യുവാക്കളിലെ പ്രമേഹം അകറ്റിനിർത്താം
text_fieldsപ്രമേഹവും രക്താതിസമ്മർദവുമൊക്കെ ഇന്ന് പ്രായഭേദമന്യേ സർവസാധാരണമാണ്.രക്തത്തിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് അനിയന്ത്രിതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റിസ്. പാൻക്രിയാസിൽ ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണാണ് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നത്. ഇൻസുലിന്റെ അളവ് കുറയുന്നതാണ് പ്രമേഹത്തിന് കാരണമാകുന്നത്.
അവഗണിച്ചാൽ അപകടം വരുത്തിവെക്കുന്ന രോഗമാണിത്. ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളുടെയും പ്രവർത്തനം താറുമാറാക്കാൻ പ്രമേഹത്തിനാകും. ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗങ്ങൾ, കാഴ്ചപ്രശ്നങ്ങൾ തുടങ്ങി പല രോഗങ്ങൾക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്നു ഈ വില്ലൻ.
ലക്ഷണങ്ങൾ
നിരന്തരമായി മൂത്രം ഒഴിക്കാൻ തോന്നുക, ദാഹം, വിശപ്പ്, ക്ഷീണം, ശരീരഭാരം ക്രമാതീതമായി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ, കാഴ്ചയിൽ മങ്ങൽ, കൈകളിലോ കാലുകളിലോ അനുഭവപ്പെടുന്ന തരിപ്പ് അല്ലെങ്കിൽ മരവിപ്പ്, മുറിവുകൾ പതുക്കെ ഉണങ്ങുക, ശരീരത്തിലെ ചുളിവുകളുടെ ഭാഗങ്ങളിൽ ചർമം കറുപ്പാകുന്നു (അകാന്തോസിസ് നൈഗ്രിക്കൻസ്) എന്നിവയെല്ലാം പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. പ്രമേഹം സ്ഥിരീകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം രക്തപരിശോധനയാണ്. രോഗം സ്ഥിരീകരിച്ചാൽ ഡോക്ടറെ സന്ദർശിച്ച് കൃത്യമായി ചികിത്സ തേടുകയും വേണം.
യുവാക്കളിലെ പ്രമേഹ സാധ്യത
അനാരോഗ്യകരമായ ജീവിതരീതിയും ഭക്ഷണക്രമവും തന്നെയാണ് പ്രധാന പ്രശ്നം. ഫാസ്റ്റ് ഫുഡ്, മധുര പലഹാരങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ അനിയന്ത്രിത ഉപയോഗം, വ്യായാമം ഇല്ലാത്തത്, ഇരുന്ന് ജോലി ചെയ്യുന്ന പ്രവണത എന്നിവയും യുവാക്കളിലെ പ്രമേഹസാധ്യത വർധിപ്പിക്കുന്ന കാര്യങ്ങളാണ്. പുകവലിയും മദ്യപാനവുമാണ് മറ്റൊരു ഘടകം. 30-40 ശതമാനം പുകവലിക്കാര്‍ക്കും ടൈപ്പ് രണ്ട് ഡയബറ്റിസ് സാധ്യത കൂടുതലാണ്. അമിതമായ മദ്യപാനം രക്തത്തിലെ ഗ്ലൂക്കോസിന്റെ നില ഉയര്‍ത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ
രക്തത്തിലെ പ്രമേഹനില ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് ഹൈപ്പർ ഗ്ലൈസീമിയ. ഇത് നിയന്ത്രണമില്ലാതെ തുടർന്നാൽ 10-15 വർഷംകൊണ്ട് വിവിധ അവയവങ്ങളെ തകരാറിലാക്കിയേക്കാം. അനിയന്ത്രിത പ്രമേഹം കാഴ്ചയെ പലതരത്തിൽ തകരാറിലാക്കും. റെറ്റിനോപ്പതി, ഗ്ലൂക്കോമ, തിമിരം, റെറ്റിനൽ ഡിറ്റാച്ച്മെന്റ്, ഡയബറ്റിക് മാക്യുലോപ്പതി തുടങ്ങിയ കാഴ്ച പ്രശ്നങ്ങൾക്ക് പ്രമേഹം കാരണമാകും. അനിയന്ത്രിതമായ പ്രമേഹമുള്ളവരിൽ ഹൃദ്രോഗസാധ്യത മൂന്നുമുതൽ നാലുമടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹം ഹൃദയരക്തക്കുഴലുകളെയും ഹൃദയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളെയും ബാധിക്കുമ്പോഴാണ് ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നത്.
അനിയന്ത്രിതമായ പ്രമേഹം മൂലമുണ്ടാകുന്ന സങ്കീര്‍ണതകളില്‍ പ്രധാനമാണ് ഡയബറ്റിക് ഫൂട്ട് അഥവാ പാദ സംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങള്‍. കാലിൽ വരുന്ന ചെറിയ വ്രണങ്ങൾ മുതൽ കാലിലേക്കുള്ള രക്തയോട്ടം നിലക്കുന്നതിനെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ട സാഹചര്യം വരെയുള്ള പ്രശ്നങ്ങളെല്ലാം ഡയബറ്റിക് ഫൂട്ടിൽ പെടുന്നു. വൃക്കരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി അനിയന്ത്രിതമായ പ്രമേഹത്തെ കണക്കാക്കുന്നുണ്ട്. പ്രമേഹം കൂടുന്നതുമൂലം വൃക്കയിലെ അതിസൂക്ഷ്മമായ രക്തക്കുഴലുകൾ തകരാറിലാവുകയും വൃക്കയുടെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാം. ഡയബറ്റിക് നെഫ്രോപ്പതി എന്നാണ് ഇത് അറിയപ്പെടുന്നത്.
അനിയന്ത്രിതമായ പ്രമേഹംമൂലം രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിക്കുമ്പോൾ ശ്വാസകോശത്തിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താതെ വരും. ഇത് അണുബാധയുടെ സാധ്യത കൂട്ടും. ക്ഷയം, ന്യൂമോണിയ തുടങ്ങിയവ ബാധിക്കാൻ ഇത് ഇടയാക്കാം. ദീർഘകാലം പ്രമേഹനില ഉയർന്നുനിൽക്കുന്നതുകാരണം മസ്തിഷ്കത്തിലേക്കുള്ള രക്തക്കുഴലുകളിൽ ഉണ്ടാകുന്ന തകരാറുകളാണ് സ്ട്രോക്കിലേക്ക് നയിക്കുന്നത്. രക്തക്കുഴലിലെ തടസ്സം കാരണമുണ്ടാകുന്ന ഇസ്കീമിക് സ്ട്രോക്കിനും രക്തക്കുഴൽ പൊട്ടിയുണ്ടാകുന്ന ഹെമറാജിക് സ്ട്രോക്കിനും പ്രമേഹം ഇടയാക്കുന്നുണ്ട്. ഇവക്കുപുറമെ ലൈംഗിക പ്രശ്നങ്ങൾ, നാഡീ തകരാറുകൾ, മോണരോഗങ്ങൾ, ഗർഭകാല സങ്കീർണതകൾ തുടങ്ങിയവക്കും അനിയന്ത്രിതമായ പ്രമേഹം കാരണമാകുന്നു.
പ്രമേഹത്തെ അകറ്റിനിർത്താം
ജീവിതശൈലിയിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ പ്രമേഹ സാധ്യത ഒഴിവാക്കാനും, രോഗം ബാധിച്ചവർക്ക് നിയന്ത്രിച്ച് കൊണ്ടുപോകാനും കഴിയും. പതിവായുള്ള വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക, ആരോഗ്യകരമായ ആഹാരക്രമം പാലിക്കുക എന്നിവയെല്ലാം സുപ്രധാനമാണ്. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് വീതം വ്യായാമം ചെയ്യണം. നന്നായി വ്യായാമം ചെയ്യുന്നവർക്ക് പ്രമേഹസാധ്യത കുറവായിരിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ പച്ചക്കറികളും ഇലവർഗങ്ങളും ധാരാളമായി ഉപയോഗിക്കുക. മധുരവും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ആഹാരം കുറക്കുന്നത് പ്രമേഹത്തെ തടയും. പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ബാലന്‍സ് ഡയറ്റ് ശീലിക്കുന്നതും നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.