തൃശൂരിെൻറ തുടര്‍ചലനം ഹൈദരാബാദില്‍
text_fieldsസി.പി.എമ്മിെൻറ 22ാം സംസ്ഥാന സമ്മേളനത്തിനാണ് കൊടിയിറങ്ങിയത്. ഒരു രാഷ്ട്രീയവുമില്ലാതെ, അരാഷ്ട്രീയമായി ഒരു ആചാരക്രമംപോലെ അവസാനിക്കേണ്ടിയിരുന്ന ഒരു സാധാരണ സമ്മേളനത്തിലാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒടുവിൽ ദേശീയ രാഷ്ട്രീയത്തിെൻറ ചൂടുംചൂരും ഊതിക്കയറ്റിയത്. അതുകൂടി ഇല്ലായിരുന്നെങ്കില്‍ ഫാഷിസ്റ്റ് സ്വഭാവത്തിലേക്ക് പൂർണമായും പരിവര്‍ത്തനം ചെയ്യുന്ന ഹിന്ദുത്വ വര്‍ഗീയത ദേശീയതലത്തില്‍ സൃഷ്ടിക്കുന്ന സവിശേഷ സാഹചര്യമോ കേരളത്തിെൻറ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മണ്ഡലത്തില്‍ ഉണ്ടാവുന്ന കുഴമറിച്ചിലോ മലയാളിയും ആള്‍ക്കൂട്ട മനഃശാസ്ത്രത്തിലേക്ക് മാറിയതിലെ ഉത്കണ്ഠയോ ഇന്ന് മുന്നോട്ടുപോകുന്ന വികസന പരിപ്രേക്ഷ്യത്തിെൻറ പരിമിതിയെക്കുറിച്ച പുനര്‍ചിന്തയോ ഇല്ലാതെ സമ്മേളനം അവസാനിക്കുമായിരുന്നു. ഷുഹൈബിനെ കൊലപ്പെടുത്തിയത് പാര്‍ട്ടിയല്ലെന്നും പാര്‍ട്ടിക്ക് എതിരായ രാഷ്ട്രീയ വളഞ്ഞിട്ടാക്രമണം നേതാക്കളെ ലക്ഷ്യമിട്ടാണെന്നുമുള്ള ചുരുക്കിക്കെട്ടലിലേക്ക് സമ്മേളനം മാറുമായിരുന്നു. അത്തരം ചുരുക്കങ്ങളില്നിന്ന് സി.പി.എം സംസ്ഥാന ഘടകത്തെ രക്ഷിക്കുക മാത്രമല്ല, ദേശീയശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായി അവസാന നിമിഷം അതിനെ മാറ്റാനും യെച്ചൂരിക്ക് കഴിഞ്ഞു.
കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിൽ ഒറ്റക്കെട്ടായി അറിയപ്പെടുന്ന നേതൃത്വത്തിെൻറ നിയന്ത്രണത്തില്‍ നടന്ന സമ്മേളനത്തില്‍ വന്ന് തെൻറ നിലപാട് അദ്ദേഹം വിശദീകരിച്ചത് ഏപ്രില്‍ 18 മുതൽ 22 വരെ ഹൈദരാബാദില്‍ നടക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസുകൂടി മുന്നിൽക്കണ്ടാണ്. ഫാഷിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സ്വയം സേവക് സംഘത്താല്‍ നിയന്ത്രിക്കപ്പെടുന്ന ബി.ജെ.പി സര്‍ക്കാറിനെ പരാജയപ്പെടുത്തുക എന്ന മുഖ്യലക്ഷ്യം കൈവരിക്കാന്‍ എല്ലാ മതേതര, ജനാധിപത്യ കക്ഷികളെയും ഒന്നിപ്പിക്കുകയും അണിനിരത്തുകയും വേണമെന്നതാണ് സി.പി.എമ്മിെൻറ രാഷ്ട്രീയ നയം. അതില്‍ മതേതര ഭരണവര്‍ഗ പാര്‍ട്ടികളെയും ഒപ്പം കൂട്ടണമെന്ന തെൻറ നിലപാട് കോണ്‍ഗ്രസ് ധാരണക്കാണെന്നും അതുപോലും പാടില്ലെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ രേഖപ്പെടുത്തിക്കിട്ടാൻ മുഖ്യപങ്ക് വഹിച്ച സംസ്ഥാന നേതൃത്വത്തിെൻറ മടയില്‍ വന്നാണ് കുറച്ചുകൂടി കേരളത്തിന് പുറത്തെ വിശാലമായ ലോകത്തെ പുറത്തിട്ട് വാതിലടക്കരുതെന്നും വിശാലമായി ചിന്തിക്കണമെന്നും ആഹ്വാനം ചെയ്തത്. ഉയര്‍ന്ന ഘടകങ്ങളില്‍ തെൻറ നിലപാടിനെ എതിര്‍ത്ത നേതൃത്വത്തോടല്ല, ഇടനിലക്കാരില്ലാതെ കേരളത്തിലെ സി.പി.എമ്മിെൻറ മുഴുവന്‍ പരിച്ഛേദമായ സമ്മേളന പ്രതിനിധികളോട് അത് പറയുന്നതില്‍ യെച്ചൂരി വിജയിച്ചു. കോണ്‍ഗ്രസ് ബന്ധത്തില്‍ കെട്ടി വളഞ്ഞിട്ട് ആക്രമിച്ചവരോട് കേരളത്തിലെ പാര്‍ട്ടിയില്‍ പൂത്തുലഞ്ഞു നില്ക്കുന്ന ‘കീ ജയ്’ രാഷ്ട്രീയത്തിെൻറ യുക്തി പുനരാലോചിക്കാൻകൂടിയാണ് മറ്റൊരു തരത്തില്‍ അദ്ദേഹം പറഞ്ഞുവെച്ചത്. ഹിന്ദുത്വ വര്‍ഗീയതയുടെ എല്ലാ കെടുതികളും നേരിട്ട് അനുഭവിക്കുന്ന മുസ്ലിംകള് ഉൾപ്പെടുന്ന ന്യൂനപക്ഷത്തോടും ദലിതരോടും കൂടിയായിരുന്നു ആ അഭിസംബോധന.
പ്രതിനിധി സമ്മേളനത്തിെൻറ ഉദ്ഘാടനവേളയിലും ദേശീയ സാഹചര്യം സംബന്ധിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്ന വിഷയങ്ങളില്‍ മറുപടി പറഞ്ഞപ്പോഴും യെച്ചൂരി എടുത്തുപറഞ്ഞത് രാജ്യം നേരിടുന്ന നാല് ഭീഷണികളെക്കുറിച്ചായിരുന്നു. ഒന്ന്, ഭരണവര്‍ഗ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് തുടങ്ങിവെച്ച നവ ഉദാരീകരണ നയങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ അക്രമോത്സുകതയോടെ മുന്നോട്ടു കൊണ്ടുപോകുന്നു. രണ്ട്, ഇന്ത്യന്‍ റിപ്പബ്ലിക്കിനെയും ഭരണഘടനയുടെ അടിസ്ഥാന ശിലയെയും ദുര്‍ബലപ്പെടുത്തി ഹിന്ദുത്വ ദേശീയത ഉയര്‍ത്തിക്കാട്ടുന്നു. മൂന്ന്, ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള ആര്.എസ്.എസ് രാഷ്ട്രമാക്കി ഇന്ത്യയെ പരിവർത്തിപ്പിക്കാൻ രാജ്യത്തിെൻറ അടിസ്ഥാന സ്വഭാവത്തെതന്നെ മാറ്റാന്‍ ശ്രമിക്കുന്നു. പാര്‍ലമെൻററി സ്ഥാപനങ്ങൾെക്കതിരായ അക്രമം, രാഷ്ട്രപതി, ഉപരാഷ്ട്രപതി മുതല്‍ ഗവർണർമാര്‍, സര്‍വകലാശാല വി.സിമാര്‍ വരെയുള്ള പദവികളുടെ ആര്.എസ്.എസ്വത്കരണം എന്നിവ ഉദാഹരണം. നാല്, അമേരിക്കന്‍ സാമ്രാജ്യത്വത്തിെൻറ ജൂനിയര്‍ പങ്കാളിയായി ഇന്ത്യയെ അടിയറ വെച്ചു. ഈ നാല് വെല്ലുവിളികളെയും എതിരിട്ട് തോൽപിക്കണം. ആര്.എസ്.എസ് ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ പണിപ്പുരയിലാണ്. ഇന്ത്യയിലെ ഈ സവിശേഷ സാഹചര്യവും ആഗോള മൂലധന തകര്‍ച്ചയും സമ്പദ്വ്യവസ്ഥയും തമ്മിലെ ബന്ധവും എടുത്തുപറഞ്ഞാണ് അദ്ദേഹം സി.പി.എം നിലപാടുകള്‍ വിശദീകരിച്ചത്. ഈ നിലപാടുകളെയാണ് ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസും സംസ്ഥാന സെക്രട്ടറി എ.എന്‍. ഷംസീറും അടക്കമുള്ളവര്‍ ‘അധികാര രാഷ്ട്രീയത്തിലേക്കുള്ള കുറുക്കുവഴിയാണ് കോണ്‍ഗ്രസ് ബന്ധം’ എന്ന് ചുരുക്കിക്കെട്ടി ആക്ഷേപിച്ചത്. ഇവരോട് സി.പി.എമ്മിെൻറ പാര്‍ട്ടി പരിപാടി ഒരിക്കല്‍ക്കൂടി എടുത്ത് വായിക്കണമെന്ന യെച്ചൂരിയുടെ പരിഹാസം സത്യത്തില്‍ അതില്‍ എന്താണ് പറയുന്നെതന്ന ആകാംക്ഷ പൊതുസമൂഹത്തില്‍ കൂടി ജനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. പാര്‍ട്ടി പരിപാടിയില്‍ ‘ജനകീയ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കല്‍’ എന്ന ഖണ്ഡികയിലെ 7.14 ഉപഖണ്ഡികയില്‍ ബി.ജെ.പി-ആര്.എസ്.എസിനെ വിലയിരുത്തുന്നത് ഇങ്ങനെ: ‘‘... പിളര്‍പ്പുണ്ടാക്കുന്നതും വര്‍ഗീയവുമായ പരിപാടിയോടുകൂടിയ പിന്തിരിപ്പന് പാര്‍ട്ടിയാണ് ബി.ജെ.പി. മറ്റ് മതങ്ങളോടുള്ള വെറുപ്പും അസഹിഷ്ണുതയും തീവ്രദേശീയതയുടേതായ സങ്കുചിതവാദവുമാണ് അതിെൻറ പിന്തിരിപ്പന് ഉള്ളടക്കത്തിെൻറ അടിസ്ഥാനം. ഫാഷിസ്റ്റ് സ്വഭാവമുള്ള ആര്.എസ്.എസ് മാര്‍ഗനിർദേശം നല്‍കുകയും മേധാവിത്വം വഹിക്കുകയും ചെയ്യുന്നതിനാല്‍ ബി.ജെ.പി സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടിയല്ല. ബി.ജെ.പി അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഭരണകൂട അധികാരത്തിെൻറയും ഭരണകൂട സംവിധാനത്തിെൻറയും ഉപകരണങ്ങളില്‍ ആര്.എസ്.എസിന് ഇടപെടാന്‍ കഴിയുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രം പുനരുത്ഥാനവാദത്തെ വളര്‍ത്തുന്നു. ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അത് ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരത്തെ നിഷേധിക്കുന്നു...’’ തുടര്‍ന്ന് അടുത്ത ഉപഖണ്ഡികയില്‍ ഇത്രകൂടി പറയുന്നു: ‘‘മേല്പറഞ്ഞ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് രാജ്യെത്ത എല്ലാ ദേശാഭിമാനശക്തികളുമായും ഐക്യമുണ്ടാക്കുക എന്നത് സി.പി.എം അതിെൻറ കടമയായി സ്വയം മുന്നോട്ടു വെക്കുന്നു.’’ തെൻറ മറുപടി പ്രസംഗത്തില്‍ പാര്‍ട്ടി കരട് രാഷ്ട്രീയ പ്രമേയം ഉദ്ധരിച്ച് ‘‘ദേശീയ സാഹചര്യത്തില്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതും സി.പി.എമ്മിെൻറ പ്രഥമ ലക്ഷ്യവും ആര്.എസ്.എസ്-ബി.െജ.പി സര്‍ക്കാറിനെ പരാജയപ്പെടുത്തുക എന്നതാെണന്ന് വ്യക്തമാക്കുന്നു. ഈ ലക്ഷ്യം കൈവരിക്കാനും ഏറ്റവും അധികം ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കാനും തെരഞ്ഞെടുപ്പ് സമയത്ത് ഉചിതമായ തെരഞ്ഞെടുപ്പു തന്ത്രം പാര്‍ട്ടി സ്വീകരിക്കുമെന്നാണ് യെച്ചൂരി പറഞ്ഞത്. വെറുതെയല്ല, പാര്‍ട്ടി കോണ്‍ഗ്രസില്‍ കാണാമെന്ന് അദ്ദേഹം നിരന്തരം പറയുന്നതും.
കേരളത്തില്‍ സി.പി.എമ്മിെൻറ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രതിയോഗി ഇന്നും കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. പക്ഷേ, പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും കായികമായും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് ആര്.എസ്.എസ്-ബി.ജെ.പിയില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ ബി.ജെ.പിക്ക് എതിരായ പോരാട്ടത്തെ കോൺഗ്രസ് ബന്ധമായി ചുരുക്കിക്കാണരുത് എന്നുകൂടിയാണ് ജനറല്‍ സെക്രട്ടറി കേരള സഖാക്കളെ ഓർമിപ്പിച്ചത്. തെൻറ ഏറ്റവും വലിയ പ്രതിയോഗികളായ കേരള നേതൃത്വത്തിെൻറ പൂർണ നിയന്ത്രണത്തില്‍ നടന്ന സമ്മേളനത്തില്‍ സ്വന്തം നിലപാട് സുവ്യക്തമായി പറഞ്ഞതിെൻറ ആത്മവിശ്വാസത്തോടെയാവും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് യെച്ചൂരി എത്തുക. അതുകൊണ്ടുതന്നെ അദ്ദേഹം തൃശൂരില്‍ സൃഷ്ടിച്ച പ്രകമ്പനത്തിെൻറ തുടർകമ്പനങ്ങള്‍ ഹൈദരാബാദില്‍ ഉണ്ടാവുമെന്ന് തീര്‍ച്ചയാണ്.
ഇതോടൊപ്പം പ്രധാനമാണ് സമ്മേളനത്തില്‍ സംസ്ഥാന വിഷയത്തില്‍ നടന്ന ചര്‍ച്ചയുടെ സ്വഭാവവും. ആഴവും പരപ്പും ഉയര്‍ച്ചയും കാണാതെ പോയതായിരുന്നു പ്രധാന ന്യൂനത. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം മുതല്‍ അത് മുഴച്ചുനിന്നു. ആഴത്തിലേക്കും ഉയരത്തിലേക്കും നയിക്കാന്‍ പ്രാപ്തമായിരുന്നോ പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്ന് പ്രതിനിധികളില്‍ ചിലരെങ്കിലും ചിന്തിച്ചാല്‍ അത്ഭുതമില്ല. തെറ്റുതിരുത്തല്‍ നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബാധകമല്ലേ എന്ന് ഒരു പ്രതിനിധി ചര്‍ച്ചയില്‍ ഒറ്റതിരിഞ്ഞ് ചോദിച്ചത് ഒരു പക്ഷേ, ഈ സാഹചര്യത്തിലാവും. മുന്നണിക്കു പുറത്ത് നില്ക്കുന്ന ഒരു പാര്‍ട്ടിയെ ചൊല്ലിയുള്ള രാഷ്ട്രീയ സംവാദങ്ങളില്‍ ഘടകകക്ഷിയായ സി.പി.ഐയെ സെക്രട്ടറിയും പ്രതിനിധികളും ഒരുപോലെ വിമര്‍ശിച്ചു. സി.പി.എമ്മിലെ ഒന്നോ രണ്ടോ മന്ത്രിമാര്‍ ഉൾപ്പെടെ ചില മന്ത്രിമാര്‍ക്ക് എതിരെയും വിമര്‍ശനം ഉയര്‍ന്നു. പക്ഷേ, മന്ത്രിമാർക്ക് മുകളിലേക്ക് പോകാന്‍ പ്രതിനിധികള്‍ക്കും സാധിച്ചില്ല. അതിനുള്ള ഉള്‍പാര്‍ട്ടി ജനാധിപത്യം സി.പി.എമ്മില്‍ പൂർണമായും നഷ്ടപ്പെട്ടുവോ എന്ന ചിന്തകൂടി സമ്മാനിക്കുന്നതാണ് ഈ സമ്മേളനം. മധുവെന്ന ആദിവാസിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം നടന്നത് സമ്മേളന മൂര്‍ധന്യത്തിലായിരുന്നു. പക്ഷേ, കൃഷിഭൂമിയും കിടപ്പാടവും ഇല്ലാതെ അന്യവത്കരിക്കപ്പെടാന് ആദിവാസി ഇടയായ സാഹചര്യമോ അതില്‍ സി.പി.എം ഉൾെപ്പടെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കുള്ള പങ്കോ സ്വയം വിമര്‍ശനാത്മകമായി ആരെങ്കിലും ഉന്നയിച്ചതായി കേട്ടതുമില്ല. കേരളംപോലെ മത, സാമൂഹിക അന്തരീക്ഷം സവിശേഷമായ ഒരു സംസ്ഥാനത്ത് ആള്ക്കൂട്ടത്തിെൻറ ഫാഷിസ്റ്റ് മനഃശാസ്ത്രത്തിന് കൈവരുന്ന മാനത്തിലും ഉത്കണ്ഠ ഉയർന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.