Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപോരാട്ടങ്ങൾക്ക്...

പോരാട്ടങ്ങൾക്ക് കരുത്താവണം ഡോ. അംബേദ്കറുടെ ഓർമകൾ

text_fields
bookmark_border
br ambedkar
cancel

ഇന്ത്യാ രാജ്യത്തെ പൗരജനങ്ങൾ എന്ന നിലയിൽ എല്ലാ മനുഷ്യരും തുല്യരാണെന്നും ജനങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഏറ്റക്കുറച്ചിലുകളില്ലാതെ പരിഗണിക്കണമെന്നും രാഷ്ട്രത്തിന്റെ പരമോന്നത നിയമമായ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത, ഇന്ത്യ കണ്ട എക്കാലത്തേയും വലിയ ധിഷണാശാലിയും സാമൂഹിക വിപ്ലവകാരിയുമായ ഡോ. ബി.ആർ. അംബേദ്കറുടെ ദീപ്തമായ ഓർമകള്‍ക്ക് ഇന്ന് 66 വയസ്സ്.

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ നിലനില്‍ക്കുന്നതിന് പിന്നില്‍ ഡോ. ബി.ആർ. അംബേദ്കറുടെ ദീര്‍ഘവീക്ഷണമുള്ള ഇടപെടലുകളാണ്. 1891ഏപ്രിൽ14 നാണ് അംബേദ്കർ ജനിച്ചത്. ക്ലാസ് മുറിയിൽ സഹപാഠികളോടൊപ്പം ഇരിക്കാൻ പോലും അനുവാദമില്ലാത്തത്ര ജാതി വിവേചനത്തിന്റെയും അസ്പൃശ്യതയുടെയും പീഡനങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലം.

സ്കൂളിലെ പൊതുടാപ്പിൽ നിന്ന് വെള്ളമെടുത്തു കുടിക്കുന്നതിൽനിന്നുപോലും വിലക്കപ്പെട്ടിരുന്ന അംബേദ്കർ ക്ലാസ് മുറിയുടെ മൂലയിൽ ഒരു ചാക്ക് കഷണം വിരിച്ച് അതിലിരുന്നാണ് പഠിച്ചത്. ഇന്ത്യയുടെ നാനാവിധത്തിലുള്ള പുരോഗതിയെ തടയുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് ജാതിവ്യവസ്ഥയാണെന്ന തിരിച്ചറിവ് അംബേദ്കർക്കുണ്ടായത് സ്വാനുഭവത്തിൽ നിന്നാണ്.

അടിമത്തത്തിന്റെ അന്ധകാരത്തെ ഇല്ലാതാക്കാൻ അറിവിന്റെ വെളിച്ചമാണ് അനിവാര്യമെന്ന് അദ്ദേഹം സ്വജീവിതം കൊണ്ട് തെളിയിച്ചു. ഭരണഘടനശിൽപിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയുമായ അംബേദ്കറുടെ ധൈഷണികവും സാമൂഹികവുമായ ജീവിതം അതിവിപുലവും സമ്പന്നവുമായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ രചനകളും പ്രവർത്തനങ്ങളും കൂടുതലായി മനസ്സിലാക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

1924 ജൂലൈ 20ന് 'ബഹിഷ്കൃത് ഹിതകാരിണി സഭ' എന്നൊരു സംഘടനക്ക് രൂപം കൊടുത്തു. അധഃസ്ഥിത ജനങ്ങൾക്കിടയിൽ വിദ്യാഭ്യാസ പ്രചാരണം, അവരുടെ സാമൂഹികവും സാമ്പത്തികവുമായുള്ള ഉന്നമനം, സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കൽ തുടങ്ങിയവയായിരുന്നു സംഘടനയുടെ പ്രവർത്തനങ്ങൾ.

1925 ജനുവരി നാലിന് ബഹിഷ്കൃത് ഹിതകാരിണി സഭയുടെ നേതൃത്വത്തിൽ ദലിത് വിദ്യാർഥികൾക്കായി ഹോസ്റ്റൽ ആരംഭിച്ചു. 1927ൽ 'ബഹിഷ്കൃത് ഭാരത്' എന്ന പേരിൽ ഒരു പത്രം തുടങ്ങി. ഇതേ വർഷം തന്നെയാണ് ബോംബെ ലെജിസ്ലേറ്റിവ് അസംബ്ലിയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നതും മഹദ് കലാപമുണ്ടാവുന്നതും.

അസ്പൃശ്യരായ ജനങ്ങൾ അംബേദ്കറുടെ നേതൃത്വത്തിൽ വിലക്കപ്പെട്ട ചൗദാർ കുളത്തിൽ നിന്ന് വെള്ളമെടുത്തുകൊണ്ട് അവകാശം സ്ഥാപിച്ചതിനെതിരെ ജാതിവാദികൾ അഴിച്ചുവിട്ട അതിക്രമമാണ് മഹദ് കലാപമെന്നറിയപ്പെടുന്നത്. 1927 ഡിസംബർ 25ന് ബ്രാഹ്മണാധീശത്വത്തെയും ജാതിവ്യവസ്ഥയെയും അരക്കിട്ടുറപ്പിക്കുന്ന 'മനുസ്മൃതി' പരസ്യമായി കത്തിച്ചുകൊണ്ട് ഇന്ത്യാ ചരിത്രത്തിലെ ധീരമായ ഒരു സമരത്തിനു കൂടി അംബേദ്കർ നേതൃത്വം നൽകി.

കർഷകത്തൊഴിലാളികൾക്ക് മിനിമം കൂലി നിജപ്പെടുത്തുക, ജന്മിത്തം അവസാനിപ്പിക്കുക, ചെറുകിട കർഷകരുടെ ജലസേചന നികുതി നിലവിലുള്ളതിന്റെ അമ്പതു ശതമാനമാക്കി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമായി അംബേദ്കറുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടന്നു. "ലോകത്ത് രണ്ടു വർഗങ്ങളാണുള്ളത്.

ഉള്ളവനും ഇല്ലാത്തവനും. സമ്പന്നനും ദരിദ്രനും, ചൂഷകരും ചൂഷിതരും. ജാതിയോ മതമോ പരിഗണിക്കാതെ ഒരു തൊഴിലാളി മുന്നണി സംഘടിപ്പിച്ച് അവരുടെ യഥാർഥ പ്രതിനിധികളെ തിരഞ്ഞെടുത്ത് അയക്കുകയാണ് പരിഹാര മാർഗം. രാജ്യത്തിന്റെ ഭക്ഷണവും സമ്പത്തും ഉൽപാദിപ്പിക്കുന്നവർ പട്ടിണി കിടന്ന് മരിക്കരുത്". ഈയൊരു കാഴ്ചപ്പാടിന്റെ വെളിച്ചത്തിൽ അംബേദ്കർ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു.

1928ൽ മുംബൈയിലെ ടെക്സ്റ്റൈൽ മേഖലയിലെ പ്രശ്നപരിഹാരത്തിനായി ടെക്സ്റ്റൈൽ വർക്കേഴ്സ് യൂനിയന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിൽ തൊഴിലാളി നേതാക്കൾക്കൊപ്പം അംബേദ്കർ അണിനിരന്നു. അതുപോലെ 1938 ഫെബ്രുവരി 12, 13 തീയതികളിൽ നടന്ന റെയിൽവേ തൊഴിലാളികളുടെ മഹാസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.

അതേവർഷം നവംബർ ഏഴിന് തൊഴിലാളി യൂനിയനുകളുടെ പണിമുടക്ക് ദിവസം ചെങ്കൊടിയാൽ അലംകൃതമായ വാഹനത്തിൽ പണിമുടക്ക് വിജയിപ്പിക്കാൻ അഭ്യർഥിച്ച് അംബേദ്കർ തൊഴിലാളി മേഖലകളിൽ ചുറ്റിസഞ്ചരിച്ചു. അന്ന് വൈകീട്ട് നടന്ന സമ്മേളനത്തിൽ ബി.ടി. രണദിവെ, ഡാങ്കേ എന്നിവരോടൊപ്പം അദ്ദേഹം തൊഴിലാളികളെ അഭിസംബോധന ചെയ്തു.

ഡോ. അംബേദ്കര്‍ സോഷ്യലിസ്റ്റ് പാത ശക്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ പാര്‍ശ്വവത്കൃത സമൂഹം കൂടുതല്‍ മുന്നേറുമായിരുന്നു. രണ്ടാം ലോകയുദ്ധം കൊടുമ്പിരികൊള്ളുന്ന ഘട്ടത്തിൽ ഫാഷിസം ലോകജനതക്ക് ഭീഷണിയാണെന്ന് അംബേദ്കർ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

അക്കാലത്ത് മുംബൈ ആകാശവാണിയിൽ 'ഇന്ത്യൻ തൊഴിലാളികളും യുദ്ധവും' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: "സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുകയും സമത്വം നിഷേധിക്കപ്പെടുകയും സാഹോദര്യം തുടച്ചുനീക്കപ്പെടുകയും ചെയ്യുക എന്നതാണ് നാസിസം വിജയിച്ചാൽ സംഭവിക്കുക.

അതുകൊണ്ട് നാസിസത്തിനു മേലുള്ള വിജയത്തിനു വേണ്ടി തൊഴിലാളികൾ യുദ്ധം ചെയ്യണം". ഇന്ത്യയുടെ സമകാലിക പരിസരത്ത് ഇന്നും പ്രസക്തമായ വാക്കുകളാണിത്. 1949 നവംബർ 15ന് ഭരണഘടനയുടെ കരട് മൂന്നാം വായനക്കു ശേഷമുള്ള ചർച്ചകൾക്ക് മറുപടി പറഞ്ഞു കൊണ്ട് അംബേദ്കർ പ്രസംഗം ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു: "1950 ജനുവരി 26ന് നാം വൈരുധ്യം നിറഞ്ഞ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ്.

രാഷ്ട്രീയത്തിൽ നമുക്ക് സമത്വമുണ്ടാകും. എന്നാൽ സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ നമുക്കുണ്ടാവുക അസമത്വമായിരിക്കും. എത്രയും വേഗം ഈ വൈരുധ്യം ഇല്ലാതാക്കണം. അല്ലെങ്കിൽ അസമത്വം അനുഭവിക്കുന്നവർ ഈ സംവിധാനം തകർത്തുകളയും''. അംബേദ്കർ ഉന്നയിച്ച ഈ വൈരുധ്യങ്ങൾ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ നിന്ന് കേന്ദ്രസര്‍ക്കാര്‍ അതിദൂരം പിന്നാക്കം പൊയ്ക്കൊണ്ടിരിക്കുകയാണ്.

ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ലോകത്തിനും ഇന്ത്യക്കും മുന്നില്‍ കേരളം മാതൃകയായി തലയുയര്‍ത്തി നില്‍ക്കുന്നു. നവകേരളത്തിന്റെ ദീര്‍ഘകാല വികസനലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് ബദല്‍ നയങ്ങള്‍ നടപ്പാക്കുന്നു.

വിദ്യാഭ്യാസം, വരുമാനദായകമായ തൊഴില്‍, അര്‍ഹരായ എല്ലാ പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കല്‍, അടിസ്ഥാന സൗകര്യ വികസനം, സ്വയം പര്യാപ്തത എന്നിവക്ക് പ്രഥമ പരിഗണന നല്‍കി എല്‍.ഡി.എഫ് സര്‍ക്കാര്‍ എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിക്കുകയാണ്.

അംബേദ്കറുടെ മുൻകൈയിൽ രചിക്കപ്പെട്ട ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന ഇന്ത്യ എന്ന പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് ആണെന്ന കാഴ്ചപ്പാടിനെ കേന്ദ്രസര്‍ക്കാര്‍ തന്നെ ഇന്ന് വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്.

ഭരണഘടന അനുശാസിക്കുന്ന സംസ്ഥാന സർക്കാറുകളുടെ ഫെഡറൽ അധികാരങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടാകുന്നു. ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ ഇതിന്റെ ഏറ്റവും സമീപസ്ഥമായ ഉദാഹരണമാണ്. ഇത്തരത്തിലുള്ള ഏതൊരു നീക്കവും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണ്.

അംബേദ്കറുടെ സ്മരണ ദിനമായ ഡിസംബർ ആറിന് തന്നെ ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതീകമായി ഉയർന്നു നിന്ന ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങൾ വർഗീയ ശക്തികൾ തകർത്തുകളഞ്ഞത് യാദൃച്ഛികമാകാനിടയില്ല. അതുകൊണ്ടു തന്നെ അംബേദ്കറെ പോലുള്ളവർ വിഭാവനം ചെയ്ത ഇന്ത്യക്കുവേണ്ടി പുരോഗമന ജനാധിപത്യവാദികളായ മുഴുവൻ മനുഷ്യരും അണിചേരുക എന്നതാണ് ഇന്നത്തെ കാലം നമ്മളോട് ആവശ്യപ്പെടുന്ന കടമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death anniversaryDr BR Ambedkar
News Summary - death anniversary of ambedkar-memories
Next Story