തട്ടം പിടിച്ചുവലിക്കല്ലേ...
text_fieldsതട്ടത്തിൻമറയത്തിരുന്ന് ഉയരങ്ങൾ വെട്ടിപ്പിടിച്ച് ലോകത്തിനു തന്നെ മാതൃകകളാകാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം പെൺകുട്ടികളെയാണ് മലപ്പുറത്തുകാർ നിത്യേന കാണുന്നത്. പാരിസിൽ ഈയിടെ നടന്ന ദീര്‍ഘദൂര (120 കി.മീ) കുതിരയോട്ട മത്സരത്തില്‍ (ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്) ത്രിവർണ പതാക ഉയർത്തിയ ആദ്യ ഇന്ത്യൻ ജൂനിയർ താരമായ, ഹിജാബ്ധാരിയായ മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി സ്വദേശി നിദ അൻജും ചേലാട്ടിനെയാണ് അവർ ഏറ്റവും അവസാനത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്
വിനാശകാലേ വിപരീത ബുദ്ധി എന്നുപറഞ്ഞതു പോലെയാണ് സി.പി.എമ്മിന്റെ കാര്യം. മുസ്ലിംകളെ പാർട്ടിയോടടുപ്പിക്കാൻ, കേരളത്തിൽ ഏറെക്കാലമായി കിണഞ്ഞു ശ്രമിച്ചുവരുകയാണ്. സമുദായത്തിലെ ചില കഷ്ണങ്ങളെയൊക്കെ കൂടെനിർത്താൻ പല അവസരങ്ങളിലായി അവർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും അതിലൊന്നും പാർട്ടിക്ക് പൂർണമായി തൃപ്തിവന്നിട്ടില്ല.
മുസ്ലിംകൾക്കിടയിൽ മുസ്ലിംലീഗിനുള്ള സ്വാധീനത്തിന് ഇടിവ് തട്ടിയാലേ വലിയൊരളവിൽ ആ ജനസാമാന്യത്തെ കൂടെനിർത്താൻ കഴിയൂ എന്ന ബോധ്യം ഇ.എം.എസിന്റെ കാലത്തേ സി.പി.എമ്മിനുണ്ട്.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവത്കരണകാലത്ത് അതിന്റെ നേതൃത്വത്തിന് അങ്ങനെയൊരാശങ്കക്ക് വകുപ്പേ ഇല്ലായിരുന്നു. കാരണം, പാർട്ടി രൂപവത്കരണത്തിൽ നിർണായക പങ്കാളിത്തംതന്നെ മുസ്ലിം നേതാക്കൾക്കുണ്ടായിരുന്നു. പിന്നീട്, എപ്പോഴോ നേതൃസ്ഥാനത്ത് മുസ്ലിംസ്വാധീനം കുറയുകയും മുസ്ലിംകൾ ആ പാർട്ടിയോട് അകൽച്ച പാലിക്കുകയും ചെയ്തു. മറുഭാഗത്ത് മുസ്ലിംലീഗ് ശക്തിപ്രാപിച്ചു.
കേരളത്തിലെ മുസ്ലിംകളെ ഇടതുപക്ഷത്തോടൊപ്പം നിർത്താനുള്ള ഭഗീരഥ യത്നം സി.പി.എം തുടരുന്നതിനിടയിലാണ് സംസ്ഥാന കമ്മിറ്റിയംഗം അനിൽകുമാറിനെപ്പോലുള്ള ഏടാകൂടങ്ങൾ അതിരുവിടുന്നത്. മുസ്ലിംലീഗിൽ നിർണായക വോട്ടുബാങ്കുള്ള സമസ്ത ഇ.കെ. വിഭാഗം സി.പി.എം ഇട്ട ചൂണ്ടയിൽ കൊത്തി, കൊത്തിയില്ല എന്ന അവസ്ഥയിൽ നിൽക്കുേമ്പാഴാണ് അനിൽകുമാർ മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളിട്ട തട്ടത്തിൽ കയറിപ്പിടിക്കുന്നത്.
‘തട്ടം തലയിലിടാൻ വന്നാൽ, വേണ്ട എന്നുപറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായുള്ള വിദ്യാഭ്യാസം കൊണ്ടാണെ’ന്നാണ് തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിൽ അനിൽകുമാർ തട്ടിവിട്ടത്. കേരളത്തിലെ സ്ത്രീകളെ മാറ് മറപ്പിക്കാനും ബ്ലൗസിടീപ്പിക്കാനും സമരം ചെയ്തവർ മുസ്ലിം പെൺകുട്ടികളുടെ തട്ടമഴിപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ടായിരുന്നോ എന്ന സംശയം വെറുതെ തോന്നിയതാണ്.
എന്തായാലും സംഗതി പുലിവാലായി. അനിൽകുമാറിന്റെ പ്രസംഗത്തിന്റെ വിഡിയോ തുണ്ട് വൈറലായതോടെ ഇടതുപക്ഷത്തോട് മൃദുസമീപനം പുലർത്തുന്ന സുന്നി എ.പി വിഭാഗമടക്കം സകലമാന മുസ്ലിം സംഘടനകളും അതിൽ കേറിപ്പിടിച്ചു;
സ്വാഭാവികം. അടുത്ത തെരഞ്ഞെടുപ്പുകളിൽ സമസ്ത ഇ.കെ വിഭാഗത്തെക്കൂടി കൂടെനിർത്തി മുസ്ലിംലീഗിന്റെ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ കാത്തുകഴിയുേമ്പാഴാണ് ഇതെല്ലാം സംഭവിക്കുന്നത്. പറക്കുന്നതിനെ പിടിക്കാൻ ശ്രമിക്കുേമ്പാൾ കക്ഷത്തുള്ളതുകൂടി പോകുമോയെന്ന ഭയവും കലശലായി.
പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഭാഗ്യപരീക്ഷണത്തിന് നിന്നില്ല. വസ്ത്രസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യമാണെന്നും അതിൽ തൊടുന്നത് പാർട്ടി നിലപാടല്ലെന്നും അദ്ദേഹം നാവുകൊണ്ട് വെളിവാക്കിപ്പറഞ്ഞു. അത് അനിൽകുമാറിന് പറ്റിയത് ‘അബദ്ധ’മാണെന്ന് എ.എം ആരിഫ് എം.പിയും മുൻമന്ത്രി കെ.ടി. ജലീലും ഒരേശ്വാസത്തിൽ പറഞ്ഞത് ഗോവിന്ദൻ ഏറ്റുപിടിച്ചില്ല.
ഇസ്ലാമിന്റെയും മുസ്ലിംകളുടെയും കാര്യം പറയുേമ്പാൾ പലപ്പോഴും സി.പി.എമ്മിന് പിഴക്കാറുണ്ട്. ശരീഅത്തിന്റെ കാര്യത്തിലും ഏക സിവിൽ കോഡിന്റെ കാര്യത്തിലും പാർട്ടിയുടെ നിലപാട് ആർജവത്തോടെ ഇ.എം.എസ് പറഞ്ഞിട്ടുണ്ടെങ്കിലും കാലന്തരേണ അതൊക്കെ തിരുത്തിപ്പോകേണ്ട ഗതികേടും സി.പി.എം നേതൃത്വത്തിന് വന്നുഭവിച്ചുകൊണ്ടിരിക്കുകയാണ്.
തുടർഭരണം എന്ന ഒറ്റ അജണ്ട മുന്നിൽനിൽക്കുേമ്പാൾ അതും സ്വാഭാവികം. ശബരിമലയും ഏക സിവിൽ കോഡുമെല്ലാം മനസ്സിൽ ധ്യാനിച്ച്, വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി മുതൽ താഴോട്ടുള്ളവർ ആണയിട്ടുകൊണ്ടിരിക്കുന്നത്.
തട്ടത്തിന്റെ കാര്യമാണ് പറഞ്ഞുവന്നത്. മുസ്ലിം സ്ത്രീകൾ തലമറയ്ക്കണമെന്ന മതനിഷ്ഠ, ഇസ്ലാമുണ്ടായ കാലംമുതലേ പാലിച്ചുപോരുന്നതല്ലേ. കേരള മുസ്ലിംകൾക്കിടയിൽ തലമറയ്ക്കലിന്റെ അളവ് ഏറിയും കുറഞ്ഞുമാണിരിക്കുന്നത്. തട്ടം അലസമായി തലയിലിടുന്നവരും മുടിയൊട്ടും കാണാതെ മക്കനയും ഹിജാബും ധരിക്കുന്നവരുമുണ്ട്.
കണ്ണു മാത്രം പുറമേക്ക് കാണുന്ന രീതിയിലും അതും കാണാത്ത രീതിയിലും നിഖാബ് ധരിക്കുന്ന വിഭാഗങ്ങളുമുണ്ട്. ഇസ്ലാമിക വിദ്യാഭ്യാസത്തിന് മതസംഘടനകൾ കൂടുതൽ ഊന്നൽ നൽകിയതോടെ വരുന്ന മാറ്റങ്ങളാണത്രെ ഇതെല്ലാം.
കമ്യൂണിസ്റ്റ് വിദ്യാഭ്യാസത്തിന്റെ ഫലമായി മലപ്പുറത്തെ മുസ്ലിം പെൺകുട്ടികൾ തട്ടത്തോട് ‘നോ’ പറഞ്ഞുതുടങ്ങിയെന്നാണ് അനിൽകുമാറിന്റെ ബോധ്യം. ഗൾഫ് സ്വാധീനമുള്ള മലപ്പുറത്ത് പടിഞ്ഞാറൻ സംസ്കാരത്തിന്റെ നുഴഞ്ഞുകയറ്റവും കാണാനാകും. പക്ഷേ, മുസ്ലിം പെൺകുട്ടികൾ തട്ടം വലിച്ചെറിയുന്നുണ്ടെന്ന് മലപ്പുറത്തെ കമ്യൂണിസ്റ്റ് വിദ്യാഭ്യാസ വിചക്ഷണർപോലും പറയുമെന്ന് തോന്നുന്നില്ല.
തട്ടത്തിൻ മറയത്തിരുന്ന് ഉയരങ്ങൾ വെട്ടിപ്പിടിച്ച് ലോകത്തിനുതന്നെ മാതൃകകളാകാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം പെൺകുട്ടികളെയാണ് മലപ്പുറത്തുകാർ നിത്യേന കാണുന്നത്.
പാരിസിൽ ഈയിടെ നടന്ന ദീര്‍ഘദൂര (120 കി.മീ) കുതിരയോട്ട മത്സരത്തില്‍ (ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്) ത്രിവർണ പതാക ഉയർത്തിയ ആദ്യ ഇന്ത്യൻ ജൂനിയർ താരമായ, ഹിജാബ്ധാരിയായ മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി സ്വദേശി നിദ അൻജും ചേലാട്ടിനെയാണ് അവർ ഏറ്റവും അവസാനത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇസ്ലാമിക ചിഹ്നങ്ങൾ തകർക്കുകയെന്ന സംഘ്പരിവാർ അജണ്ടതന്നെയാണ് സി.പി.എമ്മും പയറ്റുന്നതെന്ന ആരോപണം മുസ്ലിം സംഘടനകൾ കൂട്ടമായി ഉയർത്തിക്കഴിഞ്ഞു.
മറുവശത്ത്, വിവാദം സി.പി.എമ്മിന് അനുകൂലമാകുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടതുപോലുള്ളൊരു അനുഭവമായാണ് വിവാദം പരിണമിച്ചുകൊണ്ടിരിക്കുന്നത്. പാണക്കാട് നേതൃത്വം ഇടപെട്ട് ഒരുവിധത്തിൽ പറഞ്ഞൊതുക്കിയ മുസ്ലിംലീഗ്-സമസ്ത മൂപ്പിളമത്തർക്കം വീണ്ടും തലപൊക്കാൻ അനിൽകുമാറിന്റെ തട്ടം പരാമർശം കാരണമായിരിക്കുകയാണ്.
അനിൽകുമാറിനെ വിമർശിക്കുന്നതിനിടെ സമസ്ത നേതൃത്വത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം തൊടുത്തുവിട്ട ഒളിയമ്പ് സമസ്തയെ പ്രകോപിപ്പിച്ചിരിക്കുന്നു. തട്ടം വിവാദത്തിലൂടെ മുസ്ലിം വോട്ടുകൾ ഏകീകരിക്കാൻ സംഘടനകൾ വഴിതേടുന്നതിനിടയിൽ സമസ്ത, ലീഗ് നേതാക്കൾതന്നെ പരസ്പരം പോരിനിറങ്ങിയതുകൊണ്ട് സി.പി.എമ്മിന് പ്രശ്നത്തിൽനിന്ന് കൂളായി തലയൂരാനാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.