ക്ഷയിക്കുന്ന യു.എസ് നായകത്വം
text_fieldsഅമേരിക്കയുടേത് ആദിമുതലേ ബലപരീക്ഷണത്തിന്റെയും യുദ്ധങ്ങളുടെയും ചരിത്രമാണ്. 1776ൽ സ്വതന്ത്രമായതു മുതൽ തങ്ങളുടെ സ്വാധീനം വിപുലീകരിക്കുന്നതിനായി ആക്രമണം നടത്തുന്നത് അമേരിക്ക പതിവാക്കി. ജെയിംസ് മാഡിസൺ പ്രസിഡന്റായിരിക്കെ 1812ൽ അവർ കാനഡയെ ആക്രമിച്ചു. 1846ൽ മെക്സികോ കൈയേറി. അങ്ങനെ ടെക്സസ് യു.എസിന്റെ ഭാഗമായി.
രാഷ്ട്രീയം എന്തുതന്നെയാണെങ്കിലും അത് അധികാരത്തിലേറാനുള്ള ഊന്നുവടിയാണ്. മികച്ച സൈനികബലം, സാമ്പത്തികഭദ്രത, രാഷ്ട്രാന്തരീയ ബന്ധങ്ങൾ, സാംസ്കാരികപ്പെരുമ- ഇവയെല്ലാം അധികാരത്തിനു ചൂരുനൽകുന്ന ഘടകങ്ങളാണ്. ഏകധ്രുവ ലോകമെന്ന സങ്കൽപം ഒരൊറ്റ കേന്ദ്രത്തിൽനിന്ന് ഉത്തരവുകൾ സ്വീകരിക്കുന്നതും നടപ്പാക്കുന്നതുമായ ഭരണ സങ്കൽപമാണ്.
ഇതുതന്നെയാണ് ‘നായകത്വം’ (Hegemony) എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. പുരാതന ഗ്രീസിലെ ഏതൻസിന് മറ്റു നഗരങ്ങൾക്കു മേലെയുണ്ടായിരുന്ന പ്രാമുഖ്യം തെളിയിക്കാൻ ഉപയോഗിച്ചിരുന്ന ഈ ഗ്രീക് പദം ആധുനിക ലോകത്ത് വൻശക്തികൾ സ്വന്തമാക്കിയിരിക്കുന്നു.
നായകർ, തങ്ങളുടെ നിയമങ്ങൾ മറ്റുള്ളവർകൂടി അംഗീകരിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതിനെ അവർ ‘നവലോകക്രമം’ എന്ന പേരു വിളിക്കുന്നു. ആദ്യമായി നവലോക ക്രമത്തെക്കുറിച്ച് ഉദ്ഘോഷിച്ചത് പ്രസിഡന്റ് വുഡ്രോ വിൽസണായിരുന്നു.
‘ലീഗ് ഓഫ് നേഷൻസ്’ നിലവിൽ വരുകയും തങ്ങളുടെ നിയമങ്ങൾ എല്ലാവരും പിൻപറ്റുകയും ചെയ്താൽ അതോടെ ലോകം മുഴുക്കെ സമാധാനം കൈവരും എന്നായിരുന്നു അദ്ദേഹം കരുതിയത്. എന്നാൽ, അത് അസ്ഥാനത്തായി. ആധുനിക കാലത്ത് ഈ പ്രയോഗവുമായി ലോകത്തെ അഭിമുഖീകരിച്ചത് 1991ൽ പ്രസിഡന്റ് ജോർജ് ബുഷാണ്. അദ്ദേഹം, ഗൾഫ് യുദ്ധത്തിനുവേണ്ടി ലോകരാഷ്ട്രങ്ങളെ സജ്ജമാക്കുകയായിരുന്നു.
ഗൾഫ് യുദ്ധശേഷം ലോകത്ത് സമാധാനം സാധ്യമാകുമെന്നും ഏകാധിപത്യ പ്രവണതകൾ അവസാനിച്ച് എല്ലാവരും ഏകധ്രുവ നേതൃത്വം അംഗീകരിച്ച് ലോക പൊലീസായ അമേരിക്കയുടെ ആജ്ഞാനുവർത്തികളായി ജീവിക്കുമെന്നും അദ്ദേഹം സ്വപ്നംകണ്ടു! സ്റ്റാലിനിസം പരാജയപ്പെട്ടതോടെ ലോകം മുഴുക്കെ തങ്ങളുടെ കാൽക്കീഴിലാകുമെന്നവർ കരുതി! എന്നാൽ, കാലം സാക്ഷി, അവരുടെ കിനാക്കളെല്ലാം തകർന്നടിയുന്നത് നാം കാണുന്നു!
അമേരിക്കയുടേത് ആദിമുതലേ ബലപരീക്ഷണത്തിന്റെയും യുദ്ധങ്ങളുടെയും ചരിത്രമാണ്. 1776ൽ സ്വതന്ത്രമായതു മുതൽ തങ്ങളുടെ സ്വാധീനം വിപുലീകരിക്കുന്നതിനായി ആക്രമണം നടത്തുന്നത് അമേരിക്ക പതിവാക്കി. ജെയിംസ് മാഡിസൺ പ്രസിഡന്റായിരിക്കെ 1812ൽ അവർ കാനഡയെ ആക്രമിച്ചു.
1846ൽ മെക്സികോ കൈയേറി. അങ്ങനെ ടെക്സസ് യു.എസിന്റെ ഭാഗമായി. പിന്നീട് അമേരിക്കൻ-സ്പാനിഷ് യുദ്ധം അരങ്ങേറി. തുടർന്ന് ‘ഹവായി’ അമേരിക്കയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. ഇതൊക്കെ ലോകയുദ്ധങ്ങൾക്കു മുമ്പുണ്ടായ സംഭവങ്ങളാണ്. ഹിരോഷിമയിലും നാഗസാക്കിയിലും അവർ നടത്തിയ കൂട്ടക്കുരുതി വിവരിക്കേണ്ടതില്ലല്ലോ.
രണ്ടാം ലോകയുദ്ധശേഷം കൊറിയ, വിയറ്റ്നാം, കൊസോവോ എന്നിവിടങ്ങളിലെല്ലാം അമേരിക്ക യുദ്ധം നയിച്ചു. തുടർന്നാണ് ഇറാഖിലും അഫ്ഗാനിസ്താനിലും ലിബിയയിലും സിറിയയിലും കൂട്ടക്കൊല നടത്തിയത്. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 800 സൈനിക കേന്ദ്രങ്ങളുള്ള യു.എസിന്റെ സൈനിക ബജറ്റ് 700 ബില്യൺ അമേരിക്കൻ ഡോളർ കവിയുമെന്നാണ് അറിയുന്നത്. ഇത് ലോകരാഷ്ട്രങ്ങളുടെ ആകെ സൈനിക ബജറ്റിന്റെ 40 ശതമാനം വരും.
മൈക് പോംപിയോയെ ഓർമയുണ്ടോ? ഡോണൾഡ് ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. ഉത്തര കൊറിയയുമായി ആണവമത്സരം ഒഴിവാക്കുന്നതിൽ പോംപിയോ വിജയിച്ചുവെന്ന് പറയാം. എന്നാൽ, അദ്ദേഹം ഊന്നൽ നൽകിയത് ഇറാനെ തകർക്കുന്നതിനും ഇസ്രായേലിന് മുൻപിൻ നോക്കാതെ പിന്തുണ നൽകുന്നതിനുമായിരുന്നു.
നെവർ ഗിവ് ആൻ ഇഞ്ച് (Never Give an Inch Fighting for the America I Love) എന്ന ഗ്രന്ഥത്തിൽ ആദ്യം അമേരിക്ക (America First) എന്ന മുദ്രാവാക്യം നയതന്ത്രത്തിന്റെ ഭാഗമാക്കുന്നതിൽ താൻ വഹിച്ച പങ്കിനെക്കുറിച്ച് വിശദമാക്കുന്ന അദ്ദേഹം ഇത് ശത്രുരാജ്യങ്ങളെ ഭീതിപ്പെടുത്തിയതായി ആത്മസംതൃപ്തിയോടെ അവകാശപ്പെടുന്നു. ലോക നേതാക്കളുമായുള്ള സംഭാഷണങ്ങളുടെ രസകരമായ ഉദ്ധരണികൾ പുസ്തകത്തെ വശ്യമാക്കുന്നുവെന്നാണ് നിരൂപണം.
യുദ്ധവും നയതന്ത്രവും
അമേരിക്കക്ക് നയതന്ത്രബന്ധങ്ങളും യുദ്ധവും തുടക്കംമുതലേ പരസ്പരം തിരിച്ചറിയാത്ത കാര്യങ്ങളായിരുന്നുവെന്നാണ് ചൈനയിലെ ‘മോണിങ് പോസ്റ്റ്’ കോളമിസ്റ്റ് അലക്സ് ലോ അഭിപ്രായപ്പെടുന്നത്.
2001 മുതൽ യു.എസ് നടപ്പാക്കിയ ഭീകരവിരുദ്ധ യുദ്ധങ്ങളിൽ ഒമ്പതു ലക്ഷത്തിലേറെ മനുഷ്യർക്ക് ജീവഹാനി ഉണ്ടായെന്നാണ് കോളമിസ്റ്റ് കുറിക്കുന്നത്. ഇവരിൽ മൂന്നര ലക്ഷത്തോളം പേർ സാധാരണ ജനങ്ങളായിരുന്നു. 2003ൽ ഇറാഖ് യുദ്ധത്തിൽ രണ്ടര ലക്ഷത്തോളം പേർ വധിക്കപ്പെട്ടു. സൈനികനടപടികളെത്തുടർന്ന് ജീവിതം നഷ്ടപ്പെട്ട 37 ലക്ഷം പേർ അഭയാർഥികളായി ചിതറപ്പെട്ടു.
അഫ്ഗാനിൽ രണ്ടു ദശാബ്ദക്കാലം നീണ്ട നരനായാട്ടിൽ 66,000ത്തിനും 69,000ത്തിനും ഇടയിൽ പട്ടാളക്കാരും 47,000 സാധാരണ മനുഷ്യരും മൃതിയടഞ്ഞു. 10 ലക്ഷത്തിലേറെ പേർ അഭയാർഥികളായി. ആ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറതന്നെ തകർത്ത് 2021ൽ പിൻവാങ്ങിയപ്പോൾ അഫ്ഗാൻ സെൻട്രൽ ബാങ്കിന്റെ 9.5 ബില്യൺ ഡോളറിന്റെ ആസ്തികൾ യു.എസ് മരവിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നു.
ഇത് തനിക്കൊള്ളയല്ലേയെന്ന് നിരീക്ഷകർ ചോദിക്കുകയുണ്ടായി. അഫ്ഗാനിസ്താനിൽ കറുപ്പ് കൃഷി വ്യാപിച്ചതും ഹെറോയിൻ ഫാക്ടറികൾ നിലവിൽവന്നതും രാജ്യം യു.എസിന്റെ നിയന്ത്രണത്തിലായിരുന്നപ്പോഴാണെന്നു പറയപ്പെടുന്നു. മൊറോക്കൻ ചരിത്രകാരനായ മുഹമ്മദ് അൽ മൻസൂർ മിഡിലീസ്റ്റിലും ആഫ്രിക്കൻ രാജ്യങ്ങളിലും അമേരിക്ക ഇടപെട്ടതിനെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ഒന്നാം ലോകയുദ്ധം വരെയും ഇവിടങ്ങളിൽ യു.എസിന്റെ കൈകടത്തൽ ഉണ്ടായില്ല.
കാരണം, അവരുടെ കൂട്ടാളിയായ ബ്രിട്ടന്റെ ചൂഷണ ശ്രമങ്ങളിൽ പങ്കുപറ്റാൻ അവർ ആഗ്രഹിച്ചില്ല എന്നതുതന്നെ. മാത്രമല്ല, എണ്ണപര്യവേക്ഷണം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ‘ബ്രിട്ടീഷ് പെട്രോളിയ’ത്തിനായിരുന്നു അതിന്റെ കുത്തകാവകാശം. എന്നാൽ, 1930 മുതൽ അമേരിക്ക ബ്രിട്ടനുമായി സഹകരിച്ച് അറബ് രാഷ്ട്രങ്ങളെ ചൂഷണംചെയ്യാൻ തുടങ്ങി.
രണ്ടാം ലോകയുദ്ധശേഷം അമേരിക്കയും സോവിയറ്റ് റഷ്യയും വേറിട്ട ധ്രുവങ്ങളായി മാറിയതോടെ യു.എസ്.എസ്.ആറിനെ മിഡിലീസ്റ്റിലെ തന്ത്രപ്രധാന മേഖലകളിൽനിന്ന് അകറ്റിനിർത്താൻ ശ്രമിച്ചു അമേരിക്ക. അതോടെ, രണ്ടു കൊളോണിയൽ ശക്തികളായിരുന്ന ബ്രിട്ടനും ഫ്രാൻസും വിട്ടേച്ചുപോയ സ്ഥലങ്ങളൊക്കെ സ്വന്തമാക്കാൻ അമേരിക്ക തന്ത്രപരമായ നീക്കങ്ങളാരംഭിച്ചു.
കമ്യൂണിസ്റ്റ് വിരുദ്ധരായിരുന്ന ഭരണാധികാരികൾ ഇതിനെ എളുപ്പം പിന്തുണച്ചതോടെയാണ് അമേരിക്ക മിഡിലീസ്റ്റിൽ സൈനിക-സാമ്പത്തിക നടപടികളിലൂടെ പിടിമുറുക്കിയത്. രണ്ടാം ലോകയുദ്ധം നടന്നുകൊണ്ടിരിക്കെ സയണിസ്റ്റ് നേതാവായ ബൻഗൂരിയനും കൂട്ടാളികളും യു.എസ് ഭരണകൂടത്തെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. അതിന്റെ ഫലമാണ്, 1946ൽ, ഒരു ലക്ഷം യഹൂദരെ ഫലസ്തീനിൽ പ്രവേശിപ്പിക്കാൻ വാഷിങ്ടൺ തീരുമാനിച്ചത്.
അത്ഭുതപ്പെടുത്തുന്ന കാര്യം, തങ്ങളുടെ സ്വന്തം ഭൂമിയിൽ പ്രവേശിക്കുന്നതിൽനിന്ന് ഇവരെ ബ്രിട്ടനും അമേരിക്കയും തടഞ്ഞുവെന്നതാണ്! ഫലസ്തീൻ പ്രശ്നം ഐക്യരാഷ്ട്രസഭയിൽ വന്നതോടെ ഇസ്രായേലിനെ സംരക്ഷിക്കുന്ന ഉത്തരവാദിത്തം വാഷിങ്ടൺ ഏറ്റെടുക്കുകയും ചെയ്തു. 1950കളിൽ നാസറിന്റെ കീഴിൽ അറബ് ദേശീയത തളിരെടുക്കാൻ തുടങ്ങിയപ്പോൾ ഇസ്രായേലിനെ സൈനിക-സാമ്പത്തിക സഹായങ്ങൾ നൽകി ഒരുക്കിനിർത്തി.
എന്നാൽ, 1967ലെ യുദ്ധം അറബ്-ഇസ്രായേലി ബന്ധത്തിൽ ഒരു പുതിയ വഴിത്തിരിവായിരുന്നു. ഫലസ്തീനിന്റെയും സിറിയയുടെയും ഈജിപ്തിന്റെയും ഭൂപ്രദേശങ്ങൾ ഇസ്രായേൽ കൈയേറി. അവ വിട്ടുകൊടുക്കാൻ ഐക്യരാഷ്ട്രസഭ പലതവണ ആവശ്യപ്പെട്ടിട്ടും അതെല്ലാം തൃണവൽഗണിക്കാൻ ഇസ്രായേലിന് ധൈര്യം പകർന്നത് കൈയയച്ചുള്ള യു.എസ് പിന്തുണയാണ്.
പ്രത്യേകിച്ചും, റിപ്പബ്ലിക്കൻ കക്ഷി പടിഞ്ഞാറെക്കരയിലും ഗസ്സയിലും സയണിസ്റ്റുകൾക്ക് താമസസമുച്ചയങ്ങൾ കെട്ടിപ്പൊക്കുന്നതിന് പ്രത്യേകം സഹായങ്ങൾ നൽകി. ഇത് 1949ലെ ജനീവ കൺവെൻഷൻ കരാറുകളുടെ ലംഘനമായിരുന്നു. എങ്കിലും, അമേരിക്ക ഇതിനെ എതിർക്കുകയുണ്ടായില്ല.
ഇങ്ങനെയാണ് പടിഞ്ഞാറെക്കരയുടെ പകുതിയിലേറെ ഇസ്രായേൽ കൈവശപ്പെടുത്തുന്നത്. അറബ് രാഷ്ട്രങ്ങളോട് ഐക്യരാഷ്ട്രസഭയുടെ നയങ്ങളും നിയമങ്ങളും വിളമ്പുന്ന വാഷിങ്ടൺ ഇസ്രായേലിന്റെ കാര്യത്തിൽ എല്ലാ മനുഷ്യാവകാശ സംരക്ഷണ ചട്ടങ്ങളും കാറ്റിൽ പറത്തുന്നു.
ആധുനികലോകത്തെ നിയന്ത്രിക്കുന്നത് മാധ്യമതന്ത്രങ്ങളാണെന്ന് പറയാം. മുഴുവൻ ലോകരുടെയും വിശ്വാസപ്രമാണങ്ങളും വിചാരധാരകളും നിയന്ത്രിക്കുന്നതിൽ പാശ്ചാത്യ മാധ്യമങ്ങൾ കരുത്തുകാട്ടുന്നു. പ്രഗോഷിന്റെ നേതൃത്വത്തിൽ ‘വാഗ്നർ’ ഗ്രൂപ് പുടിനെതിരെ നടത്തിയ ലഹളക്ക് വർധിത പ്രാധാന്യം കിട്ടി. എന്നാൽ, അത് അതിവേഗം കെട്ടടങ്ങിയിരിക്കുന്നു!
ഓർത്തഡോക്സ് ചർച്ച് നേതൃത്വവും സൈനിക മേധാവികളും റഷ്യൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ തലവന്മാരും ചെച്നിയയുടെ നേതാവ് റംദാൻ ഖാദിറോവും ബലറൂസിന്റെ പ്രസിഡന്റും തുർക്കിയുടെ ഉർദുഗാനും എല്ലാം വ്ലാദിമിർ പുടിനെ പിന്തുണച്ച് മുന്നോട്ടുവന്നു. എന്നാൽ, ജോ ബൈഡൻ തന്റെ ഉദ്യമത്തിൽ പരാജയപ്പെട്ടിരിക്കുന്നു. പ്രായം അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്ക് കടിഞ്ഞാണിട്ടിരിക്കുന്നു.
അമേരിക്കൻ സമൂഹം വ്യത്യസ്ത തട്ടുകളിലാണ്. അഭിപ്രായ ഐക്യമില്ലാത്ത സമൂഹത്തിന് ഭദ്രത നൽകാൻ ആർക്കും സാധ്യമല്ല. ചരിത്രത്തിലെ ഏറ്റവും ദുർബലമായ ഒരു ഘട്ടത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നതെന്നു തോന്നുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.