മനുഷ്യത്വം മറന്ന വികസനക്കുതിപ്പ്
text_fieldsകേരളത്തിൽ ദേശീയപാത അടക്കമുള്ള പശ്ചാത്തലസൗകര്യങ്ങളുടെ വികസനക്കാര്യത്തിൽ പിണറായി വിജയൻ സർക്കാർ സുപ്രധാനമായ കാൽവെപ്പ് നടത്തിയെന്നും വികസിത കേരളം കെട്ടിപ്പടുക്കുമെന്ന പ്രഖ്യാപനം നടപ്പായെന്നും അവകാശപ്പെട്ട് ഒക്ടോബർ 18ന് 'മാധ്യമം' ദിനപത്രത്തിൽ പി. ജയരാജൻ എഴുതിയത് അർധസത്യങ്ങളാണ്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിെൻറ നവലിബറൽ നയത്തിെൻറ ഭാഗമായ പൊതു-സ്വകാര്യപങ്കാളിത്തത്തോടെ (പി.പി.പി) ദേശീയപാതകൾ വികസിപ്പിച്ച് ടോൾ റോഡുകളാക്കുക എന്ന ആശയം തീവ്രവലതുപക്ഷ സ്വഭാവത്തോടെ നടപ്പാക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. നവലിബറൽ നയങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് പ്രഖ്യാപിതനിലപാടുള്ള പാർട്ടിയാണ് സി.പി.എം.
ആ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ മെംബർകൂടിയായ മുഖ്യമന്ത്രി സത്യപ്രതിജ്ഞ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം ദേശീയപാത വിഷയത്തിൽ ഇനി ചർച്ചയില്ലെന്നും ആരെതിർത്താലും 45 മീറ്റർ പദ്ധതി നടപ്പാക്കുമെന്നും ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. നയവും പദ്ധതിയും കേന്ദ്രത്തിേൻറതാണ്; ഞങ്ങൾക്ക് പങ്കില്ല എന്നു പറയുകയും പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെട്ട് സർക്കാർവക മുഴുപേജ് പത്രപരസ്യങ്ങളും മുഖ്യമന്ത്രിയുടെയും പാർട്ടി നേതാക്കളുടെയും ലേഖനങ്ങളും തുരുതുരാ മാധ്യമങ്ങളിൽ നിറയുന്നതും ഇക്കാര്യത്തിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.
ദേശീയപാത വികസനം സംബന്ധിച്ച പി. ജയരാജെൻറ ലേഖനത്തിലും റോഡ് സ്വകാര്യവത്കരണം, ടോൾപിരിവ്, പുനരധിവാസം തുടങ്ങിയ വിഷയങ്ങളൊന്നും കാണാനില്ല. പാലിയേക്കര മോഡലിൽ ഇരുപതോളം ടോൾ കൊള്ളയടികേന്ദ്രങ്ങളാണ് 45 മീറ്റർ വികസനത്തിെൻറ മറവിൽ തിരുകിക്കയറ്റുന്നത്. പാർലമെൻറ് പാസാക്കിയ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ജനപക്ഷവ്യവസ്ഥകളിൽ ഏറ്റവും പുരോഗമനപരമായ ഭാഗം പുനരധിവാസം ഉറപ്പാക്കുന്നു എന്നതാണ്.
2015 ജനുവരി ഒന്നു മുതൽ ദേശീയപാതക്കുവേണ്ടിയുള്ള ഭൂമി ഏറ്റെടുപ്പിനും 2013ലെ ഭൂമി ഏറ്റെടുക്കൽനിയമത്തിലെ നഷ്ടപരിഹാരം, പുനരധിവാസം, അടിസ്ഥാനസൗകര്യങ്ങൾ എന്നീ മൂന്ന് ഷെഡ്യൂളുകളും നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, ദേശീയപാതയുടേത് രേഖീയ പദ്ധതി (linear project) ആയതിനാൽ പുനരധിവാസം നൽകേെണ്ടന്നാണ് ദേശീയപാത അതോറിറ്റിയുടെ ബാലിശമായ വാദം.
ഏതു പദ്ധതിയുടെ പേരിലായാലും വീടും ജീവനോപാധികളും നഷ്ടപ്പെട്ട് കുടിയിറക്കപ്പെടുന്നവരുടെ കണ്ണീർ ഒന്നുതന്നെ. അവർ അനുഭവിക്കുന്ന ഹൃദയവേദനയും മാനസികപ്രയാസവും ഒന്നായിരിക്കെ തുല്യനീതിക്കു പകരം വിവിധ പദ്ധതികളുടെ ഇരകളോട് കേന്ദ്രസർക്കാർ പുലർത്തുന്ന ഇരട്ടത്താപ്പ് നീതികേടാണ്. കേന്ദ്രസർക്കാറിനെ തെറ്റ് ബോധ്യപ്പെടുത്തി പതിനായിരക്കണക്കിന് കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ട്.
നഷ്ടപരിഹാരത്തിലും സംസ്ഥാന സർക്കാർ നിലപാട് ഭൂമി നഷ്ടപ്പെടുന്നവർക്ക് വൻനഷ്ടം വരുത്തുന്നതാണ്. കേന്ദ്രനിയമത്തിൽ നഗരപ്രദേശങ്ങൾ ഒഴിച്ചുള്ള ഭാഗങ്ങളിൽ ഭൂമിയുടെയും മറ്റു ചമയങ്ങളുടെയും നഷ്ടപരിഹാരത്തുകയുടെ ഇരട്ടിയാണ് ഗുണനഘടകം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, 2017ലെ പ്രത്യേക ഉത്തരവിലൂടെ സംസ്ഥാന സർക്കാർ ഇത് നഗരപരിധിയിൽനിന്ന് 10 കിലോമീറ്റർ വരെ 20 ശതമാനം, 20 കിലോമീറ്റർ വരെ 40, 30 കിലോമീറ്റർ വരെ 60, 40 കിലോമീറ്റർ വരെ 80, അതിൽ കൂടുതൽ ദൂരം വരുന്നിടത്തു മാത്രം 100 ശതമാനം എന്ന നിലയിൽ ഉപാധിെവച്ചു.
കേരളത്തിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പത്തോ ഇരുപതോ കിലോമീറ്റർ ഇടയിൽ ഒരു നഗരസഭയെങ്കിലും ഉള്ളതിനാൽ ഫലത്തിൽ സർക്കാർ നിശ്ചയിക്കുന്ന പൊന്നുംവിലയുടെ 20 ശതമാനം മാത്രമേ മിക്കയിടങ്ങളിലും ഭൂവുടമകൾക്ക് അധികമായി ലഭിക്കുകയുള്ളൂ. കമ്പോളവിലയും ഗുണനഘടകവും ചേരുന്ന തുകയുടെ ഇരട്ടിയാണ് സമാശ്വാസ തുക എന്നതിനാൽ ഭൂവുടമകൾക്ക് നേരിടുന്ന നഷ്ടം 160 ശതമാനത്തോളമാണ്.
ഗുജറാത്ത്, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഗുണനഘടകം രണ്ടായി നിശ്ചയിച്ചപ്പോൾ പിണറായി സർക്കാർ സ്വീകരിച്ച നിലപാട് സംസ്ഥാനത്ത് ഭൂമി നഷ്ടപ്പെടുന്നവർക്ക് കനത്ത നഷ്ടം വരുത്തിവെക്കുന്നതാണ്. ഭൂമിയുടെ കമ്പോളവില നിശ്ചയിക്കുന്നതിലും കടുത്ത അനീതിയുടെ വാർത്തകളാണ് ഉയരുന്നത്. പ്രാഥമിക വിജ്ഞാപനതീയതിക്കു മുമ്പുള്ള മൂന്നു വർഷത്തിനിടയിൽ പദ്ധതിപ്രദേശത്തോ തൊട്ടടുത്തോ നടന്നിട്ടുള്ള ഭൂമിവിൽപനയിൽ ഉയർന്നവില രേഖപ്പെടുത്തിയിട്ടുള്ള ഏതാനും ആധാരങ്ങളുടെ ശരാശരി വിലയാണു സർക്കാർ കമ്പോളവിലയായി നിശ്ചയിക്കുന്നത്.
ഉയർന്ന വില രേഖപ്പെടുത്തിയ ആധാരങ്ങളിൽ പലതും ഓരോ ന്യൂനതകൾ നിരത്തി ഭൂമിയേറ്റെടുക്കൽ അധികാരികൾ തള്ളിക്കളയുന്നു. 10 ലക്ഷത്തിന് കച്ചവടം നടക്കുന്നിടത്ത് ഈ രീതിമൂലം ഒന്നോ രണ്ടോ ലക്ഷം മാത്രമാണ് കമ്പോളവിലയായി നിശ്ചയിക്കപ്പെടുന്നത്. ചുരുക്കത്തിൽ, യഥാർഥ കമ്പോളവിലയോടൊപ്പം നിയമത്തിെൻറ പിൻബലത്തിൽ ഇരകൾക്ക് അധിക ആശ്വാസമായി ലഭിക്കേണ്ട ഗുണനഘടകവും സമാശ്വാസ തുകയും കൂട്ടിച്ചേർത്താൽപോലും ഭൂമിയുടെ യഥാർഥവിലയുടെ പകുതിപോലും ആവുന്നില്ല എന്നതാണ് സത്യം. പതിന്മടങ്ങ് തുക നൽകുന്നുവെന്ന് അവകാശപ്പെടുന്നവർ അതിലും പതിന്മടങ്ങ് നൽകിയാലേ പകരം ഭൂമി വാങ്ങാൻ കഴിയൂ എന്നത് മനഃപൂർവം മറക്കുകയാണ്.
ഭൂമിയേറ്റെടുപ്പ് നടപടികൾ മുന്നേറുന്ന വടക്കൻജില്ലകളിൽ നഷ്ടപരിഹാരത്തുക വെട്ടിക്കുറക്കാനും തുടങ്ങി. കെട്ടിടങ്ങളുടെ കാലപ്പഴക്കം കണക്കാക്കാതെ പുതിയ ഷെഡ്യൂൾ പ്രകാരമുള്ള നിരക്കിൽ നഷ്ടപരിഹാരം നൽകുമെന്ന വാഗ്ദാനവും അട്ടിമറിക്കപ്പെടുന്നു. കെട്ടിടാവശിഷ്ടങ്ങൾ ആവശ്യപ്പെടാത്ത ഭൂവുടമകളുടെ നഷ്ടപരിഹാരത്തിൽനിന്നുപോലും 12 ശതമാനം നഷ്ടാവശിഷ്ട വില (salvage charge) ഇനത്തിൽ വെട്ടിക്കുറക്കുന്ന വിചിത്രമായ ഉത്തരവും ദേശീയപാത അതോറിറ്റി ഇറക്കിയിട്ടുണ്ട്. ചുങ്കപ്പാത പദ്ധതിയുടെ കരാറുകളും ജനങ്ങളെ കുടിയൊഴിപ്പിച്ച് ഭൂമി കേന്ദ്ര സർക്കാറിേൻറതാക്കുന്ന വിജ്ഞാപനങ്ങളും വൈകുന്നതിനെതിരെ നിരവധി തവണ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തിയ മുഖ്യമന്ത്രി മേൽപ്പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചതായി അറിവില്ല.
കോവിഡ് പ്രതിസന്ധികാലത്ത് ലോകത്തെവിടെയും ജനങ്ങളെ കുടിയിറക്കില്ല. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിരവധി പേരെ കുടിയിറക്കിവിട്ടു. ഒരു കുടുംബത്തെപ്പോലും പുനരധിവസിപ്പിച്ചിട്ടില്ല. കുടിയൊഴിഞ്ഞ് താക്കോൽ ഏൽപിച്ചാലേ നഷ്ടപരിഹാരത്തുകപോലും നൽകുകയുള്ളൂവെന്ന സർക്കാർ തീട്ടൂരങ്ങൾ വീടുകളിൽ പതിക്കുന്നു. ഉള്ള വീട്ടിൽനിന്നു നഷ്ടപരിഹാരംപോലും നൽകാതെ ഇറക്കിവിട്ടാൽ ഈ കോവിഡ് കാലത്ത് അവർ എവിടെ പോകും?
കോവിഡ് ഭീതി, നിരോധനാജ്ഞ, ലോക്ഡൗൺനിയമങ്ങൾ എന്നിവയിലൂടെ ജനങ്ങളെ കൈയും കാലും കെട്ടി നിശ്ശബ്ദരാക്കിയ അവസ്ഥയാണ്. വൻതോതിൽ പൊലീസിനെ ഇറക്കി ഭീതിവിതച്ചും ചിലയിടങ്ങളിൽ ഇരകളെ ആക്രമിച്ചും അടിച്ചോടിച്ചുമാണ് പിണറായി സർക്കാർ ചുങ്കപ്പാതക്കു ജനങ്ങളുടെ ഭൂമി പിടിച്ചെടുത്ത് നൽകുന്നത്.
ഭരണകൂടത്തിെൻറ എല്ലാ മർദനോപകരണങ്ങളും ഉപയോഗിച്ച് ഭൂമി പിടിച്ചെടുത്തശേഷം അത് സർക്കാറിെൻറ ഇച്ഛാശക്തിയാണെന്ന് മേനിപറയുന്നതും ജനങ്ങൾ സ്വമേധയാ ഭൂമി വിട്ടുനൽകുന്നുവെന്ന് അവകാശപ്പെടുന്നതും അപഹാസ്യമാണ്. മനുഷ്യത്വം മറന്ന വികസനത്തിെൻറ പൊങ്ങച്ചങ്ങൾ മാറ്റിവെച്ച് ജനകീയമായ പരിഹാരങ്ങൾക്ക് ഇനിയെങ്കിലും സർക്കാർ തുനിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.