പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസി
text_fieldsഹിന്ദുവിനെയും മുസ്ലിമിനെയും കാതരമായി അഭിസംബോധന ചെയ്യാൻ മുതിരുന്ന ഒരു വിശ്വാസിക്ക് ആദ്യമായി പരിഗണിക്കേണ്ടത് മഹാത്മജിയെയാണല്ലോ. അതിനാൽ ഹൃദയം നുറുങ്ങി അദ്ദേഹം ഹിന്ദുക്കളെയും മുസ്ലിംകളെയും വിളിച്ചത് ചരിത്രപശ്ചാത്തലത്തിൽ ഒന്ന് പരിശോധിക്കാം. മുസ്ലിം വ്യാപാരസ്ഥാപനമായ മേമൻ കമ്പനിക്ക് വേണ്ടി ദക്ഷിണാഫ്രിക്കയിൽ വക്കീൽപ്പണിക്ക് പോയപ്പോഴായിരുന്നു സാമ്രാജ്യത്വഭരണത്തിെൻറ നെറികേടുകൾ മോഹൻദാസ് കരംചന്ദ് ഗാന്ധി ആദ്യമായി അനുഭവിച്ചത്. അതിനോടുള്ള പ്രതികരണമായി നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിച്ച അദ്ദേഹം ആഫ്രിക്കയിൽ ഇന്ത്യൻ വംശജർ നേരിടുന്ന അനീതികൾക്കെതിരെ നിരന്തരം സമരങ്ങൾ സംഘടിപ്പിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നു തിരിച്ചെത്തിയ ഗാന്ധിയെ അത്യപൂർവ ജനനായകസ്ഥാനമായിരുന്നു സ്വദേശത്ത് കാത്തിരുന്നത്. ബിഹാറിലെ നീലം കൃഷിക്കാരുടെ പ്രശ്നത്തിൽ ഇടപെടാൻ രാജ്കുമാർ ശുക്ലയുടെ ആവശ്യപ്രകാരം അദ്ദേഹമെത്തിയപ്പോൾ പതിനായിരക്കണക്കിന് ജനങ്ങൾ പിന്തുണയുമായി അടിച്ചാർത്തു. ബിഹാറിലെ പോലെ തന്നെ അഹ്മദാബാദിലെ തുണിമിൽ പ്രതിസന്ധികളും മഹാത്്മജി അത്യന്തം തന്മയത്വത്തോടെ പരിഹരിച്ചു.
യൂറോപ്പിൽ ഒന്നാം ലോകയുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയമായിരുന്നു അത്. ജനതതിയെ വശീകരിക്കുന്ന നേതാവായി കത്തിജ്വലിച്ച് നിന്ന ഗാന്ധിയെ ഉപയോഗിച്ച് ഇന്ത്യക്കാരുടെ സേവനം ബ്രിട്ടീഷ് സേനക്ക് ഉറപ്പ് വരുത്താൻ ചെംസ്ഫോർഡ് പ്രഭു വട്ടംകൂട്ടി. കഷ്ടകാലത്ത് ചെയ്യുന്ന സഹായത്തിന് സാമ്രാജ്യത്വം തക്ക പ്രതിഫലം നാട്ടുകാർക്ക് നൽകുമെന്ന പ്രതീക്ഷയിൽ ബാപ്പു അപേക്ഷ സ്വീകരിച്ചു. അങ്ങനെ അഹിംസാവാദിയായ മഹാത്്മാവിന് യൂണിയൻ ജാക്കിന് വേണ്ടി ആർമി റിക്രൂട്ടിങ് ഏജൻറിെൻറ പണി വരെ എടുക്കേണ്ടിവന്നു. എന്നാൽ ഒന്നാം ലോകയുദ്ധത്തിൽ നൽകിയ പിന്തുണക്കുള്ള കൂലിയായി അത്യന്തം ജനവിരുദ്ധമായ റൗലത്ത് ആക്റ്റാണ് ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യക്കാർക്ക് വെച്ചുനീട്ടിയത്. അതോടുകൂടി ബ്രിട്ടീഷ് ഭരണത്തെ നേർവഴിക്ക് നയിക്കാമെന്ന സകല പ്രതീക്ഷയും മഹാത്്മാവിൽ അസ്തമിച്ചു. ‘ക്വിറ്റ് ഇന്ത്യ’ എന്ന ഒരൊറ്റ കൽപനയേ ബ്രിട്ടീഷുകാരോട് പറ്റുകയുള്ളൂവെന്ന് പിന്നെപ്പിന്നെ അദ്ദേഹത്തിന് ബോധ്യമായി. അപ്പോഴാണ് ഭരണീയരെ വിഭജിച്ചും വർഗീയവത്കരിച്ചുമാണ് സാമ്രാജ്യത്വം തങ്ങളുടെ ചതിക്രമം സകല രാജ്യങ്ങളിലും പയറ്റുന്നതെന്ന സത്യം മഹാത്മജിയുടെ മനക്കണ്ണിൽ തെളിഞ്ഞത്. 1857 കലാപത്തിലെ (ശിപായി ലഹള) ഹിന്ദു–മുസ്ലിം ഐക്യം കണ്ട് ഞെട്ടിത്തെറിച്ച മുതൽ ഇന്ത്യയിലും വ്യത്യസ്ത സമുദായങ്ങളെ വിഘടിച്ച് നിർത്താനുള്ള തന്ത്രങ്ങൾ അവർ പലപല രൂപങ്ങളിൽ ആവിഷ്കരിച്ചിരുന്നു. അതുകൊണ്ട് താൻ ആദ്യമേ ആരംഭിച്ചിരുന്ന ഹിന്ദുക്കളെയും മുസ്ലിംകളെയും ഒരുമിപ്പിക്കാനുള്ള ശ്രമം കൂടുതൽ മൂർത്തമായി പ്രയോഗവത്കരിക്കാൻ മഹാത്്മാവ് തീരുമാനിച്ചു.
വൈകാതെ ഉചിതമായ അവസ്ഥ സംജാതമായി. തുർക്കിയിലെ ഖിലാഫത്ത് ഭരണം ബ്രിട്ടൻ പൊടുന്നനെ അവസാനിപ്പിച്ചു. യൂണിയൻ ജാക്കിെൻറ ഖിലാഫത്ത് ഹിംസക്കെതിരെ ലോകവ്യാപകമായി മുസ്ലിം പ്രതിഷേധമുയർന്നതും ഗാന്ധി അതിനെ പിന്തുണച്ചു. ഇന്ത്യയിലും ഖിലാഫത്ത് കമ്മറ്റികളുടെ രൂപവത്കരണത്തിന് സഹായഹസ്തം നീട്ടി. ഖിലാഫത്ത് പ്രസ്ഥാനവും കോൺഗ്രസ്സും ഒന്നിച്ചുള്ള സമരപരമ്പരകളിലൂടെ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ മുസ്ലിംകൾക്കുണ്ടായിരുന്ന നാമമാത്ര പങ്ക് ഒരു സിംഹോഹരിയായി അദ്ദേഹം ഉയർത്തി.
ഖിലാഫത്ത് പ്രശ്നം മതസീമക്കപ്പുറം സാമ്രാജ്യത്വത്തിനെതിരായ രാജ്യതന്ത്രമാക്കി മാറ്റുകയാണ് മഹാത്മജി ചെയ്തത്. അദ്ദേഹത്തിെൻറ ഈ നീക്കം ജിന്ന മുതൽ പുതുകാല സെക്യുലരിസ്റ്റുകൾ വരെ എതിർത്ത് പോന്നിട്ടുണ്ട്. തെൻറ രാഷ്ട്രീയഗുരുവിനോടുള്ള ആദരവ് പുലർത്തിക്കൊണ്ട് തന്നെ രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തുന്ന ബാപ്പുവിെൻറ ഏർപ്പാടിനോട് ജവഹർലാൽ നെഹ്റുവും എതിരായിരുന്നു. പക്ഷേ, ഖിലാഫത്ത്– കോൺഗ്രസ് ബാന്ധവമടക്കം ഇന്ത്യയിലെ ഹിന്ദു–മുസ്ലിം ഐക്യത്തിനായി മഹാത്്മജി നടത്തിയ മുന്നേറ്റങ്ങൾ താത്ത്വികമായും ധാർമികമായും രാഷ്ട്രീയമായും നൂറ്റുക്ക് നൂറ് ശരി തന്നെയായിരുന്നു. കാരണം സാമുദായിക വിഘടനങ്ങളിലൂടെ സ്വാധികാരം ഉറപ്പിക്കുക എന്ന സാമ്രാജ്യത്വ അടവിെൻറ അടിവയറ്റിലായിരുന്നു അദ്ദേഹം പ്രഹരമേൽപ്പിച്ചത്. ഇന്ത്യയെ വെട്ടിമുറിച്ചു പ്രസ്തുത പ്രഹരത്തിന് ബ്രിട്ടീഷുകാർ പകരം വീട്ടിയെങ്കിലും തെൻറ ഒരു കണ്ണ് ഹിന്ദുവാണെങ്കിൽ മറ്റേത് മുസ്ലിമാണെന്ന് ഉദ്ഘോഷിച്ച് ബാപ്പു ഉദ്ഗ്രഥന നയം തുടർന്നു.
പാശ്ചാത്യ ചരിത്രനിർമിതിയുടെ കെണിയിൽ പെട്ടതിനാലാകാം ഹിന്ദുമഹാസഭയെപ്പോലുള്ള ഹൈന്ദവവാദികൾക്ക് മഹാത്്മജിയുടെ പരിശ്രമങ്ങൾ ഹിതകരമായില്ല. സഹമതസ്നേഹത്തെ മുസ്ലിം പ്രീണനമായി അവർ പുച്ഛിച്ച് തള്ളി. ’Don't waste your energy in fighting British. Use it to fight the internal enemies like Muslims, Christians and Communists എന്ന് ഗുരുജി ഗോൾവൽക്കരെക്കൊണ്ട് പറയിപ്പിക്കുന്ന തരത്തിലായിരുന്നു അവരിലെ സാമ്രാജ്യത്വചായ്വ്. നമ്മൾ ഇപ്പോൾ കടന്നുപോകുന്നതും ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ച് പൊരുതേണ്ട മറ്റൊരു പുതുസാമ്രാജ്യത്വത്തിെൻറ അക്രമകാലത്തിലാണ്. ദേശബന്ധിതമല്ലാത്ത, സർവവ്യാപിയായ കോർപറേറ്റിസമാണ് ആ സാമ്രാജ്യത്വം. കോർപറേറ്റ് ഇംപീരിയലിസം ഇന്ത്യയെ ഗ്രസിച്ചതിെൻറ നിരവധി പ്രത്യക്ഷങ്ങൾ ശ്രദ്ധിച്ചുനോക്കൂ. നാട്ടിലെ വിത്തിനങ്ങളുടെ കുത്തകാധികാരം അഗ്രിബിസിനസ് കോർപറേറ്റുകൾ കവർന്നെടുത്തു. വിദേശത്തെ മൾട്ടിനാഷണൽ ബാങ്കുകളിൽ കിടക്കുന്ന ഇന്ത്യൻ കള്ളപ്പണത്തെ ഒന്ന് സ്പർശിക്കാൻ പോലും നമ്മുടെ േക്രാണി ഗവൺമെൻറിന് സാധിക്കുന്നില്ല. മറിച്ച് വലിയ കുത്തകസ്ഥാപനങ്ങളുടെ കടങ്ങൾ ജനങ്ങളുടെ ചെലവിൽ സർക്കാർ എഴുതിത്തള്ളുന്നു. ചുരുക്കത്തിൽ കോർപറേറ്റ് സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യുന്ന കങ്കാണിപ്പടയായി ഇന്ത്യൻ ഭരണസംവിധാനം മാറിയിരിക്കയാണ്.
ബ്രിട്ടീഷുകാരോട് പടവെട്ടി സമയം പാഴാക്കരുതെന്ന് ആഹ്വാനം ചെയ്ത് പഴയ ഇംപീരിയലിസത്തെ സഹായിച്ചവരുടെ പിൻമുറക്കാരാണ് പുതിയ ഇംപീരിയലിസത്തെയും തുണക്കുന്നത് എന്നതിൽ കാവ്യഭംഗിയുണ്ട്. സാമ്രാജ്യത്വത്തിെൻറ ഇഷ്ടകേളിയായ സമുദായസ്പർധ സൃഷ്ടിക്കലും അവർ ഭീകരമായ രീതിയിൽ ഏറ്റെടുത്തിരിക്കുന്നു. ഹിന്ദുവിെൻറ വിപരീതപദം മുസ്ലിം എന്ന കൊളോണിയൽ പ്രത്യയശാസ്ത്രം പുനരുജ്ജീവിപ്പിച്ചും, ഘർവാപസി അതിക്രമങ്ങളിലൂടെ മുസ്ലിം– ക്രിസ്ത്യൻ സുരക്ഷ തകർത്തും ന്യൂനപക്ഷങ്ങളുടെ ദേശസ്നേഹം ചോദ്യം ചെയ്തും അതിഥിക്ക് ഗോഘ്ൻ എന്ന പര്യായം പോലുമുള്ള ആർഷ ഭാരതത്തിൽ മുസ്ലിം വിേദ്രാഹത്തിനായി പശുവിറച്ചി മാത്രമല്ല, പോത്തിറച്ചി പോലും വിലക്കിയും പാഠപുസ്തകങ്ങളിൽ സത്യവിരുദ്ധമായ കാലുഷ്യങ്ങൾ കുത്തിനിറച്ചും യു.എ.പി.എ തുടങ്ങിയ കരിനിയമങ്ങളാൽ മുസ്ലിംകളെ വേട്ടയാടിയും മുൻഗണന നൽകേണ്ട എത്രയോ മാർഗനിർദേശകതത്ത്വങ്ങൾ ഉണ്ടായിരിക്കെ ദുഷ്ടലാക്കോടെ യൂണിഫോം സിവിൽ കോഡിൽ കയറിപ്പിടിച്ചും മറ്റും മറ്റും...
ഓർക്കുക. സാമ്രാജ്യത്വത്തിന് കേളീരംഗമൊരുക്കി വർഗീയവത്കരിക്കപ്പെട്ട രാഷ്ട്രങ്ങളൊന്നും ലോകചരിത്രത്തിൽ ഗുണം പിടിച്ചിട്ടില്ല. ഒരൊറ്റ ഉദാഹരണം മാത്രം. മാനവസംസ്കൃതിയുടെ കളിത്തൊട്ടിൽ എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നല്ലോ ഇറാഖ്. ഫലഭൂയിഷ്ഠമായ ഭൂമി കൊണ്ടും മുന്തിയതരം എണ്ണ കൊണ്ടും ഒരേ പോലെ അനുഗ്രഹിക്കപ്പെട്ട ദേശം. എന്നാൽ ആ രാഷ്ട്രത്തിെൻറ വിനാശം നാല് കൊല്ലം മുമ്പ് കാണാൻ അവസരമുണ്ടായി. ദശാബ്ദങ്ങളായുള്ള ശിയാ–സുന്നി കുടിപ്പക മുതലെടുത്ത് അമേരിക്ക നിരങ്ങി മുച്ചൂടാക്കിയ ഇറാഖിെൻറ ചിത്രമായിരുന്നു അത്.
സാമ്രാജ്യത്വ താൽപര്യത്തിനൊത്ത് വർഗീയ പ്രവണതകളും വർഗീയ വിഘടനത്തിനൊത്ത് സാമ്രാജ്യത്വ ഇടപെടലുകളും വിളിച്ച് വരുത്തിയാൽ ഇന്ത്യാരാജ്യവും ഇങ്ങനെയെല്ലാമാകും. എന്തെല്ലാം വിരുദ്ധ താൽപര്യങ്ങൾക്കുള്ളിലും നമ്മുടെ രാജ്യം മുടിഞ്ഞു പോകരുതെന്ന് ഇച്ഛിക്കുന്ന ഹിന്ദുക്കളിലെയും മുസ്ലിംകളിലെയും വിവിധ തരക്കാരെ ഇത്തരുണത്തിൽ ചില കാര്യങ്ങൾ തെര്യപ്പെടുത്താനുണ്ട്^ മഹാത്്മാവായ മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ഓർത്തുകൊണ്ട് തന്നെ.
നാളെ: സാധാരണ ഹിന്ദുക്കളോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.