വികസനം: ഇടതു ബദലിെൻറ പ്രസക്തി
text_fields‘വേണം നമുക്കൊരു പുതുകേരളം’ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രികയിലെ ആമുഖത്തിലെ ആദ്യ വാചകമാണിത്. ആമുഖം അവസാനിക്കുന്നത് ഇങ്ങനെയാണ്; കേരളത്തിെൻറ വികസനത്തിന് അടിത്തറയിട്ട ഇടതുപക്ഷം പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് ഉതകുന്ന കാര്യമായ ബദല്‍ നയങ്ങളുമായാണ് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിക്കുന്നത്. അതിനായി 600 നിർദേശങ്ങള്‍ പ്രകടനപത്രികയിലൂടെ മുന്നോട്ടുെവച്ചിരുന്നു. അതില്‍തന്നെ ഏറ്റവും സുപ്രധാനമെന്ന് കരുതുന്ന 35 മുദ്രാവാക്യങ്ങളില്‍ 29ാമത്തേത് പരിസ്ഥിതി സൗഹൃദകേരളം എന്ന തലക്കെട്ടിലുള്ളതാണ്. ഇത്രയും വ്യക്തമായി ഭാവി വികസനത്തിനുള്ള ഇടതുപക്ഷ ബദലുകളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രതിപാദിച്ച പ്രകടനപത്രിക ഇതിനുമുമ്പ് എല്‍.ഡി.എഫ് അവതരിപ്പിച്ചിട്ടില്ല.
ഇടതുപക്ഷത്തിന് കേരളത്തിെൻറ ഭാവി വികസനത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും വളരെ ആഴത്തിലുള്ള ധാരണയുണ്ടെന്നും അത് വലതുപക്ഷ നയങ്ങള്‍ക്കുള്ള ബദലാണെന്നും വ്യക്തമാണ്. ദേശീയപാത വികസനം, നെല്‍വയല്‍ സംരക്ഷണം, ഊർജ പ്രതിസന്ധി, മാലിന്യ സംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇടതുപക്ഷബദല്‍ എന്ന കൈയൊപ്പ് ചാർത്തുമ്പോൾ ഏറ്റവും കൂടുതല്‍ അസ്വസ്ഥമാക്കുന്നത് വലതുപക്ഷ പാര്‍ട്ടികളെയും കേന്ദ്ര സര്‍ക്കാറിനെയുമാണ്. ‘വികസനവിരോധികള്‍’ എന്ന നെറ്റിപ്പട്ടം ചാര്‍ത്തിയാണ് അവര്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നത്.
ഇന്ത്യക്ക് മാതൃകയാണ് 2008ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസാക്കിയത്. സംസ്ഥാനത്ത് അവശേഷിക്കുന്ന രണ്ടുലക്ഷം ഹെക്ടറില്‍ താഴെയുള്ള നെല്‍വയലുകളും ഒന്നേകാല്‍ ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനുള്ള ധീരമായ നിയമനിർമാണം എന്ന് വിശേഷിപ്പിക്കപ്പെട്ട നിയമമാണിത്. പ്രസ്തുത നിയമത്തിെൻറ കരുത്തിലാണ് നെല്‍വയലുകള്‍ നികത്തുന്നതിനെതിരെ നാട്ടിൽ സമരങ്ങള്‍ നടക്കുന്നതും കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതും. എൽ.ഡി.എഫ് അധികാരത്തില്‍വന്നാല്‍ ഒരുവര്‍ഷം കൊണ്ട് ഡാറ്റ ബാങ്കിന് അന്തിമരൂപം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. എന്നാല്‍, വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ടതാണെന്ന പൊതുബോധത്തിലേക്ക് മലയാളികളെ കൊണ്ടുവരാന്‍ ആ നിയമം സഹായകരമായി. ഈ പൊതുബോധത്തിെൻറ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ വയൽകിളികള്‍ നടത്തുന്ന കര്‍ഷകസമരം. അവര്‍ വികസനവിരോധികളല്ല. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സമരം ചെയ്യുന്നവരാണ്. അവരെ തീവ്രവാദികളെന്ന് വിളിച്ച് പരിഹസിക്കരുത്. വയല്‍ നികത്താതെ ദേശീയപാത വികസനം സാധ്യമാണെന്നും ആ ബദല്‍ നടപ്പാക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ വയൽകിളികളെ ശത്രുക്കളായി പ്രഖ്യാപിക്കുന്നത് എന്തിനു വേണ്ടിയാണെന്ന് മനസ്സിലാവുന്നില്ല. മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് കണ്ണൂർ നഗരത്തില്‍നിന്നും 25 കി.മീറ്റര്‍ നീളത്തില്‍ ഗ്രീന്‍ഫീല്‍ഡ് റോഡ് നിർമിക്കാനുള്ള തീരുമാനത്തെ ഒറ്റക്കെട്ടായി എതിര്ത്തുതോൽപിച്ചവരാണ് കണ്ണൂരിലെ ജനങ്ങൾ. വയലും നീര്‍ച്ചാലും വീടും നശിപ്പിച്ച് ഗ്രീന്‍ഫീല്‍ഡ് റോഡ് വേണ്ടെന്നും നിലവിലുള്ള സംസ്ഥാന- ജില്ല റോഡുകള്‍ വികസിപ്പിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രസൗകര്യം മെച്ചപ്പെടുത്തണമെന്നും പറഞ്ഞ് സമരംചെയ്ത ജനങ്ങളെ (സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് തുടങ്ങിയ എല്ലാ പാര്‍ട്ടിയിലും പെട്ടവര്‍ ആ സമരത്തില്‍ ഉണ്ടായിരുന്നു) ആരും വികസന വിരോധികള്‍ എന്നുപറഞ്ഞ് അധിക്ഷേപിച്ചിരുന്നില്ല. നേരെമറിച്ച്, പ്രസ്തുത ഗ്രീന്‍ഫീല്‍ഡ് റോഡ് ഉപേക്ഷിക്കുകയും നിലവിലുള്ള എട്ട് റോഡുകള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ച് യാത്ര പ്രശ്നത്തിന് പരിഹാരം തേടുകയുമാണ് ചെയ്തത്.
കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യത്ത് എല്ലായിടത്തും 60 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസനം നടത്തുന്ന നാഷനല്‍ ഹൈവേ അതോറിറ്റിയും കേന്ദ്രസര്‍ക്കാറും സംസ്ഥാനത്തിന് ഇളവനുവദിച്ചത്. സംസ്ഥാനത്തിെൻറ സവിശേഷമായ പ്രത്യേകത (ഭൂമിയുടെ ലഭ്യതക്കുറവ്, കടകളും കെട്ടിടങ്ങളും പൊളിക്കുമ്പോൾ ഉണ്ടാവുന്ന പ്രതിഷേധവും ഉയർന്ന നഷ്ടപരിഹാരം നൽകേണ്ട ബാധ്യത എന്നിവ മുഖ്യം) പരിഗണിച്ചാണ് 45 മീറ്ററില്‍ നാലുവരിയായി ദേശീയപാത വികസിപ്പിക്കാന്‍ തീരുമാനിച്ചത്. റോഡ് വികസനം ആവശ്യമെങ്കിലും പരമാവധി നാശനഷ്ടം കുറച്ചുവേണം അത് നടക്കേണ്ടതെന്ന് ചുരുക്കം. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ ദേശീയപാത വികസനത്തിെൻറ അലൈന്‍മെൻറ് മാറ്റത്തിനായും നഷ്ടപരിഹാരം കൂട്ടണമെന്നാവശ്യപ്പെട്ടും ബൈപാസുകളും ഫ്ലൈഓവറുകളും വേണമെന്നാവശ്യപ്പെട്ടും ജനകീയ സമരങ്ങള്‍ നടക്കുന്നുണ്ട്.
വടക്ക് തലപ്പാടിയില്‍ ആരംഭിച്ച് തെക്ക് ഇടപ്പള്ളിയില്‍ അവസാനിക്കുന്ന പഴയ എൻ.എച്ച്-17 നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് കീഴാറ്റൂരിലെ പ്രദേശവാസികള്‍ ഒരുവര്‍ഷം മുമ്പ് സമരം ആരംഭിച്ചത്. അവിടെ സമരം ചെയ്യുന്നവരുടെ നിറവും നിലപാടും ശക്തിയും പരിഗണിക്കാതെ വയല്‍കിളികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിെൻറ മെറിറ്റ് പരിശോധിക്കാനും പരിഹാരം കാണാനും ശ്രമിക്കുന്നതിനു പകരം സമരക്കാരെയും അവരെ പിന്തുണക്കുന്നവരെയും വികസനവിരോധികളും തീവ്രവാദികളും പരിസ്ഥിതി മൗലികവാദികളും മാവോവാദികളുമായി ചിത്രീകരിക്കാനാണ് ശ്രമംനടക്കുന്നത്.
നാഷനല്‍ ഹൈവേ അതോറിറ്റി അംഗീകരിച്ച് വിജ്ഞാപനമിറക്കിയ കുറ്റിക്കോല്‍-കൂവോട്-കീഴാറ്റൂര്‍-കുപ്പം വരെയുള്ള ആറു കി.മീറ്റര്‍ ബൈപാസിനെതിരെയാണ് വയല്‍കിളികളുടെ സമരം. നിർദിഷ്ട ബൈപാസിനായി ഏറ്റെടുക്കേണ്ട 29 ഹെക്ടര്‍ ഭൂമിയില്‍ 21 ഹെക്ടറും വയല്‍പ്രദേശമോ തണ്ണീര്‍ത്തടങ്ങളോ ആണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ല കമ്മിറ്റി നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. വടക്കും കിഴക്കും പടിഞ്ഞാറും കുന്നുകളുള്ള സമീപപ്രദേശങ്ങളേക്കാള്‍ ഏറെ താഴ്ന്നുകിടക്കുന്ന കീഴാറ്റൂര്‍ വയലില്‍കൂടി ബൈപാസ് നിർമിക്കാന്‍ ചുരുങ്ങിയത് നാല് മീറ്റര്‍ ഉയരത്തിലെങ്കിലും മണ്ണിട്ട് നികത്തേണ്ടിവരും. ബൈപാസ് കടന്നുപോകുന്ന ആറു കി.മീറ്റര്‍ ദൂരത്തില്‍ നാലര കി.മീറ്റും ഈ വിധം മണ്ണിട്ട് ഉയര്‍ത്തണം. 45 മീറ്റര്‍ വീതിയില്‍ നാല് മീറ്റര്‍ ഉയരത്തില്‍ നാലര കി.മീറ്റര്‍ നീളത്തില്‍ മണ്ണിട്ട് ഉയര്‍ത്തി ബൈപാസ് പണിയാന്‍ ഏകദേശം 6,48,000 ക്യുബിക് മീറ്റര്‍ (1,30,000 ലോഡ്) മണ്ണ് വേണ്ടിവരുമെന്ന് പരിഷത്തിെൻറ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. എവിടെനിന്നാണ് ഇത്രയും മണ്ണ് കൊണ്ടുവരുക? ഇതിനായി എത്ര കുന്നുകളാണ് ഇടിക്കേണ്ടിവരുക? കുന്നിടിക്കുമ്പോഴും വയല്‍ നികത്തുമ്പോഴും ഉണ്ടാവുന്ന പരിസ്ഥിതി നാശം എത്ര വലുതായിരിക്കുമെന്ന് സാമാന്യയുക്തിവെച്ചുതന്നെ മനസ്സിലാക്കാന്‍ കഴിയും. ഈ യുക്തിയാണ് കീഴാറ്റൂര്‍ സമരത്തിെൻറ ശക്തി.
ദേശീയപാത വികസനത്തിന് മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ബൈപാസ് വയല്‍നികത്തി നിർമിക്കേണ്ടിവരുന്നതെന്നാണ് സമരത്തെ എതിര്‍ക്കുന്നവരുടെ വാദം. ശാസ്ത്രസാഹിത്യ പരിഷത്തിെൻറ പഠന റിപ്പോര്‍ട്ടില്‍ നിർദേശിക്കുന്നതുപോലെ തളിപ്പറമ്പ് നഗരത്തില്‍ ഒരു ഫ്ലൈഓവര്‍ നിർമിച്ച് ദേശീയപാത വികസനം സാധ്യമാക്കാമെന്ന ബദല്‍ സാധ്യതയാണ് പരിഗണിക്കേണ്ടത്. നഗരത്തിരക്ക് ആരംഭിക്കുന്ന ഏഴാം മൈല്‍ മുതല്‍ ചിറവക്ക് വരെ രണ്ട് കി.മീറ്റര്‍ നീളത്തില്‍ ഫ്ലൈഓവര്‍ നിർമിക്കുകയാണ് പ്രശ്നത്തിനുള്ള പരിഹാരം. നിലവില്‍ തളിപ്പറമ്പ് നഗരത്തില്‍ 25-30 മീറ്റര്‍ വീതിയില്‍ സ്ഥലം ലഭ്യമാണ്. ഫ്ലൈഓവര്‍ പണിതാൽ വയൽ നികത്താതെയും കുന്നിടിക്കാതെയും നഗരത്തിലെ കടകള്‍ പൊളിക്കാതെയും ദേശീയപാത നാലുവരിയില്‍ വികസിപ്പിക്കാന്‍ സാധിക്കും. ജനസാന്ദ്രത കൂടിയ കേരളത്തില്‍ ആകാശപാതകളുടെ (ഫ്ലൈഓവര്‍) പ്രാധാന്യം കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്തുകയും നിർമാണത്തിന് ആവശ്യമായ തുക കണ്ടെത്തുകയും ചെയ്താല്‍ മാതൃകപരമായി പ്രശ്നപരിഹാരം സാധ്യമാവും. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈയെടുക്കണം.
ഫ്ലൈഓവര്‍ നിർമാണത്തിന് ചെലവേറുമെന്ന വാദമുണ്ട്. ഹ്രസ്വകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇത് ശരിയാണെങ്കിലും ദീര്‍ഘകാലത്തേക്ക് ലാഭകരമാണ്. രണ്ടോ മൂന്നോ വര്‍ഷത്തെ ഇടവേളയില്‍ റോഡില്‍ നടത്തേണ്ടി വരുന്നതുപോലുള്ള അറ്റകുറ്റപ്പണികളും റീടാറിങ്ങും ഫ്ലൈഓവറുകള്‍ക്ക് ആവശ്യമില്ല. അങ്കമാലി-മണ്ണുത്തി ദേശീയപാതയില്‍ ആറ് ഫ്ലൈഓവറുകള്‍ നിർമിച്ചിട്ടുണ്ട്. കേരളത്തിലെ ദേശീയപാത വികസനം പൂര്‍ത്തിയാവുമ്പോള്‍ ഇനിയും ചിലയിടങ്ങളില്‍ ഫ്ലൈഓവര്‍ അനിവാര്യമായി വരും. തളിപ്പറമ്പ് നഗരത്തിലെ ഫ്ലൈഓവര്‍ ദേശീയപാതയിലെ ഒറ്റപ്പെട്ട ആകാശപാത അല്ലെന്ന് ചുരുക്കം. വയല്‍കിളി സമരത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറും കേന്ദ്രവും തമ്മില്‍ നടത്തുന്ന ചർച്ചയും കേരളത്തിെൻറ രാഷ്ട്രീയ പിന്തുണ ഉറപ്പിക്കുകകൂടി ചെയ്താല്‍ ബൈപാസിന് പകരം തളിപ്പറമ്പ് നഗരത്തില്‍ ഫ്ലൈഓവര്‍ എന്ന ആവശ്യം യാഥാർഥ്യമാക്കാന്‍ കഴിഞ്ഞാൽ വിജയിക്കുന്നത് വയൽകിളികൾ മാത്രമല്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബദൽനയം കൂടിയായിരിക്കും.
(എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.