കാര്യസ്ഥ കലാപം-ഒരു നാടോടിക്കഥ
text_fieldsകഥപറയുമ്പോൾ ചില ചിട്ടവട്ടങ്ങളൊക്കെ വേണമെന്നാണ് വെപ്പ്. എന്നാൽ, നമ്മുടെ നാട്ടിൻപുറത്തെ സംഭവങ്ങളും കാഴ്ചകളും കെട്ടുകഥകളും എല്ലാം കൂടെ കെട്ടുപിണഞ്ഞ കഥകൾക്ക് അങ്ങനത്തെ നിർബന്ധമൊന്നുമില്ല. അല്ലെങ്കിൽതന്നെ, ജനറേഷൻ 'ഇസഡി'ന്റെയും 'ആൽഫ'യുടെയുമൊക്കെ ആഘോഷകാലത്ത് 'നിശ്ശബ്ദ തലമുറയുടെ' കഥയുടെയും തിരക്കഥയുടെയും ചിട്ടവട്ടങ്ങളൊക്കെ എത്രയോവട്ടം 'ഗെറ്റൗട്ട്' അടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കഥ പലയിടത്തും പല കാലങ്ങളിലും പല രൂപങ്ങളിൽ കേട്ടുപതിഞ്ഞതാകും. അതിനാൽതന്നെ, ഓരോരുത്തർക്കും അവരവരുടെ അനുഭവത്തെ അടിസ്ഥാനമാക്കി കൂട്ടിച്ചേർക്കാനും മാറ്റിയെഴുതാനുമൊക്കെ കഴിയുകയും ചെയ്യും.
പണ്ട്, ഒരുനാട്ടിൽ സാമാന്യം നല്ലൊരു വീടുണ്ടായിരുന്നു. വലിയൊരു ഭൂപ്രദേശത്തെ നിരവധി വീടുകളുള്ള തറവാടിന്റെ ഭാഗമായിരുന്നു ആ വീടും. വീട്ടുകാർ നെല്ലും കപ്പയും കാപ്പിയും റബറുമൊക്കെ വെച്ചും വെട്ടിയും പശുക്കളെ വളർത്തിയും മക്കളെ മറ്റു നാടുകളിലേക്ക് കയറ്റിവിട്ട് അവർ കൊണ്ടുവരുന്നതുകൊണ്ടുമാണ് ജീവിച്ചുപോന്നിരുന്നത്. അവിടെ പല ജോലികൾ ചെയ്യുന്ന, പല അഭിപ്രായക്കാരായ ആളുകൾ പല മുറികളിലും പറമ്പിലുമൊക്കെയായി സ്നേഹിച്ചും കലഹിച്ചും ജീവിച്ചിരുന്നു.
എല്ലാവീട്ടിലും തന്റെ ഒരു ആശ്രിതനെ കാര്യസ്ഥനായി അയക്കാൻ തറവാട്ടുകാരണവർക്ക് അവകാശമുണ്ട്. വീട്ടുകാർ ചാണകം ഇത്രരൂപക്ക് വിൽക്കുന്നു എന്നറിയിക്കുമ്പോൾ, 'കുറച്ചുകൂടി കിട്ടില്ലേ?' എന്ന് ചോദിക്കാമെന്നല്ലാതെ ഇത്രരൂപക്ക് വിറ്റോണമെന്ന് പറയാൻപോലും അവർക്ക് അധികാരമൊന്നുമില്ല. ആടിന് താടിപോലെ അനാവശ്യമാണ് ഇത്തരം കാര്യസ്ഥന്മാരെന്ന് പറഞ്ഞവരുമുണ്ട്.
പ്രായവും പരിചയവുമുള്ള ഒരു മേൽനോട്ടക്കാരൻ ഉണ്ടാവുന്നത് നല്ലതാണ് എന്നും പറഞ്ഞാണ് കാര്യസ്ഥനെ കാരണവർ വിടുന്നതെങ്കിലും വീട്ടിലെ വിവരങ്ങൾ പരദൂഷണമായി കിട്ടുക എന്നതാണ് ഉദ്ദേശ്യം. വീട്ടുകാർക്ക് കാര്യമായ ഉപകാരമൊന്നും ചെയ്തില്ലെങ്കിലും ഇല്ലാത്ത അധികാരം കാണിച്ചും കുത്തിത്തിരിപ്പ് നടത്തിയും അവിടത്തെ വിത്തുവരെ എടുത്ത് കുത്തിയും അവരെ പണ്ടാരമടക്കാനും കാര്യസ്ഥന് കഴിയും. ചുരുക്കിപ്പറഞ്ഞാൽ കാരണവരുടെ കൈയിലിരിപ്പാണ് കാര്യസ്ഥന്റെ 'കൈക്കുറ്റപ്പാട്'.
നമ്മളീപറഞ്ഞ വീട്ടിൽ കാര്യങ്ങളൊക്കെ ഗുണദോഷ സമ്മിശ്രമായി പോകുമ്പോഴാണ് കാര്യസ്ഥനായി 'പുള്ളി'യെ കാരണവർ അയക്കുന്നത്. തറവാടിന്റെ ഭാഗമായ മറ്റു വീടുകളിലും ഇത്തരം പുള്ളികളുള്ളതുകൊണ്ട് ഇതിനെ ഒരു സർവനാമമായി കരുതാം. പലയിടങ്ങളിൽ പലരുടെയും വീടുകൾ കയറിയിറങ്ങി, പല പണികൾ ചെയ്തശേഷമാണ് പുള്ളിയുടെ വരവ്. പണിയെന്തായാലും താൻ പിടിച്ച മുയലിനുള്ള കൊമ്പിന്റെ എണ്ണത്തെച്ചൊല്ലി തർക്കിച്ച് ഓരോയിടത്തുനിന്നും ഇറങ്ങും. എവിടെ ചെന്നാലും താൻ കൂവിയില്ലെങ്കിൽ നേരം വെളുക്കില്ല എന്ന വിശ്വാസത്തിൽ നട്ടുച്ചയ്ക്കും പാതിരാത്രിയുമെല്ലാം കൂവും. കുറച്ച് കഴിയുമ്പോൾ അവിടെ നിന്ന് കോഴിപ്പോര് നടത്തിയിറങ്ങും ഇതാണ് രീതി. ന്യായം, അന്യായം ഒക്കെ ഓരോരുത്തർക്കും വ്യക്തിനിഷ്ഠമാണല്ലോ. പലയിടത്തുനിന്ന് തെറ്റിപ്പോന്ന് കുറച്ചുകാലം വടക്കൊരിടത്ത് ഒരു വല്യേടത്തിയുടെ വാല്യക്കാരനായി നിന്നുപോന്നതാണ്. അന്നേരം ഇപ്പോഴത്തെ കാരണവരുടെ താമര കമ്പനിയും വല്യേടത്തിയുടെ ആനക്കമ്പനിയും ഒരുമിച്ച് കൂടാരം കെട്ടി സർക്കസ് കളിതുടങ്ങി. 'കുളത്തിൽ കുളിക്കുന്നു എന്ന് കരുതി ആന ചളിയിൽ വളരുന്ന താമരയോട് കൂടരുത്' എന്ന പ്രമാണത്തിൽ വിശ്വസിച്ചിരുന്ന പുള്ളി ഈ കൂട്ട് തനിക്ക് മാത്രമല്ല, തന്നെപോലുള്ളവരുടെയും നട്ടെല്ലിലൂടെ തരിപ്പ് അരിച്ചുകയറ്റുന്നുവെന്നും പ്രഖ്യാപിച്ച് ഇറങ്ങിപ്പോന്നതാണ്. അതേ പുള്ളി താമര സർക്കസിന് നല്ലകാലം വന്നപ്പോൾ അവിടത്തെ അമ്മാനക്കളിക്കാരനായി മാറി.
ആ സർക്കസ് വേഷവുമായാണ് കാര്യസ്ഥപ്പണിക്കിറങ്ങിയത്. ജെമിനി ശങ്കരേട്ടൻ വക ജെമിനി സർക്കസും പിന്നെ ബോംബെ സർക്കസുമൊക്കെ ആണ്ടിലോ ആവണിക്കോ മാത്രമേ ഇവിടെ എത്തുകയുള്ളൂ. പൊതുവിൽ സർക്കസ് പ്രേമികളാണ് വീട്ടുകാരെങ്കിലും താമര കമ്പനിക്കിവിടെ കൂടാരം കെട്ടാൻ സ്ഥലം കൊടുക്കില്ലെന്ന് കട്ടായം പറഞ്ഞിട്ടുണ്ട്. കിട്ടുന്ന തക്കത്തിന് കമ്പനിക്കൊരു കൂടാരം പണിയാൻ നോക്കണം. അല്ലെങ്കിൽ, വീടിന്റെ കഴുക്കോലിളക്കണമെന്നാണ് വണ്ടികയറ്റിവിടുന്നനേരം കാരണവർ ചെവിയിൽ പറഞ്ഞേൽപിച്ചത്. തന്ത്രപൂർവമായിരുന്നു അരങ്ങേറ്റം. വന്നപാടെ വീട്ടുകാരുമായി ഇടയാനും പിണങ്ങാനുമൊന്നും നിന്നില്ല, വല്ലാത്ത സ്നേഹമായിരുന്നു. ഇത്ര നല്ലൊരു കാര്യസ്ഥനെയാണോ നമ്മൾ സംശയിച്ചത് എന്ന് ഒരുവേള വീട്ടുകാർ അടക്കംപറയുന്ന സ്ഥിതിവരെയുണ്ടായി. ഞാൻ വഴക്കിനും വക്കാണത്തിനുമില്ലെന്ന് കാര്യസ്ഥനും പുള്ളി ചോദിക്കുന്നതൊക്കെ കൊടുത്തേക്കാമെന്ന് വീട്ടുകാരും സമ്മതിച്ചമട്ടായി. സ്വന്തമായി ഒരു ചിത്രകാരനെ വേണം എന്ന് മോഹം. പടമൊക്കെ കാണാനുള്ള ആശയല്ലേ ആയിക്കോട്ടെ എന്നുകരുതി വീട്ടുകാർ പണംകൊടുത്തു. പിന്നെ, സഹായിക്കാൻ കാരണവരുടെ അടുപ്പക്കാരനെ വേണം. അതിന് കൂലി വീട്ടുകാർ കൊടുക്കണം എന്നായി, അതും കൊടുത്തു. അങ്ങനെ കാലക്ഷേപം ചെയ്തുപോകെ, കാര്യസ്ഥപ്പണി തീരാൻ കാലമാവാറായി ഏൽപിച്ച പണിയൊന്നും ചെയ്തില്ല ഏഭ്യൻ എന്ന് കാരണവരുടെ ഓർമപ്പെടുത്തൽ വന്നു. അതോടെ പെരുമാറ്റം ആകെ മാറി.'എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും' എന്നമട്ടിലായി കാര്യങ്ങൾ. പരദൂഷണവിവരങ്ങൾ വിളിച്ചുകൂവുന്നതിലായി ആനന്ദം. ആരെ കുറിച്ച് എന്തുംപറയാം, ആരോടും എന്തും കാണിക്കാം എന്ന കാര്യസ്ഥഹുങ്ക് ഉത്തരോത്തരം ഉയർന്നു. പറയുന്നത് നുണയാണോ ശരിയാണോ എന്നൊന്നും അറിയേണ്ടകാര്യമില്ല.
ചിലദിവസങ്ങളിൽ വീട്ടിലിരുന്നോ ചിലപ്പോൾ വെളിയിലിറങ്ങി ചായക്കടക്ക് മുന്നിലെ കലുങ്കിലോ, പലചരക്കുകടയിലെ ഉപ്പുചാക്കിലിരുന്നുപോലും എന്തൊക്കെയോ വിളിച്ചുകൂവും. എന്നിട്ടും താൻ കരുതുന്നപോലെ കാര്യങ്ങൾ പോകുന്നില്ലെന്നായപ്പോൾ ചക്ക വെട്ടിയവരും തേങ്ങ പൊതിച്ചവരുമൊക്കെ അതെല്ലാം അതുപോലെ തിരികെ പ്ലാവിലും തെങ്ങിലും വെക്കണമെന്നായി. ഇക്കാര്യം അറിയിക്കാൻ ആളെ വിളിച്ചുവരുത്തും. പറയുന്നതിലെ പൊരുത്തക്കേടിനെപ്പറ്റി തിരിച്ചെന്തെങ്കിലും ചോദിക്കുന്നവരെ ആട്ടിപ്പായിക്കും.
കാര്യങ്ങൾ ഇത്രയുമൊക്കെയായപ്പോൾ വീട്ടുകാർക്ക് പൊറുതിമുട്ടി. തുടർന്ന് വൈദ്യനെ കണ്ടു. 'ഇത് രോഗലക്ഷണമാണ്, രോഗി ഇതല്ല, ഇവിടെ ചികിത്സിച്ചാൽ രോഗം മാറില്ല. ഇത് ഒരുഭാഗത്ത് കാണുന്ന ലക്ഷണം മാത്രമാണ്. പലഭാഗത്തായി പടർന്നുകിടക്കുന്ന ആ രോഗം മാറണമെങ്കിൽ ചില്ലറ മരുന്നുകൊണ്ടൊന്നും പറ്റില്ല' -വൈദ്യൻ തീർത്തുപറഞ്ഞു. പറഞ്ഞതിലേറെ പറയാൻകിടക്കുന്ന ഈ കഥ ആർക്കും പൂരിപ്പിക്കാം.
(ബാധ്യതാനിരാകരണം (ഡിസ്ക്ലെയിമർ): ഈ കഥക്ക് സമീപകാല സംഭവങ്ങളുമായി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് വായിക്കുന്നവരുടെ മാത്രം ഉത്തരവാദിത്തമായിരിക്കും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.