മ്യൂസിക് ഹാളിലെ മൃത്യുഗീതം
text_fieldsമാർച്ച് 22ന്, ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കേട്ടു ലോകം -റഷ്യൻ തലസ്ഥാന നഗരിയായ മോസ്കോയുടെ ഹൃദയഭാഗത്തെ ക്രോക്കസ് സിറ്റിഹാളിൽ സംഗീത പരിപാടിക്കിടെ ഭീകരാക്രമണമുണ്ടായിരിക്കുന്നു. സംഗീതമാസ്വദിച്ചുകൊണ്ടിരുന്നവർ വെടിയേറ്റ് രക്തത്തിൽ കുളിച്ചു നാലുപാടും ഓടുന്ന ചിത്രം ലോകത്തെ നടുക്കി. ഇതു കുറിക്കുമ്പോൾ 143 ആണ് മരണസംഖ്യ. യുെക്രയ്നുമായി യുദ്ധം അന്തമില്ലാതെ തുടരുന്നതിനിടെ പതിവുശൈലിക്ക് വിരുദ്ധമായ ഒരാക്രമണം ആരും പ്രതീക്ഷിച്ചതല്ല.
സംഭവത്തിനു പിന്നിൽ ഭീകരവാദ സംഘമായ ഐ.എസ് ആണെന്ന് അമേരിക്ക തറപ്പിച്ച് പറഞ്ഞു, പാശ്ചാത്യ മാധ്യമങ്ങളിലെല്ലാം ഇവ്വിധത്തിൽ വാര്‍ത്ത വന്നു. ഐ.എസിനെ മറയാക്കി, കീവിനെ സഹായിക്കാനും നാറ്റോ സേനക്ക് റഷ്യക്കെതിരെ യുദ്ധമുഖത്തേക്ക് ഇടിച്ചുകയറാനും ഇതിലേറെ നല്ലൊരു സന്ദർഭം വേറെയേതാണ്?
ഏതായാലും, വ്ലാദിമിർ പുടിൻ അത് സൂക്ഷ്മമായിത്തന്നെ അന്വേഷണ വിധേയമാക്കി. തങ്ങളെ ലക്ഷ്യമിടുന്ന ഒരാക്രമണം (ഒരുപക്ഷേ ഒരു കൺസേർട്ട് ഹാളിൽ തന്നെ) നടക്കാനിരിക്കുന്നതായി രണ്ടാഴ്ച മുമ്പേതന്നെ അമേരിക്കൻ എംബസി യു.എസ് പൗരന്മാർക്ക് വിവരം നൽകിയിരുന്നതായി റഷ്യ കണ്ടെത്തി.
ആക്രമണം നടന്നപ്പോൾ അമേരിക്ക ഒഴുക്കിയ മുതലക്കണ്ണീർ വെറുതെയായിരുന്നു. റഷ്യൻ വിദേശകാര്യവക്താവ് മരിയ സക്കാറാവ ചോദിച്ചു: ഇങ്ങനെ ഒരു ഭീകരാക്രമണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിൽ എന്തുകൊണ്ടവർ റഷ്യയെ അറിയിച്ചില്ല?.
മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ച റഷ്യ-യുെക്രയ്ൻ യുദ്ധത്തിൽ അമേരിക്കക്ക് നേട്ടമൊന്നുമുണ്ടായിട്ടില്ല. റഷ്യയാണെങ്കിൽ പയ്യെപ്പയ്യെ മുന്നേറുന്നുമുണ്ട്. യുെക്രയ്നിന്റെ ദക്ഷിണ-പൂർവ ഭാഗത്തെ ഡോൻബാസ് (Donbass) ജനഹിത പരിശോധനക്കുശേഷം റഷ്യയോട് കൂട്ടിച്ചേർത്തത് നാറ്റോ രാഷ്ട്രങ്ങളെ ചൊടിപ്പിച്ചിരുന്നു.
ഒരു സൈനിക അട്ടിമറി ആസൂത്രണംചെയ്ത് പുടിനെ പുറത്താക്കാൻ അമേരിക്ക പദ്ധതിയിട്ടതായി വാര്‍ത്തകൾ വന്നു. എന്നാൽ, 74 ശതമാനം ആളുകൾ പങ്കെടുത്ത തെരഞ്ഞെടുപ്പിൽ 87 ശതമാനം വോട്ടുകൾ നേടി പുടിൻ വീണ്ടും, അഞ്ചാം തവണയും അധികാരത്തിൽ വന്നിരിക്കുന്നു.
തെരഞ്ഞെടുപ്പ് സ്വതന്ത്രമായിരുന്നോ, നീതിയുക്തമായിരുന്നുവോ എന്നത് മറ്റൊരു ചോദ്യം നിലനിൽക്കുന്നു.സാമ്പത്തികമായും റഷ്യ നേട്ടമുണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്. സംഭവത്തിന് രണ്ടു ദിവസം മുമ്പ് വേണ്ടിവന്നാൽ യുെക്രയ്നെതിരെ ആണവായുധം പ്രയോഗിക്കേണ്ടിവരുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു.
ഇതെല്ലാം കണക്കിലെടുത്താണ് ക്രോക്കസ് സിറ്റി ഹാളിലെ മൃത്യുഗീതം വാഷിങ്ടണിന്റെ നൊമ്പരമാണെന്ന് നിരീക്ഷകരും ഒപ്പം പുടിനും വിലയിരുത്തിയത്. യുദ്ധത്തെ ഒരു പുതിയ ദിശയിലേക്ക് തിരിച്ചുവിടാമെന്നും, ഗസ്സ കൂട്ടക്കുരുതിയിൽനിന്ന് ലോകശ്രദ്ധയെ തെറ്റിക്കാമെന്നും സി.ഐ.എ കണക്കു കൂട്ടിയിരിക്കാം.
ആക്രമികളിൽ 11 പേരെ റഷ്യൻസേന ഉടൻ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് വന്നു. റഷ്യ ടുഡേ ചാനലുകളുടെ മുഖ്യ പത്രാധിപ മാർഗരിറ്റാ സിമോനിയാ ഇവരെ ചോദ്യംചെയ്തതിന്റെ ഒരു വിഡിയോ ക്ലിപ് പുറത്തുവിട്ടതായി വായിച്ചു. ആക്രമികൾക്ക് യുെക്രയ്നിലേക്ക് രക്ഷപ്പെടാൻ വഴിയൊരുക്കപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
റഷ്യയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിനെതിരെ തിരിച്ചുവിട്ട് മുതലെടുക്കാൻ ഗസ്സയിലെ കൊടുംപാതകങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിനെ വാക്കുകൊണ്ടുപോലും വേദനിപ്പിക്കാൻ മടിയുള്ള മാധ്യമങ്ങളുടെ നേതൃത്വത്തിൽ ശ്രമമുണ്ടായി.
ഐ.എസ്.കെ എന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാൻ രണ്ടു വർഷമായി മുസ്ലിം ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും അഫ്ഗാനിസ്താൻ, ഇറാൻ, പാകിസ്താൻ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇവർക്ക് പിന്തുണയെന്നും ന്യൂയോർക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോളിൻ ക്ലാർക് എന്ന ജേണലിസ്റ്റിനെ ഉദ്ധരിച്ച് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത് പുടിൻ ഗൗരവത്തിലെടുത്തതായി കണ്ടില്ല.
യുെക്രയ്നിലേക്ക് രക്ഷപ്പെടുകയായിരുന്ന കുറ്റവാളികളെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന മറുപടിയാണദ്ദേഹം നൽകിയത്. പ്രാഥമിക അന്വേഷണ ഫലമായി, അവരെല്ലാം യുെക്രയ്നിലേക്ക് രക്ഷപ്പെട്ടതായി അദ്ദേഹം മനസ്സിലാക്കിയിരുന്നു. മാത്രമല്ല, സംഭവസമയത്ത് എമർജൻസി വാതിൽ തുറന്ന് നൂറിലധികം പ്രേക്ഷകരെ മരണത്തിൽനിന്ന് രക്ഷപ്പെടുത്തിയത് ഇസ്ലാം ഖലീലോവ് എന്ന മുസ്ലിം ബാലൻ ആണെന്ന കാര്യം ഇതിനകം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കഴിഞ്ഞിരുന്നു.
ഖലീലോവിനെ ദേശീയ അവാർഡ് നല്കി റഷ്യൻ അധികൃതർ ആദരിക്കുകകൂടി ചെയ്തതോടെ പല ആഖ്യാനങ്ങളും വിഴുങ്ങാൻ സി.എ.എയുടെ വായ്പാട്ടുകാർ നിർബന്ധിതരാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.