നോട്ടുനിരോധനം തെറ്റുതിരുത്തൽ മാത്രം
text_fieldsറിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000ത്തിന്റെ നോട്ട് പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചപ്പോൾ അതിന്റെ കൃത്യമായ കാരണം പറഞ്ഞിട്ടില്ല. കറൻസി ക്ലീനിങ് അഥവാ കള്ളനോട്ട്, ഭൂമാഫിയ, ഹവാല മാഫിയ എന്നിവർ കളിക്കുന്ന സമാന്തര സാമ്പത്തിക മേഖലയെ തളർത്തുകയാകാം ലക്ഷ്യം.
സമാന്തര സാമ്പത്തിക ഘടനയിൽ വിനിമയം ചെയ്യപ്പെടുന്നത് പ്രധാനമായും വലിയ മൂല്യമുള്ള കറൻസി നോട്ടുകളാണ് എന്നതിനാൽ, 2000ത്തിന്റെ നോട്ട് പിൻവലിക്കുന്നത് സാമ്പത്തിക വ്യവസ്ഥയെ ചെവിക്കു പിടിക്കുന്ന നടപടിയായി കരുതാം. 2000ത്തിന്റെ നോട്ട് ഇറക്കുന്ന ഘട്ടത്തിൽ തന്നെ വിദഗ്ധർ എതിർപ്പ് പറഞ്ഞിരുന്നു. വലിയ മൂല്യമുള്ള നോട്ട് ഇറങ്ങുന്നത് കള്ളപ്പണത്തിന്റെ വ്യാപനത്തിന് സൗകര്യമൊരുക്കും.
അതിനാൽ 2000ത്തിന്റെ നോട്ട് ഒരു കാരണവശാലും പാടില്ലെന്ന് അന്ന് അവർ ചൂണ്ടിക്കാട്ടിയതാണ്. സർക്കാറിനെ ഉപദേശിച്ചതുമാണ്. അന്ന് സർക്കാർ കേട്ടില്ല. എന്നാൽ, അതുശരിയാണെന്ന് സർക്കാറിനും റിസർവ് ബാങ്കിനും ക്രമേണ ബോധ്യമായി. പാകിസ്താനിലും മറ്റും അടിച്ച 2000ത്തിന്റെ കള്ളനോട്ട് ഇവിടെ ഹവാല പണമായി വ്യാപകമായി എത്തി. ഇത് 2018ന് മുമ്പുതന്നെ അധികൃതർ തിരിച്ചറിഞ്ഞിരുന്നു.
അതുകൊണ്ടാണ് 2000ത്തിന്റെ നോട്ട് അച്ചടി നിർത്തിവെച്ചത്. ചില മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാവർഷവും പുതിയ നോട്ടുകൾ അടിക്കാറുണ്ട്. എന്നാൽ, 2018നുശേഷം പുതുതായി 2000ത്തിന്റെ നോട്ട് അച്ചടിച്ചിട്ടില്ല. 2016ൽ ആകെയുള്ള കറൻസി മൂല്യത്തിന്റെ 50 ശതമാനവും 2000ത്തിന്റെ നോട്ടുകളായിരുന്നു.
പുതിയ നോട്ട് അച്ചടിക്കാതായതോടെ 2000 നോട്ടിന്റെ അനുപാതം വർഷംതോറും കുറഞ്ഞുകുറഞ്ഞു വന്നു. നിരോധനം പ്രഖ്യാപിച്ച മേയ് 19ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള നോട്ടുകളുടെ 10.8 ശതമാനം മാത്രമാണ് 2000ത്തിന്റേത്. അതിനാൽ ഇവ പിൻവലിക്കുന്നതുകൊണ്ട് വലിയ പ്രത്യാഘാതം ഉണ്ടാകില്ല.
2016 നവംബർ എട്ടിന് 500, 1000 രൂപ നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോൾ ഒറ്റയടിക്ക് 86.4 ശതമാനം കറൻസിയാണ് പിൻവലിക്കപ്പെട്ടത്. കറൻസി എന്നത് വാഹനത്തിന് ഇന്ധനം എന്നപോലെയാണ്. ഇന്ധനമില്ലെങ്കിൽ വാഹനം ഇടിച്ചുനിൽക്കും. അതുപോലെ കറൻസി ഇല്ലാതായാൽ സമ്പദ്ഘടന ഇടിച്ചുനിൽക്കും.
നോട്ടുനിരോധന കാലത്ത് നാം അത് അനുഭവിച്ചറിഞ്ഞവരാണ്. എല്ലാം സ്തംഭിച്ചുപോയ അവസ്ഥയായിരുന്നു അന്നുണ്ടായത്. ഇപ്പോൾ അത്ര ഭീകരമായ സ്തംഭനം ഉണ്ടാകില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും, കറൻസി മാത്രം ഉപയോഗിച്ച് വിനിമയം കാര്യമായി നടക്കുന്ന കാർഷിക മേഖലയിലെ ഇടപാടുകളെ ചെറിയതോതിൽ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയുണ്ട്.
നേരിട്ട് പണം നൽകുന്ന ചെറുകിട, ഇടത്തരം വ്യാപാര മേഖലയിലും സമാനമായ തിരിച്ചടി ഉണ്ടായേക്കാം. കള്ളപ്പണം ഏറ്റവും കൂടുതൽ പുറത്തുവരുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്.
ഈ ഘട്ടത്തിൽ 2000ത്തിന്റെ നോട്ട് പിൻവലിക്കുമ്പോൾ അതിനു പിന്നിൽ ഭരിക്കുന്ന പാർട്ടിയുടെ താൽപര്യങ്ങളും ഉണ്ടാകാം. നോട്ടുനിരോധനം വലിയ തെറ്റായിരുന്നു. അത് തിരുത്താൻ കഴിയാത്ത ഒന്നാണ്. 2000 ത്തിന്റെ നോട്ട് അടിച്ചിറക്കിയതാണ് അന്നത്തെ മറ്റൊരു തെറ്റ്. കുറച്ചുകാലം കഴിഞ്ഞിട്ടാണെങ്കിലും ആ തെറ്റ് സർക്കാർ തിരുത്തുകയാണ്. അത് നല്ലകാര്യം തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.