Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹിന്ദുത്വ...

ഹിന്ദുത്വ മുന്നേറ്റത്തിനു മുന്നിൽ  മതേതര ചേരി നിസ്സഹായരോ? 

text_fields
bookmark_border
ഹിന്ദുത്വ മുന്നേറ്റത്തിനു മുന്നിൽ  മതേതര ചേരി നിസ്സഹായരോ? 
cancel
അടൽബിഹാരി വാജ്പേയി രാജ്യം ഭരിക്കുന്ന കാലം. ദീപ മേത്തയുടെ വിവാദ സിനിമയായ ‘വാട്ടറി’​െൻറ ഷൂട്ടിങ് വാരാണസിയിൽ തുടങ്ങും മുമ്പേ നിർത്തിവെക്കേണ്ടിവന്നു. സംഘ്പരിവാർ ഗുണ്ടകൾ സിനിമയുടെ സെറ്റ് കത്തിക്കുകയും കലാകാരന്മാരെ അടിച്ചോടിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ഷൂട്ടിങ്ങുമായി മുന്നോട്ടുപോവാനാവില്ലെന്ന് ഉറപ്പായി. ഷൂട്ടിങ് തുടരണമെങ്കിൽ അന്നത്തെ ആർ.എസ്​.എസ്​ തലവൻ കെ.എസ്.​ സുദർശനെ കണ്ട് അനുമതി വാങ്ങണമെന്ന് ഉത്തരവാദപ്പെട്ടവരിൽനിന്ന് കിട്ടിയ നിർദേശപ്രകാരം ദീപ മേത്ത ഡൽഹിയിലേക്ക് വണ്ടി കയറി. ‘‘ഗംഗ ഞങ്ങൾക്ക് പവിത്രമാണെന്ന് അറിയില്ലേ?’’ ദീപയെ കണ്ട ഉടൻ ആർ.എസ്​.എസ്​ തലവൻ ചോദിച്ച​െത്ര. ‘‘സിനിമയുടെ തിരക്കഥ അങ്ങ് കണ്ടിട്ടുണ്ടോ’’ -ദീപ ചോദിക്കേണ്ട താമസം, സുദർശൻ തിരക്കഥയുടെ ഒരു കോപ്പിയെടുത്ത് മേശപ്പുറത്ത് വെച്ചു. ദീപ ഞെട്ടി. കാരണം, നിർമാണസംഘത്തി​െൻറ പക്കൽനിന്ന്  ഒരേയൊരു കോപ്പി പുറത്തുപോയത് വാർത്താവിതരണ -പ്രക്ഷേപണ മന്ത്രാലയത്തിലേക്ക് മാത്രമാണ്. ‘‘അങ്ങക്ക്​ ഇത് എവിടന്ന് കിട്ടി?’’ -അമ്പരപ്പോടെയുള്ള ചോദ്യം സർസംഘ്ചാലകി​​െൻറ മുഖത്ത് ചിരി പടർത്തി. ‘‘ആരുടെ സർക്കാറാണ് ഇതെന്ന്  അറിയില്ലേ? സിനിമ ഷൂട്ടിങ് തുടരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഒരു കാര്യം ചെയ്യൂ.  ശേഷാദ്രി ചാരിയുമായി (ആർ.എസ്​.എസ്​ മുഖപത്രമായ ഓർഗനൈസറി​െൻറ എഡിറ്റർ) ആലോചിച്ച് തിരക്കഥ തിരുത്തിയെഴുതി കൊണ്ടുവാ.’’ വാജ്പേയി ആണ് പ്രധാനമന്ത്രിയെങ്കിലും ആർ.എസ്​.എസ്​ തലവനാണ് എല്ലാം നിയന്ത്രിക്കുന്നത് എന്ന് മനസ്സിലാക്കിയ ദീപ വാരാണസിയിലെ ഷൂട്ടിങ് ഉപേക്ഷിച്ച് ശ്രീലങ്കയിലേക്ക് വിമാനം കയറി. 

24 കക്ഷികളുടെ കൂട്ടുമന്ത്രിസഭയെ ബി.ജെ.പി നയിക്കുകയായിരുന്നിട്ടും ആർ.എസ്​.എസ്​ പിൻസീറ്റിലിരുന്ന് അന്ന് എല്ലാം നിയന്ത്രിക്കുന്നുണ്ടായിരുന്നു. നരേന്ദ്ര മോദിയുടെ അധികാരാരോഹണം ഋതുപ്പകർച്ചയായത് ഭരണവ്യവസ്​ഥയുടെ മുൻസീറ്റിലേക്ക് ആർ.എസ്​.എസ്​ പ്രചാരക് ജനാധിപത്യത്തി​െൻറ വിടവിലൂടെ കയറിവന്നു എന്നതാണ്. അതുകൊണ്ടുണ്ടായ മാറ്റം സർവതലസ്​പർശിയാണെന്ന് മൂന്നുവർഷത്തെ മോദിഭരണം തെളിയിച്ചു. വിനായക് ദാമോദർ സവർക്കറും മാധവ് സദാശിവ ഗോൾവാൾക്കറും സ്വപ്നം കണ്ട ‘ഹിന്ദുരാഷ്​ട്ര’ത്തിലേക്ക് രാജ്യം അതിദ്രുതം മുന്നേറുകയാണ്. ജനാധിപത്യവും മതേതരത്വവും ആധാരശിലയായി എടുത്ത ഭരണഘടനയുടെ ഭാവി എന്ത് എന്ന ചോദ്യം മാത്രമാണ് ഇനി ബാക്കി. വാജ്പേയി സർക്കാറി​െൻറ കാലത്ത് ഭരണഘടനയെക്കുറിച്ച്  പുനർവിചിന്തനം നടത്താൻ സമയമായി എന്ന മുറവിളി ആർ.എസ്​.എസ്​ കേന്ദ്രങ്ങളിൽനിന്ന് ഉയർന്നുകേട്ടപ്പോൾ അതിനെ ചെറുത്തുതോൽപിച്ചത് അന്നത്തെ രാഷ്​ട്രപതി കെ.ആർ. നാരായണൻ ആണ്. തകരാറ് ഭരണഘടനക്ക് അല്ലെന്നും അത് കൈകാര്യം ചെയ്തവർക്കാണെന്നും അദ്ദേഹം തുറന്നടിച്ചു. തങ്ങളാഗ്രഹിക്കുംവിധം ഭരണഘടനയുടെ അലകും പിടിയും മാറ്റിയെഴുതാനുള്ള ശ്രമത്തിൽനിന്ന് അതോടെയാണ് തൽക്കാലം പിന്തിരിഞ്ഞത്. കെ.ആർ. നാരായണ​​െൻറ പിൻഗാമിയായി ദലിതനായ രാം നാഥ് കോവിന്ദ് രാഷ്​ട്രപതിഭവനിൽ കുടിയിരുത്തപ്പെടുന്നതോടെ സംഭവിക്കാൻ പോകുന്നത് എന്താണെന്ന് അനുമാനിക്കാവുന്നതേയുള്ളൂ. നാരായണനെക്കാൾ കോവിന്ദിന് നിയമജ്ഞാനമുണ്ടാവാം. പക്ഷേ, നാരായണൻ മുറുകെപ്പിടിച്ച മതേതര ^ബഹുസ്വരതാമൂല്യങ്ങളെ കോവിന്ദ്​ മാനിക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നല്ല, അംബേദ്ക്കറുടെ വിചാരധാരയോട് അശേഷം ആദരവില്ലാത്ത കാഴ്ചപ്പാടാണ​െത്ര പുതിയ രാഷ്​ട്രപതിയുടേത്. സ്വാഭാവികമായും ആ ആദരവില്ലായ്മ ഭരണഘടനയോടും കാണേണ്ടതാണ്. ആ വശം മനസ്സിൽവെച്ചാവണം തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ മീരാകുമാർ അഭിനന്ദന സന്ദേശത്തിലൂടെ സുപ്രധാനമായ ഒരു മുന്നറിയിപ്പ് കൈമാറിയത് - ‘‘വെല്ലുവിളികൾ നിറഞ്ഞ ഈ കാലത്ത് ഭരണഘടനയുടെ സാരവും സത്തയും കാത്തുസൂക്ഷിക്കാൻ കഴിയട്ടെ’’ എന്ന്.
 
സ​ത്യ​പ്ര​തി​ജ്​​ഞ​ക്കു​ശേ​ഷം പ്ര​ണ​ബ്​ മു​ഖ​ർ​ജി​യോ​ടൊ​പ്പം മ​ട​ങ്ങു​ന്ന രാ​ഷ്​​ട്ര​പ​തി രാം ​നാ​ഥ്​ കോ​വി​ന്ദി​നെ നേ​താ​ക്ക​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു
 

സംശയമില്ല, രാജ്യം കടുത്ത വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഒരു ദശാസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് രാം നാഥ് കോവിന്ദ് റെയ്സിന ഹില്ലിലേക്ക് കടന്നുവരുന്നത്. ഹിന്ദുത്വ പ്രത്യയശാസ്​ത്രം ഉയർത്തുന്ന വെല്ലുവിളികളെക്കാൾ ഭയപ്പെടുത്തുന്നത് മതേതരചേരിയുടെ ശൈഥില്യമാണ്. കോൺഗ്രസ്​ അടക്കമുള്ള കക്ഷികളുടെ വോട്ട് മഹാരാഷ്​ട്ര, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്​ഥാനങ്ങളിൽ വൻതോതിൽ എൻ.ഡി.എ സ്​ഥാനാർഥിക്ക് ലഭിച്ചത് മാരകമായ ഒരു രാഷ്​ട്രീയരോഗത്തി​െൻറ അവസാനത്തെ ലക്ഷണമാണ്. എല്ലാംകൊണ്ടും അനുയോജ്യയായ ഒരു സ്​ഥാനാർഥി മത്സരരംഗത്തുണ്ടായിരുന്നിട്ടും മറുകണ്ടം ചാടി വോട്ട് രേഖപ്പെടുത്താൻ കാണിച്ച താന്തോന്നിത്തം ജനാധിപത്യ -മതേതര മൂല്യങ്ങളോട് ഇക്കൂട്ടർക്ക് അശേഷം പ്രതിബദ്ധതയില്ല എന്നതി​െൻറ തെളിവാണ്. 135 വർഷത്തെ രാഷ്​ട്രീയപാരമ്പര്യം അവകാശപ്പെടാറുള്ള കോൺഗ്രസ്​ തന്ത്രങ്ങൾ പയറ്റുന്നതിലും അടവുകൾ പുറത്തെടുക്കുന്നതിലും നരേന്ദ്ര മോദി ^അമിത് ഷാ പ്രഭൃതികളുടെ മുന്നിൽ എത്ര ദയനീയമായാണ് പരാജയപ്പെട്ടത് എന്നതി​െൻറ തെളിവാണല്ലോ രാഷ്​ട്രപതി തെരഞ്ഞെടുപ്പിനെ ഹിന്ദുത്വക്ക് അനുകൂലമാക്കിയത്. നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ ചൂണ്ടിക്കാട്ടിയതുപോലെ മതേതര പാർട്ടികളുടെ ആലസ്യവും ദീർഘവീക്ഷണമില്ലായ്മയുമാണ് എൻ.ഡി.എക്ക് അനുകൂലസാഹചര്യം ഒരുക്കിക്കൊടുത്തത്. രാഷ്​ട്രപതി പദവിയുടെ പ്രഭാവം കൂട്ടാൻ ഏറ്റവും അനുയോജ്യനായ ഗോപാലകൃഷ്ണ ഗാന്ധിയുടെ പേര് നേരത്തേ ഇടതുപാർട്ടികൾ ഉയർത്തിക്കാട്ടിയിട്ടും ആ വഴിക്ക് ഗൗരവമായി ചിന്തിക്കാൻപോലും തയാറാവാതെ, എൻ.ഡി.എയുമായി കുശലം പറഞ്ഞിരുന്ന കോൺഗ്രസ്​ കോവിന്ദി​െൻറ പേര് അമിത് ഷാ ഏകപക്ഷീയമായി പ്രഖ്യാപിച്ചപ്പോൾ മത്സരം ദലിതുകൾ തമ്മിലുള്ള പോരാട്ടമാക്കി ചുരുക്കിക്കളഞ്ഞു. ജാതി, മത, പ്രാദേശിക വികാരം ഉദ്ദീപിപ്പിക്കുന്ന ഭ്രാന്തിനെ മാനദണ്ഡമായി ഉയർത്തിക്കാട്ടുന്ന രാഷ്​ട്രീയം സ്വാതന്ത്ര്യലബ്​ധിയുടെ ഏഴു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ഒരു രാഷ്​ട്രത്തെ എത്ര പിറകോട്ടാണ് തിരിച്ചുകൊണ്ടുപോയത്. പ്രതിപക്ഷം ആശയദാരിദ്യ്രത്തി​െൻറ പാരമ്യതയിലാണെന്ന് തിരിച്ചറിഞ്ഞ ജഗജീവൻ റാമി​െൻറ പുത്രി അതുകൊണ്ടാണ് ഇത് ദലിതുകൾ തമ്മിലുള്ള പോരാട്ടമല്ലെന്നും ഇന്ത്യയുടെ മൗലികസത്തയെ തിരിച്ചുപിടിക്കാനുള്ള അവസാനത്തെ ശ്രമമാണെന്നും പലയിടങ്ങളിലായി ആവർത്തിച്ചത്. 

ആർ.എസ്​.എസ്​ വർഗീയ ഫാഷിസത്തി​െൻറ സകല സാധ്യതകളും പുറത്തെടുത്ത് രാഷ്​ട്രീയഭൂമിക മാത്രമല്ല, സാമൂഹിക, സാംസ്​കാരിക, സാമ്പത്തിക, ധൈഷണിക മണ്ഡലങ്ങളെ ഹിന്ദുത്വവത്കരിക്കാൻ ഇറക്കുമതി മസ്​തിഷ്​കങ്ങളെപോലും ഉപയോഗപ്പെടുത്തുന്നുണ്ട് എന്നുവേണം അനുമാനിക്കാൻ. 2014ലെ പൊതുതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കായി ആർ.എസ്​.എസ്​ കൊൽക്കത്തയിൽ സംഘടിപ്പിച്ച പഠനശിബിരത്തിൽ സർസംഘ്ചാലക് മോഹൻ ഭാഗവത് ശിഷ്യന്മാരെ ഓർമപ്പെടുത്തിയ സുപ്രധാനമായ ഒരു സംഗതി ഇതാണ്: ഇത്തവണ നമുക്ക് അധികാരം കൈവന്നില്ലെങ്കിൽ സമീപകാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കൈയിലുള്ള സകലവിഭവങ്ങളും ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാൻ സാധിച്ചാലോ വരുംതലമുറക്ക് പോലും പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടിവരില്ല. 




സൂക്ഷ്മമായി ഒന്ന് പരിശോധിച്ചുനോക്കൂ! എത്ര പെട്ടെന്നാണ് നരേന്ദ്ര മോദി ഇന്ത്യയെ മാറ്റിയെടുത്തത്? ജനങ്ങളുടെ മനോഘടന മൂന്നുവർഷത്തിനിടയിൽ തങ്ങളുടെ കുടുസ്സായ ആശയഗതിക്കൊത്ത് രൂപാന്തരപ്പെടുത്തിയെടുത്തില്ലേ? ബി.ജെ.പിക്ക് സാമാന്യജനം ഇതുവരെ കൽപിച്ച അസ്​പൃശ്യത അപ്രത്യക്ഷമായി എന്നല്ല, ബുദ്ധിജീവികളും പണ്ഡിതരും ആഢ്യന്മാരും കുബേരന്മാരുമൊക്കെ ഇന്ന് സാക്ഷാൽ മോദിഭക്​തരല്ലേ? ജനാധിപത്യസ്​ഥാപനങ്ങളെ ഓരോന്നായി ഹിന്ദുത്വ അജണ്ടക്ക് അനുസൃതമായി പൊളിച്ചടുക്കിയില്ലേ?  ജനാധിപത്യവും മതേതരത്വവും തൊട്ട് ആണയിടുന്ന എത്ര ന്യായാധിപന്മാരുണ്ടാവും മോദി ഒന്നാമൂഴം പൂർത്തിയാക്കുമ്പോഴേക്കും നമ്മുടെ ജുഡീഷ്യറിയിൽ?  പെരുവഴിയിലും തീവണ്ടി കമ്പാർട്ട്​മ​െൻറുകളിലും മനുഷ്യരെ പച്ചക്ക് കൊല്ലുമ്പോൾ  കൈയുംകെട്ടി നോക്കിനിൽക്കുന്ന കേന്ദ്രസർക്കാർ, ക്രമസമാധാനം സംസ്​ഥാനങ്ങളുടെ ബാധ്യതയാണെന്നു പറഞ്ഞ് നിസ്സങ്കോചം രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ടില്ലേ? ഈ നിസ്സംഗതക്കു മുന്നിൽ പരമോന്നത നീതിപീഠം പോലും നിസ്സഹായത പ്രകടിപ്പിക്കുന്ന ദയാർഹമായ കാഴ്ച  എത്രമാത്രം ജുഗുപ്​സം! പശുവി​െൻറ പേരിൽ ഇതിനകം 28 പേർക്ക് രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി ജീവൻ നഷ്​ടപ്പെട്ടിട്ടും ബഹുസ്വരതയെയും മതേതരത്വത്തെയും കുറിച്ച് നാഴികക്ക് നാൽപതു വട്ടം ചന്ദ്രഹാസമിളക്കുന്ന സെക്കുലർ പാർട്ടികൾക്ക് ദേശത്തി​െൻറ മന$സാക്ഷിയെ തൊട്ടുണർത്തുന്ന ശക്തമായൊരു പ്രതിഷേധ പരിപാടിപോലും സംഘടിപ്പിക്കാൻ സാധിച്ചുവോ? അതി​െൻറ ആവശ്യമുണ്ടെന്ന് തോന്നിയോ എന്നതാണ് പ്രസക്തമായ ചോദ്യം. പെരുന്നാളാഘോഷിക്കാൻ സഹോദരങ്ങളോടൊപ്പം വീട്ടിലേക്ക് പുറപ്പെട്ട ജുനൈദ് എന്ന 16കാരൻ ട്രെയിനിൽ നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടപ്പോൾ പോലും രാഷ്​ട്രീയ പാർട്ടികൾ അല്ല, ജനകീയ -പ്രതിരോധ കൂട്ടായ്മകളാണ് രോഷാഗ്നി ജ്വലിപ്പിച്ച് വർഗീയഫാഷിസം ഞെരിച്ചുകൊല്ലുന്ന ഒരു രാജ്യത്തി​െൻറ നിലവിളി അഷ്​ടദിക്കുകളിലും കേൾപ്പിച്ചത്. ചലച്ചിത്ര പ്രവർത്തക സബ ദേവൻ ‘നോട്ട് ഇൻ മൈ നെയിം’ (എ​െൻറ പേരിൽ വേണ്ട) എന്ന മുദ്രാവാക്യവുമായി ഫേസ്​ബുക്കിലൂടെ തുടക്കംകുറിച്ച കാമ്പയിൻ ദേശീയതലത്തിൽ ആന്ദോളനം സൃഷ്​ടിച്ചപ്പോൾ  ആശുപത്രി കിടക്കയിൽനിന്ന് ഓക്സിജൻ ട്യൂബ് മൂക്കിൽനിന്ന് എടുക്കാതെയാണ് പ്രശസ്​ത ചലച്ചിത്രകാരൻ ഗിരീഷ് കർണാട് ബംഗളൂരുവിലെ പ്രതിഷേധറാലിക്കെത്തിയത്. മരിക്കാൻ കിടക്കുന്നവർക്കു പോലും മൗനം ദീക്ഷിക്കാൻ രാജ്യത്തി​െൻറ ദാരുണാവസ്​ഥ അവകാശം നൽകുന്നില്ല എന്നു പറഞ്ഞാണ് വിശ്വപ്രശസ്​ത ചരിത്രകാരൻ രാമചന്ദ്രഗുഹ ശാരീരിക അവശതകൾ മാറ്റിവെച്ച് തെരുവിലിറങ്ങിയത്. ആർ.എസ്​.എസ്​ മസ്​തിഷ്കങ്ങൾ ഉൽപാദിപ്പിച്ചുവിടുന്ന നാസിലേബലിലുള്ള ആസുരതകളിൽനിന്ന് ഇവിടത്തെ ന്യൂനപക്ഷങ്ങളെയും ദലിത് ^ദുർബല വിഭാഗങ്ങളെയും രക്ഷിക്കാൻ പ്രതിപക്ഷം ഇതുവരെയായി എന്തു ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ഹിന്ദുത്വയുടെ മാസ്​മരികതയല്ല, പ്രത്യുത മതേതരചേരിയുടെ ദൗർബല്യങ്ങളാണ് ഹിന്ദുരാഷ്​ട്രത്തിലേക്കുള്ള അകലം കുറച്ചുകൊണ്ടുവരുന്നത് നിഷ്പക്ഷമതികൾക്ക് ബോധ്യപ്പെടുന്നത്. 

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsHindutvaram nath kovindmalayalam newsRSS- BJP
News Summary - Dalit and Hindutva Kovind Brings -article
Next Story