ദലിത് അക്കാദമിക ജീവിതവും സ്ഥാപന ഹിംസകളും
text_fieldsഡോ. ടി.എസ്. ശ്യാംകുമാർ
രോഹിത് വെമുലയുടെ ആത്മത്യാഗം ഇന്ത്യയിലെ സർവകലാശാലകളും അക്കാദമിക സ്ഥാപനങ്ങളും ദലിത് അക്കാദമിക ജീവിതത്തോട് കാട്ടുന്ന സ്ഥാപനപരമായ ഹിംസയുടെ അതിപ്രധാന തെളിവായും വസ്തുനിഷ്ഠ യാഥാർഥ്യമായും ഉയർന്നുനിൽക്കുകയാണ്. തികച്ചും പുരോഗമനപരമെന്നും നവോത്ഥാനാശയങ്ങൾ സംവഹിക്കുന്നതെന്നും കരുതപ്പെടുന്ന കേരളത്തിലെ അക്കാദമിക സ്ഥാപനങ്ങളും ഇന്ത്യയിൽ പരക്കെ നിലനിൽക്കുന്ന സ്ഥാപന ഹിംസകളിൽനിന്നും പല നിലകളിലും വേറിട്ടല്ല നിലകൊള്ളുന്നത് എന്നാണ് സമകാലിക സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ഗേവഷണ രംഗത്തും അധ്യാപന രംഗത്തും മികച്ച സംഭാവനകൾ നൽകിയ ദലിത് അക്കാദമീഷ്യന്മാരുടെ നീണ്ടനിര തന്നെ കേരളത്തിലുണ്ട്. അക്കാദമിക ജീവിതത്തെ അക്കാദമിക ആക്ടിവിസമായി പരിവർത്തനപ്പെടുത്തുകയും സാമൂഹിക നീതിക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്കാദമികബോധ്യങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നവർ. പ്രഫ. പി. സനൽ മോഹൻ, ഡോ. ടി.എം. യേശുദാസ്, ഡോ. രേഖ രാജ്, ഡോ. കെ.എസ്. മാധവൻ, ഡോ. എം.ബി. മനോജ്, ഡോ. ഒ.കെ. സന്തോഷ് തുടങ്ങി നിരവധി പേർ. ഡോ. രേഖ രാജിനെ പോലുള്ളവർ ദലിത് സ്ത്രീവിഷയ സംബന്ധിയായും സാമൂഹിക നീതിയുടെ വിവിധ അടരുകളെ സംബന്ധിച്ചും ആഴത്തിൽ ഇടപെട്ട് പ്രവർത്തിച്ചുപോരുന്നു.
പ്രഫ. സനൽമോഹനടക്കമുള്ളവർ ഗവേഷണ രംഗത്തുതന്നെ ആഴമേറിയ പഠനങ്ങൾ നടത്തുകയും അടിമജീവിതത്തെ സംബന്ധിച്ച് പുതിയ വെളിച്ചങ്ങൾ പകർന്നുനൽകുകയും ചെയ്തു. കേരളം അഭിമുഖീകരിച്ച ശബരിമല പ്രക്ഷോഭ കാലത്തും ഇന്ത്യയിൽ ആകമാനം അലയടിച്ച പൗരത്വ സമരങ്ങളിലും സാമൂഹികനീതിയുടെയും ഭരണഘടന ധാർമികതയുടെയും തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നിരവധിയായ സാമൂഹികനീതിക്കുവേണ്ടിയുള്ള സമരങ്ങളിലും അക്കാദമിക പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു ചരിത്ര പണ്ഡിതനും ഗവേഷകനുമായ ഡോ. കെ.എസ്. മാധവൻ. കൂടാതെ, മായാ പ്രമോദിനെയും വിനിൽ പോളിനെയും പോലെയുള്ള യുവഗവേഷകരുടെയും പണ്ഡിതരുടെയും അതുല്യ സംഭാവനകളാൽ ദലിത് അക്കാദമിക ജീവിതം ഇപ്പോൾ കൂടുതൽ ശ്രദ്ധേയവുമാണ്. ഇങ്ങനെ മെച്ചപ്പെട്ട അക്കാദമിക ജീവിതം ദലിത് ബൗദ്ധികവൃന്ദം തുടരുേമ്പാഴും തീർത്തും സങ്കുചിതമായ വാദഗതികളിലൂടെ മുഖ്യധാരയോട് ചേർന്നുനിൽക്കുന്നവർ സ്വത്വവാദ ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ട് ഇവർ മുന്നോട്ടുവെക്കുന്ന വിപുലമായ ആശയലോകത്തെയും അക്കാദമിക ചർച്ചകളെയും അഭിസംബോധന ചെയ്യാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ്.
സ്വത്വവാദ ആക്ഷേപങ്ങളും ജാതി വരേണ്യതയും
മുഖ്യധാരാ പ്രത്യയശാസ്ത്രങ്ങളെ പലനിലകളിൽ വിമർശനവിധേയമാക്കുകയും അതിെൻ റ സാംസ്കാരിക ആഖ്യാനങ്ങളെ നിശിതമായ വിചാരണക്ക് വിധേയമാക്കുകയും ചെയ്യുന്ന ദലിത് അക്കാദമീഷ്യന്മാരുടെ ആശയലോകവുമായി സംവാദാത്മകമായി ഇടപെടുന്നതിന് പകരം 'സ്വത്വവാദം' എന്ന ആക്ഷേപം ഉന്നയിച്ചുകൊണ്ട് ദലിത് ബൗദ്ധിക ജീവിതത്തെ തമസ്കരിക്കാനാണ് മുഖ്യധാരാ സാംസ്കാരികബോധം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അക്ഷര ലോകത്തുനിന്ന് ദലിതരെ അസ്പൃശ്യരാക്കി നിലനിർത്തിയാണ് ബ്രാഹ്മണ്യം അതിന്റെ സ്ഥാപനപരമായ സാമൂഹിക പുറന്തള്ളൽ പ്രക്രിയ തുടർന്നതെങ്കിൽ അതിന്റെ തന്നെ മറ്റൊരു ഭേദരൂപത്തിലൂടെയാണ് ജാതിവരേണ്യർ ദലിത് അക്കാദമിക ജീവിതത്തെ പുറന്തള്ളുന്നത്. അരികുവത്കരിക്കപ്പെട്ട ദലിത് ജീവിതങ്ങൾ ശാശ്വതമായി പുറന്തള്ളപ്പെട്ടവരായി തുടരുകതന്നെയാണ് വേണ്ടതെന്ന ബ്രാഹ്മണിക യുക്തിയാണ് ഇതിനുപിന്നിൽ. ചുരുക്കത്തിൽ ദലിത് ധിഷണ അവതരിപ്പിക്കുന്ന ഗവേഷണാത്മകമായ വാദഗതികളെ തമസ്കരിക്കാനും കണ്ടില്ലെന്ന് നടിക്കുന്നതിനും സാമൂഹികമായി പുറന്തള്ളുന്നതിനുമുള്ള ജാതിവരേണ്യതയുടെ ബ്രാഹ്മണ്യ യുക്തിയാണ് സ്വത്വവാദ ആക്ഷേപം.
ദലിതരുന്നയിക്കുന്ന വാദഗതികളെയും പഠനങ്ങളെയും വിമർശനങ്ങളെയും അക്കാദമിക സംവാദത്തിനുള്ള വേദിയായി കാണാതെ അത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവരെ സ്വത്വവാദി ചാപ്പയടിക്കുന്നതും തികഞ്ഞ അസഹിഷ്ണുതയോടെ നടപടികൾ കൈക്കൊള്ളുന്നതും അക്കാദമിക സ്ഥാപനങ്ങളും അത്തരം വ്യക്തികളും പിന്തുടരുന്ന ബ്രാഹ്മണിക ലോകവീക്ഷണത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. 'വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്' എന്ന നാരായണ ഗുരുവിന്റെ വാക്കുകൾ അഹിംസാത്മകമായ സംവാദ സാധ്യതകളുടെ തുറവിയെയാണ് ഉൾക്കൊള്ളുന്നത്. എന്നാൽ, 'സ്വത്വവാദ' ആക്ഷേപങ്ങൾ ദലിത് ബൗദ്ധിക ജീവിതത്തെ എതിരാളികളായി സ്ഥാനപ്പെടുത്തുന്നതും സംവാദ സാധ്യതകളെതന്നെ അടച്ചുകളയുന്ന ഒന്നായിട്ടുമാണ് ഇപ്പോൾ പ്രവർത്തിച്ചുപോരുന്നത്. 'സ്വത്വം' എന്നത് ഒരു രാഷ്ട്രീയ സ്ഥാപനമായിരിക്കുേമ്പാഴും അതൊരു ആക്ഷേപമായി ഉന്നയിക്കപ്പെടുന്നതോടെ സംവാദ സാധ്യതകൾക്ക് പകരം ശത്രുതാബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളായിരിക്കും സംഭവിക്കുക .
അക്കാദമിക മണ്ഡലവും ഉൾക്കൊള്ളൽ ജനാധിപത്യവും
പുതുതായി ഉയർന്നുവരുന്ന ദലിത് വൈജ്ഞാനിക മണ്ഡലത്തെ അക്കാദമിക വ്യവസ്ഥയിൽ ഉൾച്ചേർക്കുന്നതിന് സംവരണം പോലെയുള്ള സാമൂഹിക നീതിയിലധിഷ്ഠിതമായ ഭരണഘടനാ പരിരക്ഷകൾ തീർത്തും അനിവാര്യമാണ്. സംവരണ റോസ്റ്റർ പ്രസിദ്ധീകരിക്കാതെ നിയമനങ്ങൾ നടത്തുന്നതിലൂടെ നടപടിക്രമങ്ങൾ നിഗൂഢവത്കരിക്കാനും അതുവഴി സംവരണത്തെ തന്നെ അട്ടിമറിക്കാനുമാണ് സംവരണ വിരുദ്ധ മാഫിയ ശ്രമിച്ചുപോരുന്നത്.
ഇങ്ങനെ സംവരണ ക്രമത്തെ അട്ടിമറിച്ചുകൊണ്ട് സർവകലാശാലകളിൽ നിറഞ്ഞാടുന്ന സംവരണ വിരുദ്ധ നിയമനങ്ങളെ കുറിച്ച് എഴുതിയതിനാണ് ഡോ. കെ.എസ്. മാധവന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇതാകട്ടെ അക്കാദമീഷ്യന്മാരുടെ എഴുത്തിനും ചിന്തക്കും കടിഞ്ഞാണിടുന്ന ഏകാധിപത്യ യുക്തിയാണ്. സർവകലാശാലകൾ വൈജ്ഞാനിക സംവാദത്തിന്റെ വേദി കൂടിയാണ്. എതിരഭിപ്രായങ്ങൾക്കും നിശ്ശബ്ദരാക്കപ്പെട്ടവരുടെ ശബ്ദങ്ങൾക്കും വേദിയാവുേമ്പാഴാണ് അക്കാദമിക സ്ഥാപനങ്ങൾ ജനാധിപത്യവത്കരിക്കപ്പെടുക. സാമൂഹിക നീതിയും ഭരണഘടനാ വാഴ്ചയും ഉറപ്പുവരുത്തുന്നതിനുവേണ്ടി എഴുതുകയും പറയുകയും ചെയ്യുന്നവരുടെ ശബ്ദം മൂടിവെക്കാൻ ശ്രമിക്കുന്നവർ ജനാധിപത്യത്തിനും ഭരണഘടനാ ധാർമികതക്കും എതിരായാണ് നിലകൊള്ളുന്നത്.
ഭരണകൂടത്തിന്റെ അനുവാദം ലഭിച്ചാൽ മാത്രം എഴുതുകയും ചിന്തിക്കുകയും ചെയ്യേണ്ടവരാണ് അക്കാദമീഷ്യന്മാർ എന്നുവരുന്നത് ഫാഷിസത്തിന്റെ യുക്തിയല്ലാതെ മറ്റെന്താണ്? അരികുവത്കരിക്കപ്പെട്ട ഗണത്തിലുൾച്ചേർന്നവരുടെ ശബ്ദത്തിനും അക്കാദമിക മണ്ഡലത്തിൽ പ്രാതിനിധ്യമുണ്ടാകുേമ്പാൾ മാത്രമാണ് അക്കാദമിക സ്ഥാപനങ്ങൾ ജനാധിപത്യവത്കരിക്കപ്പെടുക. ഇത്തരത്തിൽ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പുറന്തള്ളുന്ന അക്കാദമിക മണ്ഡലം പിന്തുടരുന്ന സ്ഥാപന ഹിംസകൾ അവസാനിപ്പിക്കാൻ അക്കാദമിക സ്ഥാപനങ്ങൾ സമ്പൂർണമായ ജനാധിപത്യവത്കരണത്തിന് ഇനിയും വിധേയമാവേണ്ടിയിരിക്കുന്നു.
ഘടനാപരമായ അസമത്വവും സാമൂഹിക പുറന്തള്ളൽ രൂപങ്ങളും എങ്ങനെയാണ് ഇന്ത്യൻ സമൂഹത്തിൽ ചരിത്രപരമായി വളർന്നുവന്നത് എന്ന് അക്കാദമികമായി ആഴത്തിൽ പഠിച്ച അക്കാദമീഷ്യനാണ് ഡോ. കെ.എസ്. മാധവൻ. ഉൾക്കൊള്ളൽ വിദ്യാഭ്യാസം, ഉൾക്കൊള്ളൽ വികസനം എന്നിവയിലൂടെ ഒരു ജനാധിപത്യ ദേശരാഷ്ട്രത്തിൽ ഈ സാമൂഹിക പുറന്തള്ളൽ രൂപങ്ങളെ നീതിയുക്തമായി പരിഹരിക്കാവുന്നതിന്റെ ഒരു മാർഗമാണ് ഉൾക്കൊള്ളൽ -ഉന്നത വിദ്യാഭ്യാസം. ഭരണഘടനയിലെ സംവരണ വ്യവസ്ഥകൾ സുതാര്യമായും കാര്യക്ഷമമായും നടപ്പാക്കിക്കൊണ്ട് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും അടിത്തട്ടു സമുദായങ്ങളെയും ഉൾക്കൊണ്ടുകൊണ്ട് സാമൂഹിക നീതിയും ജനാധിപത്യവും പുലരുന്ന സ്ഥാപനങ്ങളായി മാറ്റിയെടുക്കാം എന്നതാണ് ഡോ. മാധവന്റെ നിലപാട്.
ജ്ഞാന ഉൽപാദനത്തിൽ സാമൂഹികമായും മതപരമായും അരികുവത്കരിക്കപ്പെട്ടവരുടെ പങ്കാളിത്തം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറയുന്നത്. ഇങ്ങനെ നോക്കുേമ്പാൾ 'മാധ്യമം' ദിനപത്രത്തിൽ സംവരണ സംരക്ഷണത്തെ പറ്റി ലേഖനം എഴുതിയതിന്റെ പേരിലെ ശിക്ഷാ നടപടി യൂനിവേഴ്സിറ്റി നടത്തുന്ന സ്ഥാപന ഹിംസയായാണ് വെളിപ്പെടുന്നത്. സ്ഥാപന ഹിംസകളിൽനിന്ന് അക്കാദമിക മണ്ഡലം സമ്പൂർണമായി വിട്ടുനിന്നുകൊണ്ടും സംവരണ നഷ്ടം നികത്തിയുമാണ് സർവകലാശാലകളും അക്കാദമിക സ്ഥാപനങ്ങളും ജനാധിപത്യത്തെയും സാമൂഹിക നീതിയെയും ഉയർത്തിപ്പിടിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.