തുനീഷ്യയിൽ ജനാധിപത്യ അട്ടിമറി
text_fieldsമുല്ലപ്പൂവിപ്ലവ (അറബ് സ്പ്രിങ്ങിനു) ശേഷം ജനാധിപത്യം യഥാവിധി തിരിച്ചുവന്ന വടക്കൻ ആഫ്രിക്കയിലെ ഏക അറബ് രാജ്യമായ തുനീഷ്യ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണിപ്പോൾ. പ്രസിഡൻറ് ഖൈസ് സഈദ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഹിഷം മിഷിഷിയെയും പ്രമുഖരായ പാർലമെൻറംഗങ്ങളെയും പിരിച്ചുവിട്ട് നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിച്ചിരിക്കുകയാണ്. പാർലമെൻറ് മരവിപ്പിക്കൽ 30 ദിവസത്തേക്കാണെന്ന് പറയുന്നുണ്ടെങ്കിലും ഈ തീരുമാനം രാജ്യത്തെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടേക്കും. താൽക്കാലിക നിയന്ത്രണാവകാശംപോലും നൽകാതെയാണ് എല്ലാവരെയും ചുമതലയിൽനിന്ന് നീക്കിയിരിക്കുന്നത്.
പ്രസിഡൻറിെൻറ നടപടി ജനാധിപത്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും സ്പീക്കറും തുനീഷ്യൻ പാർലമെൻറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ അന്നഹ്ദയുടെ നേതാവുമായ റാഷിദ് അൽഗനുഷി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിെൻറ ജനാധിപത്യ തുടർപ്രകിയയിൽ പാർലമെൻറ് നിലനിർത്തൽ അനിവാര്യമാണെന്നതിനാൽ പ്രസിഡൻറിെൻറ നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് ഇടതുകക്ഷികളും വിലയിരുത്തുന്നു. വിവിധ ലോകരാജ്യങ്ങൾ 'അട്ടിമറി'യെന്നു വിശേഷിപ്പിച്ച നടപടിയെ ചിലർ അനുകൂലിച്ചിട്ടുണ്ട്. ഭരണഘടനയെ മാനിച്ചുകൊണ്ട് കലാപം ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂനിയനും ഭരണകൂട അട്ടിമറിയെന്ന് തുർക്കിയും അഭിപ്രായപ്പെട്ടു.
അനവസരത്തിലെ അസാധാരണ നടപടി
അസാധാരണ തീരുമാനം കൈക്കൊള്ളാൻ അനുമതിനൽകുന്ന ഭരണഘടനയുടെ 80ാം അനുച്ഛേദപ്രകാരമാണ് തെൻറ തീരുമാനമെന്നാണ് പ്രസിഡൻറിെൻറ വാദം. രാജ്യത്ത് അപകടകരമായ വല്ല ഭീഷണിയുണ്ടെങ്കിൽ മാത്രം പ്രയോഗിക്കാനുള്ളതാണ് ആ നിയമമെന്നും ഒരു കോടതിയുടെ അംഗീകാരത്തോടെ മാത്രമാണ് ഈ പ്രത്യേക നിയമം നടപ്പാക്കേണ്ടതെന്നും അത്തരം ഒരു ഭീഷണി നിലവിലില്ലെന്നും ഇസ്ലാമിക കക്ഷികളും ഇടതുപാർട്ടികളും ഒരേസ്വരത്തിൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയോടൊപ്പം പ്രതിരോധ മന്ത്രി ബർത്തഗി, നീതിന്യായ വകുപ്പ് താൽക്കാലിക ചുമതലവഹിക്കുന്ന ഹസ്ന ബിൻ സുലൈമാൻ എന്നിവരെയാണ് തൽസ്ഥാനത്തുനിന്ന് നീക്കി പ്രസിഡൻറിെൻറ സുരക്ഷ വകുപ്പിനു ചുമതലകൾ നൽകിയിരിക്കുന്നത്.
ദീർഘകാലം അടക്കിഭരിച്ച സൈനുൽ ആബിദീനെ 2011 ലെ മുല്ലപ്പൂവിപ്ലവത്തിലൂടെ തൂത്തെറിഞ്ഞ തുനീഷ്യയിൽ കഴിഞ്ഞ പത്തുവർഷമായി ഒമ്പതു ഭരണമാറ്റങ്ങൾ ഉണ്ടായി. എന്നിരുന്നാലും ജനാധിപത്യപരമായാണ് ഇക്കാലമത്രയും ഭരണം ൈകയാളിയിരുന്നത്. 2019 ഒക്ടോബറിലാണ് രാഷ്ട്രീയ പാർട്ടികളിലൊന്നും അംഗമല്ലാത്ത, നിയമ അധ്യാപകനായ ഖൈസ് സഈദ് തുനീഷ്യൻ പ്രസിഡൻറായി അധികാരത്തിലെത്തുന്നത്. അഴിമതിക്കെതിരെ നിലകൊണ്ട് പ്രസിഡൻറ് സഈദ് ആദ്യഘട്ടത്തിൽ രാജ്യത്ത് വലിയ പ്രതീക്ഷ പകർന്നിരുന്നു.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലുഴലുകയും കോവിഡ് മരണങ്ങൾ അനുദിനം ഏറിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജീവിതം തീർത്തും അസാധ്യമായതോടെ ചോദ്യങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. അവർക്ക് ചെവികൊടുക്കുന്നതിനുപകരം പരമാധികാരം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടത്തെയും ഇസ്ലാമിക സഖ്യത്തെയും അന്താരാഷ്ട്ര പിന്തുണയോടെ തുരത്താനുള്ള ചരടുവലികളാണ് പ്രസിഡൻറ് നടത്തിക്കൊണ്ടിരിക്കുന്നത്. മഹാമാരിയുടെ കെടുതികളിൽ രാജ്യം ഉഴലുമ്പോഴാണ് 2020 ആഗസ്റ്റിൽ പ്രധാനമന്ത്രി മിഷിഷി അധികാരത്തിലെത്തുന്നത്. ചുരുങ്ങിയ കാലത്തിനിടെ പ്രധാനമന്ത്രിയും പ്രസിഡൻറും തമ്മിൽ പലതവണ ഉരസി.
പ്രക്ഷുബ്ധമായ തെരുവുകൾ
2015നു ശേഷം വലിയ ഭീകരാക്രമണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ, തൊഴിൽ രാഹിത്യം, വംശീയ ആക്രമണങ്ങൾ, പണപ്പെരുപ്പം എന്നിവ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. അഴിമതി തടയാൻ ആവിഷ്കരിച്ച നിയമവും ഫലപ്രദമായി നടപ്പാക്കാനായില്ല. രാജ്യജനസംഖ്യയിൽ പകുതിയിലധികം ആളുകളും തൊഴിൽ രഹിതരാണ്. തൊഴിൽ തേടിയും വിവേചനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കുറേ മാസങ്ങളായി രാജ്യത്തിെൻറ പലഭാഗങ്ങളിലും നടന്നുവരുന്ന പ്രക്ഷോഭങ്ങളാണ് അട്ടിമറിക്ക് ന്യായമായി പ്രസിഡൻറ് ഉയർത്തിക്കാണിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് പ്രക്ഷോഭങ്ങൾ നടത്താൻ തുനീഷ്യയിൽ ജനാധിപത്യപരമായ അവകാശമുണ്ട്.
ഫ്രാൻസിലെ മഞ്ഞക്കുപ്പായക്കാരുടെ ചുവടുപിടിച്ച് ചുകന്നകുപ്പായക്കാരും മറ്റിതര കക്ഷികളും ഒരു അടിച്ചമർത്തലുകളും നേരിടാതെയാണ് ഇവിടെ പ്രക്ഷോഭങ്ങൾ നടത്തിവന്നത്. എന്നാൽ, നിലവിലെ നടപടികൾക്കെതിരെ തെരുവിലിറങ്ങിയാൽ വെടിയുണ്ടകളുമായി നേരിടുമെന്നാണ് പ്രസിഡൻറിെൻറ ഭീഷണി. എന്നാൽ, ജനാധിപത്യധ്വംസനത്തിലൂടെ രാജ്യത്തെ കലാപമുഖരിതമാക്കാനുള്ള നടപടികളെ അംഗീകരിക്കില്ലെന്നാണ് രാജ്യത്തെ യുവജനങ്ങളുടെ നിലപാട്. പാർലമെൻറ് കെട്ടിടത്തിനു ചുറ്റും പ്രക്ഷോഭവുമായി നിലകൊള്ളൂമെന്ന് അന്നഹ്ദ പാർട്ടിയും അറിയിച്ചു.
രാജ്യത്ത് ഇപ്പോൾ സെമി പ്രസിഡൻഷ്യൽ വ്യവസ്ഥയാണ് നിലനിൽക്കുന്നത്. പ്രസിഡൻറിന് കൂടുതൽ അധികാരം വേണമെന്ന നിലപാടിലാണ് സഈദ്. എന്നാൽ, അതിന് നിർണായക രാഷ്ട്രീയ കക്ഷിയായ അന്നഹ്ദയുടെ സഹായം ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാൽ ബാഹ്യശക്തികളുടെ പിന്തുണയോടെയാണ് ഇപ്പോഴത്തെ നടപടികൾ എന്ന വിലയിരുത്തലുകളുണ്ട്. കുളം കലക്കി മീൻപിടിക്കുന്നതിനുപകരം ഫലപ്രദമായി അന്താരാഷ്ട്ര ശക്തികൾ എങ്ങനെ ഇടപെടുമെന്നു തന്നെയാണ് ലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.