ജനാധിപത്യ രാഷ്ട്രത്തില്‍ രാജാവോ?
text_fields‘നമ്മുടെ രാജ്യത്തിന്‍െറ നേതാവായി മറ്റൊരു ദൈവത്തെ പ്രതിഷ്ഠിക്കേണ്ട ആവശ്യമില്ല. പ്രധാനമന്ത്രിയുടെ ഓഫിസിന് നാം കല്‍പിക്കുന്ന അമിത പ്രാധാന്യം ലഘൂകരിക്കേണ്ടിയുമിരിക്കുന്നു.’ വിവേകപൂര്‍ണമായ ഈ ഉപദേശം നല്‍കിയ വ്യക്തി ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സദ്ഭരണത്തെ സംബന്ധിച്ചും ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ചും അദ്ദേഹം ബി.ജെ.പിക്ക് നിര്‍ണായകമായ ഉപദേശങ്ങള്‍ നല്‍കിയിരുന്നു. വാജ്പേയി കാബിനറ്റിലെ ഏറ്റവും മാന്യനും വിദ്യാസമ്പന്നനും ചുമതലാബോധമുള്ള വ്യക്തിയുമായ ജസ്വന്ത്സിങ്ങാണ് ഞാന്‍ ഉദ്ദേശിക്കുന്ന ആ വിവേകമതി.
1987ലാണ് ജസ്വന്ത്സിങ് മേല്‍പറഞ്ഞ നിരീക്ഷണം പുറത്തുവിട്ടത്. അന്നത്തെ പ്രധാനമന്ത്രിക്ക് സഭയില്‍ 400 അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു എന്നുകൂടി ഓര്‍മിക്കുക. അന്ന് പ്രതിപക്ഷത്തെ ഒന്നടങ്കം മന്ദബുദ്ധികള്‍ എന്ന് അധിക്ഷേപിക്കാന്‍വരെ മുതിര്‍ന്ന ഒരു ഓഫിസര്‍ പ്രധാനമന്ത്രിയുടെ സഹായത്തിനുണ്ടായിരുന്നു. വിപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായ തീരുമാനങ്ങള്‍ കൈക്കൊള്ളുംവിധം പ്രധാനമന്ത്രിയുടെ അധികാരം അന്ന് അതിന്‍െറ പാരമ്യതയിലേക്കുയര്‍ന്നിരുന്നു.
ചരിത്രപാതയിലൂടെ സ്വല്‍പംകൂടി പിന്നോട്ട് സഞ്ചരിക്കുമ്പോള്‍ നമുക്ക് ധീരനായ സാം മനേക്ഷായെ കണ്ടത്തൊം. തന്‍െറ സൈന്യം ഇപ്പോള്‍ യുദ്ധസജ്ജമല്ളെന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് അസന്ദിഗ്ധമായി വെളിപ്പെടുത്തിയ വ്യക്തി. ആരോഗ്യപൂര്‍ണമായ ആ മറുപടിയുടെ സന്ദേശം മാനിക്കാന്‍ വിവേകശാലിയായ ഇന്ദിര സന്നദ്ധയാവുകയുമുണ്ടായി.
സമകാല സംഭവങ്ങളാണ് ഇത്തരം ചരിത്രസ്മൃതികള്‍ ഓര്‍മിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. സര്‍വശക്തനായ ഒരു പ്രധാനമന്ത്രി, രാഷ്ട്രം മുന്‍ഗണന കല്‍പിക്കേണ്ടത് അദ്ദേഹത്തിന്‍െറ അഭിലാഷങ്ങള്‍ക്കാണ് തുടങ്ങിയ, കീഴ്വഴക്കങ്ങള്‍ക്ക് നിരക്കാത്ത സങ്കല്‍പങ്ങളാണ് ഇപ്പോള്‍ ആസൂത്രിതമായി പ്രചരിപ്പിക്കപ്പെടുന്നത്. ഒരു പ്രധാനമന്ത്രിയുടെ ദയാദാക്ഷിണ്യങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ട കൊച്ചുരാജ്യമാണോ ഇന്ത്യ?
നേതാവിനെ ദൈവമാക്കി ഉയര്‍ത്തുന്നതിനെതിരെ ജസ്വന്ത്സിങ് നല്‍കിയ താക്കീത് നമ്മുടെ കാലഘട്ടത്തിന് കൂടുതല്‍ ഇണങ്ങും. റിസര്‍വ് ബാങ്കിന്‍െറ അവകാശാധികാരങ്ങള്‍ പൂര്‍ണമായി ബലികഴിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി കറന്‍സി റദ്ദാക്കല്‍ പ്രഖ്യാപനം പുറത്തുവിട്ടത്. ഇന്ദിരയോട് മനേക്ഷാ നിര്‍ദേശിച്ചപോലെ സംയമനം ദീക്ഷിക്കാന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മോദിയോട് ആവശ്യപ്പെടേണ്ടതായിരുന്നു.
ദിവസം കഴിയുന്തോറും റിസര്‍വ് ബാങ്കിന്‍െറ അധികാരങ്ങളില്‍ ധനമന്ത്രാലയം നടത്തുന്ന കൈയേറ്റങ്ങള്‍ വര്‍ധിച്ചുവരുന്നു. ജനാധിപത്യത്തിന്‍െറ അന്തസ്സത്തക്ക് നിരക്കാത്തതാണ് ഇത്തരം രീതികള്‍. നോട്ട് അസാധുവാക്കിയതിന്‍െറ അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കുറ്റമറ്റ ആസൂത്രണങ്ങള്‍ നടത്തേണ്ടതിനു പകരം വാചാടോപങ്ങളാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന രീതിയാണ് ഏറ്റവും മുതിര്‍ന്ന ഭരണാധിപന്‍ പോലും നടത്തുന്നത്. കൂട്ടായ തീരുമാനം, അഭിപ്രായ സമവായം തുടങ്ങിയ ജനാധിപത്യ പരികല്‍പനകള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പകരം സര്‍വ അധികാരങ്ങളും ഏക വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അശുഭകരമായ സാഹചര്യം. ഏകാധിപത്യ പ്രവണതയെ എതിര്‍ക്കുന്നവര്‍ വിമതനും കപട മതേതരവാദിയും ദേശദ്രോഹിയുമായി പരിണമിക്കുന്നു!
തിരുവായ്ക്ക് എതിര്‍വായില്ളെന്ന രാജാധിപത്യത്തിന്‍െറ ആവര്‍ത്തനമാണ് ഇത്തരം അസഹിഷ്ണുതകള്‍. കറന്‍സി റദ്ദാക്കലിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത് ഇന്ദോറില്‍ വിലക്കപ്പെട്ടു. സമൂഹ മാധ്യമങ്ങളിലെ വിവാദങ്ങള്‍ ജനങ്ങളെ ശിഥിലീകരിക്കാന്‍ കാരണമാകുന്നുണ്ടത്രെ. പ്രധാനമന്ത്രി ഒറ്റക്ക് സൃഷ്ടിച്ച മഹാശൈഥില്യം പ്രശ്നമേയല്ളെന്നാണ് അധികൃതരുടെ മനസ്സിലിരിപ്പ്.
സാമ്പത്തിക സ്റ്റാലിനിസം മാത്രമാണിത്. ദേശവ്യാപകമായി പ്രഭാവം ചെലുത്തുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അധികാരം ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിക്കപ്പെട്ടത് എങ്ങനെ? പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമുള്ള ജനകീയാധികാരം സര്‍ക്കാര്‍ റാഞ്ചിയെടുക്കുന്ന അവസ്ഥ എവ്വിധം സജ്ജമായി?
ഭരണകൂടത്തെ ചോദ്യംചെയ്യുന്നവരെ തള്ളിപ്പറയാന്‍ സ്റ്റാലിന്‍ യുഗത്തില്‍ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയുണ്ടായി. അഴിമതി, കള്ളപ്പണം, ഭീകരത എന്നിവക്കെതിരെ ആവിഷ്കരിക്കപ്പെടുന്ന ഒരു ചട്ടത്തെയും നിങ്ങള്‍ ചോദ്യംചെയ്യാന്‍ പാടില്ളെന്ന കാര്‍ക്കശ്യത്തിലേക്കാണ് ഇന്ത്യന്‍ പൗരന്മാര്‍ നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
‘ഉത്തമമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള’ പോരാട്ടത്തില്‍ ഉണ്ടാകുന്ന അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും സഹിക്കാന്‍ പൗരന്മാര്‍ തയാറാകേണ്ടതുണ്ട്! സ്റ്റാലിന്‍ യുഗത്തിലും അന്ധമായ ഈ അനുസരണവും ഭരണകൂടത്തിനുള്ള പിന്തുണയും പ്രതീക്ഷിക്കപ്പെടുകയുണ്ടായി.
പ്രജകളുടെ സ്വത്തിനും സ്ത്രീകള്‍ക്കും നേരെ കൈയേറ്റങ്ങള്‍ ഉണ്ടാകരുതെന്ന് വിവേകമതികള്‍ പുരാതനകാലത്തെ രാജാക്കന്മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയിരുന്നു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു രാജാവ് പ്രജകളുടെ പോക്കറ്റുകള്‍ കൈയേറുന്നത് പുതിയ അനുഭവമായിരിക്കും. ഗുരുതരമാകാതിരിക്കില്ല അതിന്‍െറ പ്രത്യാഘാതം.
കടപ്പാട്: ട്രൈബ്യൂണ്‍
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍െറ മാധ്യമ ഉപദേഷ്ടാവും പ്രമുഖ പത്രപ്രവര്‍ത്തകനുമാണ് ലേഖകന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.