ദുരന്തനായകനല്ല, പാഠപുസ്തകം
text_fieldsതിരശ്ശീലയിലെ പേരിൽ ഖാനില്ലെങ്കിലും ഇന്ത്യൻ സിനിമയെ ത്രസിപ്പിച്ച ആദ്യ ഖാനായിരുന്നു ദിലീപ് കുമാറെന്ന മുഹമ്മദ് യൂസുഫ് ഖാൻ. നിരാശകാമുകൻ, വേർപെട്ടുപോയ സഹോദരൻ, ക്ഷോഭിക്കുന്ന യുവാവും വൃദ്ധനും, വിപ്ലവകാരിയായ മകൻ, രാജ്യസ്നേഹിയായ പോരാളി, പുനർജനിക്കുന്ന നായകൻ എന്നിങ്ങനെ പിന്നീട് ഇന്ത്യൻ സിനിമ കണ്ട എല്ലാ നായകമാതൃകകളുടെയും തുടക്കം ദിലീപ് കുമാറിൽ നിന്നായിരുന്നു.
ഷോലെയല്ല 'മുഗളേ അഅ്സമാ'യിരുന്നു ഇന്ത്യൻ സിനിമ കണ്ട ആദ്യ വമ്പൻ ഹിറ്റ്. പൃഥ്വിരാജ് കപൂറെന്ന ഇന്ത്യൻ സിനിമയിലെ പിതൃരൂപങ്ങളിലൊന്നിനെ വെല്ലുവിളിച്ച് ആ സിനിമയിലുടനീളം നായകനെ സ്റ്റൈലൈസ് ചെയ്ത് തന്റേതായ ഇടമുണ്ടാക്കിയ ദിലീപ് കുമാറിനോളം തിരശ്ശീലയിൽ വ്യക്തിമുദ്രപതിപ്പിച്ച താരങ്ങൾ നമുക്കുണ്ടായിട്ടില്ല. നായകൻ സംഭാഷണം ഉരുവിടുന്ന യന്ത്രങ്ങൾ മാത്രമായിരുന്ന അക്കാലത്ത് കഥാപാത്രങ്ങൾക്ക് തീക്ഷ്ണതയും ഭാവവും നൽകി ചില മാനറിസങ്ങളും മൗനവും നോട്ടവുംകൊണ്ട് അവയെ മിനുക്കി റിയലിസത്തിലേക്ക് നായകനെ അടുപ്പിച്ച ആദ്യ ഇന്ത്യൻ നടനായിരുന്നു ദിലീപ് കുമാർ.
ആദ്യ സിനിമ 'ജ്വാർ ഭട'ക്കുശേഷം നിരൂപകർ അദ്ദേഹത്തെ നന്നായി ആക്രമിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ കുറ്റവാളിയെപ്പോലുണ്ട് നായകനെന്ന് ഫിലിം ഇന്ത്യ പോലുള്ള പ്രസിദ്ധീകരണങ്ങൾ കുറ്റപ്പെടുത്തി. ചോര വാർന്നുപോയ നായകനെന്നും കളിയാക്കലുണ്ടായി.
പക്ഷേ, അയാൾ തോൽക്കാൻ വന്നതായിരുന്നില്ല. രാജ് കപൂറും ദിലീപ് കുമാറും കുടുംബവേരുകളാൽ പെഷാവറുകാരായിരുന്നു. മുഖ്യധാരാസിനിമയെ നിയന്ത്രിക്കാനുള്ള എല്ലാ ശേഷികളുമുള്ള കപൂർ കുടുംബത്തിൽ നിന്ന് ദിലീപിനെ വേറിട്ടുനിർത്തിയത് നടനെന്ന നിലയിൽ അദ്ദേഹത്തിനുള്ള മികവായിരുന്നു. 'അന്ദാസ്' എന്ന സിനിമയിൽ ദിലീപും രാജ് കപൂറും മുഖാമുഖം തിരശ്ശീലയിലെത്തിയ സീൻ അക്കാലത്തെ നിരൂപകർ അഭിനയമെന്തെന്ന് കാണിച്ച് കൊടുക്കാനായി ഉദാഹരിച്ചിരുന്നു. രാജ് കപൂർ കോണിപ്പടിയിൽ വെച്ച് നായിക നർഗീസുമായി സംസാരിക്കുന്നതിനിടെ കടന്നുവരുന്ന ദിലീപ് കുമാർ 2000ത്തിന് ശേഷം കണ്ട ഒരു ഇന്ത്യൻ സിനിമയിലെ നായകനെ പോലെ നാടകീയതയുടെ തരിമ്പ് പോലുമില്ലാതെയാണ് അഭിനയിച്ചത്. കാലത്തിന് മുമ്പേ പിറന്ന അഭിനയസ്വാഭാവികത.'ദേവദാസെ'ന്ന ഇന്ത്യൻ ദുരന്തനായകനെ ദിലീപ് കുമാർ അവതരിപ്പിച്ചതുപോലെ പിന്നെയാരും അവതരിപ്പിച്ചിട്ടില്ല. അന്ദാസ്, ജോഗൻ, ദീദാർ തുടങ്ങിയ ആദ്യകാല സിനിമകളിലെല്ലാം ദിലീപ് കരയുന്ന കാമുകനായിരുന്നു. പക്ഷേ, അത്രക്ക് തീവ്രമായി അവതരിപ്പിച്ച കഥാപാത്രങ്ങളായതുകൊണ്ട് ദിലീപ് കുമാറിെൻറ താരപദവിയിലേക്കുള്ള കോണിപ്പടികളായി ആ സിനിമകൾ. പ്രണയം തകർന്ന് ചങ്ക് പൊട്ടിയ ദിലീപ് കുമാറുമാരായിരുന്നു അക്കാലത്തെ മധ്യവർഗ യുവാക്കൾ.
ആ പ്രതിച്ഛായയിൽ ദിലീപ് പിന്നീട് വീണു പോയി. ഒരു ഘട്ടത്തിൽ ദുരന്തനായകെൻറ മാനസിക നിലയിലേക്ക് വീണുപോയ ദിലീപ് കുമാർ പിന്നീട് കുറെക്കൂടി ലഘുവായ വിഷയങ്ങളിലേക്ക് മാറി. ഇന്ത്യൻ സിനിമയിലെ ക്ലാസിക്കായി കണക്കാക്കപ്പെടുന്ന ഗുരുദത്തിെൻറ 'പ്യാസ'യിൽ നിന്നും അദ്ദേഹം പിൻവാങ്ങിയത് വീണ്ടുമൊരു ദുരന്തനായകനാകാനുള്ള മടി കാരണമായിരുന്നു.
മെത്തേഡ് ആക്ടറെന്ന് സത്യജിത്ത് റായ് വിശേഷിപ്പിച്ച ദിലീപ് കുമാർ പല കഥാപാത്രങ്ങളുടെയും ഒറിജിനലിനെത്തേടി തെരുവ് തെണ്ടിയിരുന്നു. 1951 ൽ ദീദാറിലെ അന്ധഗായകനെ അവതരിപ്പിക്കാൻ മുംബൈയിലെ തെരുവ് ഗായകർക്കൊപ്പം ദിവസങ്ങളോളം അദ്ദേഹം ചെലവഴിച്ചു. അതേവരെ കണ്ണടച്ചായിരുന്നു സിനിമയിൽ നടീനടന്മാർ കാഴ്ചയില്ലാത്തവരെ അവതരിപ്പിച്ചതെങ്കിൽ ദിലീപ് കണ്ണ് തുറന്നു പിടിച്ചഭിനയിച്ചു. പിന്നീട് നമ്മുടെ തിരശ്ശീലയിലെ എല്ലാ നടന്മാരും അങ്ങനെയാണ് കാഴ്ചയില്ലാത്തവരെ അവതരിപ്പിച്ചത്. 'കോഹിനൂറി'ലഭിനയിക്കാൻ സിതാർ വാദകൻ ഉസ്താദ് ഹാലിം ഖാനോടൊപ്പം ആറു മാസം ചെലവഴിച്ചു.
മർലോൺ ബ്രാൻഡോയാണ് ദിലീപ് കുമാറിെൻറ മാതൃകയെന്ന് പല വിലയിരുത്തലുകളുമുണ്ട്. സത്യം അതല്ല. രണ്ടു പേരും അസ്സൽ നടന്മാരാണ്. 40കളിലാണ് ഇരുവരും തുടങ്ങിയത്. അറുപതുകളിൽ അവർ മെത്തേഡ് ആക്ടിങ്ങിെൻറ കൊടുമുടിയിലെത്തി. പക്ഷേ, കാലഗണനയിൽ ദിലീപ് കുമാറാണ് മർലോൺ ബ്രാൻഡോയെക്കാൾ മുമ്പ് മെത്തേഡ് ആക്ടിങ്ങിനെ ഫലപ്രദമായി ഉപയോഗിച്ചതെന്നു കാണാം. ബ്രാൻഡോയുടെ 'ഓൺ ദ വാട്ടർ ഫ്രണ്ട്' പുറത്തിറങ്ങും മുമ്പുതന്നെ ദിലീപ് കുമാർ മെത്തേഡ് ആക്ടിങ് എന്ന അപ്പോൾ പേരുറച്ചിട്ടില്ലാത്ത ശൈലിക്ക് രൂപം കൊടുത്തിരുന്നു.
നല്ല നടനാവാനെന്താണ് വേണ്ടതെന്ന് ചോദിച്ച ബ്രിട്ടീഷ് ഇന്ത്യൻ നടനോട് ദിലീപ് കുമാർ പറഞ്ഞ മറുപടി 'ഷേർ ഓർ ഷായരി' (കവിതാ വായനയും ചൊല്ലലും) എന്നായിരുന്നു. ദിലീപിന്റെ അഭിനയം ഉർദുവും കവിതയും കാല്പനികതയും മുറ്റിനിന്ന ഒരു മുഷായറ ആയിരുന്നു. ദേവദാസ് കാണിച്ച് നെഹ്റുവിനെപ്പോലുള്ള മഹാന്മാരെ കരയിച്ച നടനാണ്. കോമഡിയല്ല ട്രാജഡിയാണ് കാലത്തെ അതിജീവിക്കുകയെന്ന് ഷേക്സ്പിയറെ പോലെ തിരിച്ചറിഞ്ഞ കലാകാരനായിരുന്നു അദ്ദേഹം. ബഡേ ഗുലാം അലി ഖാനെയും മിർസാ ഗാലിബിനെയും സ്വകാര്യമായി ആസ്വദിക്കുകയും വെള്ളിത്തിരയിൽ അത്രത്തോളം ഗരിമയില്ലാത്ത തലത്ത് മഹ്മൂദിെൻറ പാട്ടുകളെ ഒരു മടിയുമില്ലാതെ അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്ത തികഞ്ഞ പ്രഫഷനൽ.
തന്റെ മകൻ ഋഷി കപൂറിനെ നായകനാക്കി സിനിമയെടുക്കുന്നതിനിടെ അയാളിൽനിന്ന് നല്ല അഭിനയം കിട്ടാതായപ്പോൾ ഒരിക്കൽ രാജ് കപൂർ അലറി വിളിച്ചത്രെ, 'എനിക്ക് യുസുഫിനെയാണ് വേണ്ടത്..' അതായിരുന്നു മുഹമ്മദ് യൂസുഫ് സർവർ ഖാനെന്ന ദിലീപ് കുമാർ. തലമുറകളെ അതിജീവിക്കുന്ന സ്വാഭാവികഅഭിനയത്തിെൻറ മോഹിപ്പിക്കുന്ന മാതൃക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.