സി.പി.എം നയരേഖ: മുരടിപ്പിച്ച മൂന്നരപ്പതിറ്റാണ്ടിന് എന്തുണ്ട് മറുപടി?
text_fieldsപി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ 1991ല്‍ നിലവില്‍വന്ന കോണ്‍ഗ്രസ് സര്‍ക്കാറാണ് ഇന്ത്യന്‍ വിപണിയുടെ വാതിലുകള്‍ തുറന്നിട്ടുകൊണ്ടുള്ള ഉദാരവത്കരണ- സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് തുടക്കമിട്ടത്. അന്ന് ധനമന്ത്രിയായിരുന്ന ഡോ. മന്മോഹന് സിങ് കൊണ്ടുവന്ന ഈ നയങ്ങളെ മൂന്നരപ്പതിറ്റാണ്ട് കണ്ണുമടച്ച് എതിര്‍ത്ത രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു സി.പി.എം. ഈ പരിഷ്കാരങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക ഭൂമികയില്‍ കൊണ്ടുവന്ന മാറ്റങ്ങളോ ഇന്ത്യന്‍ സമ്പദ് ഘടനയുടെ കുതിച്ചുചാട്ടമോ ആളോഹരി വരുമാനത്തിലും ജി.ഡി.പിയിലും ഉണ്ടായ വന്‍ വര്‍ധനയോ സി.പി.എം ഇതുവരെയും കണ്ടില്ലെന്ന് നടിച്ചു. ചൈനയേയും പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും കുതിച്ചുയരുന്ന സമ്പദ് വ്യവസ്ഥയായത് ഈ നയങ്ങളെ തുടര്‍ന്നാണ്. നോട്ടുനിരോധനം പോലുള്ള മണ്ടത്തങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയില്ലായിരുന്നെങ്കില്‍ ഇതിനും മുമ്പേ ഇന്ത്യ സാമ്പത്തിക വളര്‍ച്ചയില്‍ ഈ നേട്ടങ്ങളൊക്കെ കൈവരിക്കുമായിരുന്നു.
മൂന്നരപ്പതിറ്റാണ്ട് കാലം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത അതേ സാമ്പത്തിക ഉദാരവത്കരണ നയങ്ങളെ, ഉപാധികളില്ലാതെ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സി.പി.എമ്മും ഇടതുപക്ഷ സര്‍ക്കാറും. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെയുള്ള സമരത്തില്‍ നാല് ജീവനുകളെ കുരുതികൊടുത്ത സി.പി.എം ഇന്ന് സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ വലിയ പ്രയോക്താക്കളായി മാറിയിരിക്കുന്നു. വിദ്യാഭ്യാസ വിചക്ഷണന്‍ ടി.പി. ശ്രീനിവാസനെ അടിച്ചുവീഴ്ത്തിയ എസ്.എഫ്.ഐക്ക് ഇന്ന് വിദേശ സര്‍വകലാശാലകളെ കൈനീട്ടി സ്വീകരിക്കുന്നതില്‍ യാതൊരു അറപ്പുമില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതുമേഖലയിലേക്ക് സ്വകാര്യ മൂലധനം കൊണ്ടുവന്നപ്പോള്‍ നാടാകെ നടന്ന് സമരങ്ങള്‍ നടത്തിയ സി.പി.എമ്മിന് ഇന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുമെന്ന് പറയാന്‍ യാതൊരു ലജ്ജയുമില്ല.
സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ ഏതൊരു ചങ്ങാത്ത മുതലാളിത്ത പ്രസ്ഥാനവും ലജ്ജിച്ചുപോകുന്ന തരത്തിലാണ്. സ്വകാര്യ മുതലാളിമാർക്ക് അനുകൂലമായി, ജനവിരുദ്ധ നയങ്ങള്‍ ആവിഷ്കരിക്കുന്ന തലത്തിലേക്കും പാർട്ടി മാറിയിരിക്കുന്നു. അടിസ്ഥാന ജനവിഭാഗങ്ങളായ കയര്‍ തൊഴിലാളി, കശുവണ്ടിത്തൊഴിലാളി, ബീഡിത്തൊഴിലാളി, ഓട്ടോറിക്ഷ തൊഴിലാളി എന്നിവരെയൊന്നും പരിഗണിക്കാത്ത, സാമ്പത്തികശേഷിയുള്ളവരെ മാത്രം പരിഗണിക്കുന്ന നയത്തിലേക്ക് സി.പി.എം മാറിയിരിക്കുന്നുവെന്നതാണ് ‘നവകേരളത്തിന്റെ പുതുവഴികള്‍’ എന്ന പേരില്‍ പിണറായി വിജയന് കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയുടെ സാരാംശം.
വികസനത്തിന് വേണ്ടിയാണ് ഈ നയംമാറ്റമെന്നാണ് സി.പി.എമ്മും ഇടത് സര്‍ക്കാറും പറയുന്നത്. അങ്ങനെയെങ്കില്‍ ഈ നയങ്ങള്‍ നടപ്പിലാക്കുന്നത് മൂന്നര പതിറ്റാണ്ട് കാലം വൈകിപ്പിച്ച് കേരള വികസനത്തെ പിന്നോട്ടടിപ്പിച്ചതിന്, ട്രേഡ് യൂനിയന്‍ മുഷ്ക് ഉപയോഗിച്ച് വികസനത്തെ ആട്ടിപ്പായിച്ചതിന് സി.പി.എമ്മും സി.ഐ.ടി.യുവും കേരള ജനതയോട് മാപ്പിരക്കണം.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കുത്തക മൂലധനത്തിനെതിരെയും ചങ്ങാത്ത മുതലാളിത്തത്തിനെതിരെയും പരസ്യമായ നിലപാടുമായി, കൂടുതല്‍ ഇടതുപക്ഷ സ്വഭാവമുള്ള നയങ്ങളുമായി മുന്നോട്ടുപോകവെ സി.പി.എം കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്നത് കടുത്ത വലതുപക്ഷ നയമാണ്. രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഏറ്റവും വലിയ മൂലധന കുത്തകയായ അദാനിക്കെതിരെ നെഞ്ച് വിരിച്ച് നിന്ന് പോരാടുമ്പോൾ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അദാനിയുമായി കൈകോര്‍ത്ത് നില്‍ക്കുകയാണ്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നത് കണക്കിലെടുക്കാതെ അദാനിക്ക് വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി 77.17 ഹെക്ടര്‍ കടല്‍ നികത്താന്‍ അനുവാദം നല്‍കിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. നേരത്തേ 63 ഹെക്ടര്‍ കടല്‍ വിഴിഞ്ഞം പദ്ധതിക്കായി നികത്തിയിരുന്നു.
നയപരമായി വികസനോമുഖമാവുകയല്ല, യാതൊരു നിയന്ത്രണവുമില്ലാതെ മുതലാളിത്തത്തെ വാരിപ്പുണരുകയാണ് സി.പി.എം. ജലദൗര്‍ലഭ്യമുള്ള എലപ്പുള്ളിയില്‍ ഒരുപാട് വെള്ളം വേണ്ടുന്ന ഡിസ്റ്റിലറിക്ക് മദ്യനയം തിരുത്തിപ്പോലും അനുമതി നല്‍കിയത് ജനവിരുദ്ധ നടപടികളുടെ തുടക്കമാണ്. വികസനത്തെയും വികസനനയങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ല. പക്ഷേ, വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്നത് ചങ്ങാത്ത മുതലാളിത്തമെങ്കില്‍ അതിനെ എതിര്‍ത്തിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.