ത്രിപുരയും വീണു; ഇനി കേരളം
text_fieldsഭരണവും അധികാരവുമാണ് രാഷ്ട്രീയത്തിെൻറ പരമ പ്രധാന ആകർഷണീയത. രാഷ്ട്രീയക്കാരെൻറ സുരഭില കാലഘട്ടവും അതുതന്നെ. ഒരിക്കൽ ഭരണത്തിൽ കയറിയാൽ അതു നിലനിർത്തണമെന്ന ആഗ്രഹം അപരാധമായി കാണാൻ പറ്റില്ല. പക്ഷേ, കേരളത്തിലെ ഇരുമുന്നണികളും പാർട്ടികളും താലോലിക്കുന്ന ഭരണത്തുടർച്ച എന്ന ഈ മോഹം ജനം വകവെച്ചു കൊടുക്കാറില്ല. എത്ര ശ്രമിച്ചാലും എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയാലും ഭരിക്കുന്ന പാർട്ടിയെ, മുന്നണിയെ അടുത്ത അഞ്ചു കൊല്ലം അവർ പ്രതിപക്ഷത്തിരുത്തും. മലയാളിയുടെ ഈ കറകളഞ്ഞ ജനാധിപത്യബോധമാണ് യഥാർഥ കേരള മോഡൽ.
തുടർഭരണത്തിനുവേണ്ടി കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ ഏറെ വിയർപ്പൊഴുക്കിയിരുന്നു. കോടികൾ മുടക്കി ജനസമ്പർക്ക പരിപാടികൾ നടത്തുകയും ഒട്ടേറെ വികസനപദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. പക്ഷേ, ഈ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനുള്ള ഭാഗ്യം ലഭിച്ചത് പിണറായി വിജയനാണെന്നു മാത്രം. പിണറായി സർക്കാർ അധികാരം ഏറ്റതു മുതലുള്ള ചിന്ത 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എങ്ങനെ വീണ്ടും അധികാരത്തിൽ വരാൻ കഴിയുമെന്നാണ്. ഇടതുമുന്നണി വിട്ടുപോയ വീരേന്ദ്ര കുമാറിനെ തിരിച്ചുകൊണ്ടുവന്നതും ആർ.എസ്.പിയെ മടക്കിക്കൊണ്ടുവരാൻ തീവ്രശ്രമങ്ങൾ നടത്തുന്നതും ഇതിനു വേണ്ടിയാണ്. ഏറ്റവും വലിയ അഴിമതിക്കാരനെന്നു മുദ്രകുത്തിയ കെ.എം. മാണിയെ വിജിലൻസ് കേസുകളിൽ കുറ്റമുക്തനായി പ്രഖ്യാപിച്ചു വിശുദ്ധനാക്കി ഇടതിനോട് അടുപ്പിക്കാൻ ശ്രമിക്കുന്നതിെൻറ പിന്നിലും ഭരണത്തുടർച്ച എന്ന കിട്ടാക്കനിയാണ്.
കേരളത്തിെൻറ ഏറ്റവും വലിയ ജനാധിപത്യ സൗഭാഗ്യമാണ് അഞ്ചു കൊല്ലം കൂടുമ്പോൾ സംഭവിക്കുന്ന ഭരണമാറ്റം. അങ്ങനെയൊന്നു നടക്കുന്നതു കൊണ്ടുമാത്രമാണ് എൽ.ഡി.എഫും യു.ഡി.എഫും ഇവിടെ കട്ടക്ക് നിൽക്കുന്നത്. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ എത്ര ശ്രമിച്ചിട്ടും അവർ ഇപ്പോഴും വെയിലത്ത് നിൽക്കുന്നതും ഇക്കാരണത്താലാണ്. പത്തു കൊല്ലം മുമ്പ് വരെ സി.പി.എമ്മിെൻറ സംസ്ഥാനത്തെ പ്രധാന മുദ്രാവാക്യം കേരളത്തെ ബംഗാളാക്കും എന്നായിരുന്നു. മൂന്നര പതിറ്റാണ്ടോളം തുടർച്ചയായി ഭരിച്ച ബംഗാളിെൻറ മാതൃകയിലേക്കു കേരളത്തെ കൊണ്ടു വരുക ഓരോ സി.പി.എമ്മുകാരെൻറയും സ്വപ്നമായിരുന്നു. പക്ഷേ, ഒരൊറ്റ തവണ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ പശ്ചിമ ബംഗാളിൽ പാർട്ടി അടപടല പൊളിഞ്ഞു പോയി. ശക്തമായ അടിത്തറയും കെട്ടുറപ്പുമൊക്കെ ഉണ്ടെന്നു ധരിച്ച പാർട്ടി ഒരു സോപ്പ് കുമിളക്കു സമാനമായി മാറിയത് ശരവേഗത്തിലാണ്.
അധികാരം എങ്ങനെ ഒരു പാർട്ടിയെ ദുഷിപ്പിക്കും എന്നതിെൻറ മികച്ച ഉദാഹരണമായി മാറി പശ്ചിമ ബംഗാളിലെ സി.പി.എം. അടിയുറച്ച പ്രവർത്തകർ എന്നു സി.പി.എം നേതാക്കൾ കരുതിയിരുന്നവർ നേരം ഇരുട്ടി വെളുത്തപ്പോൾ തൃണമൂൽ കോൺഗ്രസായി മാറി. പാർട്ടി ഓഫിസുകൾ കൈയേറി അവർ തൃണമൂലിെൻറ ബോർഡ് സ്ഥാപിച്ചു. അധികാരത്തിെൻറ ബലത്തിൽ പാവപ്പെട്ട ആളുകളെ ചൂഷണം ചെയ്തിരുന്ന പ്രാദേശിക നേതാക്കന്മാർക്ക് പൊതിരെ തല്ലു കിട്ടി. പാർട്ടിപ്രവർത്തനം അസാധ്യമായ സാഹചര്യമാണ് അവിടെ വന്നുചേർന്നത്. ആരുടെയെങ്കിലും താങ്ങില്ലാതെ സ്വന്തം കാലിൽ നിവർന്നു നിൽക്കാൻ പറ്റാത്ത അവസ്ഥ. പതിറ്റാണ്ടുകളോളം പ്രധാന രാഷ്ട്രീയശത്രുവായിരുന്ന കോൺഗ്രസുമായി സഖ്യം ഉണ്ടാക്കി വീണ്ടും മത്സരിച്ചപ്പോഴും സി.പി.എമ്മിെൻറ ഗ്രാഫ് താഴേക്കുതന്നെ പതിച്ചു. അതിൽ നേട്ടമുണ്ടായത് കോൺഗ്രസിനാണ്. എന്നിട്ടും പശ്ചിമബംഗാളിലെ പാർട്ടിക്ക് ഒറ്റക്കു നിൽക്കാനുള്ള ആത്മവിശ്വാസം ഇപ്പോഴുമില്ല. പക്ഷേ, തല്ലു കൊണ്ടും പാർട്ടിയെ വളർത്താനാണ് അവരോടു പോളിറ്റ് ബ്യൂറോ പറയുന്നത്.
34 കൊല്ലം തുടർച്ചയായി ഒരു സംസ്ഥാനം ഭരിച്ചിട്ടും അവിടത്തെ സാധാരണ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനോ പണിയെടുക്കുന്നവനു ന്യായമായ കൂലി ഉറപ്പുവരുത്താനോ യുവാക്കൾക്ക് ആകർഷകമായ തൊഴിൽ മേഖല കണ്ടെത്താനോ കഴിഞ്ഞില്ല എന്നിടത്തായിരുന്നു സി.പി.എമ്മിെൻറ ബംഗാളിലെ പരാജയം. ഇന്നു തൊഴിൽ തേടി കേരളത്തിലെത്തുന്ന ബംഗാളികൾ അവിടത്തെ ദുരവസ്ഥയുടെ നേർ സാക്ഷ്യമാണ്. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലെ സി.പി.എമ്മിെൻറ തകർച്ചയും ബംഗാളിെൻറ തുടർച്ചയാണെന്നു കാണാൻ വലിയ ഗവേഷണമൊന്നും വേണ്ടതില്ല. കേരളത്തിലെ മലപ്പുറംജില്ലയിലേതിനേക്കാൾ ജനസംഖ്യ കുറഞ്ഞ സംസ്ഥാനമാണ് ത്രിപുര. മണിക് സർക്കാറിനെപ്പോലെ ആദർശവാനായ മുഖ്യമന്ത്രിയാണ് അവിടം ഭരിച്ചത്. മുഖ്യമന്ത്രി എന്ന നിലയിൽ ലഭിക്കുന്ന ശമ്പളം പാർട്ടിക്ക് കൊടുത്തിട്ട് പാർട്ടി നൽകുന്ന പതിനായിരത്തിൽ താഴെ വരുന്ന തുകകൊണ്ടു അദ്ദേഹം കഴിഞ്ഞുകൂടുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ സൈക്കിൾ റിക്ഷയിൽ യാത്രചെയ്യുന്നു. മണിക് സർക്കാർ വസ്ത്രങ്ങൾ സ്വയം അലക്കുന്നു. അദ്ദേഹത്തിെൻറ ബാങ്ക് നിക്ഷേപം വെറും മൂവായിരം രൂപ. ഇതെല്ലാം ഒട്ടും അതിശയോക്തി ഇല്ലാത്ത കറകളഞ്ഞ സത്യങ്ങളാണ്. പക്ഷേ, ഈ സത്യം കൊണ്ട് എക്കാലത്തും ജനങ്ങളെ പിടിച്ചുനിർത്താൻ കഴിയില്ല എന്നാണ് ത്രിപുര കാണിച്ചുതന്നത്.
സാമ്പത്തികമായി ഇന്ത്യയിൽ ഏറെ പിന്നാക്കം നിൽക്കുന്ന സംസ്ഥാനം കൂടിയാണ് ത്രിപുര. അവിടത്തെ ദാരിദ്ര്യം പങ്കുവെക്കുകയാണ് മണിക് സർക്കാർ ഇക്കാലമത്രയും ചെയ്തു പോന്നത്. അതിൽ അദ്ദേഹം ഒരു വിവേചനവും കാണിച്ചില്ല എന്നതു ശരിതന്നെ. പക്ഷേ, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ കാൽ നൂറ്റാണ്ടു ഭരിച്ച സർക്കാർ പരാജയമായി. തൊഴിലില്ലായ്മയുടെ ശതമാന കണക്കിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനം ത്രിപുരക്കാണ്. പുതിയ തൊഴിൽസാധ്യതകളില്ല. അഭ്യസ്തവിദ്യരായ യുവാക്കൾ ജോലികിട്ടാതെ അസ്വസ്ഥരായി കഴിയുന്നു. അവർക്കു മുന്നിലേക്ക് നമുക്ക് ഇനി മാറാം എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദിയെപ്പോലൊരു പ്രധാനമന്ത്രി വരുമ്പോൾ എന്തു സംഭവിക്കുമോ അതാണ് ത്രിപുരയിൽ സംഭവിച്ചത്.
പുതിയ തൊഴിൽ സംരംഭങ്ങൾ, സൗജന്യ ലാപ്ടോപ് , മൊബൈൽ... ചെറുപ്പക്കാരുടെ മനമിളക്കാൻ ഇതെല്ലാം ധാരാളമാണ്. ത്രിപുരയിലെ സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളകമീഷൻ നടപ്പാക്കുമെന്നായിരുന്നു ബി.ജെ.പിയുടെ ഒരു പ്രധാന വാഗ്ദാനം. നാലാം ശമ്പള കമീഷനാണ് ഇപ്പോൾ ത്രിപുരയിൽ നടപ്പാക്കിയിരിക്കുന്നത്. അതു പരിഷ്കരിക്കുമ്പോൾ ശമ്പളത്തിൽ മൂന്നിരട്ടി വർധനവാണ് ഉണ്ടാവുക. സി. പി.എം സർവിസ് സംഘടനയിൽ അംഗങ്ങളായ സർക്കാർ ജീവനക്കാർവരെ ബി.ജെ.പിക്കു വോട്ട് ചെയ്യാൻ ക്യൂ നിന്നെങ്കിൽ അത്ഭുതപ്പെടാനില്ല.
ത്രിപുരയിലെ ജനങ്ങളെ മോഹചുഴിയിൽ വീഴ്ത്തിയും അവിടത്തെ പ്രതിപക്ഷമായ കോൺഗ്രസ്പാർട്ടിയെ പൂർണമായി വിലക്കെടുത്തുമാണ് അനായാസം ബി.ജെ.പി ഇത്ര വലിയ വിജയം കൊയ്തത് എന്ന വസ്തുത അംഗീകരിക്കുമ്പോൾതന്നെ ജനാധിപത്യത്തിൽ അനിവാര്യമായി സംഭവിക്കേണ്ട ഭരണമാറ്റം നടക്കാതെ ഒരു പാർട്ടിതന്നെ ഭരണം കുത്തകയാക്കി വെച്ചതു കൊണ്ടാണ് ഇതിത്ര എളുപ്പമായത് എന്ന കാര്യം കാണാതിരുന്നു കൂടാ. പശ്ചിമബംഗാളിൽ സംഭവിച്ചതുപോലെ ഭരണം പോയതിനു പിന്നാലെ ത്രിപുരയിൽ പാർട്ടിയും അസ്തമയത്തിലേക്ക് അടുത്താൽ അതൊരു വലിയ ദുരന്തമാകും. ത്രിപുരക്ക് വേണ്ടി ആയിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു നരേന്ദ്ര മോദി കളത്തിലിറങ്ങിയാൽ ഇപ്പറഞ്ഞത് എളുപ്പമാവുകയും ചെയ്യും.
അടുത്തത് കേരളം എന്ന ബി.ജെ.പിയുടെ വെല്ലുവിളിയെ ഇതിെൻറ അടിസ്ഥാനത്തിലാണ് കാണേണ്ടത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം നേരിട്ട് നടത്തിയ ശ്രമങ്ങൾ ഇതു വരെ വിജയം കണ്ടിട്ടില്ല. അതേസമയം, വെള്ളാപ്പള്ളി നടേശനെക്കൊണ്ട് ഒരു പാർട്ടി ഉണ്ടാക്കിച്ചു അതിനെ എൻ.ഡി.എയിൽ ചേർക്കുന്നതിൽ അവർ വിജയിച്ചു. ആദിവാസി ഗോത്രനേതാവ് സി.കെ. ജാനുവിനെയും ബി.ജെ.പി പാളയത്തിലെത്തിച്ചു. ക്രിസ്ത്യൻസഭയുമായി നല്ല ബന്ധവും ബി.ജെ.പി ദേശീയ നേതൃത്വം പുലർത്തുന്നു. അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയാക്കിയതിലൂടെ ക്രൈസ്തവ സമുദായത്തിലേക്ക് ഒരു ചൂണ്ട എറിഞ്ഞിരിക്കുകയാണ്. കേരള ബി.ജെ.പിയിലെ ഗ്രൂപ്പും നേതാക്കൾ തമ്മിലെ മൂപ്പിളമ തർക്കവുമാണ് പാർട്ടിക്ക് ഇവിടെ പ്രതീക്ഷിച്ച വളർച്ച ഉണ്ടാകാത്തതിനും കോൺഗ്രസ് അടക്കം പാർട്ടികളിൽനിന്നു നേതാക്കൾ വരാത്തതിനും കാരണമെന്നാണ് ദേശീയ നേതൃത്വത്തിെൻറ നിഗമനം. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടും കൽപിച്ചാണ് ബി.ജെ.പി ഇറങ്ങാൻ പോകുന്നത്. മറ്റു പാർട്ടികൾ ആലോചന തുടങ്ങുന്നതിനു മുേമ്പ ബി.ജെ.പി ഒരുക്കങ്ങൾ നടത്തിക്കഴിഞ്ഞു. അതിനു മുമ്പ് നടക്കാൻ പോകുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനും വലിയ സന്നാഹങ്ങളുമായാണ് ബി.ജെ.പി വരുന്നത്. ക്രിസ്ത്യൻ സഭയെയും എൻ.എസ്.എസിനെയും കേന്ദ്ര നേതൃത്വം നോട്ടമിട്ടു കഴിഞ്ഞു. ചെങ്ങന്നൂർ പിടിക്കാൻ കഴിഞ്ഞാൽ കേരള മോഡൽ വൈകാതെ തിരുത്തിയെഴുതാൻ പറ്റുമെന്നാണ് ആ പാർട്ടിയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.