നിലകൊണ്ടതെന്നും നീതിക്കൊപ്പം
text_fields1995ലായിരുന്നു അത്. ദീർഘമായ ഇടവേളക്കുശേഷം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദാനന്തര ചടങ്ങ് നടക്കുകയാണന്ന്. മുഖ്യാതിഥി ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും വെള്ളിനക്ഷത്രമായ ദിലീപ് കുമാർ എന്ന ഏവരുടെയും പ്രിയപ്പെട്ട ദിലീപ് സാബ്. എന്നാൽ, നിർഭാഗ്യം നിരാശപ്പെടുത്തി.
ഇൻസ്റ്റിറ്റ്യൂട്ടിനെ സ്വകാര്യവത്കരിക്കാൻ അന്നത്തെ കേന്ദ്ര സർക്കാർ ശ്രമിക്കുന്ന സമയമായിരുന്നു അത്. പ്രൈസ് വാട്ടർ കൂപ്പർ പോലെ ഏതോ ഒരു കമ്പനി സ്വകാര്യവത്കരണത്തെക്കുറിച്ച് പഠനം നടത്തുകയും ചെയ്തു. സ്വകാര്യവത്കരണത്തിനെതിരെ അന്ന് സമരം നടക്കുകയാണ്.
കൈകളിൽ കറുത്ത റിബൺ കെട്ടിയും മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ പിടിച്ചുമാണ് ഞങ്ങൾ, വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങാൻ അണിനിരന്നത്. ഞങ്ങളുടെ അസ്വാഭാവിക പെരുമാറ്റത്തെക്കുറിച്ച് അധികൃതർ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാവണം ദിലീപ് കുമാർ സാബിെൻറ മുഖം തെളിഞ്ഞിരുന്നില്ല. ബിരുദം ഞാൻ ഏറ്റുവാങ്ങിയത് അന്നത്തെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ മഹേഷ് ഭട്ടിൽനിന്നാണ്. അപ്പോൾ ദിലീപ് സാബ് തൊട്ടടുത്ത കസേരയിൽ അൽപം ക്ഷോഭത്തോടെ കണ്ടിരിക്കുകയായിരുന്നു.
ദിലീപ് സാബിെൻറ അന്നത്തെ മുഖ്യ പ്രഭാഷണത്തിൽ ഞങ്ങൾ, വിദ്യാർഥികളുടെ തലതിരിഞ്ഞ പെരുമാറ്റമായിരുന്നു മുഴച്ചു നിന്നത്. സിനിമക്കുവേണ്ട അച്ചടക്കത്തെക്കുറിച്ചായിരുന്നു അന്നദ്ദേഹം അടിവരയിട്ടു പറഞ്ഞത്. 'വിവിധ മേഖലകളിൽനിന്ന് പലതരം ആളുകൾ ഒത്തുചേർന്ന് ഒരുപാട് വെളിച്ചത്തിൽ ഷൂട്ട് ചെയ്ത് ഇരുട്ടിൽ കാണിക്കുന്ന വലിയ സംരംഭമാണ് സിനിമ. അച്ചടക്കം ഒന്നുകൊണ്ടുമാത്രമാണ് അത് സാധ്യമാകുന്നത്. എന്നാൽ, കറുത്ത ബാഡ്ജ് അണിഞ്ഞും പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചും നിങ്ങളെ കാണുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു' എന്നായിരുന്നു അദ്ദേഹത്തിെൻറ പ്രസംഗം.
അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. അതിൽ ഞങ്ങൾക്ക് വിഷമം തോന്നി. അത് തിരുത്തണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ദിലീപ് സാബിനെ നേരിൽ കാണാൻ അധികൃതരുടെ അനുമതിയില്ല. അപ്പോൾ ഓഫിസിനു മുന്നിൽ ഞങ്ങൾ ഒത്തുകൂടി. ഉറക്കെ വിളിച്ചുപറഞ്ഞു: 'ദിലീപ് സാബ്... താങ്കൾക്ക് സിനിമയെ അറിയാം. കഥയറിയാം, മനുഷ്യരെ അറിയാം. പുണെയിൽ നിന്നാണ് നിങ്ങളുടെയും തുടക്കം. അതുകൊണ്ട് പുണെയിലെ വിദ്യാർഥികളായ ഞങ്ങൾ നിങ്ങളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു...'
ഞങ്ങളുടെ ഭാഗ്യം അവിടെ തെളിയുകയായിരുന്നു. ഞങ്ങൾ വിളിച്ചുപറഞ്ഞത് കേട്ട് അദ്ദേഹം ഇറങ്ങിവന്നു. അനുസരണയോടെ ഞങ്ങളാ മുറ്റത്ത് ഇരുന്നു. വിദ്യാർഥി നേതാക്കൾ അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. 'ഇന്ത്യൻ സിനിമ എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത താങ്കളെപ്പോലെയൊരു മഹാനടൻ ബിരുദാനന്തര ചടങ്ങിന് എത്തുമ്പോൾ ഞങ്ങളുടെ പ്രതിഷേധം അച്ചടക്കമില്ലായ്മയായി തോന്നാം. എന്നാൽ, അതിനു പിന്നിൽ ഒരു കാരണമുണ്ട്...' എന്നു പറഞ്ഞായിരുന്നു തുടക്കം. 71 ൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതു മുതലുള്ള ചരിത്രവും ലക്ഷ്യവും നെഹ്റുവിെൻറ പിൻഗാമികൾ എങ്ങനെ മറന്നുപോകുന്നുവെന്നും വ്യതിചലിക്കുന്നുവെന്നും ഞങ്ങൾ പറയുകയുണ്ടായി.
എല്ലാം കേട്ട അദ്ദേഹം എഴുന്നേറ്റ് കൈകൂപ്പി പറഞ്ഞു: 'എെൻറ കുട്ടികളേ... നിങ്ങളെ തിരിച്ചറിയുന്നതിൽ എനിക്ക് വീഴ്ചപറ്റി. എപ്പോഴും അനാദരവിെൻറയും അനൗചിത്യത്തിെൻറയും കാരണങ്ങൾ കുറ്റങ്ങളായി ചൂണ്ടിക്കാട്ടപ്പെടാറുണ്ട്. എന്നാൽ, സമൂഹത്തിെൻറ സമത്വത്തിനും സാഹോദര്യത്തിനുംവേണ്ടി പ്രയത്നിക്കേണ്ടത് നിങ്ങൾ വിദ്യാർഥിസമൂഹമാണ്. ഇന്ന് നിങ്ങളുടെ കറുത്ത ബാഡ്ജുകളിലും പ്ലക്കാർഡുകളിലും ഞാൻ മറ്റൊരു ഇന്ത്യയെ കാണുന്നു...'
ഔദ്യോഗിക വേദിയിൽ നടത്തിയതിനേക്കാൾ തിളക്കമുള്ള ഉള്ളിൽ തട്ടിയ ഒരു പ്രസംഗമായിരുന്നു ഞങ്ങൾക്കു മുന്നിൽ അദ്ദേഹം നടത്തിയത്. പുണെ ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിൽ ഞങ്ങൾക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം അതായിരുന്നു. സിനിമയിൽ അല്ലാതെ ഞാൻ നേരിൽ കണ്ട ദിലീപ് കുമാർ അതായിരുന്നു. പിന്നീട് കാണാൻ കഴിഞ്ഞില്ല എന്നുള്ളതാണ് എെൻറ ദുഃഖം. ഒാസ്കർ നേടിയശേഷം എന്നെ കാണാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായി അറിഞ്ഞിരുന്നു. ഒരിക്കൽ എ.ആർ. റഹ്മാൻ അദ്ദേഹത്തെ കാണാൻ പോകുമ്പോൾ എന്നെ വിളിച്ചിരുന്നതുമാണ്. നിർഭാഗ്യവശാൽ അന്ന് ഞാൻ മുംബൈയിലുണ്ടായിരുന്നില്ല.
വെള്ളിത്തിരയിൽ ദുരന്തനായകൻ എന്നു പേരെടുത്ത, വിവിധ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കിയ മഹാനടൻ. മെത്തേഡ് ആക്ടിങ് എന്തെന്ന് ഇന്ത്യൻ സിനിമയെ പഠിപ്പിച്ച പ്രതിഭ. യാതൊരു പരിശീലനവും നേടാതെ സ്വന്തം കഴിവുകളാൽ ഇന്ത്യൻ സിനിമയിൽ എല്ലാവരാലും ആദരിക്കപ്പെട്ട, മുടിചൂടാമന്നനായി നിന്ന വ്യക്തിത്വം. ഇന്ത്യൻ സിനിമയുടെ മാർഗദീപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.