മണ്ണ്, ബ്ലേഡ്, ഗുണ്ട...ഈ സൗഹൃദം പോരേ അളിയാ...?
text_fieldsകുട്ടിനിക്കറും കൊമ്പൻമീശയും കുടവയറുമായി ‘ഓലക്കാലും ചീലക്കാലുമെല്ലാം ചവിട്ടിമെതിച്ച ഒരു പൊലീസ് നമുക്കുണ്ടായിരുന്നു. പൊലീസുകാരൻ നേരിട്ടുവരേണ്ട, അവരുടെ തൊപ്പിയുടെ സാന്നിധ്യംകൊണ്ടുമാത്രം നാട്ടിൽ സമാധാനം നിലനിന്നകാലം.
എന്നാൽ, അന്ന് ആർക്കും അങ്ങനെ സ്റ്റേഷനുകളിൽ കയറിയിറങ്ങാൻ പറ്റിയിരുന്നില്ല. പൊലീസിന്റെ കൈയിൽ പെട്ടാലോ പുറംലോകം കാണാൻ കഴിയാതെപോയവർ പലരും. വിരട്ടിയും ഉരുട്ടിയും നാട്ടിൽ സമാധാനം പരിപാലിച്ചിരുന്ന കാലം.
ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രേതം ബാധിച്ച ആ പൊലീസ് സേനയിൽനിന്ന് മാറ്റം വരണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ സർക്കാർ തീരുമാനമെടുത്തു. അങ്ങനെയാണ് ജനമൈത്രി പൊലീസും സ്റ്റേഷനുമെല്ലാം നിലവിൽവന്നത്.
പിന്നെയത് സ്ത്രീ-ശിശുസൗഹൃദ സ്റ്റേഷനുകളായി മാറി. അങ്ങനെ സ്റ്റേഷനുകൾ സാധാരണക്കാർക്കുൾപ്പെടെ പ്രാപ്യമാകുമെന്നായിരുന്നു സങ്കൽപം. പക്ഷേ, സത്യം പറഞ്ഞാൽ ‘കോരന് കഞ്ഞി കുമ്പിളിൽതന്നെ’ എന്നപോലാണ് ഇപ്പോഴും കാര്യങ്ങൾ. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നനിലയിൽ ആളും അർഥവുമുള്ളവനുമാത്രം നീതി.
സൗഹൃദം ഉണ്ടായില്ല എന്നൊന്നും പറഞ്ഞുകൂടാ. പക്ഷേ, ആ സൗഹൃദം ഗുണ്ട, മാഫിയ, രാഷ്ട്രീയക്കാരും തട്ടിപ്പുകാരുമായിട്ടാണെന്നുമാത്രം. രാജ്യത്തെ ക്രമസമാധാന പരിപാലനത്തിൽ മികച്ചനേട്ടം കൈവരിച്ച സംസ്ഥാനമായി കേരളം മാറിയതിനൊപ്പം കുറ്റകൃത്യങ്ങളുടെ സ്വന്തം നാടുമായി.
അത് കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനാലാണെന്ന വ്യാഖ്യാനം വേറെയും. ഇങ്ങനെയൊക്കെ മുന്നോട്ടുപോകുംതോറും പൊലീസ് സേനയുടെ പൊതുസ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ലെന്നത് മറ്റൊരു സത്യം. പാവപ്പെട്ടവന് നീതി എന്നത് ഇപ്പോഴും പല സന്ദർഭങ്ങളിലും അന്യം. കൈക്കൂലിയും അനധികൃത സ്വത്തുസമ്പാദനവുമായി പൊലീസിലെ ഒരുവിഭാഗം തടിച്ചുകൊഴുത്തെന്നതും പകൽ പോലെ വ്യക്തം.
സർക്കാറിനും ആഭ്യന്തരവകുപ്പിനും ഡി.ജി.പിക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും വിജിലൻസിനുമൊക്കെ മുമ്പാകെ പൊലീസുകാർക്കെതിരായ പരാതികൾ ഉയർന്നു. ഈ പരാതികൾ അന്വേഷിക്കേണ്ടവർക്കെതിരെയും വന്നു പരാതികൾ.
ഏത് തട്ടിപ്പ് കണ്ടുപിടിച്ചാലും അതിന്റെ ഒരറ്റത്തോ നടുവിലോ പൊലീസുകാരില്ലാത്ത നിലയിലേക്ക് കാര്യങ്ങൾ മാറി. പൊലീസുകാരുടെ എല്ലാ കൊള്ളരുതായ്മക്കും കുഴലൂത്തുകാരായ രാഷ്ട്രീയക്കാരും അവരെ പ്രതിനിധാനംചെയ്യുന്ന സംഘടനകളും മാറിയപ്പോൾ കളത്തിൽ ബഹുവിശേഷം.
പൊലീസിൽ രാഷ്ട്രീയനിയമനങ്ങൾ കൂടി ശക്തമായതോടെ ‘പണംപിരിക്കാൻ’ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് ഇടിയായി. ഇത് പിണറായിസർക്കാറിന്റെ കാലത്ത് തുടങ്ങിയ കാര്യമൊന്നുമല്ല. വർഷങ്ങളായി നടന്നുവരുന്ന കീഴ്വഴക്കങ്ങളാണെന്നുമാത്രം.
തട്ടിപ്പുകാരിയെ കൈയോടെ പിടിച്ചപ്പോൾ അവരുടെ മൊബൈൽ ഫോണിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അശ്ലീല സന്ദേശങ്ങൾ, പുരാവസ്തു തട്ടിപ്പുകാരനൊപ്പം പൊലീസ് തലപ്പത്തുള്ളവരുടെ സെൽഫികൾ, സ്വർണക്കടത്തുകാരിയെ ഒതുക്കാൻ ഇടനിലക്കാരായി പൊലീസുകാർ, തട്ടിപ്പുകാരനെ ഹീറോയാക്കി സിനിമയെടുക്കാനും അത്തരം തട്ടിപ്പുകാരുടെ സിനിമകളിൽ തലകാണിക്കാനും പൊലീസുകാരുടെ ഇടിയോടിടി.
അങ്ങനെയൊക്കെ ജനകീയസൗഹൃദം ഗുണ്ട-മാഫിയ സൗഹൃദം ചെറുതായി മാറ്റി പൊലീസ് നീങ്ങുകയാണ്. അതിനിടെയാണ് ഇങ്ങനെ പോയാൽ കേരള പൊലീസ് ശരിയാകില്ലെന്ന തിരിച്ചറിവ് ആഭ്യന്തരം കൈകാര്യംചെയ്യുന്ന പിണറായി വിജയന്റെ തലയിലുദിച്ചത്.
അങ്ങനെയാണ് ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ട പൊലീസുകാരുടെ പട്ടിക തയാറാക്കി നടപടിയിലേക്ക് കടക്കാനുള്ള നിർദേശം നൽകിയത്. പീഡനം ഉൾപ്പെടെ സേനക്ക് തീരാക്കളങ്കമുണ്ടാക്കുന്ന ഇടപാടുകളിൽ ഏർപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കാൻതന്നെ സർക്കാർ തീരുമാനിച്ചു.
അങ്ങനെ ചില സി.ഐമാരെ ഉൾപ്പെടെ സർവിസിൽനിന്ന് പിരിച്ചുവിടുന്ന നടപടികളും തുടങ്ങി. പക്ഷേ, ഈ രീതി പൊലീസുകാരുടെ സംഘടനകൾക്ക് അത്ര ദഹിച്ചിട്ടില്ല. സേനയുടെ മനോവീര്യം തകർക്കുമെന്നാണ് അവരുടെ മതം.
അങ്ങനെ കാര്യങ്ങൾ നീങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ തന്നെ ഗുണ്ടകൾ ഇടിച്ചുകൂട്ടി കിണറ്റിലിട്ടത്. അങ്ങനെയാണ് ഇപ്പോൾ ഗുണ്ട-മാഫിയ ബന്ധമുള്ള പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചുതുടങ്ങിയത്.
പൊലീസുകാരെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയപ്പോഴല്ലേ ബഹുരസം. ഗുണ്ടകളുമായി ബന്ധമില്ലാത്ത പൊലീസുകാർ വിരലിലെണ്ണാവുന്നവർ മാത്രം. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കും ഈ മാഫിയകളുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.
അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ഗുണ്ടാബന്ധത്തിന്റെ പേരിൽ മുഴുവൻ പൊലീസുകാരെയും മാറ്റിയത്. പക്ഷേ, നടപടികൾ ഡിവൈ.എസ്.പി റാങ്ക് മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർക്കെതിരെ മാത്രമേയുള്ളൂ. ഐ.പി.എസുകാർക്കെരിരെ നടപടികളൊന്നും വേണ്ടെന്നാണ് മുകളിൽനിന്നുള്ള നിർദേശവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.