Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസാമ്പത്തിക അരാജകത്വം...

സാമ്പത്തിക അരാജകത്വം എന്തിന്‍െറ മുന്നോടി?

text_fields
bookmark_border
സാമ്പത്തിക അരാജകത്വം എന്തിന്‍െറ മുന്നോടി?
cancel

കള്ളനോട്ടും കള്ളപ്പണവും തുരത്താനെന്ന പേരുപറഞ്ഞ് സാമ്പത്തിക അരാജകത്വം സ്യഷ്ടിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് വ്യക്തമായി തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ തിരിച്ചറിവ് ഉരുത്തിരിഞ്ഞു വരുമ്പോഴേക്കും ഒരുപക്ഷേ, രാഷ്ട്രീയ ഫാഷിസം നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ടാകും. അത്യന്തം അപകടകരമായ രാഷ്ട്രീയ മുനമ്പിലാണ് ഇന്ത്യന്‍ ജനത എത്തിനില്‍ക്കുന്നതെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. ഇരുപത്, ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളില്‍ എവിടെയൊക്കെ രാഷ്ട്രീയ ഫാഷിസം നടപ്പാക്കിയിട്ടുണ്ടോ അവിടെയൊക്കൊ സാമ്പത്തിക അരാജകത്വം അനിവാര്യമായ മുന്‍ ഉപാധി ആയിരുന്നു.

ഹിറ്റ്ലറും മുസോളിനിയും സ്റ്റാലിനും സലാസറും പോള്‍ പോട്ടും സാമ്പത്തിക കാരണങ്ങളുടെ മറപിടിച്ചാണ് രാഷ്ട്രീയ ഫാഷിസം നടപ്പാക്കിയത്. ഇന്ദിര ഗാന്ധി 1975ല്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനും ഭരണഘടന സസ്പെന്‍ഡ് ചെയ്തതിനും പിന്നില്‍ ഘടനാ സ്വാഭാവമുള്ള സാമ്പത്തിക കാരണങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ലോകതലത്തില്‍ വലതുപക്ഷം രാഷ്ട്രീയ ആധിപത്യം നേടുന്നതിന്‍െറ പിന്നിലും പ്രത്യേകിച്ചും സാമ്രാജ്യത്വ ആഗോളീകരണത്തിന്‍െറ പ്രധാന പ്രഭവകേന്ദ്രങ്ങളില്‍, ശക്തമായ ഘടനാപരമായ സാമ്പത്തിക കാരണങ്ങളുണ്ട്്.

ട്രംപ് മുന്നോട്ട് വെച്ച വാഗ്ദാനം എന്തായിരുന്നെന്ന് നോക്കുക. മൂലധനത്തിന്‍െറ ഉല്‍പാദന പ്രത്യുല്‍പാദന പ്രക്രിയയില്‍ അമേരിക്കയുടെ ആധിപത്യത്തിലുള്ള ആഗോള മുതലാളിത്ത സമ്പദ്ഘടന 1980കള്‍തൊട്ട് അഭിമുഖീകരിക്കുന്ന വിഷമവൃത്തത്തിന് പരിഹാരം കണ്ടത്തെും. അമേരിക്കയെ തൊഴിലില്ലായ്മയില്‍നിന്ന് കരകയറ്റും തുടങ്ങിയവ ആയിരുന്നു ട്രംപിന്‍െറ വാഗ്ദാനം. അതുകൊണ്ടാണ് അമേരിക്കന്‍ ജനത സ്വയം പ്രഖ്യാപിതനായ ഫാഷിസ്റ്റിന് വോട്ട് നല്‍കിയത്. ഇപ്പോള്‍ നരേന്ദ്ര മോദിയും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന കോര്‍പറേറ്റുകളും ട്രംപ് കാര്‍ഡാണ് കളിക്കുന്നത്. ഗീബല്‍സിയന്‍ രീതികള്‍ ഫാഷിസ്റ്റുകള്‍ അധികാരത്തില്‍ കയറിപ്പറ്റാനും അതുറപ്പിക്കാനുംവേണ്ടി നിരന്തരം നുണകളും മിത്തുകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കും.

ഹിറ്റ്ലറും സ്റ്റാലിനും മുസോളിനിയും ജോര്‍ജ് ബുഷും ഇന്ദിര ഗാന്ധിയുമൊക്കൊ ഈ വിദ്യയില്‍ സമര്‍ഥരായിരുന്നു. നിരന്തരമായി നുണകള്‍ ഉണ്ടാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുംവേണ്ടി മാത്രം ഗീബല്‍സ് എന്ന പേരില്‍ ഒരു ഉന്നത മന്ത്രിതന്നെ ഉണ്ടായിരുന്നു ഹിറ്റ്ലര്‍ക്ക്. കള്ളനോട്ടില്‍ നിന്നും കള്ളപ്പണത്തില്‍നിന്നും രാജ്യത്തെയും ജനങ്ങളേയും മോചിപ്പിക്കാന്‍വേണ്ടിയാണ് മോദി സര്‍ക്കാര്‍ 85 ശതമാനം കറന്‍സി നോട്ടുകള്‍ അസാധുവാക്കുന്നത് എന്ന് പ്രചരിപ്പിക്കുന്നത് ഒരു ഗീബല്‍സിയന്‍ നുണയാണ്. പാകിസ്താന്‍ വന്‍ തോതില്‍ കള്ളനോട്ടുകള്‍ അടിച്ച് ഇവിടം മുഴുവന്‍ വിതരണം നടത്തുന്നുവെന്നും ഭീകരരെ നിലനിര്‍ത്തുന്നത് വ്യാജ പണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു സീനിയര്‍ മന്ത്രി പറയുന്നത്. 500, 1000 നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ കശ്മീരിലെ പ്രശ്നങ്ങള്‍ ഗണ്യമായി ഇല്ലാതായി എന്നാണ്. അതേസമയം, പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിരമായി വെടിമുഴക്കവും കേള്‍ക്കുന്നുണ്ട്. ബലൂചിസ്താനെ തര്‍ക്ക പ്രദേശമായി മാറ്റാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. രൂക്ഷമായ പ്രശ്നങ്ങള്‍ നേരിടുന്ന പാകിസ്താന് ഇന്ത്യയെപോലുള്ള ഒരു വന്‍ രാജ്യത്തുടനീളം വ്യാജ നോട്ടുകള്‍ വിതരണം ചെയ്ത് സമ്പദ്ഘടനയെ മൊത്തത്തില്‍ അരാജകത്വത്തിലേക്ക് തള്ളിയിടാനുള്ള കഴിവുണ്ടെന്നാണ് മോദി അവകാശപ്പെടുന്നത് ശരിയാണെങ്കില്‍ തികച്ചും ലജ്ജാകരമായ ഒരവസ്ഥ ആണിത്. ഇവിടത്തെ ഭരണാധികാരികളുടെ പിടിപ്പുകേട് വളരെ രൂക്ഷമാണെന്ന് തുറന്ന് അംഗീകരിക്കുന്നതിന് തുല്യമാണിത്. അല്ളെങ്കില്‍, ഒരു യുദ്ധം ഉണ്ടാക്കിയെടുക്കുന്നതിന് ജനങ്ങളുടെ സമ്മതം സൃഷ്ടിക്കുന്നതിനുവേണ്ടി പ്രചരിപ്പിക്കുന്ന മറ്റൊരു നുണയാകാമിത്.

കള്ളപ്പണത്തിന്‍െറ കാര്യം കുറെക്കൂടി വിചിത്രമാണ്. കള്ളപ്പണം ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും കെട്ടുകളിലായി ചാക്കുകളില്‍ നിറച്ചും പത്തായങ്ങളില്‍ വെച്ചിരിക്കയാണ് എന്ന ബാലിശത്വം ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി മോദി പറഞ്ഞിരുന്നതാണ് വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന്. ഒന്നും നടന്നില്ല. അതുമാത്രമല്ല, ഇവിടത്തെ ബാങ്കുകളില്‍നിന്ന് കടമെടുത്തവന്‍ പണം തിരിച്ചുകൊടുക്കാനോ അതിന്‍െറ മേലിലുള്ള പലിശകൊടുക്കാനോ വന്‍ ബിസിനസുകാര്‍ തയാറല്ല. ഇവിടന്ന് കടമെടുത്ത പണം അവര്‍ വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.

കിട്ടാക്കടം ഇന്ത്യന്‍ ബാങ്കിങ് മേഖലയെ മൊത്തത്തില്‍ ബാധിക്കുന്ന ദുര്‍ഭൂതമാണ്. ആരൊക്കെയാണിങ്ങനെ ബാങ്കിങ് മേഖലയെ ഭൂതം ബാധിപ്പിച്ചതെന്ന് പറയാന്‍പോലും റിസര്‍വ് ബാങ്കോ സര്‍ക്കാറോ തയാറല്ല. കോര്‍പറേറ്റ്, റിയല്‍ എസ്റ്റേറ്റ് ഭീമന്മാരാണെന്ന് ജനങ്ങള്‍ക്ക് പൊതു വിജ്ഞാനം ഉണ്ടെന്നുമാത്രം. വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച് നികുതി ഒഴിവാക്കി തിരിച്ചുകൊണ്ടുവരുന്നതും ഇവരാണ്. സര്‍ക്കാറിനെ അധികാരത്തിലേറ്റിയതും ഇവരൊക്കത്തെന്നെ. പിന്നെന്തിനാണ് കള്ളപ്പണത്തിന്‍െറ പേരില്‍ ഇത്ര ആവേശം? നോട്ടുകള്‍ പിന്‍വലിക്കുക മാത്രമല്ല, ബാങ്കില്‍ നിക്ഷേപിക്കുന്ന അസാധു നോട്ടുകള്‍ അവശ്യാനുസരണം പുതിയ നോട്ടുകളായി പിന്‍വലിക്കുന്നതിന് വിലക്കുകളും അടിച്ചേല്‍പിച്ചിട്ടുണ്ട്.

മേഖലയിലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുമതിയുമില്ല. സാധാരണക്കാരുടെ കൈയിലുള്ള അഞ്ഞൂറും ആയിരവും നോട്ടുകള്‍ കിട്ടാക്കടത്തില്‍ മുങ്ങിക്കിടക്കുന്ന വന്‍കിട ബാങ്കുകളുടെ ആരോഗ്യം വര്‍ധിപ്പിക്കും. മാത്രമല്ല, ഈ ബാങ്കുകള്‍ക്ക് കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് ഇനിയും തോന്നിയപടി കടംകൊടുക്കാം. അതായത്, ജനങ്ങള്‍ സറണ്ടര്‍ ചെയ്യുന്ന പണം അതിന്‍െറ പല ഇരട്ടിയാക്കി ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്ക് കൊടുക്കാം. ഇത് സാധാരണക്കാരുടെ പണത്തിന്‍െറ പുനര്‍വിതരണമെന്ന സാമ്പത്തിക കൊള്ളക്കാണിപ്പോള്‍ ജനങ്ങള്‍ വിധേയരായിരിക്കുന്നത്. മുതലാളിത്ത പ്രതിസന്ധി 1930കളില്‍ മുതലാളിത്ത ലോകം അനുഭവിച്ച ഭീകര സാമ്പത്തിക തകര്‍ച്ച മറികടക്കാനുള്ള മാര്‍ഗമെന്ന രീതിയില്‍ ജോണ്‍ കെയിന്‍സ് മുന്നോട്ടുവെച്ച സാമ്പത്തിക സിദ്ധാന്തം പൊതു മുതല്‍മുടക്ക് വര്‍ധിപ്പിച്ച് ജനങ്ങളുടെ വിപണിയിലുള്ള ചെലവാക്കല്‍ ഉയര്‍ത്തുന്നതില്‍ലൂടെ തൊഴില്‍ ലഭ്യതയും ഉല്‍പാദനവും ഉയര്‍ത്തുക എന്നതായിരുന്നു. അറുപതുകളിലും എഴുപതുകളിലും ഈ സിദ്ധാന്തം അട്ടിമറിക്കപ്പെട്ടു.

പൊതു മുതല്‍മുടക്കില്‍ക്കൂടി ശക്തിപ്രാപിച്ച മുതലാളിത്തത്തിന്‍െറ ഷികാഗോ സ്കൂള്‍ എന്നറിയപ്പെടുന്ന സാമ്പത്തിക സൈദ്ധാന്തികര്‍ പൊതു മുതല്‍മുടക്കിനെ നിരാകരിക്കുകയും വിപണിയെ പൂര്‍ണമായും അതിന്‍േറതായ ചാലകശേഷിക്ക് വിടുകയും ചെയ്യുന്ന സിദ്ധാന്തം ഒൗദ്യോഗിക സാമ്പത്തിക നയമായി അംഗീകരിക്കുകയും ചെയ്തു. അതനുസരിച്ചാണ് വിപണിയുടെ മേല്‍ക്കോയ്മ, പ്രത്യേകിച്ചും മൂലധന വിപണിയുടെ, പ്രതിഷ്ഠിക്കപ്പെട്ടത്. അതിന്‍െറ പരിണിത ഫലമായിട്ടാണ് അമേരിക്കയിലും പടിഞ്ഞാറന്‍ യൂറോപ്യന്‍ സമ്പന്ന രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യം ഒരിക്കല്‍ക്കൂടി പൊട്ടിപ്പുറപ്പെട്ടത്. ഇതിനെ മറികടക്കാന്‍ ബാങ്കിങ് മേഖല ശതകോടി കണക്കില്‍ ഡോളര്‍ ഊഹക്കച്ചവട മുതലാളിമാര്‍ക്ക് ഊറ്റിക്കൊടുത്തെങ്കിലും മാന്ദ്യത്തിനും തൊഴിലില്ലായ്മക്കും കുറവുവന്നില്ളെന്നു മാത്രമല്ല ചൈന ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.

ഈ ലോക സാഹചര്യത്തിലാണ് ജനങ്ങളുടെ കൈയിലുള്ള പണം കോര്‍പറേറ്റുകളുടെ ഭണ്ഡാരങ്ങളിലേക്ക് കുത്സിതമാര്‍ഗങ്ങളുപയോഗിച്ച് ഒഴുക്കുന്ന പദ്ധതി ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്‍െറ ഭവിഷ്യത്തുകള്‍ ദൂരവ്യാപകവും തീക്ഷ്ണവുമാകാതെ തരമില്ല. ഈ തീക്ഷ്ണത തീര്‍ച്ചയായും രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഈ പ്രത്യാഘാതങ്ങളെ ശക്തിഉപയോഗിച്ച് നേരിടാനേ ഭരണവര്‍ഗത്തിനു കഴിയൂ. സാമ്പത്തിക അടിയന്തരാവസ്ഥ അങ്ങനെയാണ് രാഷ്ട്രീയ അടിയന്തരാവസ്ഥക്ക് വഴി തെളിയിക്കുന്നത്. കറന്‍സി നിരോധനത്തിനു തൊട്ടുമുമ്പേ പ്രധാന മന്ത്രി പട്ടാള മേധാവികളോട് കൂടിയാലോചിച്ചത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. ‘ഇന്ത്യയില്‍ നിര്‍മിക്കുക’, ‘ദേശസ്നേഹം’, ‘ദേശദ്രോഹം’ തുടങ്ങിയ ചപ്പടാച്ചികള്‍ പരാജയങ്ങളായതുകൊണ്ടാണല്ളോ പുതിയ മാര്‍ഗങ്ങള്‍ തേടുന്നത്.

യുദ്ധം അതിലൊരു മാര്‍ഗമാണ്. കോണ്‍ഗ്രസും സോഷ്യല്‍ ഡെമോക്രാറ്റുകളും ഒക്കെ ഉള്‍പ്പെടുന്ന പാര്‍ലമെന്‍ററി പ്രതിപക്ഷം ‘കള്ളപ്പണത്തിനെതിരെയുള്ള’ നടപടി തെറ്റാണെന്നു പറയുന്നില്ല. വേണ്ടത്ര തയാറെടുപ്പുകള്‍ ഇല്ലാതെ, ഹോംവര്‍ക്ക് ചെയ്യാതെ, ഇങ്ങനെ നടപ്പാക്കിയത് സാധാരണക്കാരെ ദ്രോഹിക്കുന്നു എന്നാണ് അവരുടെ വിയോജിപ്പ്. യഥാര്‍ഥത്തില്‍ കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരെയുള്ള നടപടിയാണോ ഇതെന്ന് ആരും ചോദിക്കുന്നില്ല. ഇത് നരേന്ദ്ര മോദിയുടെയും കോര്‍പറേറ്റുകളുടെയും താല്‍ക്കാലിക വിജയമാണ്. അതുകൊണ്ടുതന്നെ, അരുണ്‍ ജെയ്റ്റ്ലി മറുപടി പറഞ്ഞത്: കാര്യങ്ങള്‍ നല്ലവണ്ണം ആലോചിച്ചു തന്നെയാണ് നടപ്പാക്കിയതെന്ന്. ആഗോള ദേശീയ കുത്തകകള്‍ ഈ നടപടിയെ അഭിനന്ദിച്ചിട്ടുണ്ട്. ബില്‍ഗേറ്റ്സിന്‍െറ അഭിനന്ദനം തന്നെ നല്ല ഉദാഹരണം. അവര്‍ക്കു നന്നായി അറിയാം കാര്യങ്ങളുടെ കിടപ്പ്.

ജനങ്ങളുടെ അധീനതയിലുള്ള പണം തൂത്തുവാരി എടുക്കുന്നുവെന്നതുകൊണ്ട് തന്നെ താല്‍ക്കാലികമായി അവര്‍ക്കു ഗുണം ചെയ്യും. യു.പി ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാറിന് സ്വന്തം താല്‍പര്യങ്ങളനുസരിച്ച് ഭരണഘടന തിരുത്തണമെങ്കില്‍ കൂടുതല്‍ പാര്‍ലമെന്‍ററി പിന്‍ബലം വേണം. ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ നിര്‍ണയിക്കുന്നതിലെ സുപ്രധാന ഘടകം പണമാണെന്നത് പൊതുവായി അറിയപ്പെടുന്ന പ്രാഥമിക വിവരമാണ്. യു.പിയിലും മറ്റും തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതിനു വേണ്ട പണം ഒരുപക്ഷേ, ഇപ്പോള്‍ ബി.ജെ.പിയുടെ കൈയിലേ കാണുകയുള്ളൂ. കൊല്‍ക്കത്തയില്‍ നിരോധനം വരുത്തുന്നതിനുമുന്നേ കോടിക്കണക്കില്‍ അഞ്ഞൂറു നോട്ടുകള്‍ ഡെപോസിറ്റ് ചെയ്തു എന്ന വാര്‍ത്ത വന്നിരുന്നു.

സാഹചര്യത്തെളിവുകള്‍ നോക്കുമ്പോള്‍ നോട്ട് അസാധുവാക്കല്‍ രീതിക്കുപിന്നിലും രാഷ്ട്രീയ ലാക്കുകളുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ ഭരിക്കുന്ന ആര്‍.എസ്.എസിന് ഭരണഘടനയിലും ജനാധിപത്യ പ്രക്രിയകളിലും മറ്റും വലിയ വിശ്വാസമില്ളെന്ന സത്യം അവര്‍ തന്നെ മറച്ചുവെക്കാറില്ല. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടി നിലവിലെ ഭരണഘടനയെ അട്ടിമറിക്കുന്നത് ന്യായമാണെന്നു കരുതുന്നവരാണവര്‍.

ഹിന്ദുത്വത്തിന് യോജിച്ച ഭരണഘടനയാണ് വേണ്ടതെന്നും മതേതരത്വം വെറും വ്യാജമാണെന്നുമാണവര്‍ വിശ്വസിക്കുന്നത്. സാമ്പത്തിക ഫാഷിസം സൃഷ്ടിക്കുന്നത് ഇങ്ങനെയൊരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. തല്‍ക്കാലം അധികാരത്തില്‍ വാഴിച്ചവര്‍ക്ക് ജനങ്ങളുടെ പണം ഊറ്റിക്കൊടുക്കുകയും ചെയ്യാം. എങ്ങനെ നോക്കിയാലും ലാഭക്കച്ചവടം. സാമ്പത്തിക വ്യവസ്ഥയുടെ നൂലാമാലകള്‍ മനസ്സിലാകാത്തവരെ കള്ളപ്പണം കള്ളനോട്ട് തുടങ്ങിയ ചപ്പടാച്ചികള്‍ കാണിച്ച് കുറച്ച് പിന്തുണ കിട്ടിയാല്‍ അതും നേട്ടം തന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake currencycurrency demonetization
News Summary - currency demonetization
Next Story