സൗഹൃദകേരളത്തിന് സർഗാത്മക സംവാദം
text_fieldsപാലക്കാട് ഒരു സൗഹൃദസമ്മേളനത്തിനു പോയതായിരുന്നു. പരിപാടി ആരംഭിക്കുന്നതിനുമുമ്പ് സദസ്സിലേക്കു കടന്നുവരുന്ന പരിചിതരിൽ ചിലർ മുൻനിരയിലിരുന്ന എന്നോട് സലാം ചൊല്ലി അഭിവാദ്യം ചെയ്തുകൊണ്ടിരുന്നു. ഇതു ശ്രദ്ധിച്ച ഒരാൾ എനിക്കരികിൽ ഇരുന്നിരുന്ന അഡ്വ. തോമസ് മാത്യുവിനോട് പരുഷസ്വരത്തിൽ ചോദിച്ചു: ''എന്തിനാണ് മുസ്‍ലിംകൾ കാണുമ്പോഴെല്ലാം ഇസ്‍ലാം മാത്രമാണ് ശരിയെന്ന് വിളിച്ചുപറയുന്നത്?''
''അങ്ങനെ ആരും പറഞ്ഞില്ലല്ലോ'' -തോമസ് പറഞ്ഞു. ''ഇവിടെ വന്ന മുസ്‍ലിംകൾ ഇദ്ദേഹത്തോട് 'അസ്സലാമു അലൈക്കും' എന്നു പറയുന്നത് താങ്കൾ കേട്ടില്ലേ?'' ഇതു കേട്ട തോമസ് മാത്യു ചിരിച്ചുകൊണ്ട് അതിന്റെ അർഥം അതല്ലെന്ന് വ്യക്തമായി വിശദീകരിച്ചുകൊടുത്തു. ചോദ്യകർത്താവിനെ പരിചയപ്പെട്ടപ്പോൾ മനസ്സിലായി അദ്ദേഹം ഒരധ്യാപകനാണെന്ന്.കേരളീയ സമൂഹത്തിൽ മുസ്‍ലിംകളെ സംബന്ധിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണയുടെ ആഴം വ്യക്തമാക്കാനാണ് ഈ സംഭവം ഉദ്ധരിച്ചത്. ഇത്തരം തെറ്റിദ്ധാരണകളുമായി ജീവിക്കുന്നവർക്ക് മുസ്‍ലിംകളെ സ്നേഹിക്കാനോ അവരുമായി സൗഹൃദം പുലർത്താനോ സാധ്യമാവുകയില്ലെന്നുറപ്പ്.
മുസ്‍ലിംകൾ തങ്ങളുടെ പെൺകുട്ടികളെ പ്രണയിച്ച് മതംമാറ്റുന്നവരാണ്, അവർ നടത്തുന്ന റസ്റ്റാറൻറുകളിലെ ഭക്ഷണത്തിൽ തുപ്പിയാണ് തരുന്നത്, അവർ രാജ്യത്തോട് കൂറില്ലാത്തവരാണ്, അവരുടെ പ്രവാചകൻ യുദ്ധക്കൊതിയനാണ്; എന്നിങ്ങനെയെല്ലാമുള്ള സമീപകാല പ്രചാരണങ്ങളിൽ വിശ്വസിക്കുന്നവർ മുസ്‍ലിംകളെ കഠിനമായി വെറുക്കുകയും അവരോട് ശത്രുത പുലർത്തുകയും ചെയ്തെന്നുവരുകിൽ അസ്വാഭാവികതയേതുമില്ല, വ്യാജ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നവരുടെ ലക്ഷ്യവും അതുതന്നെയാണല്ലോ.
സാക്ഷരതയിലും സാംസ്കാരിക പ്രബുദ്ധതയിലും രാഷ്ട്രീയ അവബോധത്തിലും വളരെയേറെ മികച്ചുനിൽക്കുന്ന കേരളത്തിലാണ് ഇതൊക്കെയും നടക്കുന്നത്. ഇസ്‍ലാമിനെയും മുസ്‍ലിംകളെയും സംബന്ധിച്ച ഗുരുതര അബദ്ധ ധാരണകളും അജ്ഞതയുമാണ് ഇസ്‍ലാമോഫോബിയയുടെ വളർച്ചക്ക് വഴിയൊരുക്കുന്നത്. മനുഷ്യൻ അവനറിയാത്തതിന്റെ ശത്രുവാണല്ലോ.നമ്മുടെ നാട്ടിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ സജീവമായ ചർച്ചകളും സംവാദങ്ങളും നടക്കാറുണ്ട്. എന്നാൽ, മതമേഖലയിൽ ആശയവിനിമയത്തിന് അവസരങ്ങൾ അത്യപൂർവമാണ്.
വിവിധ മതസമൂഹങ്ങൾക്കിടയിൽ വലിയ അകൽച്ചയും തികഞ്ഞ അജ്ഞതയും ഗുരുതരമായ തെറ്റിദ്ധാരണകളും നിലനിൽക്കാനുള്ള കാരണങ്ങളിൽ ഒന്നിതുമാണ്. അത്തരം തെറ്റിദ്ധാരണകളും അജ്ഞതയും നിലനിൽക്കുമ്പോഴാണ് വെറുപ്പും ശത്രുതയും വളരുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ പരസ്പര സ്നേഹവും സാഹോദര്യവും സൗഹാർദവും സഹകരണവും വളരാനും ശക്തിപ്പെടാനും നിലനിൽക്കാനുമുള്ള മാർഗം വിവിധ മതാനുയായികൾ അന്യോന്യം അറിയാനും മനസ്സിലാക്കാനും ധാരാളമായി അവസരമൊരുക്കുക എന്നതാണ്. ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനിൽപിനും അതനിവാര്യമാണ്.
അയൽക്കാരുടെയും സുഹൃത്തിന്റെയും സഹപാഠിയുടെയും സഹപ്രവർത്തകരുടെയും വിശ്വാസ, വീക്ഷണങ്ങളും ജീവിതകാഴ്ചപ്പാടുകളും ആചാരാനുഷ്ഠാനങ്ങളും യഥാവിധി അറിയുന്നത് പരസ്പര ബഹുമാനവും ആദരവും വളർത്തുന്നതിൽ അനൽപമായ പങ്കുവഹിക്കും.വിവിധ മതസമുദായങ്ങൾ പരസ്പരം അറിയാനും മനസ്സിലാക്കാനും അവസരമൊരുക്കി അവർക്കിടയിൽ അടുപ്പവും സ്നേഹവും സൗഹൃദവും സാഹോദര്യവും വളർത്താനും ശക്തിപ്പെടുത്താനും നിലനിർത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്ന വേദിയാണ് ഡയലോഗ് സെൻറർ, കേരള.
സ്നേഹത്തിലും സൗഹാർദത്തിലും ഗുണകാംക്ഷയിലും അധിഷ്ഠിതമായ സംവാദങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, മുഖാമുഖങ്ങൾ, വ്യക്തിസംഭാഷണങ്ങൾ, ആഘോഷവേളകളിലെ ഗൃഹസന്ദർശനങ്ങൾ, വിശിഷ്ട ദിനങ്ങളിൽ സാഹോദര്യ സമ്മേളനങ്ങൾ, സൗഹൃദ യോഗങ്ങൾ, ഗ്രാമീണ കൂട്ടായ്മകൾ തുടങ്ങി നിരവധി പരിപാടികൾ ഇതിനായി സംഘടിപ്പിച്ചുവരുന്നു.
കൂടാതെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ക്വിസ്, പ്രബന്ധമത്സരം, പുസ്തകചർച്ച പോലുള്ളവ നടത്തുകയും ചെയ്യുന്നു. ഇസ്‍ലാമിനെ സംബന്ധിച്ച് ഗുരുതരമായ തെറ്റിദ്ധാരണ വളർത്താനുള്ള ബോധപൂർവവും ആസൂത്രിതവുമായ ശ്രമം നിരന്തരമായി നടക്കുന്നതിനാൽ അത് തിരുത്താനും ഇസ്‍ലാമിനെ പരിചയപ്പെടുത്താനുമാണ് ഡയലോഗ് സെൻറർ പ്രധാനമായും ശ്രമിക്കുന്നത്. സഹോദര സമുദായങ്ങളുമായി ധാരാളമായി കൂടിയിരിക്കാനും അവരിൽനിന്ന് വിശദമായി കേൾക്കാനും അവസരമൊരുക്കിയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറുള്ളത്.
മുഹമ്മദ് നബിയെ വായിക്കുമ്പോൾ
ഇന്നോളമുള്ള മനുഷ്യചരിത്രത്തിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുകയും അനുസരിക്കപ്പെടുകയും അവമതിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്ന വ്യക്തി മുഹമ്മദ് നബിയാണ്. ലോകത്തിലെ 170 കോടിയോളം വരുന്ന മുസ്‍ലിംകൾ അദ്ദേഹത്തെ സ്വന്തത്തെക്കാളും സ്വന്തം മാതാപിതാക്കളെക്കാളും മക്കളെക്കാളും സ്നേഹിക്കുന്നു. തങ്ങളുടെ നടത്തത്തിലും ഇരുത്തത്തിലും തീനിലും കുടിയിലും വാക്കിലും പ്രവൃത്തിയിലും സ്വഭാവത്തിലും സമീപനത്തിലും പെരുമാറ്റത്തിലും മുഖഭാവത്തിലും സംസ്കാരത്തിലും നാഗരികതയിലുമുൾപ്പെടെ മുഴു ജീവിതമേഖലകളിലും മുഹമ്മദ് നബിയെ അനുധാവനം ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്‍ലിംകളല്ലാത്ത ജനലക്ഷങ്ങളും പ്രവാചകനെ അങ്ങേയറ്റം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.
അപ്രകാരംതന്നെ ഇസ്‍ലാം വിമർശകർ അതിരൂക്ഷമായ ആക്ഷേപ ശകാരങ്ങളും ചിത്രമായ ആരോപണങ്ങളും അഴിച്ചുവിടുന്നു.ഈയൊരു പശ്ചാത്തലത്തിലാണ് തെറ്റിദ്ധാരണകൾ ദൂരീകരിക്കാനും മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും പരിചയപ്പെടുത്താനുമായി ഡയലോഗ് സെൻറർ, കേരള 'മുഹമ്മദ് നബിയെ വായിക്കുമ്പോൾ' എന്ന വിഷയത്തിൽ പ്രബന്ധമത്സരം സംഘടിപ്പിച്ചത്. രജിസ്റ്റർ ചെയ്ത 6615 പേർക്കും പ്രവാചകനെ പഠിക്കാനാവശ്യമായ പുസ്തകങ്ങൾ അയച്ചുകൊടുത്തു. അതിൽ 1847 പേർ മത്സരത്തിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അയച്ചുതന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കു പുറമേ ആറു പേർ പ്രത്യേക സമ്മാനത്തിനും 26 പേർ പ്രോത്സാഹനസമ്മാനത്തിനും അർഹരായി.
ഇന്ന് എറണാകുളത്ത് നടക്കുന്ന പരിപാടിയിൽ സമ്മാനവിതരണം നടക്കും.അബദ്ധ ധാരണകളും അജ്ഞതയുമകറ്റി, അവ കാരണമായുണ്ടാകുന്ന അകൽച്ചക്കറുതിവരുത്തി വിവിധ ജനസമൂഹങ്ങൾക്കിടയിൽ സ്നേഹവും സൗഹൃദവും വളർത്താനേറ്റം ഫലപ്രദം സർഗാത്മക സംവാദമാണെന്ന് ഡയലോഗ് സെൻറർ മനസ്സിലാക്കുന്നു. സംവാദങ്ങൾ നിലക്കുമ്പോഴാണ് സംഘർഷം രൂപപ്പെടുകയെന്ന് തിരിച്ചറിയുന്നു. സൗഹൃദം കൊതിക്കുന്ന സുമനസ്സുകളൊക്കെയും ഇതിനോട് സഹകരിക്കുകയും ചെയ്യുന്നു.
(ഡയലോഗ് സെൻറർ കേരള ഡയറക്ടറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.