വരിഞ്ഞുമുറുക്കുന്ന കടക്കെണി
text_fieldsകടം വരിഞ്ഞുമുറുക്കുകയാണ് കേരളത്തെ. അഞ്ചു വർഷംമുമ്പ് ഒന്നര ലക്ഷം കോടിയായിരുന്നു പൊതുകടം. ഇപ്പോളത് 2,96,817.67 കോടിയായി. ഏറെക്കുറെ ഇരട്ടി. ഇങ്ങനെ പോയാൽ അടുത്ത മൂന്നു കൊല്ലംകൊണ്ട് നാലുലക്ഷം കോടിയിലേക്ക് പെരുകുമെന്നാണ് ധനവകുപ്പ് തന്നെ കണക്കാക്കുന്നത്. കിഫ്ബി കടബാധ്യത പുറമെ. ധനകമ്മിയും റവന്യൂകമ്മിയും പിടിവിട്ട് നിൽക്കുന്നു.
വരുമാനം കുറവാണെങ്കിൽ കടമെടുത്ത് കാര്യം നടത്തുകയെന്നാണ് പുതിയ രീതി. മാസ ശമ്പളവും പെൻഷനും നൽകാൻ ചുരുങ്ങിയത് 1000 കോടി കടമെടുക്കണം. വികസനത്തിന് കിഫ്ബി വഴി കടമെടുക്കുന്നു. കിഫ്ബിക്ക് പുറത്ത് വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗം കുറഞ്ഞു. പ്രഖ്യാപനങ്ങളുടെ മേനി നടിക്കലിനപ്പുറം സമ്പദ് വ്യവസ്ഥ കടമെടുപ്പിനെ അതിരുകടന്ന് ആശ്രയിച്ച് നിൽക്കുന്നു. 20,286 കോടിയാണ് ഇക്കൊല്ലം കൊടുക്കുന്ന പലിശ. മൂന്നുവർഷം കൊണ്ട് ഈ തുക 27,666 കോടിയിലെത്തും.
ശമ്പളം, െപൻഷൻ, പലിശ എന്നിവക്ക് വേണ്ടിവരുന്ന തുക രണ്ടു വർഷം കൊണ്ട് ലക്ഷം കോടി കടക്കും. ഇക്കൊല്ലം 67,807.66 കോടിയാണ് ഇൗ ഇനത്തിൽ ചെലവ് . അടുത്ത വർഷം ഇത് 84,883 കോടിയായും2022-23ൽ 95,950 കോടിയായും 23-24ൽ 1,04,354 കോടിയായും ഉയരും. ശമ്പളത്തിനായി ഇക്കൊല്ലം വേണ്ട തുക 28,108 കോടിയാണ്. ശമ്പള പരിഷ്കരണം നടപ്പാകുന്ന അടുത്ത വർഷം 39,837.34 കോടിയാകും. 43,233 കോടിയായും 46,714 കോടിയായും തൊട്ടടുത്ത രണ്ടു വർഷങ്ങളിൽ ഉയരും. പെൻഷൻ ബാധ്യത 19,412 കോടിയാണ്. പരിഷ്കരണം വരുന്ന അടുത്ത വർഷം 23,105 കോടിയാകും. ശമ്പളം, പലിശ, പെൻഷൻ എന്നിവക്കാണ് പൊതുകടത്തിെൻറ 67 ശതമാനവും വിനിയോഗിച്ചത്. 2026 മാർച്ചിനകം സംസ്ഥാന കടത്തിൽ 81,056.92 കോടി മടക്കിനൽകണം. അതിന് മറുകടമാണ് മുന്നിൽ. പ്രതിശീർഷ കടം മുകളിലേക്ക്.
സംസ്ഥാനത്ത് ഒരു സർക്കാറും കടം കുറച്ചിട്ടില്ല. പ്രതിപക്ഷത്തിരിക്കുേമ്പാൾ കടത്തിൽ ആശങ്കപ്പെടും. ഭരണം കിട്ടുേമ്പാൾ കടം വാങ്ങും-ഇതാണ് പതിവ്. കോവിഡ് കാലത്ത് വരുമാനം കുറഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങളോട് പറഞ്ഞതും കടമെടുക്കാൻ. വെള്ളക്കരവും കെട്ടിട നികുതിയും കൂട്ടണമെന്ന വ്യവസ്ഥ കേന്ദ്രം െവച്ചു. സംസ്ഥാനം കൂട്ടി ഉത്തരവിറക്കിയ ശേഷം കടമെടുക്കുന്നു. അപകടകരമായ കടക്കെണിയിലാണ് ഇത് കേരളത്തെ എത്തിക്കുകയെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
വാർഷിക പദ്ധതി നോക്കുക. വിനിയോഗം വർഷങ്ങളായി ലക്ഷ്യം കാണുന്നില്ല. പ്രളയത്തിെൻറയും കോവിഡിെൻറയും പേരിൽ പദ്ധതി വെട്ടിക്കുറച്ചു. കഴിഞ്ഞ മൂന്നുവർഷത്തെ വിനിയോഗം തീരെ കുറവ്. പദ്ധതി തുക ഉയർത്തി മേനി നടക്കും. എന്നാൽ, നടപ്പാക്കില്ല. ബജറ്റ് തലേ വർഷം മാർച്ചിൽ തന്നെ പാസാക്കിയാൽ പദ്ധതി വിനിയോഗം കാര്യക്ഷമമാകുമെന്ന് പ്രതീക്ഷിച്ചു. ഒന്നുമുണ്ടായില്ല. കിഫ്ബി പളപളപ്പിൽ പദ്ധതി വിനിയോഗം ആരും ഗൗരവമായി എടുക്കുന്നുപോലുമില്ല.
ധനമന്ത്രിയുടെ ബജറ്റുകളെല്ലാം കാവ്യാത്മകമാണ്. പ്രഖ്യാപനങ്ങളുടെ പെരുമഴ. നികുതി വരുമാനം 20 ശതമാനം കണ്ട് വർധിപ്പിക്കുമെന്നായിരുന്നു ഒാരോ ബജറ്റിലെയും പ്രതീക്ഷ. വളർച്ച പത്തിലൊതുങ്ങി. അതിനനുസരിച്ച് ചെലവ് കുറഞ്ഞില്ല. 15-17 ശതമാനം ഉയർന്നു. ജി.എസ്.ടിയിലായിരുന്നു പ്രതീക്ഷകളെല്ലാം. ജി.എസ്.ടി വക്താവായി മാറിയ ധനമന്ത്രി നികുതി വർധന 30 ശതമാനമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ജി.എസ്.ടിയിലൂടെ എല്ലാം ശരിയാകുമെന്നും ഉപഭോക്തൃസംസ്ഥാനമായ നമുക്കാണ് നേട്ടമെന്നും വിലയിരുത്തി. തിരിച്ചാണുണ്ടായത്. വരുമാനം പ്രതീക്ഷിച്ച ഏഴയലത്ത് എത്തിയില്ല.
നികുതി പിരിവ് പരമ ദയനീയം. കുടിശ്ശിക പിരിക്കാൻ നടപടിയില്ല. രണ്ടു പ്രളയങ്ങൾ, കോവിഡ്, നോട്ട് നിരോധം, ജി.എസ്.ടി. എന്നിവയുടെ മുകളിലാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടാത്തതിെൻറ പഴി മുഴുവൻ. കോവിഡ് ഒന്നരലക്ഷം കോടിയുടെ(1,56,022) പ്രത്യാഘാതമുണ്ടാക്കിയെന്ന് മധ്യകാല സാമ്പത്തികാവലോകനം പറയുന്നു. ഒന്നാം പ്രളയം 30,000 കോടിയുടെയും. മദ്യം, ഇന്ധനം, േലാട്ടറി, മോേട്ടാർവാഹനം എന്നിവയിലാണ് വരുമാനത്തിെൻറ സിംഹഭാഗവും. പെട്രോൾ വില 100 കടന്നിട്ടും നയാ പൈസ നികുതി കുറച്ചില്ല. മാന്ദ്യത്തിെൻറ പിടിയിലാണ് സംസ്ഥാനവും.
ഇതൊക്കെയാണെങ്കിലും പ്രതിസന്ധി കാലത്തെ ഇടപെടൽ മികച്ചതുതന്നെ. ക്ഷേമ പെൻഷൻ കൂട്ടി. ലൈഫടക്കം ഭവന നിർമാണ പദ്ധതികളും ഭക്ഷ്യകിറ്റും നാട്ടുകാർക്ക് കൊടുക്കേണ്ടതിൽ പിശുക്ക് കാട്ടിയില്ല. ക്ഷേമപെൻഷൻ നൽകിയത് 23,034 കോടി. പൊതുവിതരണത്തിന് ചെലവിട്ടത് 10,697 കോടി. ഒാരോ വർഷവും ക്ഷേമ പെൻഷൻ ഉയർത്തി. കൂടുതൽ പേരെ കൊണ്ടുവന്നു. ക്ഷേമ പ്രവർത്തങ്ങൾക്ക് മുടക്കം വരാതെ ശ്രദ്ധിച്ചു.
കിഫ്ബിയെന്ന വിശുദ്ധ പശു
ബജറ്റിന് പുറത്ത് കടമെടുത്ത് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടത്താൻ സർക്കാർ നടത്തിയ നീക്കമാണ് കിഫ്ബി. വിമർശനത്തിനതീതമായ വിശുദ്ധ പശുവാണ് കിഫ്ബിയെന്നാണ് ധനമന്ത്രിയുടെയും ധനവകുപ്പിെൻറയും നിലപാട്. സി.എ.ജി റിപ്പോർട്ടിൽ പരാമർശം വന്നപ്പോൾ നിയമസഭയിൽ പരിശോധന ഒഴിവാക്കാനായി പ്രമേയം പാസാക്കുകയും ചെയ്തു.
കിഫ്ബി വഴി വലിയ മാറ്റങ്ങളാണ് നാട്ടിലുണ്ടായത്. സ്കൂളുകൾക്കും കോളജുകൾക്കും പുതിയ കെട്ടിടങ്ങളും ലാബുകളും വന്നു. റോഡുകൾ ഉന്നത നിലവാരത്തിലേക്ക് മാറി. പാലങ്ങളും മേൽപാലങ്ങളും നിരവധി. വൈദ്യുതി മേഖലയിലെ ട്രാൻസ്ഗ്രിഡ് പദ്ധതി. ദേശീയപാത വികസനത്തിനടക്കം ഭൂമി ഏറ്റെടുക്കലിന് പണം. ആശുപത്രി കെട്ടിടങ്ങളും അത്യാധുനിക സംവിധാനങ്ങളും. എണ്ണമറ്റ പദ്ധതികളാണ് യാഥാർഥ്യമാകുന്നത്.
കിഫ്ബി കടമെടുപ്പുകൾ അത്ര സുതാര്യമായിരുന്നില്ല. വിദേശത്തുനിന്ന് എടുത്ത 2150 േകാടിയുടെ മസാല ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന് സി.എ.ജി വിലയിരുത്തി. കേന്ദ്ര സർക്കാറിന് മാത്രമാണ് വിദേശ കടമെടുപ്പിന് അനുമതി. മസാല ബോണ്ടിന് കേന്ദ്രാനുമതിയില്ല. റിസർവ് ബാങ്ക് അനുമതിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു. അത് ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് സി.എ.ജി. ബജറ്റിനെ മറികടന്ന് കടമെടുക്കുന്നത് ഭാവിയിൽ ബാധ്യത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
60,000 കോടിയുടെ പദ്ധതികളാണ് കിഫ്ബി വഴി ഏറ്റെടുക്കുന്നത്. പെട്രോൾ സെസും മോേട്ടാർ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്കാണ് പോകുന്നത്. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകില്ലെന്ന് പറയുന്നു സർക്കാർ. ഉയർന്ന നിലവാരത്തിലാണ് കിഫ്ബി നിർമാണമെന്നാണ് അവകാശവാദം. നിർമാണത്തിലിരിക്കെ, കൊച്ചി കാൻസർ സെൻറർ കെട്ടിടം പൊളിഞ്ഞിരുന്നു. ചില സ്കൂൾ കെട്ടിടങ്ങളുടെ ഭിത്തിയിളകി. എന്നാൽ, പരിശോധന സംവിധാനം തങ്ങൾക്കുണ്ടെന്നും അതിനനുസരിച്ച് നടപടിയെടുക്കുന്നെന്നുമാണ് അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.