
ഇന്ത്യൻ നാഷനൽ ലീഗ്, പേരിൽനിന്ന് ‘മുസ്‌ലിം’ ഒഴിവാക്കിയ ശേഷവും എത്രകാലം ഇടതുമുന്നണിയുടെ വാതിൽപുറത്ത് കാത്തുനിന്നു. ഇബ്രാഹിം സുലൈമാൻ സേട്ടിെൻറ പിന്നിൽ ബാബരി വിഷയത്തിലുണ്ടായ ഒഴുക്കിൽ ജനകീയ വേർപിരിയലിനെ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ സി.പി.എം തയാറായില്ല. ബാബരി വിഷയമെന്ന സാമുദായിക ഇഷ്യൂവാണ് സേട്ടിെൻറ പ്രശ്നം എന്നതു മാത്രമായിരുന്നു അതിനു കാരണം. യഥാർഥത്തിൽ ബാബരി വിഷയത്തിൽ മതനിരപേക്ഷ സമൂഹം പ്രതികരിച്ചതിനപ്പുറം മൂർച്ചയൊന്നും സേട്ടിെൻറ നിലപാടിലില്ലായിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഐ.എൻ.എല്ലിനെ മുന്നണിയിൽ ചേർക്കുേമ്പാഴേക്കും പഴയ പാർട്ടിയുടെ നിഴൽ മാത്രമായി മാറിയിരുന്നു ആ കക്ഷി.
കേരളത്തില്‍ ജനസംഖ്യയുടെ 26 ശതമാനം വരുന്ന മുസ്‌ലിംകളിലും 22 ശതമാനം വരുന്ന ക്രിസ്ത്യാനികളിലും പാര്‍ട്ടിക്ക് ഇനിയും ദുര്‍ബലമായ സ്വാധീനമാണ് എന്ന് കൊൽക്കത്ത പ്ലീനം ചൂണ്ടിക്കാട്ടിയത് ഇപ്പോഴും പാർട്ടിയുടെ രേഖയിലുണ്ട്. രേഖയിലുള്ള ഈ വസ്തുത മുന്നിൽവെച്ച് സമുദായങ്ങളുമായി അടുക്കാനല്ല പാർട്ടി ശ്രമിക്കുന്നത്. സമുദായത്തെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്നത് അവരുടെ മതപരമായ അസ്തിത്വം മാറ്റിവെച്ചു കൊണ്ടാവില്ല എന്ന് സി.പി.എമ്മിനോട് ഓരംചേർന്ന് നിൽക്കുന്ന മുസ്‌ലിം നേതൃത്വമാണ് ആദ്യം തിരിച്ചറിയേണ്ടത്. അവർ തിരിച്ചറിയാത്തതല്ല, തിരിച്ചറിഞ്ഞ കാര്യം പാർട്ടിയുടെ മുമ്പാകെ വെക്കാൻ അവരും സമുദായചാപ്പ വീഴുമോ എന്നു ഭയപ്പെടുന്നു. ഈ അപകർഷതാബോധത്തെയാണ് പാർട്ടിയിലെ സവർണ നേതൃത്വം മുതലെടുക്കുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.