ഡിജിറ്റൽ ഇന്ത്യയും പഴഞ്ചൻ പോളിങ് ഡ്യൂട്ടിയും
text_fieldsകോടികൾ പൊടിച്ച ജനാധിപത്യത്തിന്റെ ഒരു ഉത്സവത്തിനുകൂടി തിരശ്ശീല വീണിരിക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും സ്ഥാനാർഥിയും അനുയായികളും അനുഭവിക്കുന്നതിലേറെ ദുരിതപ്പെടുന്ന ഒരു കൂട്ടരുണ്ടെങ്കിൽ അത് കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ പണിപ്പെട്ട പോളിങ് ഉദ്യോഗസ്ഥരാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന അന്ന് മുതൽ പോളിങ് ഉപകരണങ്ങൾ തിരിച്ചെത്തിച്ച് വീടണയുംവരെ സർക്കാർ ഉദ്യോഗസ്ഥരുടെ നെഞ്ചിൽ തീയാണ്.
ഡ്യൂട്ടി ലഭിക്കുന്നവരുടെ കൂട്ടത്തിൽ തന്റെ പേര് ഇല്ലാതിരിക്കണേ ഉണ്ടെങ്കിൽ നല്ല ബൂത്ത് ലഭിക്കണേ എന്നാണ് ഓരോരുത്തരുടെയും പ്രാർഥന. ബൂത്ത് പിടിത്തവും അക്രമവുമെല്ലാം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇല്ലെന്നുതന്നെ പറയാമെങ്കിലും പോളിങ് ചുമതലയോട് ഇത്ര പേടിയെന്തു കൊണ്ടാണ്?
ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന രീതി മുതൽ സാധന സാമഗ്രികളുടെ വിതരണവും തിരിച്ചേൽപ്പിക്കലും വരെയുള്ള പ്രക്രിയകളിലെ അശാസ്ത്രീയതയാണ് പോളിങ് ഡ്യൂട്ടിയെ ഇത്രമാത്രം പ്രയാസകരമാക്കുന്നത്.
തിരഞ്ഞെടുക്കുന്നതിലെ അശാസ്ത്രീയത
എല്ലാ ഇലക്ഷനിലും മുടങ്ങാതെ പോളിങ് ഡ്യൂട്ടി ലഭിക്കുന്നവരെയും വർഷങ്ങളായി ലഭിക്കാത്തവരെയും ഒരുപക്ഷേ ഒരേ സ്ഥാപനത്തിൽത്തന്നെ നമുക്ക് കാണാൻ കഴിയും.
ഓരോ പ്രാവശ്യവും പോളിങ് ജോലി ചെയ്തവരുടെ േഡറ്റ ബാങ്ക് ഉണ്ടാക്കി സോഫ്റ്റ്വേർ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. കഴിവതും ഉദ്യോഗസ്ഥർ ജോലിചെയ്യുന്ന മണ്ഡലത്തിൽ തന്നെ അവരെ ഡ്യൂട്ടിക്ക് നിയോഗിച്ചുകൂേട? (കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ ഇത് പ്രായോഗികമാക്കിയിരുന്നു). ഇപ്പോൾ പല ഉദ്യോഗസ്ഥർക്കും രണ്ടു മൂന്നു മണിക്കൂർ യാത്ര ചെയ്തുവേണം കലക്ഷൻ സെൻററിൽ എത്താൻ.
മുൻകൂട്ടി അറിയിച്ചിട്ടുപോലും പ്രായാധിക്യവും അസുഖങ്ങളുമുള്ളവരെയും മുലയൂട്ടുന്ന അമ്മമാരെയും ഗർഭിണികളെയും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാഞ്ഞ നിരവധി സംഭവങ്ങളുണ്ട്. ഇക്കുറി ഡ്യൂട്ടിക്കിടെ പ്രായമായ ഒരു ഉദ്യോഗസ്ഥൻ രക്ത സമർദം കൂടി തലയിടിച്ച് വീഴുകയും പരിക്ക് പറ്റുകയും ചെയ്തത് ഓർക്കുക. പ്രായാധിക്യ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും അധികൃതർ പരിഗണിച്ചില്ലത്രെ. ഭാര്യയും ഭർത്താവും ഉദ്യോഗസ്ഥരാണെങ്കിൽ ഒരാൾക്ക് ഒഴിവ് നൽകാൻ വ്യവസ്ഥയുണ്ട്. അപേക്ഷ നൽകിയാലും ഒഴിവാക്കിക്കിട്ടുമെന്ന് ഉറെപ്പാന്നുമില്ല.
കലക്ഷൻ സെൻററിലെ കൂട്ടപ്പൊരിച്ചിൽ
പോളിങ്ങിന് തലേദിവസം രാവിലെ എട്ടു മണിക്ക് റിപ്പോർട്ട് ചെയ്ത് ഇലക്ട്രോണിക് മെഷീനടക്കമുള്ള സാധനസാമഗ്രികൾ ഉദ്യോഗസ്ഥർ കൈപ്പറ്റേണ്ടതുണ്ട്. രാവിലെ എത്തിയാലും ഉച്ച കഴിഞ്ഞാലും അവസാനിക്കാത്ത ഒരു കാത്തിരിപ്പാണത്. ഇതിലും കഷ്ടമാണ് പോളിങ് കഴിഞ്ഞ് അവ തിരിച്ചേൽപിക്കുമ്പോഴുള്ള അവസ്ഥ. സൂചി കുത്താൻ ഇടമില്ലാത്ത അവസ്ഥയിലായിരിക്കും സെൻററുകളിൽ ജന ബാഹുല്യം.
സാമൂഹിക അകലവും വ്യക്തിസുരക്ഷയും പാലിക്കേണ്ട ഈ കൊറോണക്കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇക്കാര്യത്തിൽ നമുക്ക് തമിഴ്നാടിനെ മാതൃകയാക്കാവുന്നതാണ്. അറിഞ്ഞ കാര്യങ്ങൾ അനുസരിച്ച് തെരഞ്ഞെടുപ്പ് നടപടികൾ ഇവിടത്തേക്കാൾ ഏറെ മെച്ചമാണ് അയൽ സംസ്ഥാനത്ത്. പോളിങ്തലേന്ന് രാവിലെ 9 മണിക്ക് അതത് മണ്ഡലങ്ങളിലെ ഏകോപന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരെത്തണം.
ടീമിലെ എല്ലാവരുമെത്തിയാൽ അവർക്ക് നിയോഗിക്കപ്പെട്ട ബൂത്തിലേക്ക് പോകാം. ഉച്ചതിരിഞ്ഞ് ഉത്തരവാദപ്പെട്ടവർ പോളിങ് യന്ത്രങ്ങൾ, പേപ്പറുകൾ, കവറുകൾ ഉൾെപ്പടെ ആവശ്യമായ സാമഗ്രികൾ ബൂത്തിലെത്തിക്കും.(കേരളത്തിലേതുപോലെ കേന്ദ്രങ്ങളിൽ കാത്തുകെട്ടിക്കിടന്ന്, തിക്കിത്തിരക്കി എല്ലാം വാങ്ങിക്കെട്ടി തൂക്കിപ്പിടിച്ച് ബൂത്തുകളിലേക്ക് പോകേണ്ടതില്ല). പോളിങ് കഴിഞ്ഞാൽ മെഷീനുകൾ സീൽ ചെയ്ത് ഏജൻറുമാരുടെ ഒപ്പുകൾ വാങ്ങി, സമർപ്പിക്കുന്നതിന് പേപ്പറുകളും കവറുകളുമെല്ലാം തയാറാക്കി വെച്ചുകഴിഞ്ഞാൽ അവ ഏറ്റുവാങ്ങാനും തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരെത്തും.
അടച്ചുറപ്പില്ലാത്ത ബൂത്തുകൾ
പലപ്പോഴും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ലാത്ത, അടച്ചുറപ്പില്ലാത്ത ഇടങ്ങളിലായിരിക്കും ബൂത്തുകൾ. ഇവിടെ ഡ്യൂട്ടി ലഭിക്കുന്ന സ്ത്രീ ഉദ്യോഗസ്ഥരുടെ കാര്യം മഹാ കഷ്ടമാണ്. സ്ത്രീ സുരക്ഷക്കുവേണ്ടി ഒരു നടപടിയും സ്വീകരിക്കാറില്ല.
ഈ വർഷം ഒരു വനിത ഉദ്യോഗസ്ഥ വൈദ്യുതി പോയ സമയത്ത് കൈവരി ഇല്ലാത്ത കെട്ടിടത്തിെൻറ മുകളിൽനിന്ന് താഴേക്കു വീണത് ചേർത്ത് വായിക്കുക. ഓരോ അഞ്ചു വർഷവും കഴിയുമ്പോൾ മൂന്ന് വ്യത്യസ്ത തെരഞ്ഞെടുപ്പുകൾ നടക്കാനുണ്ടെന്നിരിക്കെ അടിസ്ഥാന സൗകര്യങ്ങേളാടെ ബൂത്തുകൾ എന്തു കൊണ്ട് നിർമിച്ചുകൂടാ?
തിരിച്ചറിയൽ രേഖയും അനുബന്ധ പ്രശ്നങ്ങളും
ഇലക്ഷനിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ് വോട്ടറെ തിരിച്ചറിയുക എന്നുള്ളത്. ഈ പ്രാവശ്യം ഏറെ അഭിമുഖീകരിച്ച പ്രശ്നമായിരുന്നു ഇരട്ട വോട്ട് . ഇത് പരിഹരിക്കുന്നതിന് സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവർ എന്നിവരുടെ പേരുകൾ ക്രോഡീകരിച്ച് ഇലക്ഷൻ കമീഷൻ ഓരോ ബൂത്തിലേക്കും എ.എസ്.ഡി (Absentees, Shift, Death) ലിസ്റ്റ് തയാറാക്കി പ്രിസൈഡിങ് ഓഫിസർമാരെ ഏൽപിച്ചു.
എന്നാൽ ഈ ലിസ്റ്റിൽ എല്ലാ ഇരട്ട വോട്ടുകളും ഉൾപ്പെട്ടില്ല എന്നതാണ് ബൂത്തിൽ നിന്നുള്ള അനുഭവം. ലിസ്റ്റിൽ ഉൾപ്പെടാത്തവരെ ഏജൻറുമാർ കാണിച്ചുതന്ന മുറക്ക് പോളിങ് ഉദ്യോഗസ്ഥർ അത് മാർക്ക് ചെയ്ത് കമീഷനിൽ അറിയിച്ചു. കൃത്രിമം തടയാനെന്ന പേരിൽ റേഷൻ കടയിൽനിന്ന് അരി വാങ്ങാൻ വരെ ബയോമെട്രിക് സംവിധാനം നടപ്പാക്കിയ രാജ്യത്ത് പരമപ്രധാന സുരക്ഷ ആവശ്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എന്തുകൊണ്ട് ബയോമെട്രിക് ഉപയോഗിച്ചുകൂടാ?
ബയോമെട്രിക് സംവിധാനം പ്രാബല്യത്തിൽ വരുത്തിയാൽ പലതുണ്ട് ഗുണങ്ങൾ
1. വോട്ടറെ തിരിച്ചറിയൽ വളരെ വേഗത്തിൽ നടത്താം. (പലപ്പോഴും വോട്ടർ സമർപ്പിക്കുന്നത് വർഷങ്ങൾക്ക് മുമ്പുള്ള തിരിച്ചറിയൽ രേഖകളായിരിക്കും. ഇതു വെച്ച് വോട്ടറെ തിരിച്ചറിയൽ വളരെ ബുദ്ധിമുട്ടാണ്)
2. കള്ള/അപര/ പരേത /ഇരട്ടവോട്ടുകൾ തടയാം (വോട്ട് ചെയ്യുന്നവരുടെ വിവരം ഒരു കേന്ദ്രീകൃത സെർവറിലേക്ക് മാറ്റുന്നതിലൂടെ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാം).
3. മഷി പുരട്ടൽ, വോട്ടേഴ്സ് സ്ലിപ്പ് എന്നിവ ഒഴിവാക്കാം.
4. പോളിങ് ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാം.
5. ഉദ്യോഗസ്ഥർക്ക് ഭയലേശമില്ലാതെ ജോലി ചെയ്യാം.
ഡിജിറ്റൽ ഇന്ത്യ, നോൺഡിജിറ്റൽ തെരഞ്ഞെടുപ്പ്
പരമ്പരാഗത രീതികളിൽനിന്ന് വൻതോതിലെ മാറ്റങ്ങളാണ് തെരഞ്ഞെടുപ്പ് രംഗത്ത് സംഭവിച്ചുവരുന്നത്. ബാലറ്റ് പേപ്പർ ഇ.വി.എം മെഷീനിലേക്കും വി.വി പാറ്റിലേക്കും വഴിമാറി. സ്ഥാനാർഥികളുടെ പ്രചാരണത്തിന് ഡിജിറ്റൽ പോസ്റ്ററുകളും വിഡിയോകളും വന്നു. എന്നാൽ ഡിജിറ്റൽ വിപ്ലവത്തിലൂടെ മുന്നേറുന്നു എന്ന് കൊട്ടിഘോഷിക്കുന്ന രാജ്യത്ത് ഒരു മാറ്റവും ഇല്ലാതെ തുടരുന്നു ഇലക്ഷൻ അനുബന്ധ ഫോമുകൾ.
ഏതാനും ഓൺലൈൻ ഫോമുകളിലായി രേഖപ്പെടുത്താവുന്ന വിവരങ്ങൾ ഡസൻ കണക്കിന് കവറുകളിൽ ഭദ്രമാക്കിയ ഫോമുകളിലെഴുതിച്ച് പരമാവധി ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു സംവിധാനം രാജ്യത്ത് വേറെയൊന്നുണ്ടാകുമോ എന്നറിയില്ല. പോൾ മാനേജർ പോലെയുള്ള ആപ്ലിക്കേഷനിലൂടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുകയും ഫൈനൽ റിപ്പോർട്ട് കലക്ഷൻ സെന്ററിൽ പ്രിന്റെടുത്ത് പ്രിസൈഡിങ് ഓഫിസറുടെ ഒപ്പ് വാങ്ങുന്ന സംവിധാനം ഏർപ്പെടുത്തി ഇത് ലഘൂകരിക്കാവുന്നതേ ഉള്ളൂ. കുറ്റം പറയരുതല്ലോ, നമ്മളിപ്പോൾ പോൾ മാനേജർ ആപ് ഉപയോഗിക്കുന്നുണ്ട്.
ഓരോ മണിക്കൂറിലെയും ആൺ, പെൺ തിരിച്ചുള്ള പോളിങ് കണക്ക് റിപ്പോർട്ട് ചെയ്യാനാണെന്നുമാത്രം. ഇലക്ഷൻ അനുബന്ധ ഫോമുകൾ ഓരോ മൊഡ്യൂളായി ഇതിൽ ഉൾപ്പെടുത്താവുന്നതേയുള്ളൂ. ഇക്കുറി ഇലക്ഷൻ പരമാവധി ഹരിത പ്രോട്ടോകോൾ ഉപയോഗിച്ചാണ് ചെയ്തത്. പ്ലാസ്റ്റിക് ഉപയോഗം കുറച്ചതുകൊണ്ട് മാത്രമായില്ല; പേപ്പർ ഉപയോഗവും കുറക്കേണ്ടതുണ്ട്. കുറ്റമറ്റ ഇൻറർനെറ്റ് സംവിധാനം ഏർപ്പെടുത്തി വരും തെരഞ്ഞെടുപ്പുകളിലെങ്കിലും അത് യാഥാർഥ്യമാക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകൾ ലഘൂകരിക്കുകവഴി ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയുകയും സർക്കാറിന് കോടികൾ ലാഭിക്കുകയും ചെയ്യാം. ഒപ്പം പരിസ്ഥിതിക്കേൽപ്പിക്കുന്ന പരിക്ക് പരമാവധി കുറക്കാനുമാവും.
കോഴിക്കോട് ഫാറൂഖ് കോളജിൽ സാമ്പത്തിക ശാസ്ത്ര വകുപ്പ് അസി. പ്രഫസറാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.