അകലെയാണ് ജനാധിപത്യം
text_fieldsമതം മൂല്യങ്ങളാണെങ്കിൽ രാഷ്ട്രീയത്തിൽ അതു കലരുന്നതിൽ തെറ്റില്ല. രാഷ്ട്രീയം മൂല്യവത്തായിത്തീരുന്നത് നല്ലതാണല്ലോ. അതല്ല മതത്തെ വെറും ആചാരമായാണ് കാണുന്നതെങ്കിൽ രാഷ്ട്രീയത്തിൽ അതു കലർത്തേണ്ട ആവശ്യവുമില്ല. മതേതരത്വം മതനിരാസമല്ല. മതേതരത്വം എന്ന രാഷ്ട്രീയ സങ്കൽപത്തിൽ ഓരോ മതവും ഒരു ജനവിഭാഗമാണ്. ആ വിഭാഗങ്ങളെല്ലാം സഹിഷ്ണുതയോടെ ഒരുമിച്ചു കഴിയുന്ന രാജ്യമാവുകയെന്നാണ് ഇവിടെ അർഥമാക്കുന്നത്. തനിമ നഷ്ടപ്പെടാതെ അത് നിവൃത്തിയാക്കുന്നതിന് ഭരണഘടന അനുവാദം നൽകുന്നു.
എല്ലാ വിഭാഗങ്ങൾക്കും തുല്യപരിഗണന നൽകണമെന്നതും ഒന്നിനോടും പ്രത്യേക പ്രതിപത്തി കാണിക്കാതിരിക്കലുമാണ് മതേതരത്വം. സർക്കാർ എന്ന സ്ഥാപനത്തിന് പ്രത്യേക മതമുണ്ടാവുകയില്ല. എന്നുവെച്ച് സർക്കാർ ഒരു നിരീശ്വരവാദ സ്ഥാപനമാകുന്നതും അനുവദനീയമല്ല. മതവും മതമില്ലായ്മയും സർക്കാറിന്റെ പരിഗണനാപരിധിയിൽ വരില്ലെന്നർഥം. ഒരു മതേതര ഗവൺമെന്റ് വിശ്വാസികൾക്കും, അല്ലാത്തവർക്കും, അവരുടെ സ്ഥാപനങ്ങൾക്കും നിയമാനുസൃത പ്രവർത്തനങ്ങൾക്കും, സംരക്ഷണം നൽകണം. അവർക്കിടയിൽ സമാധാനം ഉറപ്പുവരുത്തണം. ദൈവികനീതി ജീവജാലങ്ങളോടുള്ള കാരുണ്യമാണ്. എല്ലാ സൃഷ്ടികളെയും സ്രഷ്ടാവ് ഒരുപോലെ കാണുന്നു. അവരുടെയെല്ലാം ഭൗതിക ആവശ്യങ്ങൾ വിവേചനരഹിതമായി നീതിപൂർവം നിറവേറ്റുന്നു. ദുഷ്ടരെ ചിലപ്പോൾ പനപോലെ വളർത്തിയെന്നും വരാം. നല്ലവരുടെ മേലും മോശപ്പെട്ടവരുടെ മേലും മഴ വർഷിക്കുകയും നീതിമാന്മാരുടെയും നീതികെട്ടവരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും ചെയ്യും. ലോകത്തിലെ ഏതൊരു സർക്കാറിനും ഇതിൽ പഠിക്കേണ്ടുന്ന പാഠങ്ങളുണ്ട്. ഏത് വിധത്തിലാണ് ഭരണകൂടം പൗരരെ സമീപിക്കേണ്ടതെന്ന സന്ദേശവും ഇതിൽ അന്തർലീനമാണ്. മനുഷ്യസാധ്യമായ രീതിയിൽ സർവരോടും നീതിപുലർത്താൻ മതേതര സർക്കാറിന് ബാധ്യതയുണ്ട്. അതുപോലെ ജനാധിപത്യം ഭൂരിപക്ഷാധിപത്യമല്ല. വ്യത്യസ്തരായിരിക്കാനുള്ള അവകാശവും കൂടിയാണ്. വ്യത്യസ്തത പുലർത്തുന്നുവെന്ന കാരണത്താൽ പീഡിപ്പിക്കപ്പെടാതിരിക്കാനുള്ള അവകാശവുമാണ്. ഒരു രാജ്യം മുഴുവൻ ഒറ്റമതമായിരുന്നാലും സർക്കാർ മതത്തിന്നതീതമാവണമെന്ന് ഗാന്ധിജി പറയുകയുണ്ടായി. ഏതൊരു സർക്കാറും നിലനിൽക്കുന്നതും ഇതര രാഷ്ട്രങ്ങൾക്കും വ്യത്യസ്ത ജനവിഭാഗങ്ങൾക്കുമിടയിലാണ്. ഓരോ മനുഷ്യനുമെന്നപോലെ ഒരു രാജ്യത്തിനും ഒറ്റക്ക് നിലനിൽക്കാനാവില്ല. ഇതര രാഷ്ട്രങ്ങളുടെ സഹായം, സഹകരണം എന്നിവ എല്ലാ രാഷ്ട്രങ്ങൾക്കും അത്യന്താപേക്ഷിതമാണ്. ഇന്ത്യ ജീവിക്കുന്നതും ഒറ്റക്കല്ല. നമുക്കില്ലാത്ത അവശ്യവസ്തുക്കൾ നമുക്ക് കിട്ടുന്നതും ഇതര രാജ്യങ്ങളിൽ നിന്നാണ്. ഇതര രാജ്യങ്ങളിൽ അവ ഉൽപാദിപ്പിക്കുന്നത് മറ്റേതോ ജനവിഭാഗങ്ങളാണ്. നാം ഇന്ത്യക്കാർ ഉൽപാദിപ്പിക്കുന്ന പല വസ്തുക്കളും വാങ്ങാൻ വേറെ ജനതകളും രാഷ്ട്രങ്ങളും ഉള്ളതു കൊണ്ടു കൂടിയാണ് നാം നിലനിൽക്കുന്നത്. നാം ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളും പലജാതി മതസ്ഥർ, ഭാഷക്കാർ, രാജ്യക്കാർ, എന്നിവരുടെ അധ്വാന ഫലങ്ങളാണ്.
മനുഷ്യവംശത്തിന്റെ ആരംഭം മുതൽ ഇന്നുവരെ പരസ്പര സഹകരണമാണ് അതിജീവനത്തിന്റെ രഹസ്യമായി വർത്തിച്ചത്. പരസ്പരം കൊന്നും ചത്തും തീരാതെ ഇപ്പോഴും എഴുനൂറുകോടി മനുഷ്യർ ഇവിടെ നിലനിൽക്കുന്നതും പരസ്പര ധാരണയിലാണ്. ബഹുസ്വരതയും, ജനാധിപത്യവും അതുകൊണ്ടുതന്നെ ഒരു ദേശീയ ഉൽപന്നമല്ല. അത് സാർവദേശീയമായ ഒന്നാണ്. അസ്തിത്വ രഹസ്യത്തിന്റെ അടിവേരായി രവീന്ദ്രനാഥ ടാഗോർ സാർവലൗകികത ഉയർത്തിപ്പിടിച്ചത് അതുകൊണ്ടായിരുന്നു. ജനാധിപത്യം വിവിധ ഭരണരീതികളിൽ ഒന്നാണ്. താരമ്യേന ഇതര സമ്പ്രദായങ്ങളേക്കാൾ ഭേദപ്പെട്ടതാണ് എങ്കിലും അതു ഇനിയുമെത്രയോ വികാസം പ്രാപിക്കാനുണ്ട്. കുടുംബങ്ങളിലും സാമൂഹിക സ്ഥാപനങ്ങളിലും രാഷ്ട്രീയകക്ഷികളിലും രാജ്യത്തും പ്രവൃത്തിപഥത്തിൽ അതുവരണം. ഇന്നും ഇന്ത്യയിൽ അതും അമൂർത്തമാണ്. രാജാവും പ്രജകളും എന്ന സങ്കൽപം വിട്ടുമാറിയിട്ടില്ല. 600 നാട്ടുരാജ്യങ്ങൾ ചേർന്ന് ഒറ്റ രാജ്യമായെങ്കിലും അത് ഇമ്മിണി വലിയൊരു നാട്ടുരാജ്യമാകരുതല്ലോ. ഭരണകൂടവും അടിമകളുമെന്ന മനോഭാവം മാറണമെങ്കിൽ ഓരോ ഇന്ത്യക്കാരും ഇനിയുമെത്രയോ വളരണം. ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യഅവകാശം ഉപയോഗിച്ച് നിലവിൽ വന്നവയാണ് അംഗീകൃത രാഷ്ട്രീയകക്ഷികളും എണ്ണമറ്റ ഇതര സംഘടനകളും. ഇപ്പോഴും ഇവയിലെല്ലാം ആഭ്യന്തര ജനാധിപത്യം ശൈശവദശയിലാണ്. സംഘടനകൾ പരസ്പരം ജനാധിപത്യപരമായി ഇടപെടുന്നുണ്ടോ എന്നതും സംശയകരം. സംഘടനകൾക്കകത്തും തെരഞ്ഞെടുപ്പുകളോ, അംഗങ്ങൾക്കിടയിൽ ഹിതപരിശോധനയോ നടന്നു കാണാറില്ല. മൂർച്ചയേറിയ ആശയ സംവാദങ്ങളോ ജീവൽ പ്രധാനമായ വിഷയങ്ങളിൽ പോലും തുറന്ന ചർച്ചകളോ ഇല്ല. നേതാക്കൾ അംഗങ്ങളെയും പ്രവർത്തകരെയും അണികൾ എന്നാണ് അഭിസംബോധന ചെയ്യുന്നത്. തങ്ങളെ പിന്തുടരുന്ന മനുഷ്യരുടെ അസ്തിത്വവും വ്യക്തിത്വവും നിരാകരിക്കുന്ന നിലപാടാണത്. നൂറ്റാണ്ടുകളായി അടിമത്ത നുകം പേറിയവരുടെ സന്തതികൾ, ഇപ്പോഴും ആരുടെയെങ്കിലും അടിമത്തം ഒരു സുഖമായി ആസ്വദിക്കുന്നുണ്ടായിരിക്കാം.
അടിച്ചമർത്തുന്ന ശക്തികൾ ഇന്നും പ്രബലമാണ്. ഈ അവസ്ഥ മാറുന്നത് വരെ ജനാധിപത്യം കാതങ്ങൾ അകലെയായിരിക്കും. ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ്. നേതാക്കൾ എന്ന വിഭാഗം അതിന്റെ ഗുണഭോക്തൃ സുഖം അനുഭവിക്കുന്നുവെന്നു മാത്രം. ആ സൗകര്യം കൈവിടാൻ അവരാഗ്രഹിക്കുകയില്ലല്ലോ. സംഘടനകളുടെ നേതാക്കൾക്കും അനുയായികളായി കരുതപ്പെടുന്നവർക്കും ഈ രീതി മതിയെങ്കിൽ, ജനാധിപത്യമെന്നൊക്കെ വലിയവായിൽ വിളിച്ചു പറയാതിരിക്കലാണ് ബുദ്ധി. വൈവിധ്യങ്ങളുടെ സംഗമഭൂമിയായ ഇന്ത്യക്കും അനുയോജ്യം ജനാധിപത്യം തന്നെയാണ്. സകലരും പരസ്പരം ഉൾക്കൊണ്ട് സഹിഷ്ണുതയോടെ സമാധാനപരമായ സഹവർത്തിത്വത്തിൽ കഴിയുമ്പോൾ മാത്രമെ ഇന്ത്യ വളരുകയുള്ളൂ. ജനങ്ങൾ വളരുകയുള്ളൂ. ഒരു മതമോ, ഒരു ഭാഷയോ ഒരു സംസ്കാരമോ യാന്ത്രികമായി അടിച്ചേൽപിക്കാൻ ആരു ശ്രമിച്ചാലും മഹാസംസ്കാരങ്ങളുടെയും ചരിത്രങ്ങളുടെയും പൈതൃകമുള്ള ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞു പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.